ക്വാർട്ടർ ഫൈനൽ വരെ എത്തിയിട്ടാണ് നോർവെ ലോകകപ്പ് ഫുട്‌ബോളിൽനിന്ന് പുറത്തുപോയത്. ക്വാർട്ടറിൽ ഇംഗ്ലണ്ടിനോടാണ് ടീം പരാജയപ്പെട്ടത്. തിരിച്ച് നാട്ടിലെത്തിയ ടീമിന് വീരോചിതസ്വീകരണമാണ് നാട്ടിൽ ലഭിച്ചത്. ഒരു ലക്ഷത്തോളം ആരാധകരാണ് അവരെ കാണാനായി നോർവീജിയൻ തലസ്ഥാനമായ ഒസ്ലോയിൽ എത്തിയത്. നേരത്തെ ടീമംഗങ്ങൾ വാട്ടർ സല്യൂട്ട് സ്വീകരിച്ചുകൊണ്ടാണ് വിമാനത്താവളത്തിലിറങ്ങിയത്.

തോറ്റെങ്കിലും അഭിമാനത്തോടെയാണ് നോർവെ ടീം ലോകകപ്പിനോട് വിടപറഞ്ഞത്. ടീമംഗങ്ങളിലേറ്റവും ശ്രദ്ധിക്കപ്പെട്ടത് അവരുടെ സ്റ്റാർ പ്ലെയറായ എർലിങ് ഹാളണ്ടും (Erling Haaland). ക്വാർട്ടർ വരെയുള്ള യാത്രയ്ക്കിടയിൽ ഏഴുഗോളുകളാണ് താരത്തിന്റെ ബൂട്ടിൽനിന്ന് വന്നത്. ഒരുഘട്ടത്തിൽ ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിൽ മെസ്സിക്കും എംബാപ്പെക്കുമൊപ്പം എത്തുകയും ചെയ്തിരുന്നു ഹാളണ്ട്. താരത്തിന്റെ ആദ്യ ലോകകപ്പ് കൂടിയാണിതെന്നും കൂട്ടിവായിക്കേണ്ടതുണ്ട്.

കളിയിൽ മാത്രമല്ല ജനപ്രീതിയിലും ബ്രാൻഡെന്ന നിലയിലും ഹാളണ്ട് ബഹുദൂരം പിന്നിട്ടുകഴിഞ്ഞു. ലോകകപ്പിനുമുമ്പ് ഇൻസ്റ്റഗ്രാമിൽ അദ്ദേഹത്തെ ഫോളോ ചെയ്തിരുന്നത് 4 കോടി ആളുകളായിരുന്നു. ഇപ്പോഴത് 7 കോടിയിലേക്ക് കുതിക്കുകയാണ്. ഹാളണ്ടിന്റെ നടപ്പിനും മുടിക്കും മുടി കെട്ടുന്ന രീതിക്കുമെല്ലാം ആരാധകരേറി.

താരത്തിന്റെ മാൻ ബണ്ണും പോണി ടെയ്‌ലും വളരെ പെട്ടെന്നാണ് ഫാഷനിസ്റ്റകളുടെ സ്‌റ്റൈൽ സ്‌റ്റേറ്റ്‌മെന്റായി മാറിയത്. അദ്ദേഹം ഉപയോഗിച്ച ഹെയർ ടൈയും ഏറെപ്പേരെ ആകർഷിച്ചു. ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും അദ്ദേഹം ഇതുതന്നെയാണ് ഉപയോഗിച്ചത്. അങ്ങനെയാണ് ഫുട്‌ബോൾ ആരാധകരുടെ ശ്രദ്ധയിൽ പെടുന്നത്. ക്‌നെക്കി (Kknekki) എന്ന ബ്രാൻഡിലുള്ള ഹെയർ ടൈകളാണിതെന്ന് പിന്നീടാണ് ആളുകൾ തിരിച്ചറിഞ്ഞത്. ഒരു റബ്ബർ ബാൻഡിനുചുറ്റും നേർത്തനൂലുകൾ കോർത്തിണക്കിയാണ് ഇത് നിർമിക്കുന്നത്. മൂന്ന് യൂറോ ആണ് ഒന്നിന്റെ വില. ഏകദേശം 330 രൂപ വരുമിത്.

1987-ൽ ദക്ഷിണകൊറിയയിലാണ് ഈ ബ്രാൻഡിനു തുടക്കം കുറിച്ചത്. പിന്നീട് 2015-ൽ നോർവീജിയൻ ആക്‌സസറീസ് ബ്രാൻഡായ 'ബോൺ ഡെപ്' (Bon Dep) ഇതിനെ ഏറ്റെടുത്തു. വർഷങ്ങളോളം ഈ ഹെയർ ടൈ ഉപയോഗിച്ച ഹാളണ്ട്, ഒടുവിൽ ബോൺ ഡെപ്പിൽ ഓഹരികൾ സ്വന്തമാക്കുകയും ചെയ്തു.

ലോകകപ്പിന് മുന്നോടിയായി, കളിക്കളത്തിൽ താരം ധരിക്കുന്ന വസ്ത്രങ്ങളുടെ നിറങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 'ഹാളണ്ട് എഡിഷൻ' എന്ന പ്രത്യേക കളക്ഷനും ക്‌നെക്കി പുറത്തിറക്കി. പിന്നാലെ ആ ഹെയർ ടൈ വാങ്ങാൻ ആളുകൾ തിക്കിത്തിരക്കി. വൈകാതെ ഈ കസ്റ്റംമെയ്ഡ് ഹെയർ ടൈ പൂർണമായും വിറ്റുതീർന്നതായും കമ്പനി അറിയിച്ചു.

ക്‌നെക്കിയുടെ സോഷ്യൽ മീഡിയയിൽ 10,000-ത്തിലധികം പുതിയ ഫോളോവേഴ്സിനെ ലഭിച്ചതായും വെബ്സൈറ്റിലേക്കുള്ള മൊത്തം സന്ദർശകരുടെ എണ്ണത്തിൽ 70 ശതമാനം വർധനയുണ്ടായതായും ബോൺ ഡെപ് അധികൃതർ അറിയിച്ചു. സാധാരണയായി വിദേശ വിപണിയിൽ നിന്നാണ് ബ്രാൻഡിന് കൂടുതൽ വിൽപ്പന ലഭിക്കാറുള്ളതെങ്കിലും, ഹാളണ്ട് ഇഫക്ട് മൂലം നോർവീജിയൻ ഉപഭോക്താക്കളുടെ എണ്ണത്തിൽ 319 ശതമാനം വർധനവുണ്ടായെന്നും കമ്പനി പറയുന്നു.

ഇംഗ്ലണ്ടുമായുള്ള ക്വാർട്ടറിനു മുന്നോടിയായി നോർവെ ടീമിന്റെ ജേഴ്‌സിയുടെ വിൽപനയും കുതിച്ചുയർന്നിരുന്നു. മാർച്ച് മാസത്തിൽ ജേഴ്‌സി പുറത്തിറങ്ങിയതുമുതൽ നൈക്കി ഉൾപ്പെടെയുള്ള പല ഔട്ട്‌ലെറ്റുകളിലും സ്റ്റോക്കുകൾ വളരെ പെട്ടെന്നാണ് വിറ്റുപോയത്. ഈ വർഷം രണ്ടര ലക്ഷം ജേഴ്‌സികളാണ് വിറ്റഴിക്കപ്പെട്ടത്. എന്നാൽ കഴിഞ്ഞ വർഷം ഇതേസമയത്ത് 50,000 ജേഴ്‌സികൾ മാത്രമാണ് ആളുകൾ വാങ്ങിയത്. അതിനുകാരണമായി നോർവെ ഫുട്‌ബോൾ അസോസിയേഷൻ പറഞ്ഞത്, എർലിങ് ഹാളണ്ട് ഉൾപ്പെടെയുള്ള താരങ്ങളോടുള്ള ആരാധനയാണ്.

നോർവെ ടീം ലോകകപ്പിനുശേഷം നാട്ടിൽ വന്നിറങ്ങിയപ്പോൾ ഏറ്റവും ശ്രദ്ധേയമായതും ഹാളണ്ട് തന്നെ. ഒരു ഷോൾഡർ ബാഗും കൈയിലൊരു സ്‌പെഷൽ സാധനവും കൊണ്ടാണ് ഹാളണ്ട് വിമാനത്തിൽനിന്ന് പുറത്തുകടന്നത്. അതെന്താണെന്ന തിരച്ചിലിലായി പിന്നീട് സോഷ്യൽമീഡിയ മുഴുവൻ. ഒടുവിൽ കണ്ടെത്തി. റാക്കൂണിന്റെ തൊലിയിൽ സ്റ്റഫ് ചെയ്ത വിസ്‌കിയായിരുന്നു അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നത്. മത്സരങ്ങൾക്കിടയിലെ ഒരിടവേളയിൽ ഡാലസിലെ വൈൽഡ് ബിൽസ് വെസ്‌റ്റേൺ സ്‌റ്റോറിലുമെത്തി താരം. അവിടുന്ന് കറുത്ത കൗബോയ് തൊപ്പിയും ലെതർ ബൂട്ടുകളും ഒരു ടീ-ഷർട്ടും വാങ്ങി. കടയിൽ കറങ്ങിനടക്കുന്നതിനിടയിൽ, അവിടുത്തെ 'ടാക്‌സിഡെർമി' (മൃഗങ്ങളുടെ തോൽ ഉപയോഗിച്ച് സ്റ്റഫ് ചെയ്തുവെക്കുന്നവ) വസ്തുക്കളും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. ഒടുവിൽ മദ്യക്കുപ്പി കൈയിൽ പിടിച്ചിരിക്കുന്ന രീതിയിൽ തയ്യാറാക്കിയ ഒരു റാക്കൂണിനെ അദ്ദേഹം വാങ്ങുകയും ചെയ്തു. 'വിസ്‌കി റാക്കൂൺ' എന്നാണിത് അറിയപ്പെടുന്നത്.

ഹാളണ്ടിന്റെ സന്ദർശനത്തിന്റെ ചിത്രങ്ങൾ സ്റ്റോർ തങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിസ്‌കി റാക്കൂൺ നിമിഷങ്ങൾകൊണ്ട് വിറ്റുപോവുകയും ചെയ്തു. 750 ഡോളറുള്ള വിസ്‌കിയാണത്. ഓൺലൈനിലൂടെ മാത്രം വന്നത് 2000-ത്തിലേറെ ഓർഡറുകൾ. ഹാളണ്ട് ഇഫക്ടാണിതിന് കാരണമെന്നും സ്റ്റോർ അധികൃതർ പറയുന്നു. ഹാളണ്ടിന്റെ ബ്രാൻഡ് വാല്യുവും വല്ലാതെ ഉയർന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഭാവിയിൽ അത് കാണാമെന്നും അവർ സൂചിപ്പിക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi