'ബട്ട്‌വാര 1947' എന്ന സിനിമയാണ് നടൻ സണ്ണി ഡിയോളിന്റേതായി അവസാനമായി പുറത്തിറങ്ങിയത്. രാജ്കുമാർ സന്തോഷി സംവിധാനവും തിരക്കഥയും നിർവഹിച്ച ചിത്രത്തിൽ, പ്രീതി സിന്റ, ഷബാന ആസ്മി എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള തിരക്കുകളിലാണ് നടൻ സണ്ണി ഡിയോൾ.

അതിനിടെ ശുഭങ്കർ മിശ്രയുമായുള്ള യൂട്യൂബ് അഭിമുഖത്തിൽ തന്റെ സിനിമകളെക്കുറിച്ചും ശീലങ്ങളെക്കുറിച്ചുമെല്ലാം തുറന്നുസംസാരിച്ചു സണ്ണി ഡിയോൾ. എപ്പോഴെങ്കിലും മദ്യമോ സിഗരറ്റോ ഉപയോഗിച്ചിട്ടുണ്ടോ എന്ന് അവതാരകൻ ചോദിച്ചു.

അതിന് താരം നൽകിയ മറുപടിയിങ്ങനെ, ''ഞാൻ അത് രുചിച്ചുനോക്കിയിട്ടുണ്ട്, പക്ഷേ ഒരിക്കലും ശീലമാക്കിയിട്ടില്ല. ചെറുപ്പമായിരുന്നപ്പോൾ ഞാൻ അതൊന്ന് പരീക്ഷിച്ചുനോക്കിയിരുന്നു. അന്ന് വിദേശത്ത് പഠിക്കുകയായിരുന്ന എനിക്ക് ചുറ്റുമുള്ളവരെല്ലാം അത് ഉപയോഗിക്കുന്നുണ്ടായിരുന്നു. ആ പ്രായത്തിന്റെ കൗതുകം കൊണ്ട് ഞാനും അതൊന്ന് പരീക്ഷിച്ചു''.

എന്നാൽ അതിന്റെ മണം തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും അദ്ദേഹം പറയുന്നു. ''രുചിച്ചപ്പോൾ കയ്പ്പാണെന്ന് മനസ്സിലായി, മണവും ഇഷ്ടപ്പെട്ടില്ല. കൊക്കകോളയ്‌ക്കൊപ്പം ചേർത്തുവേണം അത് കഴിക്കാൻ, അതും പെട്ടെന്ന് ഒറ്റയടിക്ക് ഇറക്കിവിടണം. മാത്രമല്ല, അത് തലവേദനയുണ്ടാക്കുകയും ചെയ്യുന്നു. പിന്നെന്തിനാണ് ഞാൻ വെറുതെ ഇതൊക്കെ ചെയ്യുന്നത്? എന്തിനുവേണ്ടി? ഇതുകൊണ്ട് എനിക്ക് എന്ത് നേട്ടമാണുള്ളത്?'', സണ്ണി ചോദിക്കുന്നു.

ചുറ്റുമുള്ളവരുമായി കൂടുതൽ സൗഹൃദത്തിലാകാൻ അത് സഹായിക്കുമെന്ന് കരുതിയാണ് തുടക്കത്തിൽ പരീക്ഷിച്ചത്. അവരിലൊരാളായി മാറാൻ അത് സഹായിച്ചേനെ. പക്ഷേ സണ്ണിക്ക് വേണ്ടത് താനായിത്തന്നെ തുടരാനായിരുന്നു. താൻ എന്താണോ അതുപോലെ തന്നെ മറ്റുള്ളവർ അംഗീകരിക്കണമെന്ന് ആഗ്രഹിച്ചു. അങ്ങനെ മദ്യം വേണ്ടെന്നുവെച്ചു.

മദ്യം വേദന ലഘൂകരിക്കാനോ ദുഃഖത്തെ മറികടക്കാനോ സഹായിക്കുമെന്ന് താരം വിശ്വസിക്കുന്നില്ല. ''നിങ്ങൾ ദുഃഖത്തെ ചേർത്തുപിടിച്ച് ജീവിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഒരിക്കലും അതിനെ മറികടക്കാൻ കഴിയില്ല'', അദ്ദേഹം പറഞ്ഞു.

മുന്നോട്ടുപോകാൻ (Move on) തീരുമാനിക്കുന്നതുവരെ, നെഞ്ചിൽ ആ ഭാരം അങ്ങനെ തന്നെ കിടക്കുമെന്നും താരം നടൻ കൂട്ടിച്ചേർത്തു. ''നിങ്ങൾ മറ്റെന്തെങ്കിലും ചെയ്ത് ആ വിഷമത്തെ മറികടക്കണം'', ദുഃഖകരമായ ഘട്ടത്തിൽ മദ്യപാനവും പുകവലിയും ശീലമാക്കുന്നവരോട് അദ്ദേഹം ഉപദേശിച്ചു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi