പുലരികൾക്കും സന്ധ്യകൾക്കും ശരണമന്ത്രങ്ങളുടെ താളം പകരുന്ന മണ്ഡലകാലമെത്തി. മഞ്ഞണിഞ്ഞ വൃശ്ചികം. പ്രായഭേദമില്ലാതെ സ്ത്രീകൾക്ക് പടിപതിനെട്ടും ചവിട്ടി അയ്യനെ കാണാൻ അവസരമൊരുക്കുന്നൊരു ക്ഷേത്രം വടക്കൻ കേരളത്തിലുണ്ട്. കോഴിക്കോട് ജില്ലയിലെ മണിയൂരിലുള്ള കുറുന്തോടി അയ്യപ്പ ക്ഷേത്രം.
തത്ത്വമസിപ്പൊരുൾ
പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ, ഒരു ഗ്രാമത്തിൻ്റെ മുഴുവൻ വിശ്വാസങ്ങളും നെഞ്ചിലേറ്റി നിൽക്കുന്ന ക്ഷേത്രം. ശബരിമല മാതൃകയിൽ പിച്ചളത്തകിടിൽ പൊതിഞ്ഞ പതിനെട്ടു പടികളാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. സ്ത്രീകൾക്ക് പ്രായ ഭേദമന്യേ ഈ തൃപ്പടികൾ ചവിട്ടിക്കയറി അയ്യനെ തൊഴാം.
പതിനെട്ടു പടികളും കയറിച്ചെന്നാൽ 'തത്ത്വമസി' എന്ന് ആലേഖനം ചെയ്ത ശ്രീകോവിലും ശാന്തസുന്ദരമായ ക്ഷേത്രാങ്കണവും കാണാം. മുന്നിലായി തെളിഞ്ഞുനിൽക്കുന്ന കൽവിളക്കമുണ്ട്.
ഉയരത്തിലുള്ള ഭൂമിയായിട്ടും കുഴിച്ചപ്പോൾ പെട്ടെന്ന് ഉറവ പൊട്ടിയ ക്ഷേ ത്രക്കിണറും ഇവിടുത്തെ അതിശയങ്ങളിലൊന്നാണ്. ഇടതുഭാഗത്തെ ചെമ്പ രത്തിച്ചില്ലയിൽ, ശബരിമല ദർശനം പൂർത്തിയാക്കി മടങ്ങിയെത്തിയ സ്വാമി മാർ സമർപ്പിച്ച മാലകളും കാണാം. മണികണ്ഠന്റെയും പന്തളം രാജാ വിൻ്റെയും മുനിവര്യന്റെയുമൊക്കെ ശിലാരൂപങ്ങളുമുണ്ട്.
ഒരു നാടിൻ്റെ സമർപ്പണം
1991-ൽ പ്രദേശവാസികളായ ഭക്ത ജനങ്ങളുടെ കൂട്ടായ്‌മയിൽ ഒരു ചെറിയ അയ്യപ്പ ഭജനമഠമായാണ് ഈ ദേവാലയത്തിന് തുടക്കമാകുന്നത്. അയ്യപ്പ ഭക്തനായ ടി.എൻ. കുഞ്ഞിരാമൻ വള്ള്യാട് സ്ഥലം വിട്ടുനൽകിയതോടെയാണ് അത് സാധ്യമായതെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.എം. കണാരൻ പറയുന്നു.
തുടർന്ന് നടത്തിയ താംബൂല പ്രശ്നത്തിൽ, ഈ മണ്ണിൽ ശക്തമായ ദേവസാന്നിധ്യമുള്ളതായും കിഴക്കു ഭാഗത്തെ മലയിൽ ഋഷീശ്വരന്മാർ തപസ്സനുഷ്ഠിച്ചിട്ടുള്ളതായും തെളിഞ്ഞുവത്രേ. ഇവിടെ വിഗ്രഹ പ്രതിഷ്ഠ നടക്കുമെന്നും പ്രശ്‌നവിധിയിലൂടെ പറയുകയുണ്ടായി.
നാട്ടുകാരുൾപ്പെടെ പലരുടെയും ശ്രമഫലമായി മനോഹരമായ ശ്രീകോവിലും അനുബന്ധ നിർമ്മാണങ്ങളും പൂർത്തിയായി. 2016-ൽ തന്ത്രി തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിയും മേൽശാന്തി ആയടം ഗോവിന്ദൻ നമ്പൂതിരിയും ചേർന്നാണ് വിഗ്രഹ പ്രതിഷ്ഠ നിർവഹിച്ചത്. മുൻപ് കോൺക്രീറ്റിലായിരുന്ന പതിനെട്ടാം പടി രണ്ട് വർഷം മുൻപ് പിച്ചളയിൽ പൊതിഞ്ഞു. മുൻ ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരിയാണ് ഇവിടുത്തെ ശ്രീകോ വിലിന്റെയും പതിനെട്ടാം പടിയുടെയും ശിൽപി. എല്ലാ വർഷവും തിരഞ്ഞെടുക്കപ്പെടുന്ന പുതിയ ശബരിമല മേൽശാന്തിക്ക് ഈ ക്ഷേത്രത്തിൽ ആദരവോടെ സ്വീകരണം നൽകാറുണ്ട്.
മണ്ഡലോത്സവം
ശബരിമലയിലെ അതേ ആചാരാനുഷ്ഠാനങ്ങളോടെയാണ് ഇവിടെയും മണ്ഡലോത്സവം കൊണ്ടാടുന്നത്. വൃശ്ചികം ഒന്നു മുതൽ മകരജ്യോതി കഴിയുന്നതുവരെ രാവിലെ ആറു മുതൽ ഒമ്പതു വരെയും, വൈകീട്ട് അഞ്ച് മുതൽ എട്ടു വരെയും നടതുറക്കും. കെട്ടുനിറ, അയ്യപ്പ ഭജന, പ്രത്യേക പൂജകൾ എന്നിവയാൽ ക്ഷേത്രാങ്കണം ഈ ദിവസങ്ങളിൽ ഭക്തിസാന്ദ്രമാകും. അയ്യപ്പൻ വിളക്ക് ഉൾപ്പെടെയുള്ള വിശേഷ ദിവസങ്ങളിൽ അന്നദാനവും നടക്കുന്നു. എള്ളുതിരി, നെയ്‌വിളക്ക്, കർപ്പൂര ദീപം, നീരാഞ്ജനം എന്നിവയാണ് പ്രധാന വഴിപാടുകൾ. എല്ലാ വർഷവും മെയ് ഒമ്പതിനാണ് പ്രതിഷ്‌ഠാ ദിനാഘോഷം.
30 അംഗങ്ങളുള്ള ക്ഷേത്രകമ്മിറ്റി ക്കൊപ്പം ക്ഷേത്രകാര്യങ്ങൾ ചിട്ടയോടെ നോക്കിനടത്താൻ സജീവമായി പ്രവർത്തിക്കുന്ന മാതൃസമിതിയുമുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Women of all ages are allowed to climb the 18 steps and worship., Built with Sabarimala-like architecture and brass-clad 18 steps., Located in Maniyoor, Kozhikode district, active during Mandalakalam.
Published: 22 Nov 2026, 03:00 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented