'അവിട്ടം തിരുനാള്‍ ആരോഗ്യശ്രീമാന്‍' എന്ന സിനിമയില്‍ ജഗതി അവതരിപ്പിക്കുന്ന ഒരു കഥാപാത്രമുണ്ട്. കോഴിക്കറിവെയ്ക്കുന്ന വീട്ടില്‍ ആദിവസം കൃത്യമായി എത്തിച്ചേരുന്ന ഒരു മുത്തച്ഛനാണത്. എന്നെ സംബന്ധിച്ചിടത്തോളം എന്തെങ്കിലും എഴുതാനോ വായിക്കാനോ എടുത്തുവെയ്ക്കുന്ന ദിവസം ഒരു കലാപമുണ്ടാകും. അതൊരുതരം ആറാമിന്ദ്രിയത്തിന്റെ പ്രവര്‍ത്തനംപോലെ കണിശമായിരുന്നു. പിന്നീട് അത്തരം എഴുത്തുശ്രമങ്ങളെപ്പോലും ഭയപ്പെടത്തക്കവിധം കടുത്ത ക്ഷതങ്ങളുണ്ടാക്കിയവയായിരുന്നു ആ കലഹങ്ങളത്രയും. പ്രത്യേകിച്ച് കാരണങ്ങളൊന്നുമുണ്ടായിരിക്കില്ല. രണ്ടാമത്തെയോ മൂന്നാമത്തെയോ റിങ്ങിന് ഫോണെടുത്തില്ല, വിളിച്ചപ്പോള്‍ എന്‍ഗേജ്ഡായിരുന്നു, ഫോണെടുത്തപ്പോള്‍ കുഞ്ഞിന്റെ കരച്ചിലോ പുരുഷന്റെ സംസാരമോ കേട്ടു, അയല്‍പക്കത്തെ കല്യാണത്തിനു പോയപ്പോള്‍ പറഞ്ഞില്ല, ഫോണ്‍ പെട്ടെന്ന് കട്ട് ചെയ്തു, ഫോണ്‍ചെയ്തപ്പോള്‍ അമ്മ/ അച്ഛന്‍/ അനിയത്തി വേണ്ടത്ര ബഹുമാനം തന്നില്ല, നൂറനാട്ടെ അമ്മാവന്‍ രണ്ടുവര്‍ഷംമുന്‍പ് തന്നെപ്പറ്റി പോസിറ്റീവല്ലാത്ത കാര്യമാണ് പറഞ്ഞത്-ഇതൊക്കെയായിരുന്നു വിഷയങ്ങള്‍.

To advertise here,

അന്നൊക്കെ ഉറങ്ങാത്ത രാത്രിക്കുശേഷം വീര്‍ത്ത കണ്‍പോളകളും വാടിയ മുഖവുമായി വരുന്ന എന്നെ കാണുമ്പോള്‍, ഇന്നലെ തിസീസ് എഴുതാന്‍ നോക്കി, അല്ലേ എന്ന് സഹപാഠിയും സഹപ്രവര്‍ത്തകയുമായ ലിജി ചോദിച്ചിരുന്നതോര്‍ക്കുന്നു. അത്രത്തോളം പരസ്പരബന്ധമുള്ള ഏര്‍പ്പാടായിരുന്നു അന്നൊക്കെ തിസീസ് എഴുത്തും ഫോണിലൂടെയുള്ള വഴക്കും.

ജീവിതപങ്കാളിയുമായുള്ള കലഹത്തില്‍ എടുത്തുപറയാനെന്തിരിക്കുന്നുവെന്നു തോന്നാം. നാട്ടുനടപ്പനുസരിച്ച്, തട്ടിയും മുട്ടിയുമിരിക്കേണ്ട ചട്ടി-കലങ്ങളാണല്ലോ ദമ്പതിമാര്‍. കലഹങ്ങളുടെ കാര്യത്തില്‍ ഏകപക്ഷീയമായ അഭിപ്രായം പറയാനും പ്രയാസമാണ്. നിരന്തരമായ കലഹങ്ങള്‍ക്കൊടുവിലും കൂട്ടുകാരിയെ/ കൂട്ടുകാരനെ പുല്‍കിയുറങ്ങിയാലേ ജീവിതം സുന്ദരമാകൂ എന്നുവിശ്വസിക്കുന്നവരുണ്ട്. അതിനവര്‍ക്ക് കാരണങ്ങളുമുണ്ടാവാം. പരസ്പരം ഒഴിവാക്കി ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാവാത്തവരാണവര്‍. എല്ലാ കലാപങ്ങള്‍ക്കുംശേഷം ഒരു ക്ഷമാപണത്തിന്റെ തണലില്‍ മുറിവുകളുണക്കുന്നവര്‍. അതൊരു ന്യൂനപക്ഷമാണ്. അവരില്‍ത്തന്നെ പലരും നയവും അഭിനയവുമായി നാള്‍കഴിക്കുന്നവരുമാകാം. കലഹം സ്‌നേഹത്തിന്റെ സൂചകമാണെന്നത് ഒരു പഴയ വിശ്വാസമാണ്. എല്ലാവര്‍ക്കും അതങ്ങനെയാവണമെന്നില്ല. പരസ്പരമുള്ള വാഗ്വാദത്തിനിടയില്‍ പ്രയോഗിക്കപ്പെടുന്ന ചില വാക്കുകള്‍ക്ക് ആ വാക്കുകളുടെ ഭാരം മാത്രമല്ല ഉള്ളത്. അതിനുപിന്നിലെ മനോഭാവത്തിന് അതിലും പ്രാധാന്യമുണ്ട്. നല്ലതായാലും ചീത്തയായാലും ഏതെങ്കിലുമൊരു സാഹചര്യത്തില്‍ കുടത്തിന്റെ മൂടിമാറി തെളിയുന്ന രത്‌നംപോലെ അതു വെളിപ്പെടും.

എന്റെ ആദ്യഗര്‍ഭകാലത്ത് എന്നെ അങ്ങേയറ്റം സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന ഒരയല്‍ക്കാരിച്ചേച്ചി ഉണ്ടായിരുന്നുവെന്ന് പറഞ്ഞല്ലോ. അവരും ഭര്‍ത്താവും തമ്മില്‍ പ്രത്യക്ഷത്തില്‍ ഒട്ടും സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. പരസ്പരം കുറ്റങ്ങള്‍ പറഞ്ഞുപറഞ്ഞ് അവര്‍ നാള്‍കഴിച്ചു. അയാള്‍ ജോലിക്കുപോകാത്തതിനെപ്പറ്റി അവരും അവര്‍ക്ക് വൃത്തിയില്ലാത്തതിനെപ്പറ്റി അയാളും വഴക്കിട്ടു. പലപ്പോഴും ഞങ്ങളെക്കൂടി അതിലേക്ക് വലിച്ചിഴച്ചു. ഏറെനാളത്തെ ശ്രമത്തിനുശേഷം അവരുടെ ഭര്‍ത്താവ് എറണാകുളത്തേക്ക് ജോലിക്കുപോയി. പിന്നീട് മൂന്നാഴ്ചക്കാലത്തേക്ക് അയാളുടെ വിവരമൊന്നുമുണ്ടായിരുന്നില്ല. ആദ്യരണ്ടാഴ്ച ചേച്ചി കടിച്ചുപിടിച്ചു നിന്നു. പിന്നീട് അവര്‍ ഞങ്ങളുടെ വീട്ടില്‍ വന്ന് വാവിട്ടു നിലവിളിച്ചു: ''എന്റെ ചേട്ടനെന്തിയേ സാറേ...? എവിടെയും പോകണ്ട, ഒന്നും കൊണ്ടുവന്നു തരണ്ട, എന്നും തല്ലും വഴക്കുമായിക്കോട്ടെ. എനിക്കെന്റെ ചേട്ടനെ ഇവിടെ കണ്ടാമതി.''

ജോലിക്കു പറഞ്ഞയച്ചതിന്റെ ചൊരുക്കുതീര്‍ത്തതായിരുന്നു മൂപ്പര്. എന്തായാലും ആള്‍ തിരിച്ചുവന്നു. എല്ലാവര്‍ക്കും സന്തോഷമായി. അതിനുശേഷവും അവര്‍ തമ്മില്‍ രൂക്ഷമായ വഴക്കുകള്‍ നടന്നിട്ടുണ്ട്. അത്തരം ദിവസങ്ങളില്‍ അവര്‍ ജോലികഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ അയാള്‍ വീട് വൃത്തിയാക്കുകയും കപ്പയും ചൂരമീന്‍ കറിയും വെയ്ക്കുകയും ചെയ്യും. ചിലപ്പോഴെങ്കിലും അയാള്‍ മീന്‍ വൃത്തിയാക്കുന്നതു കാണുന്ന എന്നോട് ഏറ്റവും ലോലമായ ഭാവത്തോടെ പറയും: ''ഇത് എനിക്കത്ര പിടിത്തമുള്ള മീനല്ല. പക്ഷേ അയാള്‍ക്ക് (ഭാര്യക്ക്) വലിയ ഇഷ്ടവാ...''

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കുകള്‍ കുടുംബത്തിനകത്തും പുറത്തും ധാരാളം കാണാനിടയായിട്ടുണ്ട്. എന്റെ കുട്ടിക്കാലത്ത് പലതും പ്രത്യക്ഷലഹളകളായിരുന്നു. പിന്നീട് ശീതസമരങ്ങള്‍ അവയുടെ സ്ഥാനം പിടിച്ചെടുത്തു. ഒരു മേല്‍ക്കൂരയ്ക്കുകീഴില്‍ ആജന്മശത്രുക്കളായിക്കഴിഞ്ഞിരുന്ന ദമ്പതിമാരും അവരുടെ ശീതസമരങ്ങളും പണ്ടുമുണ്ടായിരുന്നു. മൂടിക്കെട്ടലുകള്‍ ഒന്നു വഴക്കിട്ടുതീര്‍ന്നാല്‍ തീര്‍ന്നുവെന്ന് അവരെ ഒത്തിണക്കാന്‍ ശ്രമിക്കുന്നവര്‍ ഉദ്ബോധിപ്പിക്കുകയും ചെയ്തിരുന്നു. ചില അസുഖങ്ങള്‍ക്ക് ആദ്യകാലങ്ങളില്‍ കഴിക്കുന്ന മരുന്നുകള്‍ പിന്നീട് ഫലിക്കാതെവരാറുണ്ട്. ഇത്തരം വിദ്യകള്‍ക്കും അതേ വിധി നേരിട്ടേക്കാം. വഴക്കുകള്‍ സുഖപ്പെടുത്തുകമാത്രമല്ല, എന്നേക്കുമായി മുറിപ്പെടുത്തിയെന്നുംവരും. വഴക്കിട്ടും ഭീഷണിപ്പെടുത്തിയും മര്‍ദിച്ചും പങ്കാളിയെ വഴിക്കുകൊണ്ടുവരാനാവുമെന്നത് വങ്കത്തരമാണ്. അഭിപ്രായവ്യത്യാസങ്ങള്‍ തുറന്ന ലഹളയിലേക്കു നീങ്ങുന്നത് ഒരു കൂട്ടുജീവിതത്തിന്റെ കാര്യത്തില്‍ അഭികാമ്യമാണെന്നു തോന്നുന്നില്ല. അവ മാന്യമായി പറഞ്ഞുതീര്‍ക്കുന്നതാണ് ശരിയായ വഴി.

വഴക്കുകളുണ്ടാക്കുന്ന മാനസികസംഘര്‍ഷം കടുത്തതാണ്. അതിനു കാരണമാകുന്ന ഘടകങ്ങളോട് ഭീതിയുണ്ടാവുകയാണ് അടുത്തപടി. അതു നാം നേരത്തേ സംസാരിച്ചുകഴിഞ്ഞു. എന്റെ കാര്യത്തില്‍ കാര്യങ്ങള്‍ പിടിവിട്ടുകഴിഞ്ഞിരുന്നു. ഫോണിലാണ് വഴക്ക് എന്നതിനാല്‍ പരസ്പരം മുഖം കാണുന്നില്ല എന്ന സൗകര്യമുണ്ട്. ജോലിയും നാല്‍പ്പതു കിലോമീറ്റര്‍ യാത്രയും കഴിഞ്ഞെത്തുന്ന എനിക്ക് കുഞ്ഞിനോട് സംസാരിക്കാനോ പിറ്റേദിവസത്തേക്ക് തയ്യാറെടുക്കാനോ പറ്റാത്ത സ്ഥിതിയായി. വീട്ടില്‍ അച്ഛനമ്മമാരുണ്ട്. ഫോണില്‍ വഴക്കിടുന്നത് അവര്‍ കേള്‍ക്കുന്നുണ്ട്. ആദര്‍ശദാമ്പത്യത്തിന്റെ ഇമേജ് എപ്പോഴോ തകര്‍ന്നിരുന്നെങ്കിലും ആത്മാഭിമാനമെന്നൊന്നുണ്ടല്ലോ. അതിനാല്‍ പലപ്പോഴും എനിക്ക് പിന്‍വാങ്ങേണ്ടിവന്നു. എങ്കിലും ഇത് തകര്‍ച്ചയിലേക്കാണെന്ന് എന്റെ മാതാപിതാക്കള്‍ക്ക് തോന്നിയിരുന്നു. കേരളത്തിലെ സാധാരണ കുടുംബത്തിലെ രക്ഷിതാക്കള്‍ ചെയ്യുന്നതുപോലെ, ഏതുവിധേനയും മകളുടെ ദാമ്പത്യം സംരക്ഷിക്കുകയെന്ന അസൈന്‍മെന്റ് അവരേറ്റെടുക്കുന്നതും ഏകദേശം അതേസമയത്താണ്. അവര്‍ക്കുമുന്നില്‍ മറ്റു മാര്‍ഗങ്ങളൊന്നും ഇല്ലായിരുന്നുവെന്നും ഓര്‍ക്കുന്നു. മറ്റുള്ളവരറിഞ്ഞാല്‍ നാണക്കേടാണെന്ന ചിന്തതന്നെയാവും പ്രാഥമികറൗണ്ടില്‍ അവരെ ഭരിച്ചിരിക്കുക. 

സ്ത്രീകളുടെ രക്ഷിതാക്കള്‍ക്ക് ഇതു കുറെക്കൂടി ബാധകമാണ്. ദാമ്പത്യത്തില്‍ പ്രതിസന്ധിനേരിടുന്ന പെണ്‍മക്കളെ പിന്തുണയ്ക്കുന്നത് നാണക്കേടാണെന്നു കരുതുന്ന രക്ഷിതാക്കള്‍ ഇപ്പോഴുമുണ്ട്. മക്കളുടെ ദാമ്പത്യജീവിതത്തില്‍ ആവശ്യത്തിനും അനാവശ്യത്തിനും ഇടപെടുന്നതിനെയല്ല, അവരെ പിന്തുണയ്ക്കുക എന്നതുകൊണ്ടുദ്ദേശിക്കുന്നത്. മക്കള്‍ക്ക് ആവശ്യമായ ഘട്ടത്തില്‍ അവര്‍ക്ക് വൈകാരികമായ പിന്തുണ നല്‍കുന്നതാണ് ഏറ്റവും പ്രധാനം. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ അങ്ങനെ സംഭവിക്കുന്നത് വിരളമാണ്. സ്ത്രീയെ അവളുടെ ഭര്‍തൃഗൃഹത്തിലേക്ക് തിരികെപ്പറഞ്ഞയക്കുകയാണ് 'തറവാടിത്ത'മുള്ള രക്ഷിതാക്കള്‍ ചെയ്യുകയെന്നതാണ് ഇവിടത്തെ പൊതുബോധം. 'നിസ്സാരകാര്യ'ത്തിന് വഴക്കിട്ട് ഭര്‍ത്താവിന്റെ വീടുപേക്ഷിച്ച് വരുന്ന പെണ്‍മക്കളെ അങ്ങനെയാണ് നേരിടേണ്ടതെന്നു പഠിപ്പിക്കുന്ന സിനിമകള്‍ നാമെത്ര കണ്ടു! നമുക്കിപ്പോഴും നിസ്സാരകാര്യത്തിന് ദാമ്പത്യമുപേക്ഷിക്കലും നിസ്സാരകാര്യത്തിന് ആത്മഹത്യചെയ്യലുമൊക്കെയുണ്ട്! ഇതുരണ്ടും ചെയ്യുന്നവരുടെ പക്ഷത്തുനിന്നു നോക്കിയാല്‍, നീണ്ടകാലത്തെ നിസ്സാരസംഭവങ്ങളുടെ സാരമായ ഒരു ചങ്ങലയാണ് അവരെക്കൊണ്ടതൊക്കെ ചെയ്യിച്ചതെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ, മനുഷ്യരെപ്പോലെതന്നെയാണ് സമൂഹവും, സ്വന്തം വീഴ്ചകള്‍ അംഗീകരിക്കില്ല.

വളരെ മാതൃകാപരമായി ജീവിച്ചിരുന്ന ദമ്പതിമാര്‍. മറ്റുള്ളവരുടെ ദൃഷ്ടിയില്‍ കടുത്ത പരസ്പരൈക്യവും പ്രണയവും. അങ്ങനെയിരിക്കെ ഭര്‍ത്താവിന് ചില പ്രണയബന്ധങ്ങളുണ്ടെന്ന രഹസ്യം ഭാര്യ അറിയുന്നു. നിരന്തരമായ നിരീക്ഷണങ്ങള്‍ക്കൊടുവില്‍, അദ്ദേഹം താന്‍ കരുതിയതുപോലൊരാളല്ല എന്നാണ് അവള്‍ കണ്ടെത്തിയത്. അതുമായി ബന്ധപ്പെട്ട വഴക്കുകള്‍ക്കൊടുവില്‍ ഭര്‍ത്താവിന്റെയും അയാളുടെ വീട്ടുകാരുടെയും വാദങ്ങള്‍ പതിവുള്ളതൊക്കെത്തന്നെ. പക്ഷേ, ഭാര്യയുടെ സ്വന്തം രക്ഷിതാക്കളുടെ വാദം ഏകദേശം ഇങ്ങനെയാണ്: ഇന്നത്തെക്കാലത്ത് ഇതൊന്നും അത്രവലിയ കാര്യമല്ല. നിരവധിപേരുമായി ബന്ധപ്പെടേണ്ട തൊഴിലാണ് അവന്റെത്. അതുകൊണ്ട് ഇത്തരത്തില്‍ സംഭവിക്കുന്നതില്‍ അദ്ഭുതമൊന്നുമില്ല. നിനക്കും മക്കള്‍ക്കും ഒരുകുറവും വരുത്തിയിട്ടില്ല; വഴക്കിട്ടാല്‍പ്പോലും മോശപ്പെട്ടൊരു വാക്കു പറയില്ല. എല്ലാവരോടും നന്നായിമാത്രമേ പെരുമാറൂ. നല്ല സ്‌നേഹവുമാണ്. മിക്കവാറും അമ്മമാര്‍ വക ഒരു നിത്യഹരിതാഭിപ്രായവുമുണ്ടാകും: നിന്റെ അച്ഛനെക്കാള്‍ ഭേദമാണ്!

പിന്നെന്തുകൊണ്ട് ഇതൊക്കെയുണ്ടായി എന്ന ചോദ്യത്തിന്, അവന് ആരെയും വേദനിപ്പിക്കാനാവില്ല എന്നാണത്രേ മറുപടിയുണ്ടായത്. ഇതില്‍ പ്രണയം ഒരു സാഹചര്യമായെന്നേയുള്ളൂ. അതല്ലാതെയും ഒരു ദാമ്പത്യബന്ധത്തില്‍ പരസ്പരം പരിക്കേല്‍ക്കാനും ഏല്‍പ്പിക്കാനും നിരവധി സാധ്യതകളുണ്ട്. പ്രണയബന്ധങ്ങളില്‍ തെറ്റൊന്നുമില്ല, അന്യരുടെ അവകാശങ്ങളെയും അന്തസ്സിനെയും മുറിപ്പെടുത്തുന്നതുവരെ. ഏതായാലും ദീര്‍ഘനാള്‍ നീണ്ടുനിന്ന മധ്യസ്ഥശ്രമങ്ങള്‍ക്കും മാപ്പപേക്ഷകള്‍ക്കും ശേഷം ഭാര്യ അയാള്‍ക്കൊപ്പം തിരിച്ചുപോയി. അതിനുശേഷം അയാള്‍ അവരെ ഏതാണ്ട് അവഗണിച്ചമട്ടായിരുന്നു. 

ഒരു പ്രത്യേകതരം അവഗണനയെന്നാണ് അടുത്ത സുഹൃത്തുക്കളോട് അവര്‍ പറഞ്ഞത്. ഔപചാരികമായി, ബഹുമാനത്തോടെ മാത്രം പെരുമാറും. വഴക്കുകളൊന്നും ഇല്ലേയില്ല. ചോദിച്ചതിനുമാത്രം മറുപടിനല്‍കും. സുഹൃത്തുക്കളെ വീട്ടില്‍ കൊണ്ടുവരില്ല. ഭാര്യ ആവശ്യപ്പെട്ടാല്‍ എവിടെവേണമെങ്കിലും കൊണ്ടുപോകും, എന്തുവേണമെങ്കിലും വാങ്ങിനല്‍കും. ഫോണ്‍ വരുമ്പോള്‍ ആരാണെന്ന് ചോദിച്ചുപോയാല്‍ തത്ക്ഷണം ഫോണ്‍ അവര്‍ക്ക് നല്‍കും. ബാലിശമായതും പൈങ്കിളിത്തം നിറഞ്ഞതുമായ ചിന്തകള്‍ കാരണം അവള്‍ തനിക്ക് അപമാനമുണ്ടാക്കിയെന്ന് അയാള്‍ വിശ്വസിച്ചു. 

പക്ഷേ, ജീവിതത്തോടുള്ള സ്വന്തം മനോഭാവത്തില്‍ അയാള്‍ തുടര്‍ന്നും മാറ്റങ്ങളൊന്നും വരുത്തിയില്ല. പകരം കുറെക്കൂടി സ്വതന്ത്രനാവുകയുംചെയ്തു. പക്ഷേ, ഭാര്യ പുറത്തേക്കിറങ്ങുന്നത് വളരെ വിരളമായി. ആ അന്തരീക്ഷത്തില്‍ അവര്‍ കടുത്ത വീര്‍പ്പുമുട്ടല്‍ അനുഭവിച്ചിട്ടുണ്ടാകാം. രണ്ടരവര്‍ഷത്തിനുശേഷം അവര്‍ ആത്മഹത്യചെയ്തതും എന്തോ 'നിസ്സാരസംഭവ'ത്തിനുമേലായിരുന്നു എന്നോര്‍ക്കുന്നു. അതുവരെയും മകള്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ നന്നായി ജീവിക്കുന്നുവെന്നുതന്നെയാണ് അവരുടെ രക്ഷിതാക്കള്‍ കരുതിയിരുന്നത്. എല്ലാം പറഞ്ഞുശരിയാക്കിവിട്ടിട്ടും മകള്‍ അബദ്ധം കാണിച്ചുവെന്നായിരുന്നു അവരുടെ സങ്കടം.

സാധാരണഗതിയില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സിനിമകളില്‍ കാണുന്നതുപോലെയല്ല മനുഷ്യര്‍ പ്രതികരിക്കുക. ചിലര്‍ ക്ഷുഭിതരായെന്നുവരും, ചിലര്‍ നിശ്ശബ്ദരായി തുടരും. പൊസസീവ്നെസ് ഏറിയും കുറഞ്ഞും ഏതുബന്ധത്തിലുമുണ്ടാകും. പക്ഷേ, പ്രണയത്തിലും ദാമ്പത്യത്തിലും അല്പം കൂടിയ അളവിലായിരിക്കും അതിന്റെ സാന്നിധ്യമെന്നുമാത്രം. ഇതുരണ്ടും നിലനിര്‍ത്താന്‍ മനുഷ്യര്‍ എന്തുമാര്‍ഗവും സ്വീകരിക്കും. പ്രണിയിനിയെയോ പങ്കാളിയെയോ കൊന്നുകളയുന്നതിലേക്കുവരെയെത്തുന്ന ഒന്നാണത്. 

തന്നില്‍നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ട് മുന്നോട്ടൊരു ജീവിതമില്ലെന്ന് പങ്കാളിയെ ഭീഷണിപ്പെടുത്തുന്ന നിരവധിപേരുണ്ട്. കൊലപാതകം മുതല്‍ കോടതിവരെ അതിന് ഉപയോഗിക്കപ്പെടും. തൊഴിലിടത്തില്‍ വന്നു നാണം കെടുത്തുമെന്ന് പറയും. ചിലരെങ്കിലും അതു ചെയ്യുകയും ചെയ്യും. ശിഷ്ടകാലം ഇതിനോടൊക്കെയും പൊരുതാന്‍ നീക്കിവെയ്‌ക്കേണ്ടിവന്നാലും അദ്ഭുതമില്ല. ഇതൊക്കെ ഏട്ടില്‍ വായിക്കാന്‍ എളുപ്പമാണ്. ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ പടക്കളത്തില്‍ ഓര്‍ക്കാപ്പുറത്ത് ആയുധം നഷ്ടമായതുപോലെ മനുഷ്യര്‍ പകച്ചുപോകും. ഇന്നലെവരെ തങ്ങള്‍ അരുമയായും അമൂല്യമായും കണ്ട ബന്ധങ്ങള്‍ തിരിഞ്ഞുകൊത്തുന്ന കാഴ്ച മരണത്തെക്കാള്‍ ദാരുണമാണ്.