ഹിമാലയസാനുക്കളെ സാക്ഷിയാക്കി ഞങ്ങളൊരു യാത്രപോയി. ഉത്തരാഖണ്ഡിലെ ദയാര ബുഗ്യാലിലേക്ക്. എന്തുമാത്രം അവിസ്മരണീയമായിരുന്നെന്നോ ആ ഹൈക്കിങ്! ഉത്തരകാശിയിലെ റൈത്താൽ ബേസ് ക്യാമ്പിൽ നിന്നായിരുന്നു തുടക്കം. ഇന്ത്യ ഹൈക്സിന്റെ നേതൃത്വത്തിലുള്ള യാത്രയ്ക്ക് രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും വന്ന 28 പേരടങ്ങുന്ന സംഘം ഒപ്പമുണ്ടായിരുന്നു. പുതുമഴയുടെ അകമ്പടിയോടെ റസ്്കിൻ ബോണ്ടിന്റെ മസ്സൂരിയും അനേകം ഗ്രാമവഴികളും പിന്നിട്ട് മുന്നോട്ട്. ഉത്തരകാശിയിലെ പുണ്യവഴികളും ഭാഗീരഥി നദിയും ഞങ്ങൾക്കൊപ്പം വന്നു. ഏകദേശം 190 കിലോമീറ്ററിനൊടുവിൽ ഗർവാൾ സംസ്ക്കാരത്തിന്റെ റൈത്തലിൽ എത്തുമ്പോഴേക്കും സമുദ്രനിരപ്പിൽ നിന്നും 7000 അടി താണ്ടിയിരുന്നു. മഞ്ഞിന്റെ പുതപ്പണിഞ്ഞ് ശ്രികന്ത മലനിരകൾ ഞങ്ങളെ കാത്തിരുന്നു.
ഇന്ത്യയുടെ നാനാഭാഗത്തുനിന്നും എത്തിയ സൗഹൃദക്കൂട്ടത്തെ വരുതിയിലാക്കാൻ ഗൈഡ് മെർവിന് വേണ്ടി വന്നത് വെറും അരമണിക്കൂർ. കൽക്കട്ടയിൽ നിന്നും വ്ളോഗർമാരായ അധ്യാപക ദമ്പതികൾ, 50-കളിലും ബാല്യകാലസൗഹൃദം തുടരുന്ന ഉറ്റ ചങ്ങാതിമാർ, ഓഫീസ് സുഹൃത്തുക്കൾ, യാത്രകളിലൂടെ പഠനം (ഹോം സ്കൂളിംഗ്) നടത്തുന്ന കുഞ്ഞു ദിവ്യൻഷിയും കുടുംബവും, ആന്ധ്രയിൽ നിന്നുള്ള തമിഴ് കുടുംബം, അഹമ്മദാബാദിൽ നിന്നും മറ്റൊരു കുടുംബം, ബോംബയിൽ നിന്നും ഒരു രസികൻ ഡോക്ടറും അദ്ദേഹത്തിന്റെ വലിയ കൂട്ടുകുടുംബവും... ഇന്ത്യൻ താലി മീൽസ് പോലെ വൈവിധ്യമാർന്ന യാത്രികർ. ഹൈക്കിങ്ങിലുടനീളം ഗർവാൾ ഗ്രാമവാസികളായ ജയകാന്തും ജയ്രാജും ഞങ്ങൾക്ക് വഴികാട്ടികളായി. ഹൈക്കിങ്ങിന്റെ ആദ്യ ദിനം മെയ് 22-ന് ഏകദേശം 4.5 കിലോമീറ്ററോളം കുത്തനെയുള്ള കയറ്റമായിരുന്നു. മഞ്ഞുമലകൾ കണ്ട് വനപാതയിലൂടെ.
മനുഷ്യർ അദ്ഭുതങ്ങളാണ്. പരസ്പരം സഹായിച്ചും കാത്തിരുന്നും ചെറുഭക്ഷണങ്ങൾ പങ്കുവച്ചും ഒറ്റക്കെട്ടായി ഉയരങ്ങളിലേക്ക് നടന്നുകയറുമ്പോൾ കണ്ടത്, അനുഭവിച്ചത് 'നാനാത്വത്തിൽ ഏകത്വം'. 7000 അടിയിൽ നിന്നും 9600 അടിയിലേക്ക്, ഗുയിയിലെ ആദ്യ ക്യാമ്പിലേക്ക് എത്തിയപ്പോൾ പലരും 'ആൾട്ടിട്യൂഡ് സിക്ക്നെസ്സി'ന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയിരുന്നു. ഗുയിയിൽ കാത്തിരുന്നത് രുചികരമായ വിഭവങ്ങളായിരുന്നു. ഗർവാളിന്റെ ദൂരക്കാഴ്ചയായി ചിതറി മേയുന്ന ഒരു കൂട്ടം ആട്ടിൻപറ്റങ്ങൾ.
ഗുയിയിൽ എത്തിയതോടെ നെറ്റും റെയ്ഞ്ചുമെല്ലാം നഷ്ടമായി. മുന്നിൽ മഞ്ഞു മലകളും പച്ചപ്പും, കൂട്ടിന് ശുദ്ധവായുവും. പലരും ടെന്റ് ജീവിതം ആദ്യമായി അനുഭവിക്കുന്നവർ. 4 ഡിഗ്രി തണുപ്പ്. തണുപ്പകറ്റാൻ കൃത്യമായ ലയറിങ് ധരിക്കാനുള്ള നിർദേശം മെർവിൻ തന്നിരുന്നു. അളന്നുതൂക്കി ഉപയോഗിക്കുന്ന പർവത നിരകളിലെ വെള്ളവും ടെന്റും ബയോടോയ്ലറ്റുമെല്ലാം പുതിയ അനുഭവങ്ങളായി. അടുത്ത ദിവസം ചിലപ്പട ക്യാമ്പിലേക്കുള്ള ഹൈക്കിങ് ആയിരുന്നു. 10,500 അടി ഉയരെ. തുറന്ന വഴികളും പുൽമേടുകളും കുറച്ചു കൂടി വ്യക്തമായിത്തീർന്നു. ദൂരെ ബന്ധർപൂഞ്ച്, കാലനാഗ്, ഗംഗോത്രി റേഞ്ചുകൾ തെളിഞ്ഞു കാണാം. വഴികളിൽ അങ്ങിങ്ങായി ആട്ടിടയരുടെ ചെറുഷെൽട്ടറുകൾ. മേപ്പിൾ-ഓക്ക് മരങ്ങൾ തിങ്ങിയ വഴികളിൽ മനോഹരമായൊരു കാഴ്ച കണ്ടു- ഒരു ഒറ്റയാൻ നാണയമരം. പഴയ ഒരു ഗർവാൾ കഥ പിന്തുടർന്ന് പ്രാർത്ഥനാസങ്കേതമായി മാറിയ മരം. അനേകായിരം പ്രാർത്ഥനകൾ നാണയത്തിന്റെ രൂപത്തിൽ മരത്തിനു ചുറ്റും തറച്ചിരിക്കുന്നു. കൂടെ ഒരു പ്രാർത്ഥനാ മണിയും.
മെയ് 24- സമ്മിറ്റ് ദിനമായിരുന്നു. ഉയരം കീഴടക്കുന്ന ദിവസം. ലക്ഷ്യസ്ഥാനമായ ദയാര ബുഗ്യാൽ എത്തുന്ന ദിനം. 'ബുഗ്യാൽ' എന്നാൽ പുൽമേട് എന്നർഥം. സമുദ്രനിരപ്പിൽ നിന്നും 11,830 അടി ഉയരത്തിലുള്ള പച്ച പരവതാനി വിരിച്ച സമ്മിറ്റിലേക്കുള്ള യാത്ര വാക്കുകളിൽ ഒതുങ്ങില്ല. നല്ല ഇടിയും മഴയും പ്രവചിച്ചിരുന്നു. രാവിലെ 10.30-ന് ഞങ്ങൾ സമ്മിറ്റിൽ എത്തി. നിറകണ്ണുകളോടെ 180 ഡിഗ്രി ആംഗിളിൾ ഹിമശൃംഗങ്ങൾ കണ്ടു. മെർവിൻ ഞങ്ങൾ
ക്കെല്ലാവർക്കും പോസ്റ്റ് കാർഡ് തയ്യാറാക്കി വച്ചിരുന്നു. മഞ്ഞുമലകൾ സാക്ഷിയാക്കി ആ പോസ്റ്റ് കാർഡ്സ് എഴുതുമ്പോൾ ആനന്ദംകൊണ്ട് കണ്ണ് നനഞ്ഞു, കൈകൾ വിറച്ചു.
പച്ചപരവതാനി. കസവുനൂൽ തുന്നിയപോലെ കുഞ്ഞുകുഞ്ഞു മഞ്ഞ പൂക്കൾ; മുക്കൂറ്റിയേക്കാൾ അല്പം വലിപ്പമുണ്ട്. ചുറ്റും പുൽമേടുകൾ. ഹിമമലകൾ. അധികസമയം അവിടെ ചിലവഴിക്കാൻ ഞങ്ങൾക്കായില്ല. 'മൗണ്ടൈൻ ബ്ലിസ്' എന്ന അനുകൂല കാലാവസ്ഥ അപ്പോഴേക്കും കഴിഞ്ഞിരുന്നു. മലമുകളിൽ മഴ, പെയ്യാനൊരുങ്ങുകയാണ്. തിടുക്കത്തിൽ മഴക്കോട്ടിട്ട് ഞങ്ങൾ ഇറക്കം തുടങ്ങിയപ്പോഴേക്കും മഴ പെയ്തുതുടങ്ങി. കനം കൂടിയ മഴത്തുള്ളികൾ അൽപ്പം വേദനിപ്പിച്ചുകൊണ്ട് കൈകളിലേക്ക് വീണപ്പോൾ തിരിച്ചറിഞ്ഞു, ആലിപ്പഴം. ആ മഴയിൽ ഞങ്ങൾ കുട്ടികളായി. മഴ തോർന്നപ്പോൾ ഉച്ചഭക്ഷണത്തിനായി ഒരു ഗർവാൾ കുടിലിലെത്തി. ചൂടു നൂഡിൽസും ചായയും കഴിച്ചു ഇറക്കം തുടർന്നു. അന്ന് നയാത ക്യാമ്പിൽ തങ്ങി. ആ രാത്രിയിലെ ആകാശക്കാഴ്ച അതിമനോഹരമായിരുന്നു.
മതിലുകളില്ലാത്ത ആകാശത്ത് നക്ഷത്രങ്ങളുടെ പെരുമഴ. ആ രാവിൽ കന്നുകാലികളോടൊപ്പം പുൽക്കൂട്ടിൽ ഉറങ്ങുന്ന ഉണ്ണീശോയെപ്പോലെ ഞങ്ങൾ ഉറങ്ങി. താരാട്ടിന് അവയുടെ മണിയടികളും. പിറ്റേന്ന് ഹൈക്കിങ് പൂർത്തിയാക്കി ബേസ് ക്യാമ്പിലെത്തി. മെയ് 26-നായിരുന്നു ഡെഹ്റാഡൂണിലേക്കുള്ള മടക്കയാത്ര. മലയിറങ്ങി താഴേക്ക് പോകുമ്പോൾ മനസ്സ് നിറഞ്ഞ ഓർമ്മകൾ. ഗോതമ്പുചെരുവുകളും താഴ്വരകളും പിന്നിടവേ കുറെ ദൂരം ആർത്തിരമ്പി വന്നു, മലകളിൽനിന്നും ഭാഗീരഥി നദി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Detailed travelogue of the Dayara Bugyal trek starting from Raithal base camp., First-hand experience of hiking through Garhwal Himalayas at 11,830 feet altitude.
Published: 24 Nov 2026, 06:20 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented