ലോകകപ്പ് ഫുട്‌ബോൾ ആവേശം രണ്ടാം റൗണ്ടിലേക്ക് കടന്നിരിക്കുന്നു. സൂപ്പർ ടീമുകളെല്ലാം അവസാന 32-ൽ ഇടംപിടിച്ചു. സൂപ്പർതാരങ്ങളും ഫോമിലാണെന്നതാണ് ഈ ലോകകപ്പിന്റെ പ്രത്യേകത. മൂന്ന് മത്സരങ്ങളിൽനിന്ന് സൂപ്പർതാരം ലയണൽ മെസ്സി ആറ് ഗോളടിച്ചു. കിലിയൻ എംബാപ്പെയും എർലിങ് ഹാളണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോയുമെല്ലാം ഗോളടി തുടരുന്നു. എംബാപ്പെയും ഹാളണ്ടും നാലുവീതം ഗോൾ സ്‌കോർ ചെയ്തപ്പോൾ പോർച്ചുഗലിന്റെ സൂപ്പർതാരം ക്രിസ്റ്റ്യാനോ രണ്ട് ഗോൾ നേടി. കളത്തിൽ തിളങ്ങുമ്പോഴും താരങ്ങൾക്ക് പിന്തുണയുമായി വൻനിര തന്നെ അവർക്കൊപ്പം സഞ്ചരിക്കുന്നുണ്ട്. മിക്ക താരങ്ങളുടെയും പങ്കാളികൾ ലോകകപ്പ് മത്സരം കാണാനെത്തുന്നു. മെസ്സിക്കായി ആർപ്പുവിളിക്കാൻ അന്റോണല റൊക്കൂസയും ക്രിസ്റ്റ്യാനോയ്ക്കായി ജോർജിന റോഡ്രിഗസും ഇപ്പോൾ അമേരിക്കയിലുണ്ട്. താരങ്ങൾക്കൊപ്പം ഇവരുടെ ഫെയിമും ടൂർണമെന്റിൽ ഉയരുന്നുണ്ട്. ലോകകപ്പിൽ കളിക്കുന്ന സൂപ്പർതാരങ്ങളുടെ പങ്കാളികളെ പരിചയപ്പെടാം.

അന്റോണല റൊക്കൂസ (മെസ്സി)

placeholder
മെസ്സിയും റൊക്കൂസയും

കുട്ടിക്കാലം തൊട്ടേ ലയണൽ മെസ്സിയുടെ കൂട്ടുകാരിയാണ് അന്റോണല റൊക്കൂസ. റൊസാരിയോയുടെ തെരുവിൽ പന്തുതട്ടി കളിക്കുന്ന കാലത്തെ സൗഹൃദം. അത് പിന്നീട് പ്രണയമായി മാറി. 13-ാം വയസ്സിൽ മെസ്സി റൊസാരിയോ വിട്ട് ബാഴ്‌സലോണയിൽ എത്തിയെങ്കിലും ആ ബന്ധം തുടർന്നു. 2017-ലായിരുന്നു മെസ്സിയും റൊക്കൂസയും തമ്മിലുള്ള വിവാഹം. മോഡൽ, സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ, ബിസിനസ് വിമൻ.. എന്നിങ്ങനെ പലവിലാസങ്ങളുണ്ട് അന്റോണലയ്ക്ക് ഇപ്പോൾ. ഇന്റസ്റ്റഗ്രാമിൽ 40 മില്യണിലധികം ഫോളോവേഴ്‌സുമുണ്ട്. മൂന്ന് മക്കളാണ് ഇവർക്ക്. തിയാഗോ, മാത്തിയോ, സിറോ എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ.

ജോർജിന റോഡ്രിഗസ് (ക്രിസ്റ്റ്യാനോ റൊണാൾഡോ)

placeholder
ജോർജിനയും ക്രിസ്റ്റ്യാനോയും

 

റയൽ മഡ്രിഡിൽ കളിക്കുന്ന കാലത്താണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ജോർജിന റോഡ്രിഗസിനെ കണ്ടുമുട്ടുന്നത്. 2017 മുതൽ പ്രണയത്തിലായ ഇരുവരും ഇതുവരെ ഔദ്യോഗികമായി വിവാഹം ചെയ്തിട്ടില്ല. അർജന്റീനയിൽ ജനിച്ച ജോർജിന 18-ാം വയസ്സിൽ സ്‌പെയിനിലെ മഡ്രിഡിലേക്ക് മാറി. അവിടത്തെ ഗുച്ചി സ്റ്റോറിൽ ജോലി ചെയ്യുകയായിരുന്നു. അവിടെവെച്ചാണ് ക്രിസ്റ്റ്യാനോയെ കണ്ടുമുട്ടുന്നത്. 2025 ഓഗസ്റ്റിൽ ഇരുവരുടെയും എൻഗേജ്‌മെന്റ് കഴിഞ്ഞു.

 

ഇസബേൽ ഹ്വഗ്‌സെങ് (എർലിങ് ഹാളണ്ട്)

എർലിങ് ഹാളണ്ടിന്റെ സ്വന്തം നാട്ടുകാരിയാണ് ഇസബേൽ ഹ്വഗ്‌സെങ്. 2021 മുതലാണ് ഇരുവരും പ്രണയത്തിലാകുന്നത്. നേരത്തെ ഫുട്‌ബോൾ താരമായിരുന്നു. ഹാളണ്ട് കളിതുടങ്ങിയ ബ്രയ്‌നെയ്ക്ക് വേണ്ടി തന്നെയായിരുന്നു ഇസബേലും കളിച്ചത്. 2024 ഡിസംബറിൽ ഇരുവർക്കും ഒരു ആൺകുഞ്ഞുപിറന്നു. നിലവിൽ ലോകകപ്പ് കാണാനായി ഇസബേൽ അമേരിക്കയിലുണ്ട്.

എസ്റ്റർ എക്‌സ്‌പോസിറ്റോ (കിലിയൻ എംബാപ്പെ)

ഫ്രഞ്ച് മുന്നേറ്റതാരം കിലിയൻ എംബാപ്പെയുടെ കാമുകിയാണ് എസ്റ്റർ എക്‌സോപിസ്റ്റോ. ഇരുവരും ഔദ്യോഗികമായി ഈ ബന്ധം പുറത്തുപറഞ്ഞിട്ടില്ലെങ്കിലും പല സൂചനകളും നൽകിയിട്ടുണ്ട്. 26-കാരിയായ എസ്റ്റർ സ്പാനിഷ് സിനിമാ താരമാണ്. എംബാപ്പെയുടെ ക്ലബ്ബായ റയൽ മഡ്രിഡിന്റെ ചില മത്സരങ്ങൾ കാണാൻ അവർ ഗാലറിയിലെത്താറുണ്ട്. എന്നാൽ, ഈ ബന്ധത്തെക്കുറിച്ച് ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.

ബ്രൂണാ ബിയാൻകാർഡി (നെയ്മർ)

ബ്രസീലിയൻ ഫുട്‌ബോൾ താരം നെയ്മറിന്റെ പങ്കാളിയാണ് ബ്രൂണാ ബിയാൻകാർഡി. ഫാഷൻ മോഡലും ഇൻഫ്‌ളുവൻസറുമായ ബ്രൂണ 2021-മുതൽ നെയ്മറുമായി ബന്ധത്തിലാണ്. ഇരുവർക്കും രണ്ട് കുട്ടികളുമുണ്ട്. ഇൻസ്റ്റഗ്രാമിൽ 15 മില്യണിലധികം ഫോളോവേഴ്‌സുണ്ട് ബ്രൂണയ്ക്ക്. ഈ ലോകകപ്പിൽ നെയ്മറിനെ സപ്പോർട്ട് ചെയ്യാൻ ബ്രൂണയും ഗാലറിയിലുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi