രാമായണത്തിലെ പ്രതിനായകനായാണ് രാവണനെ പൊതുവെ കണക്കാക്കുന്നത്. എല്ലാ വർഷവും ദസറ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രാവണന്റെ കൂറ്റൻ കോലങ്ങൾ അഗ്നിക്കിരയാക്കാറുണ്ട്. എന്നാൽ, ഡൽഹിക്കടുത്തുള്ള ഒരു ഗ്രാമത്തിൽ ഇതിന് നേർവിപരീതമായ കാഴ്ചയാണുള്ളത്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലുള്ള ബിസ്രാഖ് ജലാൽപൂർ എന്ന ഗ്രാമത്തിൽ രാവണനെ ആരാധിക്കുകയും പ്രത്യേക പൂജകളും വഴിപാടുകളും നടത്തുകയും ചെയ്യുന്നു. പ്രാദേശിക വിശ്വാസങ്ങൾ അനുസരിച്ച് രാവണൻ ജനിച്ചത് ഈ ഗ്രാമത്തിലാണ്. അതുകൊണ്ടുതന്നെ, ഇവിടുത്തുകാർക്ക് രാവണൻ തങ്ങളുടെ നാടിന്റെ അഭിമാനവും ആരാധ്യപുരുഷനുമാണ്.

To advertise here,

പേരിന് പിന്നിലെ കഥ
ഐതിഹ്യങ്ങളും പ്രാദേശിക വിശ്വാസങ്ങളും അനുസരിച്ച് രാവണന്റെ പിതാവായ വിശ്രവസ്സ് മഹർഷി താമസിച്ചിരുന്നതും തപസ്സനുഷ്ഠിച്ചിരുന്നതും ഇവിടെയായിരുന്നു. മഹർഷിയുടെ പേരിൽ നിന്നാണ് ഈ ഗ്രാമത്തിന് 'ബിസ്രാഖ്' എന്ന പേര് ലഭിച്ചതെന്നും വിശ്വസിക്കപ്പെടുന്നു. ഇവിടെ വെച്ചാണ് രാവണൻ ജനിച്ചതെന്നാണ് ഗ്രാമവാസികളുടെ ഉറച്ച വിശ്വാസം.

പണ്ഡിതനും പരമശിവഭക്തനും
ബിസ്രാഖ് ജലാൽപൂരിലെ ജനങ്ങൾക്ക് രാവണൻ വെറുമൊരു അസുരരാജാവോ ശ്രീരാമനാൽ വധിക്കപ്പെട്ട ദശമുഖനോ മാത്രമല്ല. മറിച്ച്, വേദശാസ്ത്രങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള ഒരു ബ്രാഹ്മണനും, മികച്ച ഭരണാധികാരിയും, വീരയോദ്ധാവും, എല്ലാറ്റിനുമുപരിയായി പരമശിവന്റെ കടുത്ത ഭക്തനുമാണ്. തങ്ങളുടെ സ്വന്തം മണ്ണുമായി ആത്മബന്ധമുള്ള ഒരു മഹാപണ്ഡിതനായാണ് ഗ്രാമവാസികൾ രാവണനെ കാണുന്നത്.

കോലം കത്തിക്കില്ല; പകരം ഹോമവും പ്രാർത്ഥനയും
രാജ്യമെമ്പാടും ദസറ ആഘോഷിക്കുമ്പോൾ, ബിസ്രാഖ് ഗ്രാമത്തിൽ രാവണന്റെ കോലം കത്തിക്കുന്ന പതിവില്ല. ഇവിടുത്തുകാരുടെ മതപരമായ ആചാരങ്ങളിൽ രാവണന്റെ പാണ്ഡിത്യത്തിനും ശിവഭക്തിക്കും വലിയ പ്രാധാന്യമാണുള്ളത്. അതിനാൽ ദസറ ദിനത്തിൽ കോലം കത്തിക്കുന്നതിന് പകരം, പ്രത്യേക പ്രാർത്ഥനകളും ഹോമങ്ങളും മറ്റ് ആചാരാനുഷ്ഠാനങ്ങളുമാണ് ഗ്രാമവാസികൾ സംഘടിപ്പിക്കുന്നത്.

ശ്രീകോവിലിൽ ശിവലിംഗം
ഈ ആചാരങ്ങളുടെ കേന്ദ്രബിന്ദുവായ ക്ഷേത്രം രാവണനുമായും പിതാവ് വിശ്രവസ്സ് മഹർഷിയുമായും ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, ഈ ക്ഷേത്രത്തിലെ ശ്രീകോവിലിൽ രാവണന്റെ സ്ഥിരമായ വിഗ്രഹമല്ല പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പകരം ഒരു ശിവലിംഗമാണ് ഇവിടെയുള്ളത്. രാവണൻ പരമശിവന്റെ ഭക്തൻ ആയിരുന്നു എന്ന വിശ്വാസത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

ക്ഷേത്രത്തിൽ രാവിലെയും വൈകുന്നേരവും പതിവായി ആരതിയും അഭിഷേകവും ഉൾപ്പെടെയുള്ള നിത്യപൂജകൾ നടക്കാറുണ്ട്. വാർഷിക ദസറ ആഘോഷങ്ങളുടെ സമയത്ത് രാവണന്റെ വിഗ്രഹം ക്ഷേത്രത്തിലേക്ക് കൊണ്ടുവരികയും, ഭക്തർ ഒത്തുചേർന്ന് പ്രത്യേക പ്രാർത്ഥനകളും ഹവനങ്ങളും നടത്തുകയും ചെയ്യുന്നു. രാമായണത്തിൽ ശ്രീരാമനാൽ പരാജയപ്പെട്ട 'വില്ലൻ' എന്ന പതിവ് സങ്കൽപ്പത്തിന് അപ്പുറത്തുള്ള ഒരു കാഴ്ചപ്പാടാണ് ഈ ക്ഷേത്രസമുച്ചയം നൽകുന്നത്. ഒരു പണ്ഡിതൻ, രാജാവ്, വീരയോദ്ധാവ് എന്നീ നിലകളിലുള്ള രാവണന്റെ ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങൾ ക്ഷേത്രത്തിലെ കൊത്തുപണികളിലും ചിത്രീകരണങ്ങളിലും വ്യക്തമായി കാണാൻ സാധിക്കും.

രാവണന്റെ വംശപരമ്പരയുമായി ഈ ഗ്രാമത്തിനുള്ള ബന്ധത്തിന് സ്വതന്ത്രമായ ചരിത്രരേഖകളോ തെളിവുകളോ ഇന്നുവരെ ലഭ്യമായിട്ടില്ല. എങ്കിലും, തലമുറകളായി കൈമാറി വന്ന ഉറച്ച വിശ്വാസത്തിലൂടെ ഈ പാരമ്പര്യം ഇന്നും നിലനിൽക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi