ഫുട്‌ബോൾ വെറും ഒരു കളിയല്ല, ആളുകളെ തമ്മിൽ അടുപ്പിക്കുന്ന ഒരു വികാരം കൂടിയാണ്. ഇപ്പോഴിതാ, ആ വികാരം പ്രണയബന്ധങ്ങൾക്കും പുതിയ വഴികൾ തുറക്കുകയാണെന്ന് വ്യക്തമാക്കുകയാണ് ഡേറ്റിങ് ആപ്പായ happn നടത്തിയ പുതിയ സർവേ. ഫിഫ വേൾഡ് കപ്പ് 2026-ന്റെ ആവേശം ഡേറ്റിങ് ലോകത്തും പ്രതിഫലിക്കുന്നുവെന്നാണ് സർവേ പറയുന്നത്. രാത്രി വൈകിയും പുലർച്ചെയും നടക്കുന്ന വേൾഡ് കപ്പ് മത്സരങ്ങൾ ഒരുമിച്ച് കാണാനുള്ള ക്ഷണം ലഭിച്ചാൽ അത് നിരസിക്കില്ലെന്ന് 93 ശതമാനം ഇന്ത്യൻ സിംഗിൾസും പറയുന്നു. ഇവരിൽ 32 ശതമാനം പേർ ഉടൻ തന്നെ സമ്മതിക്കുമെന്നും, 34 ശതമാനം പേർ ക്ഷണിക്കുന്ന വ്യക്തിയെ ആശ്രയിച്ചായിരിക്കും തീരുമാനം എടുക്കുകയെന്നും സർവേ വ്യക്തമാക്കുന്നു.

ഉറക്കത്തേക്കാൾ പ്രിയം ഒരുമിച്ചുള്ള സമയം
രാത്രി ഉറക്കം ഉപേക്ഷിച്ച് ഒരാളോടൊപ്പം ഫുട്‌ബോൾ മത്സരം കാണാൻ തയ്യാറാകുന്നത് ഇന്നത്തെ യുവാക്കൾക്ക് ഒരു പ്രത്യേക സ്‌നേഹഭാഷ പോലെയാണെന്നാണ് സർവേ സൂചിപ്പിക്കുന്നത്. ദീർഘകാല പങ്കാളിക്കൊപ്പം ഫിഫ മത്സരം കാണാൻ 47 ശതമാനം പേർ തയ്യാറാണെന്ന് പറഞ്ഞപ്പോൾ, പുതിയൊരു ക്രഷിനൊപ്പവും അതിന് തയ്യാറാണെന്ന് 44 ശതമാനം പേർ അറിയിച്ചു. പ്രണയത്തിന്റെ ആദ്യഘട്ടത്തിലെ ആവേശംപോലും ഒരു വലിയ ഫുട്‌ബോൾ മത്സരത്തിനൊപ്പം സമയം ചെലവഴിക്കാനുള്ള പ്രചോദനമാകുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.

എതിർടീമിന്റെ ആരാധകനോ? അതും ഒരു പ്ലസ് പോയിന്റ്
ഒരേ ടീമിനെ പിന്തുണയ്ക്കുന്നതിലുപരി എതിർ ടീമുകളുടെ ആരാധകരായിരിക്കുന്നതാണ് പലർക്കും കൂടുതൽ രസകരമായി തോന്നുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 80 ശതമാനത്തിലധികം പേർ, പ്രണയിനി എതിർടീമിനെ പിന്തുണയ്ക്കുന്നതിൽ തങ്ങൾക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും, അത് സംഭാഷണങ്ങൾ കൂടുതൽ രസകരമാക്കുമെന്നും അഭിപ്രായപ്പെട്ടു. 53 ശതമാനം പേർക്ക് ഈ മത്സരബോധം ബന്ധത്തിൽ ഒരു പുതിയ ആവേശം സൃഷ്ടിക്കുന്ന ഘടകമാണ്.
ഫുട്‌ബോളിനോടുള്ള ആത്മാർഥമായ താത്പര്യം പലർക്കും ആകർഷകമായ വ്യക്തിത്വഗുണമായി തോന്നുന്നുവെന്നാണ് സർവേ പറയുന്നത്. എന്നാൽ അതിരുകടന്ന ആരാധനയല്ല, കളിയോടുള്ള യഥാർഥ താത്പര്യമാണ് കൂടുതൽ ആകർഷകമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

മത്സരം കാണാൻ സ്‌പോർട്‌സ് ബാറുകളിലോ വലിയ വാച്ച് പാർട്ടികളിലോ പോകുന്നതിനെക്കാൾ, വീട്ടിലിരുന്ന് സുഖകരമായ അന്തരീക്ഷത്തിൽ ഒരുമിച്ച് മത്സരം ആസ്വദിക്കാനാണ് കൂടുതൽ പേരും താത്പര്യം പ്രകടിപ്പിച്ചത്. ഏകദേശം 40 ശതമാനം പേർ സോഫയിൽ ഇരുന്ന് പിസ്സയും സ്‌നാക്ക്‌സും പാനീയങ്ങളുമൊക്കെയായി ഒരു ചെറിയ ഫുട്‌ബോൾ ഡേറ്റ് നൈറ്റ് ഒരുക്കാനാണ് ഇഷ്ടപ്പെടുന്നത്.

18 മുതൽ 35 വയസ് വരെ പ്രായമുള്ള ഏകദേശം 3,800 നഗരപ്രദേശങ്ങളിലെ ഇന്ത്യൻ happn ഉപയോക്താക്കളിൽ നിന്നാണ് സർവേയ്ക്കായി വിവരങ്ങൾ ശേഖരിച്ചത്. ഫുട്‌ബോൾ മത്സരം ഒരുമിച്ച് കാണുക എന്നത് ഇന്ന് വെറും വിനോദമല്ല. പരസ്പരം സംസാരിക്കാനും, താത്പര്യങ്ങൾ പങ്കുവെക്കാനും, ബന്ധം കൂടുതൽ ശക്തമാക്കാനുമുള്ള ഒരു അവസരമായാണ് പുതിയ തലമുറ അതിനെ കാണുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi