ഇന്ത്യൻസിനിമയിലെ ദുരന്തനായികയെന്ന് അറിയപ്പെടുന്ന മീനാകുമാരിയുടെ കരിയറിലെ സ്വപ്‌നസിനിമയാണ് 'പാകീസ'. പ്രശസ്തതിരക്കഥാകൃത്തും സംവിധായകനും മീനാകുമാരിയുടെ പങ്കാളിയുമായിരുന്ന കമൽ അംറോഹിയാണ് ചിത്രം സംവിധാനം ചെയ്തത്. 1972-ൽ റിലീസ് ചെയ്ത ചിത്രം 52 വർഷങ്ങൾക്കുശേഷം 4K-യിൽ പുനഃസ്ഥാപിച്ചിരിക്കുകയാണ്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് ഇതിനുപിന്നിൽ.
ഈ പുതിയ പതിപ്പ് രണ്ട് വിദേശമേളകളിലേക്ക് പോവാനുള്ള തയ്യാറെടുപ്പുകളിലാണ്. ഈ പതിപ്പിന്റെ പ്രീമിയർ, ഒക്ടോബറിൽ ഫ്രാൻസിലെ ലിയോണിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ലൂമിയറിൽ നടക്കും. പിന്നാലെ ബി.എഫ്.ഐ ലണ്ടൻ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിക്കും.
മീനാകുമാരിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണത്. അതിനുവേണ്ടിയാണ് അവർ അവസാനകാലത്ത് ജീവിച്ചതെന്നുപോലും തോന്നും.
ഒരിക്കൽ അവർ പറഞ്ഞതിങ്ങനെ, ''പാകീസയുടെ സ്രഷ്ടാവിനൊപ്പം ചെലവഴിച്ച അത്രയും കാലത്തോളം തന്നെ ആ സിനിമയ്ക്കൊപ്പവും ഞാൻ ജീവിച്ചിട്ടുണ്ട്''. തന്റെ ഭാര്യയ്ക്കു സമർപ്പിക്കാൻ ഒരു സിനിമ ചെയ്യണമെന്ന കമലിന്റെ ആഗ്രഹമാണ് 'പാകീസ'യ്ക്കുപിന്നിൽ. അതിനായി ഏറ്റവും മികച്ച ആളുകളെ തന്നെ തിരഞ്ഞെടുത്തു. സംവിധാനത്തിനൊപ്പം ചിത്രത്തിന്റെ നിർമാണവും അംറോഹി തന്നെ നിർവഹിച്ചു.
മീനയ്‌ക്കൊപ്പം അശോക് കുമാർ, രാജ് കുമാർ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തി. നായകനായി താൻ തന്നെ അഭിനയിക്കുമെന്നാണ് ആദ്യം അംറോഹി പറഞ്ഞിരുന്നത്. പിന്നീട് അഭിനയവും സംവിധാനവും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയില്ലെന്ന് തോന്നി അദ്ദേഹത്തിന്. അങ്ങനെയാണ് രാജ് കുമാർ ആ വേഷത്തിലെത്തുന്നത്.
1956-ൽ തന്നെ ചിത്രീകരണം തുടങ്ങിയിരുന്നു. പക്ഷേ പ്രതീക്ഷിച്ചത്ര എളുപ്പമായിരുന്നില്ല അത്. ഒട്ടേറെ പ്രതിബന്ധങ്ങളാണ് സിനിമയ്ക്കുമുമ്പിലുണ്ടായിരുന്നത്. മീനയും അംറോഹിയും തമ്മിൽ വേർപിരിഞ്ഞതും, മീനയ്ക്ക് മദ്യത്തോടുണ്ടായിരുന്ന ആസക്തിയും, അതുകാരണം പലപ്പോഴും അവർക്ക് അഭിനയിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായതുമെല്ലാം ഇതിലുൾപ്പെടുന്നു.
ഏകദേശം ഇതേ സമയത്താണ് സ്വകാര്യജീവിതത്തിലെ പ്രശ്‌നങ്ങൾ കാരണം മീന മദ്യപാനത്തിൽ അഭയം തേടുന്നത്. പതുക്കെ മദ്യമില്ലാതെ ജീവിക്കാൻ കഴിയില്ലെന്നായി. അവർ സിനിമയിൽനിന്ന് തന്നെ അകന്നു. എങ്കിലും പാകീസ പൂർത്തിയാക്കണമെന്നുണ്ടായിരുന്നു. വൈകാതെ ലിവർ സിറോസിസും ബാധിച്ചു. വിദേശത്ത് ചികിത്സയ്ക്ക് പോവാനും തീരുമാനിച്ചു. അതോടെ പാകീസ വേണ്ടെന്നുവെച്ചു.
അതിനിടെ മീനാകുമാരിക്ക് പകരം മറ്റാരെയെങ്കിലും അഭിനയിപ്പിച്ച് സിനിമ പൂർത്തിയാക്കാനും കമൽ തീരുമാനിച്ചിരുന്നു. പക്ഷേ ആ റോളിന് അനുയോജ്യമായ താരത്തെ അദ്ദേഹത്തിന് കിട്ടിയില്ല. ''മരണം വന്നാൽ പോലും, എന്റെ ജീവിതത്തിലെ വലിയ സ്വപ്നമായ 'പാകീസ' പൂർത്തിയാക്കുന്നത് വരെ കാത്തിരിക്കാൻ ഞാൻ ആവശ്യപ്പെടും'', എന്നാണ് ഒരിക്കൽ അംറോഹി പറഞ്ഞത്. അദ്ദേഹത്തിന്റെയും അത്ര വലിയ സ്വപ്‌നമായിരുന്നു.
ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ മീനയ്ക്ക് താൻ മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലായി. ആ സമയത്ത് അവരൊന്ന് മാത്രമേ ആഗ്രഹിച്ചുള്ളൂ, പാകീസ പൂർത്തിയാക്കണം. അസുഖങ്ങൾ കണക്കിലെടുക്കാതെ അതിനായി മുന്നിട്ടിറങ്ങി. അഞ്ചുവർഷങ്ങൾക്കുശേഷം ക്യാമറയ്ക്ക് മുന്നിലേക്ക് വരികയായിരുന്നു മീനാകുമാരി. വളരെ മോശമായിട്ടുള്ള ആരോഗ്യസ്ഥിതി. അവർക്ക് നൃത്തം ചെയ്യാൻ പോലുമുള്ള അവസ്ഥയിലായിരുന്നില്ല. നൃത്തരംഗങ്ങളിൽ ഡ്യൂപ്പിനെ വെക്കേണ്ടിവന്നു. നാൽപ്പത് ലക്ഷം രൂപയ്ക്കാണ് അക്കാലത്ത് പാകീസയുടെ സെറ്റ് നിർമിച്ചത്. സിനിമയ്ക്കായി മീനാകുമാരി വാങ്ങിയ പ്രതിഫലം വെറും ഒരു രൂപയാണ്.
1969-ലാണ് ചിത്രീകരണം പുനരാരംഭിച്ചത്, പൂർത്തിയാക്കിയത് 1971 നവംബറിലും. 1970-കളിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ബോളിവുഡ് സൗണ്ട്ട്രാക്കുകളിലൊന്നായി മാറിയ ഈ ചിത്രത്തിന്റെ സംഗീതം ഗുലാം മുഹമ്മദാണ് ഒരുക്കിയത്. എന്നാൽ ആ ജോലികൾ പൂർത്തിയാവുന്നതിനുമുമ്പ് അദ്ദേഹം മരിച്ചു. പിന്നീട് നൗഷാദ് എന്ന സംഗീതസംവിധായകനാണ് പൂർത്തിയാക്കിയതും പശ്ചാത്തലസംഗീതം ഒരുക്കിയതും.
1972 ഫെബ്രുവരിയിൽ സിനിമ റിലീസായി. തൊട്ടുപിന്നാലെ മീനയുടെ ആരോഗ്യം വീണ്ടും മോശമായി. അവർ കോമയിലേക്ക് പോയി. അധികം വൈകാതെ മരണവും. തന്റെ സ്വപ്‌നസിനിമ പൂർത്തിയാക്കാൻ മാത്രം അവർ ജീവൻ പിടിച്ചുനിർത്തുകയായിരുന്നുവോ എന്ന് സംശയിക്കാവുന്ന തരത്തിലുള്ള മരണം.
ആദ്യദിവസം മുതൽ സിനിമയ്ക്ക് തണുത്തപ്രതികരണമായിരുന്നു ലഭിച്ചത്. ഒപ്പം വിമർശനങ്ങളും. അതിൽ അംറോഹിക്ക് അതിയായ വിഷമം തോന്നി. അന്ന് രാത്രി അമിതമായി മദ്യപിച്ചാണ് അദ്ദേഹം വീട്ടിലേക്ക് പോയതെന്നും അടുത്തവൃത്തങ്ങൾ പറയുന്നു. കാരണം അത്ര പ്രതീക്ഷയിലായിരുന്നു ആ സിനിമയിലേക്ക് അദ്ദേഹം കടന്നത്.
എന്നാൽ അധികം വൈകാതെ സിനിമ വിജയത്തിലേക്ക് കുതിച്ചു. 50 ആഴ്ചകളാണ് സിനിമ തിയേറ്ററുകളിലോടിയത്. മീനാകുമാരിയുടെ മരണവും ഈ വമ്പൻവിജയത്തിന് കാരണമായിട്ടുണ്ടാകാമെന്ന് പറയപ്പെടുന്നു. ഒന്നര കോടിക്ക് നിർമിച്ച ചിത്രം തിരിച്ചുപിടിച്ചത് ആറുകോടി രൂപയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Meena Kumari charged only one rupee for her iconic role in Pakeezah. The 1972 classic has been restored in 4K by the Film Heritage Foundation after 52 years. The 4K version is set for premieres at Festival Lumiere in France and the BFI London Film Festival.
Published: 04 Sept 2026, 11:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented