
കിഴക്ക് വെള്ളകീറും മുന്‍പുമുതല്‍ സൂര്യന്‍ ഉച്ചിയില്‍ കത്തിനില്‍ക്കുംവരെ മണിക്കൂറുകള്‍ കുടിവെള്ളത്തിനായി മരുഭൂമിയിലെ ചൂടുള്ള തുരങ്കങ്ങളിലേക്കാഴ്ന്നിറങ്ങുന്ന കൈപ്പമ്പുകള്‍ക്കുമുന്നില്‍ കാത്തുകെട്ടിനില്‍ക്കണം രാംദേവ് നഗര്‍ നിവാസികള്‍. ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തി ജില്ലയായ ബാഡ്മേറിലെ ശിവ് താലൂക്കില്‍പ്പെട്ട ഗ്രാമമാണിത്.
പുലര്‍കാലസ്വപ്‌നത്തിലെ അറ്റം കാണാത്ത ആഴത്തിലേക്ക് പതിക്കുന്നപോലാണ് ഥാര്‍ മരുഭൂമിയിലൂടെയുള്ള കാര്‍യാത്ര. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന പാറക്കല്ലുകള്‍ക്കും മണല്‍ക്കൂനകള്‍ക്കും കുറ്റിച്ചെടികള്‍ക്കും ഇടയിലൂടെ നേര്‍രേഖയിലും വളഞ്ഞും പുളഞ്ഞും പോകുന്ന വീതിയില്ലാത്ത ടാറിട്ട റോഡ്. ആളനക്കമില്ലാത്ത റോഡില്‍ ഇടയ്ക്ക് ഒട്ടകങ്ങളും ആടുമാടുകളും ആശ്വാസക്കാഴ്ച. കത്തിജ്വലിക്കുന്ന സൂര്യനുകീഴേ റോഡ് കാണാമറയത്തോളം അകലേക്ക് നീണ്ടുമാഞ്ഞുപോകും.
ജയ്സല്‍മേറില്‍ നിന്നാണ് യാത്ര തുടങ്ങിയത്. ബാഡ്മേറിലെ ശിവ് താലൂക്കാണ് ലക്ഷ്യസ്ഥാനം. അവിടെയാണ് റോഹിഡാല ഗ്രാമപ്പഞ്ചായത്തിലെ രാംദേവ് നഗര്‍. പാകിസ്താന് രണ്ടുകിലോമീറ്ററിപ്പുറമുള്ള, ബാഡ്മേറിലെ അവസാന റെയില്‍വേ സ്റ്റേഷനായ മുനബാവില്‍നിന്ന് 13 കി.മീ. ദൂരെയുള്ള ഗ്രാമം. ജീവിതം നരകതുല്യമായ ഒരുവിഭാഗം ജനങ്ങള്‍ ഇവിടെ അധിവസിക്കുന്നു.
ഥാര്‍ മരുഭൂമിയുടെ ഭൂരിഭാഗവും രാജസ്ഥാനിലെ ജയ്സല്‍മേര്‍, ബാഡ്മേര്‍ ജില്ലകളിലാണ്. ബിഷ്ണോയികളും രജപുത്രരും ജാട്ടുകളും മേഘ്വാളുകളുമടങ്ങുന്ന ജനസമൂഹം. പട്ടികവിഭാഗത്തില്‍പ്പെട്ട മേഘ്വാളുകള്‍ മാത്രമാണ് രാംദേവ് നഗറിലെ താമസക്കാര്‍. ഒരുദിവസത്തെ വീട്ടാവശ്യത്തിനുള്ള കുടിവെള്ളത്തിനായി ആറും ഏഴും മണിക്കൂര്‍ മണല്‍ത്തിട്ടയിലെ ആഴമുള്ള കുഴല്‍ക്കിണറുകള്‍ക്കുമുന്നില്‍ ജീവിതം തള്ളിനീക്കുന്നു ഇവര്‍.
ജയ്സല്‍മേറില്‍നിന്ന് ശിവ് ആസ്ഥാനത്തെത്തി ഗഡ്റാ റോഡിലൂടെ ജൈസിംധര്‍ സ്റ്റേഷനിലേക്ക് നീങ്ങാന്‍ തുടങ്ങുമ്പോള്‍ ഹര്‍ഷാനിയില്‍ പോലീസ് തടഞ്ഞു. ഇനി മുന്നോട്ടുപോകാന്‍ പറ്റില്ല. പാക് അതിര്‍ത്തിയോടുചേര്‍ന്നുള്ള ഗ്രാമമാണ്. ന്യൂഡല്‍ഹിയില്‍നിന്നെത്തിയ പത്രലേഖകനാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡുണ്ടെന്നും അറിയിച്ചിട്ടും വഴങ്ങുന്നില്ല. കാല്‍മണിക്കൂറോളമുള്ള സംസാരത്തിനുശേഷം ജില്ലാ പോലീസ് മേധാവിയുടെ അനുമതിപത്രമുണ്ടെങ്കില്‍ വിടാമെന്നായി. എവിടെയാണ് എസ്.പി. ഓഫീസെന്ന് ചോദിച്ചപ്പോള്‍ നൂറുകിലോമീറ്ററോളം മടങ്ങിപ്പോകണമെന്ന് മറുപടി.
രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്ന അശോക് ഗഹ്ലോതിന്റെയും ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിന്‍ പൈലറ്റിന്റെയും 'മാതൃഭൂമി'യില്‍ അച്ചടിച്ചുവന്ന അഭിമുഖറിപ്പോര്‍ട്ടുകളും കൈയിലുണ്ടായിരുന്നു. അതുകാണിച്ച് വേണമെങ്കില്‍ ഇവരുടെ ഓഫീസുകളില്‍നിന്ന് ജില്ലാ പോലീസ് മേധാവിയെ വിളിപ്പിക്കാമെന്നു പറഞ്ഞു. പോലീസുകാര്‍ അല്പം അയഞ്ഞു. 20 കി.മി മുന്നോട്ടുപോയാല്‍ വേറേ സ്റ്റേഷനുണ്ടെന്നും അവിടെനിന്ന് അനുമതിവാങ്ങിയാല്‍ മതിയെന്നുമായി. യാത്രതുടര്‍ന്നു.
വഴിയില്‍ കുടിവെള്ളടാങ്കറുകളുമായി സൈനിക ട്രക്കുകള്‍ നീങ്ങുന്നു. മരുഭൂമിയില്‍ അങ്ങിങ്ങായി വലിയ ജലസംഭരണികള്‍, കാറ്റാടിപ്പാടങ്ങള്‍. പിന്നെ ഗ്രാമങ്ങളിലേക്ക് വൈദ്യുതിയെത്തിക്കാനായി പുതുതായി നിര്‍മിക്കുന്ന സോളാര്‍ പാനല്‍ പാടങ്ങള്‍. അലഞ്ഞുനടക്കുന്ന ആട്ടിന്‍പറ്റങ്ങളും കന്നുകാലികളും ഒട്ടകങ്ങളും. ജൈസിംധര്‍ വഴി രാംദേവ് നഗറിലേക്കെത്തുമ്പോള്‍ ഉച്ചകഴിഞ്ഞിരുന്നു. വെള്ളമെടുത്തുകഴിഞ്ഞ് ഗ്രാമീണര്‍ മടങ്ങിക്കാണുമോ എന്ന ആകാംക്ഷ ഉള്ളില്‍ നിറഞ്ഞു. കൃത്യമായ സ്ഥലം അറിയാത്തതിനാല്‍ ജയ്സല്‍മേറില്‍നിന്ന് നൂറുകിലോമീറ്ററിലധികമാണ് സഞ്ചരിക്കേണ്ടിവന്നത്. 275 കിലോമീറ്ററോളം പിന്നിട്ട് ലക്ഷ്യസ്ഥാനത്തെത്തിയാലും ഗ്രാമജീവിതത്തിന്റെ ദൈന്യത പകര്‍ത്താനാവാതെ മടങ്ങേണ്ടിവരുമോ എന്നതായിരുന്നു ഉത്കണ്ഠ.
മരുഭൂമിപ്രദേശത്ത് വീടുകള്‍ തെളിഞ്ഞപ്പോള്‍ സമാധാനമായി. ഗ്രാമീണവീടുകള്‍ക്കടുത്ത് പരന്നുകിടക്കുന്ന മണല്‍പ്പരപ്പിലെ കിണറുകളില്‍നിന്ന് കുട്ടികളും വയോജനങ്ങളുമടങ്ങുന്ന ആള്‍ക്കൂട്ടം വെള്ളം കോരുന്നു. ഒട്ടകപ്പുറത്ത് വീട്ടിലേക്ക് നീങ്ങുന്നു.
അന്‍പതുകാരനായ തമലാണ് കിണറ്റില്‍നിന്ന് വെള്ളമെടുക്കുന്നതിന് നേതൃത്വം നല്‍കുന്നത്. വെള്ളമുണ്ടും ജുബ്ബയും ധരിച്ച് രാജസ്ഥാന്റെ തനതു തലപ്പാവുമണിഞ്ഞാണ് തമലിന്റെ വെള്ളംവലി. നീളമുള്ള കയറിനുപിന്നില്‍ പിടിച്ച് അറുപതുകാരനായ ടാപ്പൂര്‍. അതിനും പിന്നില്‍ എണ്‍പതുകാരികളായ മാര്‍സിയും രാധയും മുന്നില്‍നിന്ന് നയിക്കുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന ചെറുസംഘം. കിണറ്റിലിറക്കുന്ന വലിയ ടാര്‍പ്പാളയില്‍ വെള്ളം നിറയാന്‍ ഉറവയനുസരിച്ച് അരമണിക്കൂറോളം സമയമെടുക്കും. എല്ലാവരും ചേര്‍ന്നാണിത് വലിച്ചുകയറ്റുന്നത്. പിന്നെ ഒട്ടകപ്പുറത്തെ തോല്‍സഞ്ചിയില്‍ നിറച്ചും സ്ത്രീകള്‍ തലയിലേറ്റിയും വീടുകളിലെത്തിക്കുന്നു.
മാര്‍സിയും രാധയും ഇരുകൈകളിലും ചൂഡയണിഞ്ഞിരിക്കുന്നു. ഓരോവര്‍ഷവും ഓരോ ചൂഡ കൈയില്‍ കൂടിക്കൂടിവരും. പരമ്പരാഗത വളപോലുള്ള ആഭരണമാണിത്. എല്ലാവരും ചേര്‍ന്ന് വെള്ളം കോരാന്‍ തുടങ്ങി. ''ഒരാള്‍ മാത്രമാണെങ്കില്‍ ഒറ്റവലിക്ക് തളരും. എല്ലാവരും ചേര്‍ന്നാല്‍ വലിയ ക്ഷീണം തോന്നില്ല. രാവിലേ അഞ്ചുമണിക്ക് തുടങ്ങിയാല്‍ ഉച്ചയോടെ അന്നത്തെ പാചകാവശ്യത്തിനും മറ്റുമുള്ള വെള്ളം എല്ലാവര്‍ക്കും ലഭിക്കും''-തമല്‍ പറഞ്ഞു.
വേനല്‍ കടുത്താല്‍ വീടിനടുത്തുള്ള കിണറുകളില്‍നിന്ന് വെള്ളം കിട്ടില്ല. കിലോമീറ്ററുകളോളം മരുഭൂമിയിലെ മറ്റു കിണറുകള്‍ തേടി സഞ്ചരിക്കണം. അപ്പോള്‍ ഒട്ടകങ്ങള്‍ മാത്രമാണ് ആശ്രയം.
ആദ്യകാലത്ത് മുന്നാക്കവിഭാഗക്കാരായ രജപുത്രര്‍, മേഘ്വാളുകളുടെ കിണറ്റില്‍നിന്ന് വെള്ളമെടുക്കാറില്ലായിരുന്നു. കാലംപോകെ അത്തരം അയിത്തം കുറഞ്ഞു. ''വെള്ളം സ്വന്തം ഗ്രാമത്തില്‍ കിട്ടുന്നില്ലെങ്കില്‍ മേഘ്വാള്‍ കിണറുകളെ ആശ്രയിക്കുകയല്ലാതെ എന്തുവഴി''-ഗ്രാമത്തില്‍ ചരിത്രവും തത്ത്വശാസ്ത്രവും ഐച്ഛികമായെടുത്ത് ബി.എ.യും ബി.എഡും കഴിഞ്ഞ് വെറുതേയിരിക്കുന്ന പ്രകാശ് ചന്ദ് പറഞ്ഞു.
''കുളിക്കാനും ശൗചാലയത്തില്‍ പോകാനുമടക്കമുള്ള വലിയ ആര്‍ഭാടത്തിന് മിക്കപ്പോഴും വെള്ളം തികയില്ല. ആടുമാടുകള്‍ക്കും വെള്ളം വേണമല്ലോ. അതിനാല്‍ കുളിയും നനയും കുറവാണ്. സ്വച്ഛ് ഭാരത് പദ്ധതിയുടെ ശൗചാലയമുണ്ടെങ്കിലും അടച്ചിട്ടിരിക്കയാണ് ഭൂരിഭാഗം വീടുകളിലും. പ്രാഥമികകാര്യങ്ങള്‍ക്ക് മരുഭൂമിതന്നെയാണ് ആശ്രയം. അതിനായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ സ്ഥലങ്ങളുണ്ട്. പുലര്‍ച്ചെ വെള്ളംവലി തുടങ്ങും മുന്‍പും വൈകീട്ട് ഇരുട്ടിയാലുമാണ് മിക്കവരും കാര്യം സാധിക്കുക'' -പ്രകാശ് ചന്ദ് ചിരിച്ചു.
അഞ്ഞൂറിലധികം പേരുള്ള ഗ്രാമത്തിലെ ആകെയുള്ള ആറോ ഏഴോ ബിരുദധാരികളിലൊരാളാണ് ഇദ്ദേഹം. മറ്റൊരു ബിരുദധാരിയായ ഭീംറാം കരകൗശലവിദഗ്ധനാണ്. ജോധ്പുരില്‍ താമസിച്ചാണിപ്പോള്‍ കച്ചവടം. അത്യാവശ്യം വരുമാനം ലഭിക്കുന്ന ഭീംറാം നാട്ടില്‍ സന്ദര്‍ശനത്തിനെത്തിയിരിക്കയാണ്. കേരളത്തില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞപ്പോള്‍ ഭീംറാമിന്റെ പ്രതികരണമിങ്ങനെ: ''എവിടെയാണെങ്കിലും നമ്മുടെ നാടിന്റെ പ്രശ്‌നം അച്ചടിച്ചുവരട്ടെ. ആരുടെയെങ്കിലും ശ്രദ്ധയില്‍പ്പെട്ട് പരിഹാരമുണ്ടായാലോ''.
വെള്ളത്തിന്റെ പിന്നാലെയുള്ള യാത്രയില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസവും മുടങ്ങുന്നുണ്ട്. അല്ലെങ്കിലും വിദ്യാഭ്യാസം പ്രശ്‌നംതന്നെയാണ്. ''അഞ്ചാംക്ലാസുവരെയാണ് അടുത്തുള്ള വിദ്യാലയമായ രാംദേവ് നഗറിലെ രാജ് കെ പ്രാഥമിക് വിദ്യാലയത്തിലുള്ളത്. എണ്‍പതോളം കുട്ടികളാണവിടെ പഠിക്കുന്നത്. ഭൂരിഭാഗത്തിനും എഴുതാനും വായിക്കാനുമൊന്നും അറിയില്ല. മാഷന്മാര്‍ പഠിപ്പിക്കുകയൊന്നുമില്ല. അവര്‍ കസേരയിലിരിക്കും. കുട്ടികള്‍ ഓടിക്കളിക്കും'' -രണ്ടു മക്കളുടെ അച്ഛനായ ലുണ റാം പറഞ്ഞു.
മിക്കവരും അഞ്ചാംക്ലാസോടെ പഠനം നിര്‍ത്തും. പിന്നെ പഠിക്കണമെങ്കില്‍ 20 കിലോമീറ്ററപ്പുറമുള്ള ഹൈസ്‌കൂളില്‍ പോകണം. വല്ലപ്പോഴും വരുന്ന സര്‍ക്കാര്‍ ബസ് കിട്ടാന്‍ 10 കിലോമീറ്റര്‍ നടക്കണം. നടന്നുപോവലും പഠിക്കലും ആര്‍ക്കും താത്പര്യമുള്ള കാര്യമല്ല. എന്തെങ്കിലും പരാതി പറയാന്‍ താലൂക്ക് ആസ്ഥാനമായ ശിവില്‍ എത്തണമെങ്കില്‍ 130 കിലോമീറ്റര്‍ സഞ്ചരിക്കണം. ഇതൊക്കെ കാരണം കോളേജ് പഠനവും വിരലിലെണ്ണാവുന്നവരിലേക്ക് ചുരുങ്ങുന്നു.

ദുരിതത്തിലുമുള്ള ഒത്തൊരുമയാണ് ഗ്രാമത്തിന്റെ സന്തോഷം. ഒത്തുചേരാനായിമാത്രം ഒരു സ്ഥലമുണ്ട്. വെള്ളമെടുക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിക്കഴിഞ്ഞപ്പോള്‍ പ്രകാശ് ചന്ദും ഭീംറാമും ലുണ റാമുമൊക്കെ ചേര്‍ന്ന് അങ്ങോട്ടേക്ക് കൊണ്ടുപോയി. അകമ്പടിയായി പത്തിരുപത്തഞ്ചുപേരടങ്ങുന്ന ഗ്രാമവാസികളും. വിവാഹവും മറ്റുവിശേഷങ്ങളും വന്നാല്‍ ആഘോഷവും പാട്ടും നൃത്തവും കൊട്ടുമൊക്കെയായി ഗ്രാമവാസികള്‍ അവിടെയാണൊത്തുകൂടുക. കുടിക്കാന്‍ മിനറല്‍ വാട്ടറിന്റെ മൂന്നുകുപ്പികളും ഒപ്പമുള്ള ഫോട്ടോഗ്രാഫര്‍ ദ്വാരകാനാഥ് സ്വാമിക്കും ഡ്രൈവര്‍ ഇല്ല്യാസ് ഖാനുമടക്കം ചായയും നാട്ടുകാര്‍ അവിടെ എത്തിച്ചിട്ടുണ്ട്. അതിഥിസത്കാരം. കയറ്റുകട്ടിലിലിരുന്നുള്ള ചായകുടിക്കുശേഷം ഒപ്പം നിന്ന് ഫോട്ടോയെടുക്കണമെന്ന് പ്രകാശ് ചന്ദിന്റെ അഭ്യര്‍ഥന.
ഓരോരുത്തരായി തങ്ങളുടെ ദുരിതത്തിന്റെ കെട്ടഴിക്കാന്‍ തുടങ്ങി. ഗ്രാമത്തില്‍ ആരോഗ്യകേന്ദ്രം പേരിനുമാത്രമാണ്. ഡോക്ടര്‍ പലപ്പോഴും ഉണ്ടാവില്ല. മരുന്നിന്റെ കാര്യവും തഥൈവ. എണ്‍പതോളം വീടുകളാണുള്ളത്. പകുതിപേര്‍ ബി.പി.എല്ലുകാരാണ്. ഇവര്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കിയിട്ടുണ്ട്. എ.പി.എല്ലുകാരാണ് ബാക്കി പകുതിയോളം. കുറച്ചു വരുമാനവും ഭൂമിയും കണക്കില്‍ കൂടിയതിനാല്‍ എ.പി.എല്ലായവരാണ് മിക്കവരും. അതിനാല്‍ സ്വന്തം നിലയില്‍ വൈദ്യുതി സ്ഥാപിക്കാന്‍ ഇവര്‍ക്കാവുന്നില്ല. ഫലം; എ.പി.എല്ലുകാര്‍ക്ക് വൈദ്യുതിയില്ല.
''എല്ലാവരും കൃഷിപ്പണിയും കാലിമേയ്ക്കലുമായാണ് ജീവിക്കുന്നത്. അന്നന്ന് പണം കിട്ടുന്നത് പാല്‍ വില്‍ക്കാന്‍ പറ്റുന്നവര്‍ക്കുമാത്രം. സ്വന്തം കൃഷിയിടത്തില്‍നിന്ന് ആറുമാസം കൂടുമ്പോള്‍ ലഭിക്കുന്ന വിളയാണ് മറ്റുള്ളവരുടെ ആശ്രയം. അതും അയ്യായിരവും പത്തായിരവുമാണ് ആറുമാസം കൂടുമ്പോള്‍ കിട്ടുക. അതില്‍ക്കൂടുതല്‍ ലഭിക്കുന്ന എ.പി.എല്ലുകാര്‍ക്കാണ് വൈദ്യുതിയില്ലാത്തത്''-എ.പി.എല്‍. ആയതിനാല്‍ വീട്ടില്‍ വൈദ്യുതിയില്ലാത്ത ബീസാറാം ചിരിക്കുന്നു. ബി.പി.എല്ലുകാര്‍ക്ക് അരിയും പലവ്യഞ്ജനക്കിറ്റും വൈദ്യുതിയും പാചകവാതകവുമെല്ലാം ലഭിക്കുന്നതിനാല്‍ മറ്റുചെലവുകള്‍ കുറവ്. ബി.പി.എല്ലുകാരുടെ വീട് അല്പം മെച്ചപ്പെട്ടതും എ.പി.എല്ലുകാരുടെത് പിന്നിലുമാവാനുള്ള ഒരു കാരണവും ഇതുതന്നെ.
ഒന്നിച്ചു പരാതി ഉന്നയിച്ചുകൂടേ, വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നുകൂടേ എന്നീ ചോദ്യങ്ങള്‍ക്കും ഇവര്‍ക്ക് ഉത്തരമുണ്ട്. ഗ്രാമത്തില്‍ ആകെയുള്ളത് 220-ഓളം വോട്ടുകളാണ്. നേതൃശേഷിയുള്ളവരുമില്ല. സര്‍പഞ്ചൊക്കെ തിരഞ്ഞെടുപ്പുകാലത്തു മാത്രമാണ് വരിക. എല്ലാം ശരിയാക്കാമെന്ന് പാലും തേനുമൂറുന്ന ഭാഷയില്‍ പറയുമ്പോള്‍ അലിഞ്ഞുപോവും. വോട്ടെടുപ്പ് കഴിഞ്ഞാല്‍പ്പിന്നെ അടുത്ത തിരഞ്ഞെടുപ്പിനേ ഇവരെ കാണാനൊക്കൂ.
''റോഹിഡാലയിലെത്തന്നെ മറ്റുപ്രദേശങ്ങളുമായി താരതമ്യം ചെയ്താല്‍ ഇപ്പോഴും 30 വര്‍ഷം പിറകിലാണ് രാംദേവ് നഗര്‍, ഞങ്ങള്‍ ജനങ്ങളും''- ഗ്രാമീണരായ കൃഷ്ണറാമും ഹരിലാലും പറഞ്ഞു. ''ഞങ്ങള്‍ക്ക് പഠിക്കാന്‍ പോവേണ്ടല്ലോ എന്നോര്‍ത്ത് പണ്ട് സന്തോഷമായിരുന്നു. എന്നാല്‍, ഞങ്ങളുടെ കുട്ടികളും ഞങ്ങളെപ്പോലാവുമല്ലോ എന്നോര്‍ത്താണിപ്പോള്‍ സങ്കടം''-കൃഷ്ണറാം നിരാശ മറച്ചുവെച്ചില്ല.
രാംദേവ് നഗര്‍ ഉള്‍പ്പെടുന്ന റോഹിഡാല ഗ്രാമപ്പഞ്ചായത്തില്‍ 2011 സെന്‍സസ് പ്രകാരം 905 പേരാണുള്ളത്. 370 സ്ത്രീകളും 535 പുരുഷന്മാരും. 1000 പുരുഷന്മാര്‍ക്ക് 691 സ്ത്രീകളെന്ന അനുപാതത്തില്‍. അക്ഷരം എഴുതാനും വായിക്കാനുമറിയുന്നവര്‍ 364 പേര്‍ മാത്രം. സര്‍ക്കാര്‍ ബസ് സ്റ്റോപ്പ് 10 കിലോമീറ്റര്‍ ദൂരെ. അടുത്ത റെയില്‍വേ സ്റ്റേഷനാണ് അതിര്‍ത്തിയിലെ മുനബാവ്. 75 ശതമാനത്തോളം പേര്‍ക്കുമാത്രമാണ് വീട്ടുപരിസരത്ത് കൈപ്പമ്പുള്ളത്. മിക്കതിലും വെള്ളം കിട്ടില്ല. ബാക്കിയുള്ളവര്‍ കിലോമീറ്ററുകള്‍ കുടിവെള്ളത്തിനായി നടക്കണം. പൊതുശൗചാലയം പണിതിട്ടുണ്ടെങ്കിലും കൃത്യമായി പരിപാലിക്കപ്പെടാത്തതിനാല്‍ കയറാന്‍തന്നെ കഴിയില്ലെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ആധുനികരെന്ന് സ്വയം വിശേഷിപ്പിക്കുന്നവരാണ് നമ്മള്‍. അതിനിടയിലും അറവുമാടുകളെപ്പോലെ ജീവിക്കുന്ന ഒട്ടേറെ മനുഷ്യക്കോലങ്ങളെ ഇന്ത്യയുടെ പല ഗ്രാമങ്ങളിലും കാണാനാവും. രാംദേവ് നഗര്‍ ഒരുദാഹരണം മാത്രം. തിരിച്ചുവരുമ്പോള്‍ ഗ്രാമത്തിലെ കുറുക്കുവഴിയിലൂടെ 'ഭാരത് മാല' പദ്ധതിയുടെ ഭാഗമായ ദേശീയപാതയിലെത്താന്‍ ദുര്‍ഘടപാതയിലൂടെയായിരുന്നു യാത്ര. വഴിയില്‍ അതിര്‍ത്തിമേഖലയിലെ കാട്ടില്‍ വിറകുശേഖരിക്കാനായി കഴുതയുമായി പോകുന്ന ബാബുറാം. പിന്നെയും 180 കിലോമീറ്ററോളം മരുഭൂമിയിലൂടെ തിരിച്ച് ജയ്സല്‍മേറിലേക്ക്. രാത്രി വൈകി ജയ്സല്‍മേറിലെത്തുമ്പോള്‍ ട്രക്കിങ്ങിനായുള്ള ആകര്‍ഷകകേന്ദ്രങ്ങളിലെ വെള്ളിവെളിച്ചങ്ങളില്‍ രാജസ്ഥാനി നൃത്തരൂപങ്ങളും ലഹരിതാളങ്ങളും പാതി പിന്നിട്ടുകഴിഞ്ഞിരുന്നു. രാംദേവ് നഗര്‍ ഓര്‍മയിലേക്കും നീങ്ങിയിരുന്നു.
Content Highlights: a travelling experience through ramdev nagar, rajasthan
Published: 26 Feb 2024, 11:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented