ഡിസംബർ അടുക്കുമ്പോൾ യൂറോപ്പിൽ തണുപ്പ് കടുക്കുകയും രാത്രികൾക്ക് നീളം കൂടുകയും ചെയ്യും. എന്നാൽ യാത്രകളെ സ്നേഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം യൂറോപ്പിന്റെ യഥാർത്ഥ സൗന്ദര്യം ആസ്വദിക്കാൻ ഇതിലും മികച്ച മറ്റൊരു സമയമില്ല. വർണ്ണവിളക്കുകളാലും നക്ഷത്രങ്ങളാലും അലങ്കരിച്ച ക്രിസ്മസ് മാർക്കറ്റുകൾ ഓരോ തെരുവിനെയും ഒരു സ്വപ്നലോകമാക്കി മാറ്റുന്ന കാലമാണിത്. ജർമ്മനിയിൽ മാത്രം മൂവായിരത്തിലധികം ക്രിസ്മസ് മാർക്കറ്റുകളുണ്ട്; യൂറോപ്പിലുടനീളം വേറെയും ആയിരക്കണക്കിന് ഇടങ്ങൾ. ഇവയിൽ ഏറ്റവും മികച്ചത് ഏതെന്ന് തിരഞ്ഞെടുക്കുക പ്രയാസമാണ്.

To advertise here,

പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളിലെ സ്വതന്ത്ര പത്രപ്രവർത്തകർ തിരഞ്ഞെടുത്ത 40 മാർക്കറ്റുകളിൽ നിന്ന്, ലോകമെമ്പാടുമുള്ള 11,648 സഞ്ചാരികളുടെ വോട്ടെടുപ്പിലൂടെ 'യൂറോപ്യൻ ബെസ്റ്റ് ഡെസ്റ്റിനേഷൻസ്' തിരഞ്ഞെടുത്ത ഈ വർഷത്തെ മികച്ച ചില ക്രിസ്മസ് മാർക്കറ്റുകളിലൂടെ സഞ്ചരിക്കാം.

അഡ്വെന്റ് ബസിലിക്ക, ബുഡാപെസ്റ്റ്, ഹംഗറി 

2019, 2021, 2023, 2024 വർഷങ്ങളിൽ യൂറോപ്പിലെ ഏറ്റവും മികച്ച ക്രിസ്മസ് മാർക്കറ്റായി തിരഞ്ഞെടുക്കപ്പെട്ട ബുഡാപെസ്റ്റിലെ 'അഡ്വെന്റ് ബസിലിക്ക', ഈ വർഷവും യൂറോപ്പിലെ ഏറ്റവും മനോഹരമായ ക്രിസ്മസ് മാർക്കറ്റ് എന്ന പദവി സ്വന്തമാക്കിയിരിക്കുകയാണ്. പതിനഞ്ച് വർഷത്തിലേറെയായി സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ ഇവിടെ, സെന്റ് ഇസ്ത്വാൻ സ്ക്വയറിലെ ബസിലിക്കയ്ക്ക് ചുറ്റുമായി നൂറോളം ഹംഗേറിയൻ കരകൗശല വിദഗ്ധർ നിർമ്മിച്ച മനോഹരമായ അലങ്കാരവസ്തുക്കളും സമ്മാനങ്ങളും നിരന്നിട്ടുണ്ടാകും. പകൽ സമയത്ത് മാർക്കറ്റിലെ കാഴ്ചകൾ കണ്ട് ചുറ്റിക്കറങ്ങിയ ശേഷം സന്ധ്യയോടെ വീണ്ടും ഇവിടേക്ക് എത്തുന്നതാണ് നല്ലത്; കാരണം, ഇരുട്ട് വീഴുന്നതോടെ ബസിലിക്കയുടെ മുൻഭാഗത്ത് തെളിയുന്ന ദീപാലങ്കാരങ്ങളും ലൈറ്റ് പ്രൊജക്ഷനുകളും ആരെയും വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്. തണുപ്പകറ്റാൻ ചൂടുള്ള മൾഡ് വൈനും ഹംഗേറിയൻ സോസേജുകളും പരമ്പരാഗത കേക്കുകളും രുചിക്കാം.

വിയന്ന ക്രിസ്മസ് മാർക്കറ്റ്, ഓസ്ട്രിയ 

ഒരൊറ്റ ക്രിസ്മസ് മാർക്കറ്റിൽ ഒതുങ്ങാതെ, നഗരത്തിലെ കൊട്ടാരങ്ങളെയും ചരിത്രപ്രസിദ്ധമായ ചത്വരങ്ങളെയും തെരുവുകളെയും ആഘോഷങ്ങളുടെ ഒരു നിരയാക്കി മാറ്റുകയാണ് ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്ന ചെയ്യുന്നത്. നിയോ-ഗോതിക് സിറ്റി ഹാളിന്റെ പ്രൗഢമായ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന റാഥൗസ്പ്ലാറ്റ്സ് (Rathausplatz) ആണ് ഇവയിൽ ഏറ്റവും പ്രശസ്തം. വർണ്ണവിളക്കുകളും മനോഹരമായ സ്റ്റാളുകളും ഐസ് റിങ്കും ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു.  

പ്രാഗ് ക്രിസ്മസ് മാർക്കറ്റ്, ചെക്ക് റിപ്പബ്ലിക്

ഗോതിക് ഗോപുരങ്ങളും ബറോക്ക് കെട്ടിടങ്ങളും തടിയിൽ തീർത്ത കൊച്ചു കടകളും ഭീമാകാരമായ ക്രിസ്മസ് ട്രീയും ചേർന്ന് പ്രാഗിലെ ഓൾഡ് ടൗൺ സ്ക്വയറിനെ ഒരു യക്ഷിക്കഥയിലെ നഗരം പോലെ മനോഹരമാക്കുന്നു. ലോകപ്രശസ്തമായ അസ്ട്രോണമിക്കൽ ക്ലോക്കും 'ചർച്ച് ഓഫ് ഔർ ലേഡി ബിഫോർ ടിൻ' പള്ളിയും ഇവിടുത്തെ ക്രിസ്മസ് കാഴ്ചകൾക്ക് കൂടുതൽ മിഴിവേകുന്നു. ഒപ്പം കറുവപ്പട്ടയും പഞ്ചസാരയും ചേർത്ത് ചുട്ടെടുക്കുന്ന 'ട്രെഡെൽനിക്' പേസ്ട്രിയുടെ മധുരവും. 

സ്ട്രാസ്ബർഗ് ക്രിസ്മസ് മാർക്കറ്റ്, ഫ്രാൻസ് 

ഫ്രാൻസിലെ സ്ട്രാസ്ബർഗ്, യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള ക്രിസ്മസ് മാർക്കറ്റുകളിൽ ഒന്നാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ ഗ്രാൻഡ് ഐൽ ക്രിസ്മസ് കാലത്ത് ആയിരക്കണക്കിന് വർണ്ണവിളക്കുകളാൽ തിളങ്ങുന്നു. പ്ലേസ് ക്ലെബറിലെ ഭീമാകാരമായ ക്രിസ്മസ് ട്രീയും തലയുയർത്തി നിൽക്കുന്ന സ്ട്രാസ്ബർഗ് കത്തീഡ്രലും സഞ്ചാരികളെ വരവേൽക്കുന്നു. 

ടാലിൻ ക്രിസ്മസ് മാർക്കറ്റ്, എസ്റ്റോണിയ 

മധ്യകാലഘട്ടത്തിലെ വാസ്തുവിദ്യ ഇന്നും തനിമയോടെ കാത്തുസൂക്ഷിക്കുന്ന എസ്റ്റോണിയയിലെ ടാലിനിലുള്ള ഓൾഡ് ടൗണിലെ ടൗൺ ഹാൾ സ്ക്വയറിലാണ് ഈ മാർക്കറ്റ് ഒരുക്കുന്നത്. ഗോതിക് കെട്ടിടങ്ങളും കല്ലുപാകിയ ഇടവഴികളും പള്ളിഗോപുരങ്ങളും ചേർന്ന് ഇവിടേക്ക് എത്തുന്നവരെ മറ്റൊരു കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. 1441 മുതൽ തുടരുന്ന പാരമ്പര്യമുള്ള ഇവിടുത്തെ ക്രിസ്മസ് ട്രീ, യൂറോപ്പിലെ തന്നെ ആദ്യകാല പൊതു ക്രിസ്മസ് ട്രീ പ്രദർശനങ്ങളിൽ ഒന്നാണ്. 

മാഞ്ചസ്റ്റർ ക്രിസ്മസ് മാർക്കറ്റ്, യുകെ 

ഒരൊറ്റ ചത്വരത്തിൽ ഒതുങ്ങാതെ മാഞ്ചസ്റ്റർ നഗരമധ്യത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന ഭക്ഷണ സ്റ്റാളുകളും ഷോപ്പിംഗ് കേന്ദ്രങ്ങളും വിനോദപരിപാടികളും ചേർന്ന് ക്രിസ്മസ് കാലത്തെ ഒരു വലിയ ഉത്സവമാക്കി മാറ്റുന്നു. ബ്രിട്ടീഷ് തനിമയും യൂറോപ്യൻ വിഭവങ്ങളും അന്താരാഷ്ട്ര രുചികളും ഇവിടെ മനോഹരമായി ഒത്തുചേരുന്നുണ്ട്. 

കടപ്പാട്: Forbes

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi