
നിരോധനങ്ങള്‍ക്ക് പേരുകേട്ട രാജ്യമാണ് ഉത്തരകൊറിയ. സ്‌കിന്‍ഫിറ്റ് ജീന്‍സ്, നീലജീന്‍സ്, നോസ് പിയേഴ്‌സിങ്, ഹെവി മേക്കപ്പ്...ഇതൊക്കെ ആദ്യമേ രാജ്യത്ത് നിരോധിച്ചവയാണ്. ഏറ്റവുമൊടുവിലായി ഈ ലിസ്റ്റിലേക്കിടം പിടിച്ചത് ചുവപ്പ് ലിപ്സ്റ്റിക്കാണ്. ചുവപ്പുനിറത്തിന് കമ്യൂണിസവുമായി ബന്ധമുണ്ടെങ്കിലും, അതിനെ മുതലാളിത്തത്തിന്റെയും വിമോചനത്തിന്റെയും പ്രതീകമായിട്ടാണ് കിങ് ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള ഉത്തര കൊറിയ കാണുന്നത്. ചുവപ്പ് ലിപ്സ്റ്റിക് ധരിച്ച സ്ത്രീകള്‍ വളരെ ആകര്‍ഷണീയരായിരിക്കുമെന്നും, അത്ര ആകര്‍ഷണീയത വേണ്ടെന്നുമാണ് അവര്‍ പറയുന്നത്.
മാത്രമല്ല ഇത് രാജ്യത്തിന്റെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും കിങ് ജോങ് ഉന്‍ വിശ്വസിക്കുന്നു. വെറുതെ നിരോധിക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്. ജനങ്ങള്‍ കൃത്യമായി നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി സര്‍ക്കാര്‍ ആളുകളെ നിയോഗിച്ചിട്ടുമുണ്ട്. വെറുമൊരു റെഡ് ലിപ്സ്റ്റിക്കിനെ എന്തിനാവാം ഇത്ര പേടിക്കുന്നത്? അതിന്റെ ഭൂതകാലത്തിലേക്ക് നോക്കുമ്പോള്‍, ഈ ലിപ്സ്റ്റിക് വെറും നിസ്സാരക്കാരനല്ലെന്ന് മനസ്സിലാവും.

അല്പം ചരിത്രമാവാം
ആരിട്ടാലും വളരെ പ്രൗഢിയുണ്ടാവും എന്നതാണ് ചുവപ്പിന്റെ പ്രത്യേകത, ഒരു ബോള്‍ഡ് ലുക്കിന് നല്‍കാന്‍ കഴിയും. അതിന് പ്രായമോ, ജാതിയോ, മതമോ ഒന്നും വിഷയമേയല്ല. പക്ഷേ, ചുവപ്പ് ലിപ്സ്റ്റിക്കിന്റെ ഭൂതകാലം ഇത്ര മനോഹരമായിരുന്നില്ല. പരിഹാസവും ചെറുത്തുനില്‍പ്പും ചേര്‍ത്തുനിര്‍ത്തലുമെല്ലാം അനുഭവിക്കേണ്ടിവന്നിട്ടുണ്ട് അതിന്.
അയ്യായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് പുരാതന മെസോപ്പൊട്ടാമിയക്കാരാണ് ചുവപ്പ് ലിപ്സ്റ്റിക് ആദ്യമായി ഉപയോഗിച്ചതെന്നാണ് വിശ്വാസം. ഒരു പ്രത്യേകതരത്തിലായിരുന്നു അവരത് തയ്യാറാക്കിയിരുന്നത്. നിറമുള്ള രത്‌നക്കല്ലുകള്‍ പൊടിച്ചാണ് മുഖത്തും ചുണ്ടിലും പുരട്ടിയിരുന്നത്രേ. അതിനൊപ്പം മീനിന്റെ ചെതുമ്പലില്‍നിന്നും ആല്‍ഗകളില്‍ (കടല്‍സസ്യങ്ങള്‍)നിന്നും ചുവപ്പ് വേര്‍തിരിച്ചെടുക്കാന്‍ തുടങ്ങി.

ഈജിപ്റ്റില്‍ ചുവപ്പ് ലിപ്സ്റ്റിക്ക് ധരിച്ച സ്ത്രീകള്‍ പ്രഭുവര്‍ഗ്ഗത്തിന്റെ അടയാളമായിരുന്നുവെങ്കില്‍, ഗ്രീസില്‍ നേരെ തിരിച്ചായിരുന്നു. അവിടെ ലൈംഗികതൊഴിലാളികളായിരുന്നു അതിട്ടിരുന്നത്. അവര്‍ പൊതുവിടങ്ങളില്‍ പോകുമ്പോള്‍ ചുവപ്പ് ലിപ്സ്റ്റിക്കും അന്നത്തെ പ്രത്യേകതരം മേക്കപ്പുമുണ്ടായിരിക്കണമെന്ന് നിര്‍ബന്ധമാണ്. അതില്ലെങ്കില്‍ ഉയര്‍ന്ന കുടുംബത്തിലെ സ്ത്രീകളായി അവരെ തെറ്റിദ്ധരിക്കുമെന്നായിരുന്നു കാരണമായി പറഞ്ഞിരുന്നത്. ഇതനുസരിക്കാത്തവരെ കാത്തിരുന്നത് കടുത്തശിക്ഷയായിരുന്നു.
ഈജിപ്ഷ്യന്‍ രാജ്ഞി ക്ലിയോപാട്രയ്ക്കും ചുവപ്പിനോട് ഏറെ പ്രിയമായിരുന്നു, ചുവപ്പിന്റെ പല വകഭേദങ്ങള്‍. വണ്ടുകളെയും ഉറുമ്പുകളെയും മറ്റും ചതച്ച് അതില്‍നിന്നാണത്രേ രാജ്ഞിക്കായുള്ള ചുവപ്പ് വാക്‌സ് ഉണ്ടാക്കിയിരുന്നത്. അതിനൊപ്പം പലതരം പൂക്കള്‍, മീനിന്റെ ചെതുമ്പല്‍ എന്നിവയും. ഗ്രീസില്‍ ചുവപ്പ് ഡൈയും ചെമ്മരിയാടിന്റെ വിയര്‍പ്പും മുതലയുടെ കാഷ്ഠവുമൊക്കെ യോജിപ്പിച്ചാണ് ചുവന്ന ലിപ്സ്റ്റിക് നിര്‍മിച്ചിരുന്നത്.
ചുവപ്പ് ലിപ്സ്റ്റിക് ദൈവത്തെ വെല്ലുവിളിക്കുന്നുവെന്നാണ് പതിനാറാം നൂറ്റാണ്ടില്‍ വിശ്വസിക്കപ്പെട്ടിരുന്നത്. അതിടുന്നവര്‍ നിഗൂഢത പേറുന്നവരാണെന്നും അഭിപ്രായമുണ്ടായിരുന്നു. പിശാചുക്കളുമായും സാത്താനുമായും ഇടപഴകുന്നത് കാരണമാണ് ചുവപ്പിച്ച ചുണ്ടുകളെന്നും ആളുകള്‍ പറഞ്ഞുപരത്തി. എന്നിട്ടും ഒന്നാം എലിസബത്ത് രാജ്ഞി ചുവപ്പ് ലിപ്സ്റ്റിക്കാണ് ധരിച്ചിരുന്നത്. അതോടെ യൂറോപ്പില്‍ അതിന്റെ സ്റ്റാറ്റസ് ഉയര്‍ന്നു. എന്നാല്‍, രാജ്ഞിയുടെ മരണശേഷം വീണ്ടും കാര്യങ്ങള്‍ പഴയതുപോലായി.
1700-ല്‍ ചുവപ്പ് ലിപ്സ്റ്റിക് ഇംഗ്ലണ്ടില്‍ നിരോധിച്ചു. അതിനൊരു വിചിത്രമായ കാരണവും അവര്‍ കണ്ടെത്തി. സ്ത്രീകള്‍ ചുവപ്പ് ലിപ്സ്റ്റിക് ധരിച്ച് പുരുഷന്‍മാരെ ആകര്‍ഷിക്കുന്നുവെന്നതായിരുന്നുവത്. 1770-ല്‍ അമേരിക്കയിലും ഒരു നിയമം കൊണ്ടുവന്നു. ഒരു സ്ത്രീ വിവാഹത്തിനുമുമ്പ് ലിപ്സ്റ്റിക്ക് ധരിച്ചാല്‍, അവരുടെ വിവാഹം അസാധുവാകുമെന്നതായിരുന്നുവത്. ചുവപ്പ് ലിപ്സ്റ്റിക്കിന്റെ ചരിത്രത്തിലെ ഏറ്റവും മോശം നാളുകളായിരുന്നുവത്. 
സമരത്തിലും ചുവന്ന ലിപ്സ്റ്റിക്
പത്തൊമ്പതാം നൂറ്റാണ്ടിലാണ് ചുവന്ന ലിപ്സ്റ്റിക്കിന്റെ നല്ല കാലം തുടങ്ങുന്നത്. അക്കാലത്ത് സ്ത്രീകള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ വോട്ട് രേഖപ്പെടുത്താനോ ഉള്ള അവകാശമുണ്ടായിരുന്നില്ല. അവര്‍ക്ക് സമ്പത്ത് കൈവശം വെക്കാനുള്ള അവകാശവുമുണ്ടായിരുന്നില്ല. കിട്ടുന്ന പൈസയെല്ലാം ഭര്‍ത്താവിന് കൊടുക്കുകയും വേണം. ഇത് തുടര്‍ന്നപ്പോള്‍ സ്ത്രീകള്‍ അതിനെതിരെ പ്രതികരിക്കാന്‍ തുടങ്ങി. വോട്ടവകാശമായിരുന്നു അവരുടെ പ്രധാന ആവശ്യം.
1912-ല്‍ പ്രതിഷേധസമരവുമായി 20,000-ത്തിലേറെ സ്ത്രീകള്‍ ന്യൂയോര്‍ക്കില്‍ തെരുവിലേക്കിറങ്ങി, ചുവപ്പ് ലിപ്സ്റ്റിക് ധരിച്ചാണ് അവരെല്ലാമെത്തിയത്. അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ന്യൂയോര്‍ക്കിലെ റെഡ് ഡോര്‍ സലൂണിന്റെ ഉടമ എലിസബത്ത് ആര്‍ഡനും റാലിയില്‍ പങ്കെടുത്തു. സമരത്തിനെത്തിയവര്‍ക്കെല്ലാം ആര്‍ഡന്‍ ചുവപ്പ് ലിപ്സ്റ്റിക്കിന്റെ ട്യൂബ് സൗജന്യമായി നല്‍കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. അതോടെ ചുവപ്പ് ലിപ്സ്റ്റിക് സമരത്തിന്റെ പ്രതീകമായി മാറി.
സമരം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചു. സ്ത്രീകളുടെ സമരം പതുക്കെ ചുവന്ന ലിപ്സ്റ്റിക് ഏറ്റെടുത്തു. യോഗങ്ങളിലും റാലികളിലുമെല്ലാം പങ്കെടുക്കുന്ന സ്ത്രീകളുടെ ചുണ്ടില്‍ അത് പ്രത്യക്ഷപ്പെട്ടു. പതുക്കെ പ്രതിഷേധത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും പ്രതീക്ഷയുടെയും പുതുതായി കിട്ടിയ സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായി മാറി ആ ചുവപ്പുനിറം.
രണ്ടാം ലോകമഹായുദ്ധത്തിലും ഈ ചുവപ്പുനിറത്തിന് വലിയ പ്രാധാന്യമുണ്ട്. യുദ്ധോപകരണങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറികളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ചുവപ്പ് ലിപ്സ്റ്റിക് ധരിക്കാന്‍ തുടങ്ങി. മനോവീര്യം വര്‍ധിപ്പിക്കുക എന്നതായിരുന്നു അതിന്റെ പങ്ക്. സ്ത്രീകള്‍ ജോലി ചെയ്യുന്ന ഫാക്ടറികളിലെ ശുചിമുറികളില്‍ റെഡ് ലിപ്സ്റ്റിക് കൂട്ടത്തോടെ ശേഖരിച്ചുവെക്കാന്‍ തുടങ്ങി. യുദ്ധത്തിനിടയിലും സ്ത്രീകള്‍ക്ക് ആത്മവിശ്വാസം പകരാന്‍ ചുവന്ന ലിപ്സ്റ്റിക്കിന് കഴിഞ്ഞു.
അക്കാലത്ത് ഫാക്ടറികളിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യാനുള്ള പരസ്യങ്ങള്‍ നിരന്തരം പുറത്തിറക്കിയിരുന്നു. അതിനായി പോസ്റ്ററുകളും ഡിസൈന്‍ ചെയ്തു. ജെ.ഹൊവാര്‍ഡ് മില്ലര്‍ എന്നയാള്‍ ഡിസൈന്‍ ചെയ്ത പോസ്റ്ററിലെ 'റോസി ദ റിവറ്റര്‍' എന്ന സാങ്കല്‍പ്പിക കഥാപാത്രത്തിന് കൂടുതല്‍ പ്രചാരം കിട്ടുകയും ചെയ്തു. റോസിയുടെ ചുണ്ടുകള്‍ക്കും ചുവപ്പുനിറമാണ് മില്ലര്‍ തിരഞ്ഞെടുത്തത്. അത്രത്തോളം ചുവപ്പ് അംഗീകരിക്കപ്പെട്ടിരുന്നുവെന്ന് ചുരുക്കം.
മാത്രമല്ല 1941-ലും യുദ്ധസമയത്തും യു.എസ് ആര്‍മിയില്‍ ചേരുന്ന സ്ത്രീകള്‍ക്ക് ചുവപ്പ് ലിപ്സ്റ്റിക്ക് നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു. അതുമാത്രമല്ല ഒരു സ്‌പെഷല്‍ ലിപ്സ്റ്റിക് നിര്‍മിക്കാനായി ആര്‍ഡനെ ഏല്‍പ്പിക്കുകയും ചെയ്തു. അതോടെ പല ബ്യൂട്ടി ബ്രാന്‍ഡുകളും ചുവപ്പിനെ കൂടുതലായി പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി. പല ചുവപ്പുനിറങ്ങളും ഇറങ്ങി. അതില്‍ പ്രധാനം എലിസബത്ത് ആര്‍ഡന്റെ 1941 വിക്ടറി റെഡ്, ടുസിയുടെ റെഡ് ഫൈറ്റിങ്, ഹെലീന റൂബിന്‍സ്റ്റീന്റെ റെജിമെന്റല്‍ റെഡ് എന്നിവയാണ്. ഏത് യുദ്ധത്തിനും തങ്ങളെ തോല്‍പ്പിക്കാനാവില്ല എന്നതിന്റെ അടയാളമായി സ്ത്രീകള്‍ അത് ധരിച്ചു.

ചുവപ്പ് ലിപ്സ്റ്റിക്കിന് ഒരു ഗ്ലാമര്‍ പരിവേഷം കിട്ടുന്നത് മെര്‍ലിന്‍ മണ്‍റോയുടെയും എലിസബത്ത് ടെയ്‌ലറിന്റെയും വരവോടെയാണ്. മണ്‍റോ ചുവപ്പിന്റെ അഞ്ച് വകഭേദങ്ങളാണേ് ഉപയോഗിച്ചിരുന്നത്. ചുണ്ടിന്റെ ഔട്ടര്‍ സൈഡില്‍ കടുത്ത ചുവപ്പ്, ഉള്ളിലേക്ക് പോവുന്തോറും നേര്‍ത്ത ചുവപ്പും. ടെയ്‌ലറാണെങ്കില്‍ ഏറ്റവും കൂടുതല്‍ വാങ്ങിയിരുന്നത് ചുവപ്പ് ലിപ്സ്റ്റിക് ആയിരുന്നുവത്രേ.
ധൈര്യമേകും ലിപ്സ്റ്റിക്
അമേരിക്കന്‍ പത്രപ്രവര്‍ത്തകയും ടെലിവിഷന്‍ പ്രൊഡ്യൂസറുമായ ജെറലിന്‍ ലൂകസ് എഴുതിയ പുസ്തകമാണ്, 'why i wore lipstick to my mastectomy'. അതിലവര്‍ പറയുന്നുണ്ട് വെറുമൊരു ചുവപ്പ് ലിപ്സ്റ്റിക് അവരെ എത്രത്തോളം ധൈര്യശാലിയാക്കിയെന്ന്. 27-ാമത്തെ വയസ്സിലാണ് അവര്‍ക്ക് സ്തനാര്‍ബുദം ബാധിക്കുന്നത്. 28-ാമത്തെ വയസ്സില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് പോകുമ്പോള്‍ കറുത്ത ഉടുപ്പും ചുവന്ന ലിപ്സ്റ്റിക്കുമാണ് അവര്‍ ധരിച്ചത്. ശസ്ത്രക്രിയയുടെ സമയത്ത് കരുത്ത് ലഭിക്കാനാണത്രേ അങ്ങനെ ചെയ്തത്. ധൈര്യമുള്ള സ്ത്രീകള്‍ മാത്രമേ ചുവപ്പ് ലിപ്സ്റ്റിക് ധരിക്കൂ എന്നാണ് ജെറലിന്റെ അഭിപ്രായം. മാത്രമല്ല, അസുഖസമയത്ത് അവരെ കരുത്തയാക്കിയ കാരണങ്ങളിലൊന്ന് ചുവപ്പ് ലിപ്സ്റ്റിക് ആണെന്നും അവര്‍ പറയുന്നു.
ചുവപ്പ് വെറുമൊരു നിറമല്ല. കരുത്തും ആശ്വാസവും സന്തോഷവും അതിജീവനവും...അങ്ങനെ പലര്‍ക്കും പലതാണ് ചുവപ്പ് ലിപ്സ്റ്റിക് നല്‍കുന്ന വികാരം.
Content Highlights: importance and history of red lipstick
Published: 16 May 2024, 03:04 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented