ലോകകപ്പ് ഫൈനലിനുമുമ്പ് (Fifa World Cup 2026) അർജന്റീന മാനേജർ ലയണൽ സ്‌കലോനിയോട്, എങ്ങനെയാണ് ലമിൻ യമാലിനെ (Lamine Yamal) നേരിടുക എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചു. അതിന് അദ്ദേഹം തമാശയായി പറഞ്ഞ മറുപടിയിങ്ങനെ, ''യമാലിനെ എങ്ങനെ തടയും? ലമിനെ അവന്റെ മുറിയിൽ പൂട്ടിയിടാൻ നമുക്ക് കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു''. ഇതിൽനിന്ന് മനസ്സിലാക്കാം ലമീൻ യമാൽ എന്ന കളിക്കാരന്റെ കഴിവ്.
ഈ ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയമായ താരങ്ങളിലൊരാൾ ആ 19-കാരൻ തന്നെയായിരുന്നു. ലമിൻ യമാൽ എന്ന സ്‌പെയിനിന്റെ സൂപ്പർസ്റ്റാർ കളിക്കാരൻ. ലോകകപ്പ് ജേതാക്കളിൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ താരമെന്ന റെക്കോഡും ലമീന് സ്വന്തം. അർജന്റീനയ്‌ക്കെതിരെ വിജയം സ്വന്തമാക്കുമ്പോൾ ലമിന് പ്രായം 19 വയസ്സും ആറുദിവസവും മാത്രം. ടൂർണമെന്റിൽ ഒരുഗോളും നേടി ഈ താരം.
Also Read
2007 ജൂലായിലാണ് ലമിന്റെ ജനനം. മൂനീർ നസ്‌റാവിയുടെയും ഷീല എബാനയുടെയും മകനായിട്ടാണ് ജനനം. ലമിൻ യമാൽ നസ്‌റാവി എബാന എന്നാണ് മാതാപിതാക്കൾ നൽകിയ പേര്. അദ്ദേഹം ജനിക്കുന്നതിന് മുൻപ് മാതാപിതാക്കളെ സാമ്പത്തികമായി സഹായിച്ച ലമിൻ, യമാൽ എന്നീ കുടുംബസുഹൃത്തുക്കളോടുള്ള ആദരസൂചകമായാണ് ലമിന് ഈ പേരുകിട്ടിയത്. വലുതായപ്പോൾ ലമിൻ യമാൽ എന്ന പേര് തന്നെ താരം ഉപയോഗിക്കാൻ തുടങ്ങി. അവന് മൂന്നുവയസ്സുള്ളപ്പോഴാണ് മാതാപിതാക്കൾ പിരിയുന്നത്.
വേർപിരിഞ്ഞതിനെത്തുടർന്ന്, എബാന മകനൊപ്പം ബാഴ്സലോണയ്ക്ക് സമീപമുള്ള തൊഴിലാളിവർഗ മേഖലയായ റോക്കാഫോണ്ടയിലേക്ക് താമസം മാറി.
അവിടെ ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിൽ ജോലിചെയ്താണ് എബാന മകനെ വളർത്തിയത്. ചെറുപ്പത്തിൽ തന്നെ ഫുട്‌ബോളായിരുന്നു ലമിന് ഏറെ ഇഷ്ടപ്പെട്ട കാര്യം. അതിനിടയിലാണ് പിന്നീട് ലമിന്റെ ഫുട്‌ബോൾ കോർഡിനേറ്ററായി മാറിയ ആളുടെ മകളെ എബാന കണ്ടുമുട്ടുന്നത്. മകന് ഫുട്‌ബോൾ കളിക്കാൻ താത്പര്യമുണ്ടെങ്കിൽ അതിന്റെ ചെലവിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് അവർ സമാധാനിപ്പിച്ചു. അങ്ങനെയാണ് അവന്റെ ഫുട്‌ബോൾ ജീവിതം തുടങ്ങുന്നത്. പിന്നീട് മകന്റെ ഓരോ ചുവടുവെപ്പിലും മാതാപിതാക്കൾ ഒരുമിച്ചുനിന്നു. അവന്റെ വിജയങ്ങളും അവർ ആഘോഷിച്ചു. മകന്റെ കളി കാണാൻ അവരിരുവരും സ്റ്റേഡിയത്തിലെത്താറുണ്ട്.
ഉയരങ്ങളിലെത്തിയപ്പോഴും തന്റെ ദാരിദ്ര്യം നിറഞ്ഞ ചെറുപ്പകാലം ലമിൻ മറന്നിട്ടില്ല. ഓരോ വിജയത്തിനുശേഷവും ലമിൻ ആഘോഷിക്കുന്നത് 304 എന്ന് കൈകൾ കൊണ്ട് മുദ്ര കാണിച്ചാണ്. ഇതവൻ വളർന്ന റോക്കഫോണ്ടയിലെ പോസ്റ്റൽ കോഡിന്റെ അവസാന അക്കങ്ങളാണ്. ''അടുക്കളയും കിടപ്പുമുറിയും ഒരേ സ്ഥലത്തായിരുന്ന ഒരു അപ്പാർട്ട്‌മെന്റിൽ നിന്നാണ് ഞാൻ വരുന്നത്. ഇപ്പോൾ എന്റെ അമ്മ സന്തോഷവതിയായിരിക്കുന്നത് കാണുമ്പോഴും, എനിക്ക് ലഭിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്ന ബാല്യം എന്റെ സഹോദരന് ലഭിക്കുന്നുണ്ടെന്ന് കാണുമ്പോഴും എനിക്ക് വലിയ സന്തോഷം തോന്നുന്നു'', ഒരു പോഡ്കാസ്റ്റിൽ ലമിൻ ഇങ്ങനെ പറഞ്ഞു. ''എന്നെ സംബന്ധിച്ചിടത്തോളം അമ്മ എന്റെ രാജ്ഞിയാണ്. ഞാൻ ഏറ്റവും സ്‌നേഹിക്കുന്നതും അവരെ തന്നെ''.
സ്പാനിഷ് ടീമിന്റെ ഭാഗമായപ്പോഴുള്ള സമ്മർദങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ അതിന് ഒരിക്കൽ ലമിൻ മറുപടി നൽകിയതിങ്ങനെ, ''അമ്മയുടെ പതിനാറാമത്തെ വയസ്സിലാണ് ഞാൻ ജനിക്കുന്നത്. അതാണ് യഥാർത്ഥ സമ്മർദം. പിന്നീട്, കുടുംബത്തിന് ഭക്ഷണം എത്തിക്കാനായി തെരുവുകളിൽ നിന്ന് സാധനങ്ങൾ പെറുക്കി വിറ്റ് ഉപജീവനമാർഗ്ഗം കണ്ടെത്തേണ്ട അവസ്ഥയിലായിരുന്നു അച്ഛൻ. എനിക്ക് ചെയ്യാനുള്ളത് വെറും കളിക്കുക എന്നത് മാത്രമാണ്. അതായിരുന്നു സമ്മർദം''. തനിക്കായി മാതാപിതാക്കൾ അനുഭവിച്ച ത്യാഗങ്ങളെ താരം എപ്പോഴും ചൂണ്ടിക്കാട്ടി. കളിക്കളത്തിൽ താൻ നേരിടുന്നതിനേക്കാൾ എത്രയോ വലിയ സമ്മർദ്ദമാണ് അവർ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് എബാനയും മൂനീറും തങ്ങളുടെ ജീവിതവുമായി മുന്നോട്ടുപോയി. എബാന അതിനുശേഷം വീണ്ടും വിവാഹം കഴിച്ചു. പക്ഷേ, ഭർത്താവിന്റെ പേര് എവിടെയും പരസ്യമാക്കിയിട്ടില്ല. അതിലൊരു മകനുണ്ട്, മൂന്നുവയസ്സുള്ള കീനെ. ഈ ലോകകപ്പിൽ ലമീൻ ഗ്രൗണ്ടിൽ കളിക്കുമ്പോഴെല്ലാം, സ്‌റ്റേഡിയത്തിലിരുന്ന കീനെ എല്ലാവരുടെയും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഓരോ തവണയും ചേട്ടനുവേണ്ടി കീനെ സ്‌റ്റേഡിയത്തിലിരുന്ന് തുള്ളിച്ചാടി. ക്യാമറ അവനുനേരെ തിരിക്കുമ്പോഴെല്ലാം നാക്കുനീട്ടി. ഫൈനൽ വിസിൽ മുഴങ്ങിയതോടെ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി, ചേട്ടന്റെ കൈകളിലേക്ക് ഓടിയണയുകയും ചെയ്തു. ലമീനും കീനെയും തമ്മിൽ വളരെ ഗാഢമായ ബന്ധമാണുള്ളത്.
മറ്റൊരുവശത്ത് മൂനീറും പുതിയൊരു ബന്ധത്തിലേക്ക് കടന്നിരിക്കുകയാണ്. 23 വയസ്സുള്ള ക്രിസ്റ്റീനയെയാണ് അദ്ദേഹം ഡേറ്റ് ചെയ്യുന്നത്. 2025-ൽ തങ്ങൾ വിവാഹിതരാകാൻ പോവുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ക്രിസ്റ്റീനയ്ക്കും മൂനീറിനും ബറാ എന്നൊരു കുഞ്ഞുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Lamine Yamal became one of the youngest World Cup winners at age 19. The '304' celebration pays tribute to his childhood home in Rocafonda. His journey from humble beginnings to global stardom is defined by his parents' sacrifices.
Published: 20 Jul 2026, 04:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented