ഒരു തൊഴിലുണ്ടായിരിക്കുകയെന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ ഒന്നാണ്. പല സാഹചര്യങ്ങളിലും തുടര്‍ന്നുജീവിക്കാന്‍ അതവള്‍ക്ക് ധൈര്യം നല്‍കും. പക്ഷേ, സാമ്പത്തികലാഭത്തിനപ്പുറവും ചിലതുണ്ട്. തൊഴിലില്‍നിന്നുള്ള സംതൃപ്തി, തൊഴിലിടം നല്‍കുന്ന സന്തോഷം, തൊഴിലിലുണ്ടാകുന്ന ഉയര്‍ച്ച ഇതൊക്കെ ആര്‍ക്കും പ്രധാനം തന്നെയാണ്. പക്ഷേ, നമ്മുടെ നാട്ടില്‍ ഇതൊക്കെയും സ്ത്രീകളുടെ കാര്യത്തില്‍ നാലാമത്തെയോ അഞ്ചാമത്തെയോ സ്ഥാനങ്ങളില്‍ പരിഗണിക്കപ്പെടുന്നവയാണ്. ചിലപ്പോള്‍ പരിഗണിക്കപ്പെട്ടില്ലെന്നും വരാം. കുടുംബത്തിന്റെ സുസ്ഥിതിക്കും തടസ്സമില്ലാത്ത ഒഴുക്കിനുംവേണ്ടി ഇവയൊക്കെ വേണ്ടെന്നുവയ്ക്കാന്‍ സ്ത്രീകള്‍ തന്നെ തയ്യാറാകുന്നതാണ് പൊതുവേ കണ്ടുവരുന്നത്. അതിനവര്‍ നിര്‍ബന്ധിതരാകുകയാണെന്നതാണ് വാസ്തവം. എങ്കിലും അത്തരത്തിലുള്ള അഡ്ജസ്റ്റ്മെന്റുകള്‍ സ്ത്രീയുടെ മാത്രം ബാധ്യതയാണെന്ന മട്ടില്‍ ഏറ്റവും സ്വാഭാവികമായി രേഖപ്പെടുകയാണുണ്ടാവുക.
വിവാഹത്തിനുശേഷവും പഠനം തുടരാനും ജോലി നേടാനും ശ്രമിക്കുന്ന സ്ത്രീകളോട് അന്വേഷിച്ചാല്‍ പലവിധ യാതനകളുടെയും അപമാനങ്ങളുടെയും കെടുത്തല്‍ ശ്രമങ്ങളുടെയും തുടര്‍ക്കഥകള്‍ അവര്‍ പറഞ്ഞുതരും. അതിനെയൊക്കെയും അതിജീവിച്ച് തൊഴില്‍ നേടിയാലും ഏതെങ്കിലും തരത്തില്‍ അതിലുയരുകയെന്ന സ്വപ്‌നംപോലും അവര്‍ അമ്പേ ഉപേക്ഷിക്കുന്നതില്‍ അദ്ഭുതമൊന്നുമില്ല. തൊഴിലില്‍നിന്ന് സമ്പാദിക്കുന്നുണ്ടെങ്കില്‍പോലും നിരവധി ബാധ്യതകളുടെ ഭാരം അവളുടെ തലയില്‍ കൃത്യമായി എടുത്തുവയ്ക്കാന്‍ വിവാഹജീവിതത്തിന് കഴിയും. തൊഴില്‍ കിട്ടിയതും അതില്‍ തുടരാന്‍ സാധിക്കുന്നതുംതന്നെ വലിയ കാര്യമെന്ന തീര്‍പ്പില്‍ സ്ത്രീകള്‍ എത്തുകയും ചെയ്യും.

Content Highlights: writer r rajasree column
Published: 05 Jan 2024, 11:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented