കടലോരത്ത് അലയടിക്കുന്ന കാറ്റ്. അവിടെ തീർഥാടകരുടെയും കച്ചവടക്കാരുടെയും തിരക്ക്. തിരയുടെ ശക്തി കൂടിവരുന്തോറും, ആളുകളോട് കരയിലേക്ക് കയറാനുള്ള മുന്നറിയിപ്പ് മൈക്കിലൂടെ കേൾക്കാം. ആർത്തിരമ്പുന്ന കടൽക്കരയിൽനിന്ന് നോക്കിയാൽ വിഖ്യാതമായ വേളാങ്കണ്ണി പള്ളി കാണാം. കടലോരത്തുനിന്ന് പള്ളിയിലേക്കുള്ള വഴിത്താരയുടെ ഇരുവശവും വർണശബളമായ കടകമ്പോളങ്ങൾ. വൈവിധ്യമാർന്ന മെഴുകുതിരികൾ, മാതാവിന്റെയും ഉണ്ണിയേശുവിന്റെയും രൂപങ്ങൾ, പൂമാലകൾ, കൊന്തകൾ എന്നിവ വാങ്ങാൻ തിക്കിത്തിരക്കുന്ന മനുഷ്യർ. ഒരുനേരത്തെ അന്നത്തിനായി കേഴുന്ന യാചകരുടെയും മാതാവിന്റെ രൂപങ്ങൾ വിൽക്കുന്നവരുടെയും ഇടയിലൂടെ നടന്നാൽ വേളാങ്കണ്ണിമാതാവിന്റെ തിരുസന്നിധിയിലെത്താം. മനുഷ്യജീവിതത്തിന്റെ സങ്കടങ്ങൾ പേറി വിശ്വാസികൾ എത്തുന്ന പുണ്യഭൂമി. ആയുസ്സും ആരോഗ്യവും നൽകി, ആശ്രിതരെ ചേർത്തുപിടിക്കുന്ന കരുതലിന്റെ കരങ്ങൾ. മനസ്സുരുകി പ്രാർഥിച്ചാൽ, മനുഷ്യായുസ്സിലെ ആഗ്രഹങ്ങൾ സാധിച്ചുതരുമെന്ന വിശ്വാസമുള്ള ആരോഗ്യമാതാവിന്റെ 'ബസിലിക്ക ഓഫ് ഔർ ലേഡി ഓഫ് ഗുഡ് ഹെൽത്ത്' ദേവാലയം.

ഉണ്ണിയേശുവിനെ കൈയിലേന്തിയ കന്യാമറിയപ്രതിഷ്ഠയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ദേവാലയങ്ങളിലൊന്നാണ് വേളാങ്കണ്ണി പള്ളി.

കടലിന് അഭിമുഖമായി നിലകൊള്ളുന്ന ഈ ദേവാലയം 16-ാം നൂറ്റാണ്ടിലാണ് പണികഴിപ്പിച്ചതെന്ന് പറയപ്പെടുന്നു. തമിഴ്‌നാട്ടിലെ നാഗപട്ടണത്തോട് ചേർന്നാണ് 'കിഴക്കിന്റെ ലൂർദ്' എന്നറിയപ്പെടുന്ന വേളാങ്കണ്ണി പള്ളി സ്ഥിതിചെയ്യുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തുമായി പതിനായിരക്കണക്കിന് വിശ്വാസികളാണ് ദിവസവും ഇവിടേക്ക് എത്തുന്നത്. ഗോഥിക് ശൈലിയിൽ പണിതുയർത്തിയ അൾത്താരയിലൂടെ മുട്ടുകുത്തിനടന്ന്, മനസ്സുരുകി പ്രാർഥിക്കുന്ന മനുഷ്യരെ കാണാം. അൾത്താരയുടെ മുകളിലായി, മൂന്നടിയോളം ഉയരത്തിൽ, ഉണ്ണിയേശുവിനെയും കൈകളിലേന്തി നിൽക്കുന്ന മാതാവ്. മഞ്ഞ പട്ടുസാരി ഉടുത്ത്, സർവാഭരണ വിഭൂഷിതയായ തേജസ്സുറ്റ രൂപമാണ് മാതാവിന്റെത്.

മാതാവിന്റെ അരുളപ്പാട്

വ്യക്തമായ രേഖകൾ ലഭ്യമല്ലെങ്കിലും, പള്ളിയുടെ ചരിത്രം സംബന്ധിച്ച് കഥകൾ ഏറെയുണ്ട്. മാതാവിന്റെ അദ്ഭുതദർശനങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ കഥകളെല്ലാം. ഒരു ഹൈന്ദവബാലന് മുന്നിലാണ് മാതാവ് ആദ്യം പ്രത്യക്ഷപ്പെട്ടതത്രേ! പള്ളിയുടെ പടിഞ്ഞാറുഭാഗത്തുള്ള മാതാക്കുളത്തിലായിരുന്നു ഈ സംഭവം. മാതാവ് ബാലനെ അനുഗ്രഹിക്കുകയും പിൽക്കാലത്ത് അവിടം, 'പരിശുദ്ധ അമ്മയുടെ കുളം' എന്ന് അറിയപ്പെടുകയും ചെയ്തു. ഈ കുളത്തിലെ വെള്ളം, ദൈവകൃപയുടെയും അനുഗ്രഹത്തിന്റെയും ഉറവിടമായി വിശ്വസിച്ചുപോരുന്നു. പിന്നീട്, പള്ളിയുടെ വടക്കുഭാഗത്തുള്ള നടുത്തിട്ടുദേവാലയത്തിലാണ് മോരുവില്പനക്കാരനായ, മുടന്തൻ ബാലന് മാതാവിന്റെ ദർശനം ലഭിച്ചത്. അവന്റെ മുടന്തുമാറി ആരോഗ്യവാനായിയെന്നും അന്നുമുതലാണ് മാതാവ്, ആരോഗ്യമാതാ എന്നറിയപ്പെടാൻ തുടങ്ങിയതെന്നും പറയപ്പെടുന്നു. മാതാവിന്റെ, നിർദേശപ്രകാരം ആ ബാലന്റെ യജമാനൻ, ഓലകൊണ്ട് മേഞ്ഞ ഒരു പള്ളി അവിടെ നിർമിച്ചു. 17-ാം നൂറ്റാണ്ടിൽ, കടൽക്ഷോഭത്തിൽ അകപ്പെട്ട ഒരു കപ്പൽ, മാതാവിന്റെ തീരത്തുവെച്ച് അദ്ഭുതകരമായി രക്ഷപ്പെടുകയും അതിലെ നാവികർ കപ്പലിനെ പള്ളിയുടെ തീരത്തേക്ക് അടുപ്പിക്കുകയും ചെയ്തുവത്രേ! ആപത്തിൽ തുണയായ മാതാവിനോടുള്ള നന്ദിസൂചകമായി, അവർ പള്ളി നവീകരിച്ചു. പിന്നിട് ഓരോ വരവിലും അവർ നവീകരണപ്രവർത്തനങ്ങൾ നടത്തിപ്പോന്നു. അവരാണ് നാമിന്നുകാണുന്ന പള്ളിയുടെ മാതൃകയ്ക്ക് രൂപം നൽകിയതെന്നും കഥകളുണ്ട്. പിന്നീട് പോർച്ചുഗീസുകാരും ഇവിടെയെത്തി പള്ളി നവീകരിച്ചിരുന്നെന്നും പറയപ്പെടുന്നു. ഡച്ചുഭരണകാലത്താണ് ദേവാലയം പാരിഷ് ചർച്ചായത്. 1962-ൽ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ വേളാങ്കണ്ണി പള്ളിയെ മൈനർ ബസിലിക്കയായി ഉയർത്തി. അഞ്ചേക്കറിൽ പരന്നുകിടക്കുന്നതാണ് വേളാങ്കണ്ണി പള്ളി സമുച്ചയം.

നാനാമതാചാരങ്ങൾ

ഇവിടത്തെ ആചാരങ്ങളും പ്രാർഥനാരീതികളും കൗതുകം നിറഞ്ഞതാണ്. ക്രിസ്ത്യൻ ആരാധനാലയം ആണെങ്കിൽപോലും, എല്ലാ മതാചാരങ്ങളും, വിശ്വാസികൾ ഇവിടെ നടത്താറുണ്ട്. ഹൈന്ദവാചാരങ്ങളുമായിട്ടാണ് ഇവയ്ക്ക് കൂടുതൽ സാമ്യം. പള്ളിയിൽ തൊഴാനെത്തുന്ന ഹൈന്ദവരിൽനിന്നാവാം ഈ അനുഷ്ഠാനങ്ങൾ വന്നത്. തലമുണ്ഡനം ചെയ്യൽ ഇവിടത്തെ ഒരു പ്രധാന ആചാരമാണ്. സ്ത്രീ-പുരുഷ ഭേദമെന്യേ എല്ലാവരും ഇവിടെയെത്തി തല മുണ്ഡനം ചെയ്ത്, കുളിച്ച്, തലയിൽ ചന്ദനം തേച്ച് പള്ളിയിലെത്തി പ്രാർഥിക്കും. ഇങ്ങനെ ചെയ്താൽ, അഹംഭാവം വെടിഞ്ഞ്, ദീർഘായുസ്സും ആരോഗ്യവും നൽകി മാതാവ് അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. കേരളത്തിൽനിന്ന് ധാരാളം ആളുകൾ ദിവസേന ഇവിടെ എത്താറുണ്ട്.

മാതാവിന്റെ രൂപത്തിന് മുന്നിലിരുന്ന് ചിലർ എന്തൊക്കെയോ എഴുതുന്നത് കണ്ടു. അന്വേഷിച്ചപ്പോൾ, ആഗ്രഹങ്ങളും ദുഃഖങ്ങളും കടലാസിൽ എഴുതി, അത് പ്രത്യേക ഭരണിയിൽ നിക്ഷേപിക്കുന്നതാണെന്ന് അറിയാൻ കഴിഞ്ഞു. ഇത് മാതാവിനോടുള്ള അവരുടെ വിശ്വാസമാണ്. അസുഖങ്ങൾ ഭേദമാക്കാനും ജീവിതത്തിൽ അദ്ഭുതങ്ങൾ കാട്ടാനും മാതാവിന്റെ അനുഗ്രഹത്തിനായി പ്രാർഥിക്കുന്നവർ. അൾത്താരയുടെ വലതുഭാഗത്ത് അല്പം മാറി സാരി ഓഫറിങ് എന്ന് എഴുതിയതും കാണാം. മാതാവിന് വർഷത്തിലൊരിക്കൽ മാറ്റാനുള്ള സാരികൾ അവിടെയാണ് സമർപ്പിക്കേണ്ടത്. വർഷാവർഷം സാരി മാറ്റുമ്പോൾ, സാരിക്കഷണങ്ങൾ വിശ്വാസികൾക്ക് പ്രസാദമായി നൽകാറുണ്ട്. ഇതും പള്ളിയിലെ പ്രധാന ആചാരങ്ങളിലൊന്നാണ്. പള്ളിക്കുപുറത്ത് കൈകാലുകൾക്ക് വയ്യായ്കയുള്ളവരും ആരോഗ്യപ്രശ്‌നങ്ങളുള്ളവരും രൂപങ്ങൾ എടുത്തുവെച്ച് പ്രാർഥിക്കുന്ന രീതിയുമുണ്ട്. ഒപ്പം ബന്ധങ്ങളുടെ ഭദ്രതയ്ക്ക് ആമപ്പൂട്ട് പൂട്ടിയും കുഞ്ഞുങ്ങളുണ്ടാകാൻ അമ്മത്തൊട്ടിൽക്കെട്ടിയും പ്രാർഥിക്കുന്നവരുമുണ്ട്. മാതാവിലുള്ള വിശ്വാസംകൊണ്ടാണ് നാനാജാതിമതസ്ഥർ, പള്ളിയിലെ ചടങ്ങുകൾക്കുപുറമേ അവരുടെതായ വിശ്വാസരീതികളും ചടങ്ങുകളും പള്ളിയിൽ സമർപ്പിക്കുന്നതെന്ന് ഓഫീസ് അധികൃതർ പറയുന്നു.

അദ്ഭുതങ്ങൾക്കാട്ടും ദേവത

ആഗ്രഹസഫലീകരണത്തിനായി മെഴുകുതിരി കൊളുത്തിയും തേങ്ങയിൽ തിരിയിട്ട് കത്തിച്ചും പ്രാർഥിക്കുന്നവരെയും ഇവിടെ കാണാം. മനസ്സറിഞ്ഞ് പ്രാർഥിച്ചാൽ, മാതാവ് ഏത് ആഗ്രഹവും സാധിച്ചുതരുമെന്നാണ് വിശ്വാസം. അതിനുള്ള ഏറ്റവും വലിയ തെളിവാണ് പള്ളിക്ക് മുൻവശത്തുള്ള വേളാങ്കണ്ണി ഷ്രൈൻ മ്യൂസിയം. ആഗ്രഹസാഫല്യം ലഭിച്ചവർ മാതാവിനായി സമർപ്പിച്ച വസ്തുക്കളും സമ്മാനങ്ങളും ഇവിടെക്കാണാം. സ്വർണത്തിലും വെള്ളിയിലും തീർത്ത ആഭരണങ്ങൾ, തൊട്ടിലുകൾ, കുഞ്ഞുങ്ങളുടെ രൂപം എന്നിങ്ങനെ ആഗ്രഹസാക്ഷാത്കാരം ലഭിച്ച നിരവധിപേരുടെ സമർപ്പണങ്ങൾ, അവരുടെ നന്ദിസൂചകമായ വാക്കുകൾക്കൊപ്പം മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. തമിഴിലും ഇംഗ്ലീഷിലും മലയാളത്തിലുമൊക്കെയുള്ള നന്ദിവാക്കുകൾ, സമർപ്പണങ്ങൾക്കൊപ്പം കാണാം. പള്ളിയുടെ ചരിത്രവും ഓരോ കാലഘട്ടത്തിലും പള്ളിസമുച്ചയത്തിന് വന്ന രൂപമാറ്റങ്ങളും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ഒപ്പം പള്ളി സന്ദർശിച്ചിട്ടുള്ള പ്രമുഖ വ്യക്തികളുടെയും പള്ളിവക വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും ഇവിടെ അടയാളപ്പെടുത്തിയിരിക്കുന്നു.

ബസലിക്കപള്ളിയിൽനിന്ന് ഒരു കി.മി. നടന്നാൽ മാതാക്കുളവും ഔർ ലേഡീസ് ടാങ്ക് പള്ളിയുമായി. അവിടേക്കുള്ള മണൽവിരിച്ച വഴിത്താരയിലാണ് വിശ്വാസികൾ മുട്ടിലിഴഞ്ഞെത്തി പ്രാർഥിക്കുന്നത്. മാതാക്കുളത്തിനടുത്തേക്ക് നിറകണ്ണുകളോടെ വേദന സഹിച്ച് മുട്ടിൽ ഇഴഞ്ഞെത്തുന്ന വിശ്വാസികളെ കണ്ടാൽ നമ്മുടെ കണ്ണും ഈറനണിയും. ആ വഴിയരികിലാണ് പുതുതായി പണികഴിപ്പിച്ച മോണിങ് സ്റ്റാർ എന്ന വലിയ ദേവാലയം. അതിനരികിലായുള്ള 62 അടി ഉയരമുള്ള സേക്രഡ് ഹാർട്ട് ജീസസ് പ്രതിമയും അദ്ഭുതക്കാഴ്ചയാണ്.

'കിഴക്കിന്റെ ലൂർദ്' എന്നും വേളാങ്കണ്ണിപള്ളിയെ അറിയപ്പെടുന്നു. ദേവാലയത്തിന്റെ പടിഞ്ഞാറുഭാഗത്തെ 93 അടി ഉയരത്തിലുള്ള ഡോമും 82 അടി ഉയരത്തിലുള്ള ഗോഥിക്ക് സർപ്പിള തൂണുകളും മറ്റും ഫ്രാൻസിലെ ലൂർദ് ബസിലിക്കപള്ളിയുടെ മാതൃകയിൽ നിർമിച്ചതാണ്. 1975-ലാണ് കൂടുതൽ ആളുകളെ ഉൾക്കൊള്ളുന്നതിനായി, ഇരുനില എക്സ്റ്റൻഷൻ പണികഴിപ്പിച്ചത്. ഇത് അപ്പർ ചർച്ചെന്നും ലോവർ ചർച്ചെന്നും അറിയപ്പെടുന്നു. ലാറ്റിൻ കുരിശ് മാതൃകയിലാണ് പള്ളി രൂപകല്പനചെയ്തിരിക്കുന്നത്. സ്വന്തം അനുഭവങ്ങൾകൊണ്ട് മാതാവിൽ വിശ്വസിക്കുന്നവരാണ് ഇവിടെയെത്തുന്നവരിൽ പലരും. ആ വിശ്വാസമാണ് അവരുടെ പ്രാർഥനയും ജീവിതവും. അമ്മയായും മാതാവായും പരിശുദ്ധ കന്യാമറിയമായും ആശ്രിതരുടെ അഭയകേന്ദ്രമാകുന്നു വേളാങ്കണ്ണി പള്ളി.

പ്രാർഥനകൾ

രാവിലെ അഞ്ചുമുതൽ വൈകീട്ട് ഒമ്പതുവരെ തുറന്നിരിക്കുന്ന പള്ളിയിൽ 5.45 മുതൽ രണ്ടുമണിക്കൂർ ഇടവിട്ട് തമിഴ്, ഇംഗ്ലീഷ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ കുർബാന ഉണ്ടായിരിക്കും.
മോണിങ് സ്റ്റാർ ദേവാലയത്തിൽ ദിവസവും രാവിലെ ഒമ്പതിന് മലയാളം കുർബാനയുണ്ട്.
ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ എട്ടുവരെയാണ് പ്രധാന ആഘോഷമായ തിരുനാൾ.
ഓഗസ്റ്റ് 29-ന് വൈകീട്ട് ആറിന് ഉത്സവം കൊടിയേറും. തിരുനാൾ ആഘോഷങ്ങളിൽ ദിവസവും ഇംഗ്ലീഷ് ഉൾപ്പെടെ ആറോളം ഭാഷകളിൽ കുർബാന നടക്കും.

HOW TO REACH:

വേളാങ്കണ്ണി ദേവാലയത്തിന്റെ ഏറ്റവുമടുത്തുള്ള റെയിൽവേ സ്റ്റേഷൻ പന്ത്രണ്ട് കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന നാഗപട്ടണമാണ്. എയർപോർട്ട് 155 കിലോമീറ്റർ അകലെയുള്ള തിരുച്ചിറപ്പള്ളിയാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi