നടി കരീന കപൂറിന്റെ (Kareena Kapoor) ഒരു വീഡിയോ പുറത്തുവന്നതോടെ, ആരാധകരെല്ലാം ചോദിച്ചത് ഒരേയൊരു കാര്യം മാത്രം, അവർ വീണ്ടും ഗർഭിണിയാണോ? കഴിഞ്ഞദിവസമാണ് ജിം വെയർ ധരിച്ച് കൈയിലൊരു ബോട്ടിലുമായി പുറത്തേക്കുവരുന്ന കരീനയുടെ വീഡിയോ വൈറലായത്. ഒപ്പം അവരുടെ ടീമുമുണ്ടായിരുന്നു. നേരെ പുറത്തേക്കുവന്ന് കാറിലേക്ക് കയറുകയായിരുന്നു കരീന.

അതിനിടെ അവരുടെ ടീമംഗങ്ങളിലൊരാൾ കരീനയ്ക്ക് മുന്നിൽ കുട നിവർത്തി, അവരെ പാപ്പരാസികളിൽനിന്ന് മറയ്ക്കുന്നതും കാണാമായിരുന്നു. ആ വീഡിയോയിൽ കരീനയുടെ ബേബി ബമ്പ് വളരെ വ്യക്തമായിരുന്നു. അതും കുടപിടിച്ച് അവരെ മറയ്ക്കാൻ ശ്രമിച്ചതുമാണ് ഗർഭിണിയാണെന്ന അഭ്യൂഹങ്ങളുയർത്തിയത്. കരീന മൂന്നാമതും ഗർഭിണിയാണോ എന്നായിരുന്നു പലരുടെയും സംശയം. വീഡിയോയുടെ താഴെ വളരെ പെട്ടെന്ന് കമന്റുകൾ നിറഞ്ഞു, 'കരീന ഗർഭിണിയാണോ?, വീണ്ടും ഗർഭിണി?' തുടങ്ങിയ കമന്റുകളാണ് പലരുമിട്ടത്. ഇത് പഴയ വീഡിയോ ആണോയെന്നും ചിലർ സംശയം പ്രകടിപ്പിച്ചു. അതിനിടെ കരീനയോട് അടുത്ത വൃത്തങ്ങൾ ഇത് സത്യമല്ലെന്ന് ഉറപ്പിച്ചുപറഞ്ഞു.

ഒടുവിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തി കരീന തന്നെ രംഗത്തെത്തി. ''അത് പാസ്തയും വൈനുമാണ്, ഗയ്‌സ്. ഒന്ന് ശാന്തരാകൂ. എനിക്ക് ഗർഭമൊന്നുമില്ല. നമ്മുടെ രാജ്യത്തെ ജനസംഖ്യ വർദ്ധിപ്പിക്കുന്നതിൽ താൻ ഇതിനകം തന്നെ വേണ്ടതിലധികം സംഭാവന നൽകിക്കഴിഞ്ഞു എന്നാണ് സെയ്ഫ് പറയുന്നത്...'', എന്നാണ് കരീന തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.

കരീനയ്ക്കും സെയ്ഫിനും തൈമൂർ, ജേ എന്നിങ്ങനെ രണ്ടുകുട്ടികളാണുള്ളത്. സെയ്ഫിന് മുൻബന്ധത്തിലുള്ള കുട്ടികളാണ് സാറ അലി ഖാനും ഇബ്രാഹിം അലി ഖാനും.

മുമ്പ് വോഗ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഫാമിലി പ്ലാനിങ്ങിനെക്കുറിച്ച് കരീന സംസാരിച്ചിരുന്നു. ''തന്റെ ഇരുപതുകളിലും മുപ്പതുകളിലും നാല്പതുകളിലും, അൻപതുകളിലും... ഓരോ ദശകത്തിലും സെയ്ഫിന് ഓരോ കുട്ടിയുണ്ടായിട്ടുണ്ട്. എന്നാൽ അറുപതുകളിൽ അത് സംഭവിക്കില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. വ്യത്യസ്ത പ്രായത്തിലുള്ള നാല് കുട്ടികളുടെ പിതാവാകാൻ സെയ്ഫിനെപ്പോലെ വിശാലമനസ്സുള്ള ഒരാൾക്ക് മാത്രമേ കഴിയൂ എന്ന് എനിക്ക് തോന്നുന്നു; അദ്ദേഹം എല്ലാവർക്കും വേണ്ടത്ര സമയം നൽകുന്നുണ്ട്''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi