ഈ കൈപ്പുസ്തകത്തില്‍ പലയാവൃത്തി നാം സംസാരിച്ചത് സാമ്പത്തികകാര്യങ്ങളെക്കുറിച്ചാണ്. ദാമ്പത്യജീവിതത്തില്‍ സാമ്പത്തികഭദ്രതയ്ക്ക് പ്രധാന സ്ഥാനമാണുള്ളത്. ദമ്പതിമാര്‍ തമ്മിലുള്ള മാനസിക ഐക്യം, സ്‌നേഹം തുടങ്ങിയവയ്ക്ക് സ്ഥാനമില്ലെന്നല്ല. അത് മറ്റൊരു വിഷയമാണ്. രണ്ടും തമ്മില്‍ താരതമ്യമില്ല. എത്ര പൊരുത്തപ്പെട്ടുജീവിക്കുന്ന മനുഷ്യരും സാമ്പത്തികകാര്യങ്ങള്‍ വരുമ്പോള്‍ തമ്മില്‍ തെറ്റിയെന്നിരിക്കും. ജീവിതത്തിലെ പലതരം പ്രതിസന്ധികളില്‍പ്പെട്ടുപോകുന്ന ഭര്‍ത്താവിന് 'ഒരു കാശിനും ഉപകരിക്കാത്ത ഭാര്യ'യോട് കാലക്രമേണ നിന്ദതോന്നാം. തിരിച്ചും അതു സംഭവിക്കാം. ദാമ്പത്യമായതുകൊണ്ട് അങ്ങനെയൊന്നും സംഭവിക്കില്ലെന്ന വിശ്വാസം അസ്ഥാനത്താണ്. ഏതുബന്ധത്തിലും അതിനു സാധ്യതയുണ്ട്. 

To advertise here,

സ്ത്രീധനം വാങ്ങിയില്ലെങ്കിലും ഭാര്യയുടെ കുടുംബത്തില്‍നിന്ന് ഭര്‍ത്താവും അയാളുടെ വീട്ടുകാരും ഏതെങ്കിലും സമയത്ത് സാമ്പത്തികനേട്ടം പ്രതീക്ഷിച്ചെന്നുവരും. 'അവള്‍ടെ തന്തയുടെ കുടുംബസ്വത്തില്‍ ഓഹരി', 'തള്ളയുടെ പെന്‍ഷന്‍ കാശ്' എന്നതൊക്കെ പരസ്യമോ രഹസ്യമോ ആയി ചര്‍ച്ചചെയ്യപ്പെടും. എന്റെ അച്ഛനമ്മമാര്‍ വിവാഹിതരായി ജീവിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇരുവരും അവരവരുടെ കുടുംബസ്വത്തുക്കള്‍ക്ക് അവകാശമുന്നയിച്ചില്ല. അധ്വാനിച്ചു ജീവിക്കണമെന്ന് അവര്‍ തീരുമാനിച്ചു. മക്കളെയും അത്തരമൊരു നിലപാടിന് പ്രാപ്തരാക്കി. അത് അഭിമാനകരമായൊരു കാര്യമായാണ് ഞാന്‍ കണ്ടിരുന്നതും കാണുന്നതും. 

പക്ഷേ, ഇക്കാര്യം ഒരിക്കല്‍ സന്ദര്‍ഭവശാല്‍ സംസാരിക്കേണ്ടിവന്നപ്പോള്‍ എന്റെ ഭര്‍തൃപിതാവ് അതിനെ ഏറ്റവും ആക്ഷേപത്തോടെ കണ്ടു. ഇനിയായാലും അതൊക്കെ കേസ് പറഞ്ഞു വാങ്ങാവുന്നതേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. പരാതികൊടുക്കാന്‍ ഞാന്‍ തയ്യാറാണെങ്കില്‍, നല്ല വക്കീലന്മാര്‍ കൈയിലുണ്ടെന്ന് എന്റെ ഭര്‍ത്താവ് അതിനെ പിന്തുണയ്ക്കുകയും ചെയ്തു. എനിക്കത് ക്ഷുദ്രമായൊരു നീക്കമായാണു തോന്നിയത്. 

അന്തസ്സുള്ള മനുഷ്യര്‍ക്ക് അങ്ങനെ ചിന്തിക്കാനാവില്ലെന്നുതന്നെ ഞാന്‍ കരുതുന്നു. പറഞ്ഞുവന്നത്, ഏതെല്ലാം സാധ്യതകളെക്കുറിച്ച് മനുഷ്യര്‍ ആലോചിക്കുമെന്നാണ്.

മൂന്നു പതിറ്റാണ്ടുമുന്‍പ് തെക്കന്‍ തിരുവിതാംകൂറില്‍നിന്ന് വടക്കന്‍ ജില്ലയിലേക്കു വന്ന ഒരു കുടുംബത്തിന്റെ കൈയില്‍ എന്തായാലും കുറെ ഭൂസ്വത്തുകാണുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് എന്റെ ഭര്‍ത്താവ് നേരിട്ടുതന്നെ പറഞ്ഞുകേട്ടിട്ടുണ്ട്. എന്നെ വിവാഹംചെയ്യാനുള്ള അദ്ദേഹത്തിന്റെ സാധാരണയില്‍ക്കവിഞ്ഞ താത്പര്യം അങ്ങനെ ചിലതുകൊണ്ടുകൂടിയാണെന്ന് മനസ്സിലാക്കുന്നതൊക്കെ പിന്നീടാണ്. ദാമ്പത്യത്തില്‍ ചില തിരിച്ചറിവുകളൊക്കെ ഭാവിയില്‍ രൂക്ഷമായ പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നവയാണ്. നമുക്കത് മനസ്സിലായി എന്ന് നമ്മില്‍നിന്നുതന്നെ മറച്ചുപിടിച്ചുവേണം മുന്നോട്ടു തുടരാന്‍.

നമ്മുടെ ദാമ്പത്യങ്ങളില്‍, വീട് എവിടെ വെയ്ക്കണമെന്ന തീരുമാനമെടുക്കുന്നതില്‍ സ്ത്രീകള്‍ക്ക് എത്രത്തോളം പങ്കാളിത്തമുണ്ടെന്നത് ആലോചിച്ചുനോക്കാവുന്നതാണ്. ഭാര്യ ജോലിചെയ്യേണ്ട സ്ഥലം, വീടുവെയ്ക്കുന്ന സ്ഥലം, കുട്ടികളുടെ സ്‌കൂള്‍-ഇതൊക്കെ തീരുമാനിക്കുന്നത് പൊതുവേ പുരുഷനായിരിക്കും.

ഭാര്യയുടെ വീടിനരികില്‍ ഓഹരിയായ പന്ത്രണ്ടുസെന്റ് സ്ഥലം അവളുടെ വീട്ടുകാര്‍ നല്‍കാന്‍ തയ്യാറായിട്ടും അവിടെ വീടുവെയ്ക്കാന്‍ തയ്യാറാവാതിരുന്ന ഒരാളെ അറിയാം. ആദര്‍ശധീരതകൊണ്ടാണെന്ന് ആരും കരുതും. വാസ്തവത്തില്‍ ആ സ്ഥലം വിറ്റ് അതിന്റെ വില കൈപ്പറ്റാനായിരുന്നു അയാള്‍ തീരുമാനിച്ചത്. ഭാര്യവീട്ടിനരികില്‍ വീടുവെച്ച് താമസിക്കുന്നതുപോലും കുറച്ചിലായിക്കാണുന്ന മാന്യന് അതിന്റെ വില കിട്ടിയാല്‍ സന്തോഷമാണ്. 

ഭാര്യയുടെ ഓഹരി വില്‍പ്പിക്കാനായി അവളുടെ വീട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തുന്ന മനുഷ്യര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. ഭര്‍ത്താവിന്റെ താത്പര്യം സംരക്ഷിക്കാനായി മക്കളുമായി റെയില്‍പ്പാളത്തില്‍ തലവെയ്ക്കാന്‍ പോയി സ്വന്തം വീട്ടുകാരില്‍നിന്ന് സ്ഥലം വാങ്ങിയെടുത്ത പെണ്‍മക്കളുമുണ്ട്. എന്തെല്ലാം പൊയ്മുഖങ്ങളുണ്ടായാലും നിറഞ്ഞ പണസഞ്ചിയിലേക്ക് ഒരു നോട്ടം പലര്‍ക്കും ഒഴിവാക്കാനാവില്ല എന്നുതന്നെയാണ്. ആദര്‍ശങ്ങള്‍ കുറച്ചുനേരത്തേക്ക് മാറ്റിവെയ്ക്കാനും അവര്‍ തയ്യാറായെന്നുവരും.

സാമ്പത്തികമായ പിന്തുണ വിചാരിച്ചത്ര ലഭിക്കുന്നില്ല എന്നതായിരുന്നു എന്നോടുള്ള നിന്ദയ്ക്ക് പ്രധാനകാരണമെന്ന് ഞാന്‍ കരുതുന്നു. അത്തരം താത്പര്യങ്ങളില്ലാത്തയാളാണ് എന്റെ ഭര്‍ത്താവെന്ന് നേരത്തേ ഞാന്‍ വീട്ടുകാരുടെ മുന്നില്‍ നാടകം കളിച്ചും കഥയുണ്ടാക്കിയും സ്ഥാപിച്ചുവെച്ചിട്ടുമുണ്ട്. വീടുപണിക്കിടയില്‍ പണം തികയാത്തതുകാരണം ഞങ്ങളൊരു ടോപ് അപ് ലോണിനു ശ്രമിച്ചിരുന്നു. അക്കാര്യമറിഞ്ഞ എന്റെ അച്ഛന്‍ തത്കാലത്തേക്ക് കുറച്ചു പൈസ സംഘടിപ്പിച്ചുതന്നു. അത് തിരിച്ചുകൊടുക്കേണ്ടതാണ്. പക്ഷേ, കൊടുക്കാന്‍ സാവകാശമുണ്ട്. പലിശയില്ലാത്ത കൈവായ്പയാണല്ലോ എന്ന സമാധാനവുമുണ്ടായിരുന്നു. എന്നാല്‍, വര്‍ഷം മൂന്നുകഴിഞ്ഞിട്ടും ആ കടം തിരിച്ചുകൊടുക്കുന്നതിനെപ്പറ്റി യാതൊരു സംസാരവുമുണ്ടായില്ല. 

സ്വാഭാവികമായും എന്റെ വീട്ടില്‍ അത് അസ്വസ്ഥതയ്ക്ക് വഴിവെച്ചു. അത് തിരിച്ചുകൊടുക്കേണ്ട കാര്യം മടിച്ചു മടിച്ചു സൂചിപ്പിച്ചപ്പോള്‍ പെണ്‍മക്കള്‍ക്ക് അവരുടെ അച്ഛനമ്മമാര്‍ പണം കൊടുക്കുന്നത് തിരിച്ചുചോദിക്കുന്ന ചരിത്രം താനെവിടെയും കേട്ടിട്ടില്ലെന്ന് ഭര്‍ത്താവ് പുച്ഛിച്ചു. ശരി, അങ്ങനെയെങ്കില്‍ അക്കാര്യം നേരിട്ടുതന്നെ അവരോട് പറയണം, അവരിനി ആ പൈസ പ്രതീക്ഷിച്ചിരിക്കേണ്ടല്ലോ എന്ന് ഞാന്‍ പ്രതികരിച്ചു. അദ്ദേഹം അതിനു തയ്യാറായില്ല. അതു പറയാനുള്ള ചുമതല എനിക്കാണെന്ന് അദ്ദേഹം ശഠിച്ചു. എന്റെ വീട്ടുകാരോട് അദ്ദേഹം ഏറ്റവും ഹൃദ്യമായി പെരുമാറിയിരുന്നതിനാല്‍ സ്വാഭാവികമായും അങ്ങനെയൊരുകാര്യം അദ്ദേഹം പറഞ്ഞെന്ന് അവര്‍ വിശ്വസിക്കുകയുമില്ല. 

സ്വന്തം വീട്ടില്‍ എന്റെ നില പരുങ്ങലിലായിത്തുടങ്ങി. പണം തിരിച്ചുകൊടുക്കാതെ അവിടെ തുടരാനാവില്ല എന്ന സ്ഥിതിവരെ കാര്യങ്ങളെത്തി. എന്റെ ശമ്പളം പൂര്‍ണമായും അദ്ദേഹത്തിന്റെ കൈകളിലായതിനാല്‍ മിച്ചംപിടിച്ച് കടം വീട്ടാനും നിവൃത്തിയില്ലാതെവന്നു. അക്കാലം അനുഭവിച്ച മാനസികവ്യഥ വിവരണാതീതമായിരുന്നു. 

ഘനം തൂങ്ങിയ മനസ്സുമായി, ചിരിക്കാന്‍ മറന്ന്, ഞാന്‍ വീടിനും കോളേജിനുമിടയില്‍ ഓടിക്കൊണ്ടിരുന്നു. കിട്ടുന്ന പണമെല്ലാം ഭര്‍ത്താവിന് സമ്പാദിക്കാന്‍ നല്‍കി, പെന്‍ഷന്‍കാരായ മാതാപിതാക്കളുടെ ചെലവില്‍ കുഞ്ഞുമായി ജീവിക്കുന്ന സ്വാര്‍ഥയായ മകളായി ഞാന്‍. ഭര്‍തൃസഹോദരിക്ക് വീടുണ്ടാക്കാന്‍ പണയപ്പെടുത്തിയ സ്വര്‍ണത്തിന്റെ ബാക്കി അല്പമുണ്ട്. അത് വില്‍ക്കുകയോ പണയംവെയ്ക്കുകയോ ചെയ്ത് പൈസകൊടുത്താലോ എന്നു കരുതി. എന്നാലും പണം തികയില്ല. എന്തുചെയ്യും! ആധികയറിയ അക്കാലം കുഞ്ഞിനെ മനസ്സുനിറഞ്ഞ് അല്പനേരം മടിയില്‍ വെയ്ക്കാന്‍പോലും എനിക്ക് സാധിച്ചിരുന്നില്ല. ആത്മനിന്ദ ഏറിയ അളവില്‍ എന്നെ പിടികൂടി. മറ്റുള്ളവരുടെ ദൃഷ്ടിയില്‍നിന്ന് എങ്ങനെയും ഒളിക്കണമെന്ന വെമ്പല്‍ മാത്രമായിരുന്നു എപ്പോഴും.

അന്ന്, സുഹൃത്തുക്കളായ സിനുവും സജീവ് മാഷുമാണ് കെ.എസ്.എഫ്.ഇയെ ആശ്രയിക്കാമെന്ന് എന്നോടുപറയുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒരു ലോണെടുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഞാന്‍ സ്വന്തം നിലയ്‌ക്കെടുക്കുന്ന ആദ്യത്തെ ലോണ്‍ അതാണ്. അതു കിട്ടിയദിവസം ജീവിതത്തില്‍ മറക്കാനാവില്ല. മാസത്തവണകള്‍ എങ്ങനെയടയ്ക്കുമെന്ന് ചിന്തിച്ചപ്പോള്‍ ഉള്‍ക്കിടിലമുണ്ടായെങ്കിലും എന്തോ ഒരു ധൈര്യം ഒപ്പം വന്നു. 

ഉണ്ടാകാനിടയുള്ള ഒരു വലിയ വഴക്ക് ഒഴിവാക്കാനായി, അക്കാര്യം തത്കാലം ഭര്‍ത്താവിനോട് പറയേണ്ടെന്നു തീരുമാനിച്ചു. അദ്ദേഹത്തിനു കൊടുക്കുന്ന മാസവരി കുറഞ്ഞാല്‍ പിടിക്കപ്പെടും, അതുറപ്പാണ്. അങ്ങനെ സംഭവിക്കാതിരിക്കാനുള്ള വഴികള്‍ ഞാനാലോചിച്ചു. ബസ്-ഓട്ടോ യാത്രകള്‍ ഒഴിവാക്കാം. ഏഴ് നാല്‍പ്പതിനുപകരം ഏഴുമണിക്കിറങ്ങിയാല്‍ ട്രെയിന്‍ കിട്ടും; അല്പംകൂടി നേരത്തേ എഴുന്നേല്‍ക്കണമെന്നല്ലേയുള്ളൂ. കാന്റീന്‍ സന്ദര്‍ശനം വേണ്ടെന്നുവെയ്ക്കാം. ആഘോഷങ്ങള്‍ അവഗണിക്കാം.

തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജിന് യാതൊരുപകാരവുമില്ലാത്ത ഒരധ്യാപികയായിരുന്നു അന്നു ഞാനെന്ന് ഓര്‍ക്കുന്നു. ശമ്പളം വാങ്ങുന്നതിനപ്പുറം ഒരു തൊഴിലിടത്തോട് തൊഴിലാളിക്ക് ആത്മാര്‍ഥതയുണ്ടാവേണ്ടതുണ്ട്. വിദ്യാര്‍ഥികളോടിടപെടുന്ന ഒരാളുടെ മനസ്സ് പ്രസാദാത്മകമാവേണ്ടതുണ്ട്. ടെക്സ്റ്റ് വിശദീകരിച്ചു പോരുന്നതല്ലല്ലോ അധ്യാപനം. മുന്‍പ് പഠിച്ചതും ജോലിചെയ്തതുമായ ഇടങ്ങളില്‍ നല്ല വിദ്യാര്‍ഥിനി, നല്ല അധ്യാപിക, നല്ല തൊഴിലാളി, നല്ല സുഹൃത്ത് എന്ന പേരേ ഉണ്ടായിട്ടുള്ളൂ. അതൊക്കെയും തകര്‍ന്നുവീഴാന്‍ പോവുകയാണെന്ന് ഞാന്‍ ഭയന്നു.

എന്തായാലും, കടം വാങ്ങിയാണെങ്കിലും ആ പണം ഞാന്‍ അച്ഛനു കൊടുത്തു. കരിഞ്ഞുണങ്ങിയ ആത്മാഭിമാനത്തിനുമേല്‍ ജീവജലം വീണ ആ നിമിഷത്തെ എക്കാലവും ഞാന്‍ ഓര്‍ത്തിരിക്കും. അച്ഛന്‍ ആ പണം വാങ്ങിയെങ്കിലും, അതു ഞാന്‍ കടം വാങ്ങിയതാണെന്ന് മനസ്സിലായപ്പോള്‍ തിരിച്ചുതരികയാണ് ചെയ്തത്. കുഞ്ഞുമായി ആശുപത്രിയില്‍ പോകാനും മറ്റുമായി ടാക്‌സി വിളിക്കേണ്ടിയിരുന്നു അന്ന്.

ഈ പണംകൊണ്ട് ഒരു കാര്‍ വാങ്ങാന്‍ അച്ഛന്‍ നിര്‍ദേശിച്ചു. അത് ഭര്‍ത്താവ് വന്നപ്പോള്‍ പറയുകയും ചെയ്തു. അദ്ദേഹം സസന്തോഷം കാര്‍ ഷോറൂമില്‍ ഒപ്പം വന്നു. വണ്ടി ബുക്കുചെയ്തു. അത് ഡെലിവറിയാകുന്ന ദിവസം ലീവെടുത്ത് വീട്ടിലെത്തി. സന്തോഷത്തോടെ കാര്‍ മുറ്റത്തേക്ക് കയറ്റിയിട്ടു. സന്തോഷത്തോടെ രാത്രിവണ്ടിക്ക് തിരിച്ചുപോയി. കുറെക്കാലം വീട്ടില്‍ വ്യാപിച്ചിരുന്ന ഇരുട്ട് നീങ്ങിത്തുടങ്ങിയെന്ന് ഞാന്‍ കരുതി.

അതിന്റെ പിറ്റേദിവസം രാത്രി എനിക്ക് അദ്ദേഹം മദ്യപിച്ചുകുഴഞ്ഞ് ഫോണ്‍ചെയ്തു. ജീവിതത്തില്‍ അന്നുവരെ കേള്‍ക്കാത്ത തെറിവാക്കുകളില്‍ ഞാന്‍ മുങ്ങി. ശരീരം ഉരുകിത്തീരുന്നതുപോലെ തോന്നി.
അതില്‍ തെറിയല്ലാത്ത ഒരു വാക്യം ഇതായിരുന്നു:
''നീ വണ്ടി മേടിച്ച കാശ് എന്നെ വഹിച്ചതല്ലിയോടീ?''
ജീവിതത്തില്‍ കേട്ട ഏറ്റവും അപമാനകരമായ വാക്യമായി ഞാനത് എടുത്തുവെയ്ക്കുന്നു.

മൂന്നുകാര്യങ്ങള്‍ ആവര്‍ത്തിക്കുന്നു: സാമ്പത്തികം അതിപ്രധാനമാണ്. വരുമാനം ജീവിതസുരക്ഷയ്ക്കു മാത്രമല്ല, അന്തസ്സിനും അത്യാവശ്യമാണ്. വരുമാനമുണ്ടായാല്‍പ്പോരാ, അതിന്മേല്‍ നിയന്ത്രണാധികാരവും ഉണ്ടായിരിക്കണം. സ്‌നേഹവും പ്രണയവും ദാര്‍ശനികസങ്കടങ്ങളുമൊക്കെ അതിനുശേഷമേ വരൂ.