
ലോകകപ്പ് ഫുട്‌ബോളിൽ അർജന്റീനയെ വിറപ്പിച്ച കേപ് വെർദയെന്ന കൊച്ചുരാജ്യത്തെ പുകഴ്ത്തുകയാണ് ഫുട്‌ബോൾ പ്രേമികൾ. മത്സരം തോറ്റെങ്കിലും തല ഉയർത്തിത്തന്നെയാണ് കേപ് വെർദെയുടെ മടക്കം. പശ്ചിമ ആഫ്രിക്കയിലെ സെനഗൽതീരത്തുനിന്ന് ഏകദേശം 570 കി.മി. അകലെ, അഗ്നിപർവത ദ്വീപുകളുടെ കൂട്ടമായ കേപ് വെർദെയ്ക്ക് വാസ്‌കോഡ ഗാമയുമായും ഇന്ത്യയുമായും ഒരു 'ഇൻഡയറക്ട്' കണക്ഷനുണ്ട്. ചാൾസ് ഡാർവിനെ പ്രചോദിപ്പിച്ച കഥയും പറയാനുണ്ട് ഈ കൊച്ചുരാജ്യത്തിന്.
ലോകസൃഷ്ടിക്കുശേഷം ദൈവം തന്റെ കൈകൾ കുടഞ്ഞപ്പോൾ, അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് വീണ മൺതരികളാണ് ഈ ദ്വീപുകളായി മാറിയതെന്ന് കാബോ വേർദെയിൽ ഐതിഹ്യമുണ്ട്. ആഫ്രിക്കയിൽ നിലവിലുണ്ടായിരുന്ന അടിമക്കച്ചവടത്തിന്റെ വേരുകൾ തേടിയുള്ള യാത്രയാണ് കാബോ വെർദെയെന്ന കുഞ്ഞുരാജ്യത്തേക്കെത്തിച്ചത്. ആറുലക്ഷത്തിൽ താഴെ മാത്രമാണ് ഇവിടുത്തെ ജനസംഖ്യ. വിമാനം ലാൻഡ് ചെയ്യുമ്പോൾ വിൻഡോയിലൂടെ കണ്ട കാഴ്ച സുവർണത്തരികളെന്ന ഉപമയെ സാധൂകരിക്കുന്നതായിരുന്നു. നീലക്കടലിന് നടുവിൽ ചിതറിക്കിടക്കുന്ന സുവർണ നിറമുള്ള പത്ത് ദ്വീപുകൾ! ആഫ്രിക്കയുടെയും യൂറോപ്പിന്റെയും വിസ്മയകരമായ സംഗമഭൂമി.
Also Read
1456-ൽ പോർച്ചുഗീസുകാർ എത്തുന്നതുവരെ ഇവിടെ മനുഷ്യവാസമില്ലാത്ത ദ്വീപുകളായിരുന്നു. പിന്നീട്, അടിമക്കച്ചവടത്തിന്റെ പ്രധാന കേന്ദ്രമായി മാറി. 1975-ലാണ് രാജ്യം സ്വതന്ത്രമായത്. ഇപ്പോഴും ഔദ്യോഗിക ഭാഷ പോർച്ചുഗീസാണ്. ഇവിടത്തെ നാണയം 'എസ്‌കുഡോ' എന്നറിയപ്പെടുന്നു. ഏകദേശം ഇന്ത്യൻ രൂപയുടെ അതേ മൂല്യമാണിതിന്. കേപ് വെർദെയുടെ ഭാഗമായ സാന്തിയാഗോ ദ്വീപിലെ തലസ്ഥാനനഗരിയായ 'പ്രായ'യിലേക്കാണ് ആദ്യം പോയത്. ചരിത്രവും വർത്തമാനവും കൂടിക്കലർന്ന, തിരക്കേറിയ, എന്നാൽ സുന്ദരമായ നഗരം. അവിടത്തെ പ്രധാന ടൂർ ഏജൻസിയായ 'ബു കൺട്രി ടൂർസിന്റെ' ഗൈഡ് റിക്കാർഡോയ്‌ക്കൊപ്പം കാഴ്ചകൾ കാണാനിറങ്ങി.

പോർച്ചുഗീസുകാരുടെയും ആഫ്രിക്കൻ അടിമകളുടെയും പിന്മുറക്കാരായ സങ്കരവംശജരാണ് തദ്ദേശികൾ. അതിഥികളെ ഹൃദയം തുറന്ന് സ്വീകരിക്കുന്ന സ്‌നേഹോഷ്മളമായ ആതിഥ്യമര്യാദയാണത്. അതിന്റെ നേർക്കാഴ്ചയായിരുന്നു റിക്കാർഡോയുടെയും പെരുമാറ്റം. കേപ് വെർദെയുടെ രാഷ്ട്രപിതാവായ അമിൽക്കർ കബ്രാലിന്റെ പ്രതിമയുടെ അരികിൽനിന്നുവേണം യാത്രയാരംഭിക്കാൻ. കേപ് വെർദെയെയും ഗിനിയ-ബിസാവുവിനെയും പോർച്ചുഗീസ് കോളനിവാഴ്ചയിൽനിന്ന് മോചിപ്പിക്കാൻ നേതൃത്വം നൽകിയ വിപ്ലവകാരിയാണ് അദ്ദേഹം. കേപ് വെർദെ എന്നൊരു രാജ്യമുണ്ടാവാൻ കാരണം കബ്രാൽ ആണ്. അദ്ദേഹത്തിന്റെ പോരാട്ടവീര്യമാണ് പോർച്ചുഗീസ് സാമ്രാജ്യത്തെ അടിയറവ് പറയിപ്പിച്ചത്.
ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് കർഷകരുടെ ദാരിദ്ര്യം നേരിട്ട് കണ്ടതാണ് അദ്ദേഹത്തെ വിപ്ലവത്തിന്റെ പാതയിലേക്ക് നയിച്ചത്. മണ്ണിനെയും മനുഷ്യനെയും അറിഞ്ഞുകൊണ്ടുള്ള പോരാട്ടമായിരുന്നു കബ്രാലിന്റെത്. തോക്കുകൾ മതിയാവില്ല, സ്വന്തം സംസ്‌കാരത്തെ തിരിച്ചുപിടിക്കുന്നതിലൂടെ മാത്രമേ യഥാർഥ സ്വാതന്ത്ര്യം ലഭിക്കൂവെന്ന് അദ്ദേഹം വിശ്വസിച്ചു. പോർച്ചുഗീസുകാരെ അനുകരിക്കുന്നതിന് പകരം ആഫ്രിക്കൻ സ്വത്വത്തിൽ അഭിമാനിക്കാൻ ജനങ്ങളെ പഠിപ്പിച്ചു. ദുഃഖകരമെന്ന് പറയട്ടെ, കേപ് വെർദെ സ്വതന്ത്രമാകുന്നതിന് മാസങ്ങൾക്ക് മുൻപ്, 1973 ജനുവരിയിൽ അദ്ദേഹം വധിക്കപ്പെട്ടു.
ഫുട്‌ബോളിന്റെ സ്വന്തം നാട്
റിക്കാർഡോ, പഴയ ഫുട്‌ബോൾ സ്റ്റേഡിയം കാണാനാണ് ആദ്യം കൊണ്ടുപോയത്. ഫുട്‌ബോളിനെ ജീവശ്വാസംപോലെ കാണുന്നവരാണ് ഇവിടത്തുകാർ. നീല സ്രാവുകൾ (ബ്ലൂ ഷാർക്‌സ്) എന്ന് അറിയപ്പെടുന്ന കേപ് വെർദെ ടീം അന്താരാഷ്ട്രതലത്തിൽ വലിയ വിജയങ്ങൾ നേടിയതിനുശേഷം നടത്തിയ ആഘോഷം സ്റ്റേഡിയോ ഡ വെർദെ എന്ന് വിളിക്കപ്പെടുന്ന ഈ മൈതാനത്ത് വെച്ചായിരുന്നു. ചരിത്രപ്രാധാന്യമുള്ള കളിക്കളമാണിത്. ഏതാനും മാസങ്ങൾക്ക് മുൻപ്, രാജ്യം അമ്പതാം സ്വാതന്ത്ര്യദിന വാർഷികം വിപുലമായി ആഘോഷിച്ചതും ഇവിടെത്തന്നെ. ഒരേവർഷം ഒരു ജനതയുടെ രണ്ട് വലിയ അഭിമാനമുഹൂർത്തങ്ങൾക്ക് സാക്ഷിയായ സ്റ്റേഡിയം ഞങ്ങൾ ചെല്ലുമ്പോൾ അടഞ്ഞുകിടക്കുകയായിരുന്നു. സെക്യൂരിറ്റി കനിഞ്ഞതുകൊണ്ട് അകത്തുകയറാൻ സാധിച്ചു. പുറത്ത് ഫുട്‌ബോൾ ടീമിന്റെ 'ബ്ലൂ ഷാർക്‌സ്' ലോഗോ പതിപ്പിച്ച നീല ബസ്സുകൾ നിർത്തിയിട്ടിരിക്കുന്നത് കണ്ടു. പ്രായ നഗരത്തിന്റെ ഹൃദയഭാഗം അറിയപ്പെടുന്നത് പ്ലാറ്റോ എന്നാണ്. നഗരത്തിന് മുകളിൽ, പരന്നുകിടക്കുന്ന കുന്നിൻപ്രദേശമാണിത്. കൊളോണിയൽ കാലത്തെ ഓർമ്മിപ്പിക്കുന്ന പഴയ കെട്ടിടങ്ങളും വൻമരങ്ങൾ തണൽ വിരിക്കുന്ന തെരുവുകളും അവിടെയുണ്ട്. പ്രസിഡൻഷ്യൽ പാലസും പഴയ സിറ്റി ഹാളും പ്രതാപത്തോടെ നിലകൊള്ളുന്നു.
പ്ലാറ്റോയുടെ അരികിൽനിന്ന് നോക്കിയാൽ ദൂരെ തുറമുഖത്തേക്ക് നങ്കൂരമിടാൻ എത്തുന്ന കപ്പലുകൾ കാണാം. പ്ലാറ്റോയിലെ തെരുവിലൂടെ നടക്കുമ്പോൾ 'കമിഞ്ഞോസ് ഡി ഡാർവിൻ' എന്നെഴുതിയ ഒരു ബോർഡ് കണ്ണിലുടക്കി. അതൊരു വെറും സൂചികാഫലകമായിരുന്നില്ല; മറിച്ച് ചരിത്രത്തിലേക്കുള്ള വാതിലായിരുന്നു. പരിണാമസിദ്ധാന്തത്തിന്റെ പിതാവായ ചാൾസ് ഡാർവിൻ, എച്ച്.എം.എസ്. ബീഗിൾ എന്ന കപ്പലിൽ തന്റെ ലോകസഞ്ചാരം തുടങ്ങിയശേഷം ആദ്യമായി കപ്പലിറങ്ങി നടന്ന വഴികളാണിത്. ഡാർവിനിലെ 'നിരീക്ഷകനെ' ഉണർത്തിയത് ഈ മണ്ണായിരുന്നു!
ഇംഗ്ലണ്ടിലെ തണുപ്പിൽനിന്ന് വന്ന ഇരുപത്തിരണ്ടുകാരനായ ഡാർവിനെ സംബന്ധിച്ചിടത്തോളം ഇവിടത്തെ തെങ്ങുകളും വാഴത്തോപ്പുകളും ഉഷ്ണമേഖലാ കാഴ്ചകളും അദ്ഭുതമായിരുന്നിരിക്കണം. 'ഗ്ലോറിയസ് ഡേ' എന്നാണ് അദ്ദേഹം തന്റെ ഡയറിയിൽ ഈ സ്ഥലത്ത് വന്ന ദിവസത്തെ വിശേഷിപ്പിച്ചത്. സാന്തിയാഗോയുടെ തീരത്തെ കറുത്ത ലാവാ പാറക്കെട്ടുകൾക്കിടയിലൂടെ നീളത്തിൽ പോകുന്ന ഒരു വെളുത്ത പാളി ഡാർവിന്റെ ശ്രദ്ധയിൽപ്പെട്ടു. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 45 അടി ഉയരത്തിൽ കണ്ട ആ പാളി നിറയെ കടൽച്ചിപ്പികളായിരുന്നു. കടലിനടിയിൽ കിടക്കേണ്ട ചിപ്പികൾ എങ്ങനെ ഇത്രയും ഉയരത്തിൽ വന്നു? ആ ചോദ്യം ഡാർവിനെ എത്തിച്ചത് വലിയൊരു ഉത്തരത്തിലേക്കാണ്. ഭൂമി സാവധാനം മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ടെന്നും ഈ ദ്വീപ് കാലങ്ങൾകൊണ്ട് കടലിൽനിന്ന് ഉയർന്നുവന്നതാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. താനൊരു ഭൗമശാസ്ത്രജ്ഞനായി മാറിയത് ഇവിടെവെച്ചാണെന്ന് അദ്ദേഹം കുറിച്ചുവെച്ചിരുന്നു. കേവലം പ്രകൃതിസ്‌നേഹിയായി യാത്ര തുടങ്ങിയ ഡാർവിൻ, കാര്യങ്ങളെ ശാസ്ത്രീയമായി വിശകലനംചെയ്യാൻ തുടങ്ങിയത് ഈ തീരത്തുവെച്ചാണ്.
കേപ് വെർദെയിൽ നിന്ന് കോഴിക്കോട്ടേക്ക്
ഇന്ത്യയുടെ ചരിത്രത്തെ മാറ്റിമറിച്ച മറ്റൊരു യാത്രയും ഈ തീരവുമായി ബന്ധപ്പെട്ട് കിടക്കുന്നു. 1497-ൽ വാസ്‌കോ ഡ ഗാമ കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ നങ്കൂരമിട്ടത് ഇതേ സാന്തിയാഗോ ദ്വീപിലായിരുന്നു. ഇന്ത്യയിലേക്കുള്ള യാത്രയിൽ ഏറ്റവും നിർണായകമായ ഒരു ഇടത്താവളമായിരുന്നു ഇത്. ഇവിടെനിന്ന് വെള്ളവും ഭക്ഷണവും ശേഖരിച്ചശേഷമാണ് ഗാമ സുരക്ഷിതതീരങ്ങൾ വിട്ട്, സമുദ്രവിശാലതയിലേക്ക് കപ്പൽ തിരിച്ചത്. മാസങ്ങൾക്കുശേഷം അത് ചെന്നെത്തിയതാകട്ടെ കാപ്പാട് തീരത്തും!
നാടിന്റെ സ്പന്ദനമറിയണമെങ്കിൽ ഇവിടുള്ള മാർക്കറ്റുകൾ സന്ദർശിക്കണമെന്ന മുഖവുരയോടെ റിക്കാർഡോ മെർക്കാഡോ മുനിസിപ്പലിലേക്ക് നയിച്ചു. അതൊരു പഴം-പച്ചക്കറി മാർക്കറ്റാണ്. അടുക്കിവെച്ചിരിക്കുന്ന പപ്പായയും മാങ്ങയും പലതരം പ്രാദേശിക പച്ചക്കറികളും. വൃത്തിയുള്ളതും ഒതുക്കമുള്ളതുമായ ഒരിടം. എന്നാൽ, ഇതിൽനിന്ന് ഭിന്നമായ അനുഭവമായിരുന്നു സുകുപിര മാർക്കറ്റിൽ. വസ്ത്രങ്ങൾമുതൽ ഇലക്‌ട്രോണിക്‌സ് സാധനങ്ങളും പരമ്പരാഗത ആഭരണങ്ങളും ലഭിക്കുന്ന മാർക്കറ്റ്, ആഫ്രിക്കൻ സംഗീതത്തിന്റെ താളവും വിലപേശുന്നവരുടെ ബഹളവും ഇടുങ്ങിയ വഴികളും ചേർന്ന് വ്യത്യസ്തമായ അനുഭവം സമ്മാനിച്ചു. കേപ് വെർദെയുടെ ആത്മാവിനെ ലോകത്തിനുമുന്നിൽ തുറന്നുകാട്ടിയ ഇതിഹാസഗായികയാണ് സെസാരിയ. കബ്രാൽ, കേപ് വെർദെക്ക് രാഷ്ട്രീയസ്വാതന്ത്ര്യം നൽകിയെങ്കിൽ, സെസാരിയാ എവോറയാണ് ആ രാജ്യത്തിന് ആഗോളതലത്തിൽ സാംസ്‌കാരികമുഖം സമ്മാനിച്ചത്. 'നഗ്‌നപാദയായ സംഗീതരാജ്ഞി' (The Barefoot Diva) എന്നാണ് അവരറിയപ്പെടുന്നത്.
ചരിത്രമുറങ്ങുന്ന സിഡാഡെവെൽഹയിലേക്കാണ് പിന്നീട് പോയത്. വഴിയിലുടനീളം വെർദെയുടെ വരണ്ടതും എന്നാൽ മനോഹരവുമായ ഭൂപ്രകൃതി എതിരേറ്റു. 1462-ൽ അന്റോണിയോ ഡി നോളി എന്ന നാവികൻ കണ്ടെത്തിയ ഈ സ്ഥലത്തിന് ആദ്യം 'റിബേര ഗ്രാൻഡെ' എന്നായിരുന്നു പേര്. ഉഷ്ണമേഖലാപ്രദേശത്തെ ആദ്യത്തെ യൂറോപ്യൻ അധിവാസകേന്ദ്രമെന്ന നിലയിലാണ് ഇത് പ്രശസ്തം. കുന്നിൻമുകളിലുള്ള 'റിയൽ ഡി സാവോ ഫിലിപ്പ്' കോട്ടയിലേക്ക് ഞങ്ങൾ എത്തിച്ചേർന്നു. കടൽക്കൊള്ളക്കാരായ ഫ്രാൻസിസ് ഡ്രേക്കിനെപ്പോലുള്ളവരിൽനിന്ന് നഗരത്തെ സംരക്ഷിക്കാൻ പതിനാറാംനൂറ്റാണ്ടിൽ പണിതതാണിത്.
കോട്ടയുടെ മുകളിൽനിന്നുള്ള കാഴ്ച മനോഹരമാണ്. താഴേക്ക് നോക്കിയാൽ, നീലക്കടലിന്റെ പശ്ചാത്തലത്തിൽ പഴയനഗരം ഒരു ചിത്രംപോലെ പരന്നുകിടക്കുന്നു. കോട്ടയിലെ കാഴ്ചകൾക്കുശേഷം നഗരത്തിലേക്കിറങ്ങി. അവിടെയാണ് പതിനാറാംനൂറ്റാണ്ടിലെ ക്രൂരമായ അടിമക്കച്ചവടത്തിന്റെ നിശ്ശബ്ദസാക്ഷിയായ, പെലോറിഞ്ഞോ എന്നറിയപ്പെടുന്ന ഒരു കൽത്തൂണുള്ളത്. അടിമകളെ പരസ്യമായി ശിക്ഷിക്കാനും വിൽപ്പനയ്ക്കായി പ്രദർശിപ്പിക്കാനും ഈ സ്ഥലം ഉപയോഗിച്ചിരുന്നു.
അവിടെനിന്ന് 'റുവ ബനാന' എന്ന പ്രസിദ്ധമായ തെരുവിലേക്കാണ് പോയത്. സബ്-സഹാറൻ ആഫ്രിക്കയിലെത്തന്നെ ഏറ്റവും പഴക്കമേറിയ പാതയാണിത്. പാതയ്ക്ക് ഇരുവശവുമായുള്ള കൽവീടുകൾ പഴയ പ്രതാപത്തോടെ നിലനിൽക്കുന്നു. യുനെസ്‌കോയുടെ പൈതൃകപ്പട്ടികയിൽ ഇടംനേടിയ ഈ തെരുവിലൂടെ നടക്കുമ്പോൾ നൂറ്റാണ്ടുകൾ പിന്നിലേക്ക് സഞ്ചരിക്കുന്നതുപോലെ തോന്നും. ലോകത്തിലെ ഏറ്റവും പഴക്കമേറിയ കൊളോണിയൽ പള്ളികളിലൊന്നായ 'നോസ സെൻഹോറ ഡോ റൊസാരിയോ' പള്ളിയും ഇവിടെയാണ്.

വൈകീട്ട് പോണ്ട ടെമറോസയിലെ ലൈറ്റ്ഹൗസ് കാണാൻ പോയി. 1881-ൽ പണികഴിപ്പിച്ച ഈ വെളുത്ത ഗോപുരം പാറക്കെട്ടുകൾക്ക് മുകളിൽ ഒറ്റയ്ക്ക് നിൽക്കുന്നു. താഴേ ആഞ്ഞടിക്കുന്ന തിരമാലകളും സഹാറ മരുഭൂമിയിൽനിന്ന് വീശുന്ന കാറ്റും വല്ലാത്തൊരു ഏകാന്തത സമ്മാനിക്കുന്നു. പിന്നെ, അന്നത്തെ യാത്രയുടെ ക്ഷീണം മാറ്റാൻ ക്വിബ്ര കാനേല ബീച്ചിലേക്ക് നടന്നു. വൈകുന്നേരത്തെ സ്വർണവെളിച്ചത്തിൽ ഫുട്‌ബോൾ തട്ടുന്ന കുട്ടികളും കടലിൽ നീന്തിത്തുടിക്കുന്നവരും ആ കടൽത്തീരത്തിന് ജീവൻ പകരുന്നു. അവിടെവെച്ച് വെർദെയുടെ ദേശീയഭക്ഷണമായ 'കച്ചൂപ' രുചിച്ചു. ചോളവും ബീൻസും കിഴങ്ങും മീനും ചേർത്ത് വേവിച്ചെടുക്കുന്ന ഒരു വിഭവമാണിത്. മടങ്ങാൻ നേരം മനസ്സിൽ നിറയേ 'സൗദാദ്' ആയിരുന്നു. ഈ നാട്ടുകാരുടെ സാംസ്‌കാരികഭാഷയിൽ, നഷ്ടപ്പെട്ടതിനെയോർത്ത് അതല്ലെങ്കിൽ വിട്ടുപോകുന്നതിനെയോർത്തുള്ള ഒരുതരം മധുരനൊമ്പരമാണ് സൗദാദ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: cape-verde-travel-guide-history-football-2026
Published: 04 Jul 2026, 12:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented