ട്രെയിൻ യാത്രയ്ക്കിടയിൽ കോച്ചുകൾക്ക് പുറത്ത് SLR, SLRD, LSLRD എന്നിങ്ങനെയുള്ള അക്ഷരങ്ങൾ എഴുതിയിരിക്കുന്നത് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? സാധാരണ യാത്രക്കാരിൽ പലരും ഇത്തരം കോച്ചുകളെ സ്ലീപ്പർ (Sleeper) ക്ലാസ് കോച്ചുകളാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ സ്ലീപ്പർ കോച്ചുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ആവശ്യങ്ങൾക്കായാണ് റെയിൽവേ ഇവ ഉപയോഗിക്കുന്നത്. യാത്രക്കാർക്കുള്ള ഇരിപ്പിടം, ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലം, ട്രെയിൻ ഗാർഡിനുള്ള ബ്രേക്ക് വാൻ എന്നിവ സംയോജിപ്പിച്ച പ്രത്യേക കോച്ചുകളാണിവ. ഭിന്നശേഷിയുള്ള യാത്രക്കാർക്കായി (ദിവ്യാംഗ്ജൻ) പ്രത്യേകം തയ്യാറാക്കിയ സൗകര്യങ്ങളും ഇതിൽ ചില കോച്ചുകളിലുണ്ട്. ഈ കോഡുകൾക്ക് പിന്നിലെ യഥാർത്ഥ അർത്ഥവും ഒാരോ കോച്ചുകളിലെയും സൗകര്യങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.

To advertise here,

എന്താണ് 'SLR' കോച്ച്?

SLR എന്നാൽ Second Class-cum-Luggage-cum-Brake Van എന്നാണ് അർത്ഥമാക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ മൂന്ന് പ്രധാന ആവശ്യങ്ങൾ ഒരേപോലെ നിർവ്വഹിക്കുന്ന ഒരു കോച്ചാണിത്. രണ്ടാം ക്ലാസ് യാത്രക്കാർക്ക് ഇരുന്ന് യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇതിലൊന്ന്. കൂടാതെ യാത്രക്കാരുടെ വലിയ ലഗേജുകളും മറ്റ് ചരക്കുകളും സുരക്ഷിതമായി കൊണ്ടുപോകാനുള്ള പ്രത്യേക ലഗേജ് മുറിയും ഇതിലുണ്ടാകും. ഇതിനൊപ്പം ട്രെയിൻ ഗാർഡിന് ഔദ്യോഗിക ചുമതലകൾ നിർവ്വഹിക്കാനും അടിയന്തര സംവിധാനങ്ങൾ കൈകാര്യം ചെയ്യാനുമുള്ള ബ്രേക്ക് വാനും ഈ കോച്ചിൽ ഉൾപ്പെടുന്നു. സ്ലീപ്പർ കോച്ചുകളിലേതുപോലെ കിടന്നുറങ്ങാനുള്ള ബർത്തുകൾ ഈ കോച്ചുകളിൽ ഉണ്ടാകാറില്ല.

പ്രധാന ചുമതലകൾ

ഒരു SLR കോച്ച് പ്രധാനമായും മൂന്ന് ദൗത്യങ്ങളാണ് നിർവ്വഹിക്കുന്നത്. കോച്ചിന്റെ രൂപകൽപ്പന അനുസരിച്ച് നിശ്ചിത എണ്ണം രണ്ടാം ക്ലാസ് യാത്രക്കാർക്ക് ഇരുന്ന് യാത്ര ചെയ്യാനുള്ള സീറ്റിങ് സൗകര്യം നൽകുന്നു. അതുപോലെ റെയിൽവേ നിയമങ്ങൾക്ക് വിധേയമായി യാത്രക്കാരുടെ പാഴ്‌സലുകളും ലഗേജുകളും സുരക്ഷിതമായി കൊണ്ടുപോകാൻ ഇതിലെ ലഗേജ് വിഭാഗം സഹായിക്കുന്നു. കൂടാതെ ട്രെയിനിന്റെ സർവീസ് സുരക്ഷിതമായി ഏകോപിപ്പിക്കുന്നതിന് ആവശ്യമായ സാങ്കേതിക ഉപകരണങ്ങളും ഗാർഡിന് ഇരിക്കാനുള്ള സൗകര്യവും ഉൾപ്പെടുന്ന ബ്രേക്ക് വാനും ഈ കോച്ചിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.

വ്യത്യാസങ്ങൾ എന്തെല്ലാം?

ഇന്ത്യൻ റെയിൽവേ കോച്ചിന്റെ ഘടനയ്ക്കും സൗകര്യങ്ങൾക്കും അനുസരിച്ച് വ്യത്യസ്ത കോഡ് നാമങ്ങളാണ് നൽകുന്നത്. ഇതിൽ പരമ്പരാഗത രീതിയിലുള്ള സെക്കൻഡ് ക്ലാസ്-ലഗേജ്-ബ്രേക്ക് വാൻ കോച്ചുകളെയാണ് SLR എന്ന് വിളിക്കുന്നത്. എന്നാൽ ഭിന്നശേഷിക്കാരായ യാത്രക്കാർക്കായി (ദിവ്യാംഗ്ജൻ) പ്രത്യേക സൗകര്യങ്ങൾ ഉൾപ്പെടുത്തിയ കോച്ചുകളെ SLRD എന്ന് അടയാളപ്പെടുത്തുന്നു. ഇതിലെ 'D' എന്ന അക്ഷരം Divyangjan എന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം കോച്ചുകളിൽ വീൽചെയർ എളുപ്പത്തിൽ കയറ്റാൻ പാകത്തിലുള്ള വീതിയുള്ള വാതിലുകൾ, വീൽചെയർ പാർക്കിങ് സ്ഥലം, ഭിന്നശേഷി സൗഹൃദ ടോയ്‌ലെറ്റ് എന്നിവ ക്രമീകരിച്ചിരിക്കും. എൽഎച്ച്ബി (LHB - Linke Hofmann Busch) ഡിസൈനിലുള്ള SLRD കോച്ചുകളെയാണ് LSLRD എന്ന് വിളിക്കുന്നത്. ഇതിലെ ആദ്യത്തെ 'L' എന്ന അക്ഷരം എൽഎച്ച്ബി കോച്ച് ടെക്നോളജിയെ വ്യക്തമാക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi