ബോളിവുഡിൽ നടൻ വിവേക് ഒബ്‌റോയ്‌യുടെ തുടക്കം ഗംഭീരമായിരുന്നു. 'കമ്പനി' എന്ന ചിത്രത്തിലൂടെ നല്ല തുടക്കം ലഭിച്ചെങ്കിലും പിന്നീടത് തുടരാനായില്ല. പല അവസരങ്ങളും നഷ്ടപ്പെട്ടതോടെ അദ്ദേഹത്തിന്റെ കരിയർ വലിയ തകർച്ചയെ നേരിട്ടു. 2004-ൽ ബോളിവുഡിലെ 'ലോബി സംസ്‌കാരത്തിന്' താൻ ഇരയായെന്നും, പല സംവിധായകരും നിർമ്മാതാക്കളും നടന്മാരും തന്നോടൊപ്പം പ്രവർത്തിക്കാൻ വിസമ്മതിച്ചുവെന്നും വിവേക് പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്. 'റിലേൺ' (Relearn) എന്ന യൂട്യൂബ് ചാനലിന് നൽകിയ പുതിയ അഭിമുഖത്തിൽ, ആ കാലഘട്ടത്തിൽ മാനസികമായി വളരെ മോശം അവസ്ഥയിലായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് വിവേക്. അന്ന് തന്നിൽ നിറഞ്ഞുനിന്നത് കടുത്ത ദേഷ്യവും, സ്വയം വെറുക്കുന്ന അവസ്ഥയും മാത്രമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

To advertise here,

ആ കാലഘട്ടത്തെക്കുറിച്ച് ചോദിച്ചപ്പോൾ, താൻ 'തെറ്റാണെന്ന് തോന്നിയ' ഒരു കാര്യത്തിന് വേണ്ടി നിലകൊണ്ടെന്നും, അതിന്റെ ഫലമായി താൻ വളരെയധികം പീഡനങ്ങൾക്ക് ഇരയായി എന്നും വിവേക് ഓർത്തെടുത്തു. ബോക്‌സോഫീസിൽ നിരവധി ഹിറ്റുകൾ നൽകി സൂപ്പർതാരമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു വിവേക് അപ്പോൾ.

''വളരെ ശക്തമായ ഒരു ലോബി കാര്യങ്ങൾ കൈപ്പിടിയിലൊതുക്കുകയും, ഞാൻ അവർക്ക് അനഭിമതനായ ഒരാളായി മാറുകയും ചെയ്തു,'' അദ്ദേഹം പറഞ്ഞു.

ഈ കാലയളവിൽ, കരാർ ഒപ്പിട്ടിരുന്ന പല സിനിമകളിൽ നിന്നും ഒഴിവാക്കിയെന്ന് വിവേക് പറഞ്ഞു. കാരണം, നിർമ്മാതാക്കൾക്ക് തന്നോടൊപ്പം പ്രവർത്തിക്കാൻ താത്പര്യമുണ്ടായിരുന്നില്ല. തുടക്കത്തിൽ പിന്തുണ വാഗ്ദാനം ചെയ്തവർ പോലും, അധോലോകസംഘങ്ങളിൽ നിന്ന് ഭീഷണി വന്നതോടെ പിന്മാറി. ''അവർ എന്നോട് പറഞ്ഞു, 'നോക്കൂ, എനിക്ക് അധോലോകത്ത് നിന്ന് ഒരു കോൾ വന്നു. ഈ വ്യക്തിയുമായി ചേർന്ന് സിനിമ ചെയ്താൽ തീർന്നു എന്ന് ഗുണ്ടാസംഘങ്ങൾ ഭീഷണിപ്പെടുത്തുന്നു. എന്റെയും എന്റെ കുടുംബത്തിന്റെയും ജീവൻ വെച്ച് ഇങ്ങനെയൊരു റിസ്‌ക് എടുക്കാൻ എനിക്ക് കഴിയില്ല' എന്ന് അവർ പറഞ്ഞു'', അദ്ദേഹം ഓർത്തെടുത്തു.

ആ കാലത്തെ നരകമെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ജോലി ലഭിക്കാതെ പോയത് കഴിവുകേടുകൊണ്ടല്ല, മറിച്ച് തന്റെ നിയന്ത്രണത്തിലല്ലാത്ത സാഹചര്യങ്ങൾ മൂലമാണ്. ആ കാലഘട്ടം മാനസികമായി പൂർണ്ണമായും തകർത്തുകളഞ്ഞു. സഹപ്രവർത്തകർ തന്നെ കൈവിട്ടതോടെ മറ്റുള്ളവർക്ക് എളുപ്പത്തിൽ ആക്രമിക്കാവുന്ന ഒരാളായി മാറിയെന്നും, ആ കാലഘട്ടം കടുത്ത ദേഷ്യമുള്ളവനുമാക്കി മാറ്റിയെന്നും താരം പറഞ്ഞു. അമിതമായ ദേഷ്യം, മദ്യപാനം, സ്വയം വെറുപ്പ്, നിയന്ത്രിക്കാനാവാത്ത രോഷം, തുടർച്ചയായ അപമാനങ്ങൾ, മാധ്യമങ്ങളിലൂടെയുള്ള ആക്രമണങ്ങൾ എന്നിവ നിറഞ്ഞ ഒരു ഇരുണ്ട അവസ്ഥയിലേക്ക് ആ കാലഘട്ടം തന്നെ എത്തിച്ചുവെന്നും അദ്ദേഹം പങ്കുവെച്ചു.

ഏകദേശം ഇതേ കാലത്തുതന്നെയാണ് സൽമാൻ ഖാനെതിരെ വിവേക് പത്രസമ്മേളനം വിളിച്ചുചേർത്തത്. സൽമാൻ വിവേകിന്റെ അന്നത്തെ കാമുകിയായിരുന്ന ഐശ്വര്യ റായ്‌യെ നിരന്തരം ഫോൺ ചെയ്ത് ബുദ്ധിമുട്ടിക്കുകയാണെന്നും വിവേക് വെളിപ്പെടുത്തി. അതിനുശേഷമാണ് വിവേക് ബിസിനസിലേക്ക് തിരിയുന്നത്. ഇന്ന് കോടികൾ ആസ്തിയുള്ള വ്യവസായി കൂടിയാണ് അദ്ദേഹം. അതിനൊപ്പം സിനിമകളിലേക്കും തിരിച്ചുവന്നു. 'രാമായണ: പാർട്ട് 1'ലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi