ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു 'ധുരന്ധർ: ദി റിവഞ്ച്.' ഇന്നലെ റിലീസിനെത്തിയ ചിത്രം തിയേറ്ററുകളെ ഇളക്കിമറിച്ച് മുന്നേറുകയാണ്. ആദ്യ ദിവസം തന്നെ 100 കോടി കളക്ഷൻ റെക്കോർഡിട്ട് (Dhurandhar 2) കുതിക്കുകയാണ് ചിത്രം. റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് ഉരുത്തിരിയുന്നത്.

സിനിമയുടെ കഥയോ കഥാപാത്രങ്ങളോ മാത്രമല്ല ഇപ്പോൾ ജനങ്ങൾക്കിടയിലെ സംസാരവിഷയം. പ്രതീക്ഷിക്കാത്ത വിധം 'ദൂദ് സോഡ' എന്ന പാനീയത്തെ ഈ ചിത്രം വൈറലാക്കിയിരിക്കുകയാണ്. ഒരു സാധാരണ നാടൻ പാനീയത്തെ ഏറ്റവും പുതിയ ലഘുഭക്ഷണമായി (Cinema Snack) മാറ്റാൻ ഈ ചിത്രത്തിന് കഴിഞ്ഞു.

പാലും സ്പ്രൈറ്റ് അല്ലെങ്കിൽ സെവൻ അപ്പ് പോലുള്ള ലെമൺ-ലൈം സോഡയും ചേർത്തതാണ് ദൂദ് സോഡ ഉണ്ടാക്കുക. കേൾക്കുമ്പോൾ അല്പം വിചിത്രമായി തോന്നാമെങ്കിലും, ചൂടുള്ള കാലാവസ്ഥയുള്ള ഇടങ്ങളിൽ പണ്ടുമുതലേ ഈ പാനീയം ഏറെ പ്രിയപ്പെട്ടതാണ്. പാലിന്റെ കൊഴുപ്പിനെ സോഡയിലെ കാർബണേഷൻ ഇല്ലാതാക്കുന്നതിലൂടെ വളരെ ഉന്മേഷദായകമായ ഒരു പാനീയമാണിത്. എന്നാൽ ഇതിന്റെ അളവ് കൃത്യമായിരിക്കണം; സോഡ കൂടിയാൽ പാൽ പിരിഞ്ഞുപോകും, കുറഞ്ഞാൽ പാനീയത്തിന് കട്ടി കൂടും.

തീയേറ്ററുകളും ട്രെൻഡിനൊപ്പം
സിനിമയിലെ വളരെ ചെറിയ എന്നാൽ ശ്രദ്ധേയമായ ഒരു രംഗമാണ് ഈ ട്രെൻഡിന് തുടക്കമിട്ടത്. തെരുവ് കച്ചവടക്കാരനായി വേഷമിട്ട മുഹമ്മദ് ആലം എന്ന ഇന്ത്യൻ ചാരൻ പറയുന്ന "ഡാർലിംഗ്, ഡാർലിംഗ്, ദിൽ ക്യൂ തോഡാ. പീലോ പീലോ, ആലം സോഡ" എന്ന ഡയലോഗാണ് ദൂദ് സോഡയെ വീണ്ടും പ്രശസ്തമാക്കിയത്.

സിനിമയുടെ ജനപ്രീതി മുതലാക്കി തീയേറ്ററുകളും ഇപ്പോൾ ദൂദ് സോഡ വിൽക്കാൻ തുടങ്ങിയിട്ടുണ്ട്. ബ്രോഡ്‌വേ സിനിമാസ് 250 രൂപയ്ക്കാണ് ദൂദ് സോഡ വിൽക്കുന്നത്. ബീഹാറിലെ പൂർണിയയിൽ, ഒരു തീയേറ്ററിൽ സിനിമയിലെ കഥാപാത്രമായ, ആലത്തിന്റെ ശൈലിയിൽ ദൂദ് സോഡ വിളമ്പുന്നത് ശ്രദ്ധിക്കപ്പെട്ടു. സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.

യഥാർത്ഥത്തിൽ ദൂദ് സോഡ ഒരു പുതിയ പാനീയമല്ല; തലമുറകളായി ഇന്ത്യയുടെ ഭക്ഷണസംസ്കാരത്തിന്റെ ഭാഗമാണിത്. കൊളോണിയൽ കാലഘട്ടത്തിൽ പഞ്ചാബ് മേഖലയിലെ വഴിയോര കച്ചവടക്കാരാണ് റോസ് സോഡ, ഖുസ് സോഡ എന്നിവയ്‌ക്കൊപ്പം പാൽ ചേർത്ത സോഡയും പരീക്ഷിച്ചു തുടങ്ങിയത്.

വിക്ടോറിയൻ ഇംഗ്ലണ്ടിലാണ് പാലും സോഡയും ചേർത്തുള്ള പരീക്ഷണം ആദ്യം തുടങ്ങിയത് എന്നത് രസകരമായ വസ്തുതയാണ്. ബ്രിട്ടീഷ് ഭരണകാലത്താണ് ഇത് ഇന്ത്യയിലെത്തിയത്. വിഭജനത്തിന് ശേഷം പാക്കിസ്ഥാനിൽ റംസാൻ കാലത്തെ നോമ്പുതുറ പാനീയമായി ഇത് പരിണമിച്ചു. ഇന്ത്യയിൽ പഞ്ചാബ്, പഴയ ഡൽഹി, അമൃത്സർ എന്നിവിടങ്ങളിലെ പ്രാദേശിക വിപണികളിൽ ഇത് സജീവമായി നിലനിന്നു. കേരളത്തിലും മിൽക്ക് സർബത്ത്, മിൽക്ക് സോഡ എന്നിവ പ്രചാരത്തിലുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi