'ഗൃഹലക്ഷ്മി''യുടെ ആദ്യത്തെ ലക്കത്തിന്റെ മുഖചിത്രം ശ്രീമതി ശാരദയുടേതാണ്. സിനിമയെന്ന ബഹുജനമാധ്യമത്തിന്റെ ആകഷകത്വം മുൻനിർത്തിയല്ല ഞങ്ങൾ ഈ ചിത്രം തിരഞ്ഞെടുത്തത്. പ്രതിഭാധനകളായ സമകാല ഭാരതീയ സ്ത്രീകളുടെ മുൻനിരയിലൊരു സ്ഥാനത്തിനു തനിക്കുള്ള അർഹത, അഭിനയകലയ്ക്കുള്ള ദേശീയ അവാർഡ്‌ മൂന്നുതവണ നേടുക വഴി, ശ്രീമതി ശാരദ തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്. തുലാഭാരം എന്ന മലയാളചിത്രത്തിലെ അഭിനയത്തിന്നു 1968-ലും, സ്വയംവരം എന്ന മലയാളചിത്രത്തിലെ അഭിനയത്തിന്നു 1972-ലും ഉർവശി അവാർഡ്‌ ലഭിച്ച ശാരദ 'നിമജ്ജനം' തെലുഗു ചിത്രത്തിലെ അഭിനയത്തിന് ഈ വർഷവും അതേ അവാർഡ്‌ നേടുകയുണ്ടായി. ഇന്ത്യയിൽ മറെറാരു കലാകാരിയ്ക്കും ഇന്നോളം ലഭിയ്ക്കാത്തതാണ് ഈ ബഹുമതി.

To advertise here,

ഇതേവരെയായി 150-ലേറെ ചിത്രങ്ങളിൽ ശ്രീമതി ശാരദ അഭിനയിച്ചിട്ടുണ്ട്. 'ഇണപ്രാവുകൾ' ആണ് ശാരദ അഭിനയിച്ച ആദ്യത്തെ മലയാളചിത്രം. ഇപ്പോൾ പതിനാലിൽ പരം ചിത്രങ്ങളിൽ അഭിനയിക്കുന്നതിനുള്ള കരാറിൽ അവർ ഒപ്പുവെച്ചിട്ടുണ്ട്. എങ്കിലും, അഭിനയിക്കുന്ന ചിത്രങ്ങളുടെ എണ്ണത്തിലല്ല, അഭിനയത്തിന്റെ നിലവാരത്തിലാണ് ശാരദക്ക് കൂടുതൽ താല്പര്യം.

ദുഃഖം, അതിന്റെ എല്ലാ തീവ്രതയോടും കൂടി അവതരിപ്പിക്കുമ്പോഴാണ് ശാരദ അഭിനയ കലയുടെ പരമോന്നത ശൃംഗങ്ങളിലെത്തുന്നത്. ഇതിനു കാരണം സ്വകാര്യജീവിതത്തിലും ദുഃഖം അവരുടെ ഭാഗധേയമാണെന്നതാവാം. ഞങ്ങളുടെ മദ്രാസ് ലേഖകൻ ശ്രീമതി ശാരദയുമായി നടത്തിയ ഈ അഭിമുഖസംഭാഷണം, അവരുടെ സ്വകാര്യ ജീവിതത്തിന്റെ ഉള്ളറകളിലേയ്ക്കുവെളിച്ചം വീശുന്നു...

അഭിനയത്തിലൂടെ താൻ അത്യന്തം കുശലതയോടെ ആവിഷ്‌കരിച്ച ദുഃഖിതകഥാപാത്രങ്ങളേക്കാളേറെ ഏകാന്തപീഡനം ഉള്ളിലൊതുക്കേണ്ടിവന്ന ഒരു കലാകാരിയുടെ ചിത്രം. മൂന്നു തവണ ദേശീയ ബഹുമതി നേടുകയെന്ന അപൂർവസൗഭാഗ്യത്തിന്റെ ഉയരത്തിൽ നില്ക്കുമ്പോഴും ശാരദയിലെ സ്ത്രീ ഓർമ്മിയ്ക്കുന്നു:
'ജീവിയ്ക്കാൻ മറന്നുപോയി''

അപമാനിക്കപ്പെട്ട സ്ത്രീത്വത്തിന്റെയും പരാജയപ്പെട്ട ഒരു സ്വകാര്യജീവിതത്തിന്റേയും ഉടമയാണ് അഭിനയത്തിന്നു മൂന്നു പ്രാവശ്യം ദേശീയ അവാർഡ് കരസ്ഥമാക്കിയ ശ്രീമതി ശാരദ. ദുഃഖം ഉള്ളിലൊതുക്കിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രസിദ്ധി നേടിയ ഈ നടിയുടെ സ്വന്തം ജീവിതകഥ അവരാവിഷ്‌ക്കരിച്ച കല്പിത പാത്രങ്ങളേക്കാൾ നമ്മെ വേദനിപ്പിക്കുന്നു. വ്യക്തി ജീവിതത്തേയും കലാജീവിതത്തേയും പറ്റി തുറന്നു സംസാരിക്കാൻ തയ്യാറായി അവർ സ്വീകരണമുറിയിലിരുന്നു. അതൊരു സ്ഥിരം അഭിമുഖത്തിന്റെ ചട്ടവട്ടങ്ങൾ പാലിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പറയുന്ന വാചകങ്ങൾക്കിടയിലെ നീണ്ട നിശ്ശബ്ദതകൾ വാചാലങ്ങളായി.

സ്ത്രീത്വം അപമാനിക്കപ്പെടുന്നത് ചലച്ചിത്രലോകത്തിൽ മാത്രമല്ല. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഏറ്റകുറച്ചിലോടെ അത് നിലനില്ക്കുന്നു, അല്ലേ? നമുക്ക് സമ്മതിക്കേണ്ടി വരുന്നു. സ്ത്രീത്വത്തെ ബഹുമാനിക്കുകയും അർഹിക്കുന്ന പ്രാധാന്യം അതിന് നൽകുകയും ചെയ്യുമെന്ന് വാദിക്കുന്ന പുരുഷൻതന്നെ തന്റെ മാന്യതയില്ലാത്ത മേധാവിത്വം സ്ത്രീയ്ക്കുനേരെ പ്രയോഗിക്കുകയും അധികാരം ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. തന്റെ ജീവിതാനുഭവങ്ങളെ വിലയിരുത്തിക്കൊണ്ട് ശാരദ സംസാരിച്ചപ്പോൾ ഈ ഒരു പ്രശ്‌നത്തിലാണ് പ്രധാനമായും ശ്രദ്ധയൂന്നിയത്.

ആന്ധ്രയിലെ തെനാലിയിൽനിന്നും അമ്മയുടെ ആഗ്രഹമനുസരിച്ച് വിദ്യാഭ്യാസം ഇടയ്ക്ക് വെച്ച് നിറുത്തി നർത്തകിയോ നടിയോ ആകാനായി പുറപ്പെട്ട പെൺകുട്ടിയാണ് വർഷങ്ങൾക്കുശേഷം അഖിലഭാരതാംഗീകാരം നേടിയെടുത്ത് മികച്ച നടിയായി അറിയപ്പെട്ട ശാരദയായിത്തീർന്നത്. അന്നങ്ങനെ വീടുവിട്ട് പോരുമ്പോൾ സ്വന്തം ജീവിതത്തോടും നിരുത്തരവാദപരമായി പെരുമാറിയെന്നു ശാരദയ്ക്ക് തോന്നിയിട്ടില്ല. അങ്ങനെയൊരാശങ്ക പോകട്ടെ; സങ്കല്പങ്ങളും സ്വപ്നങ്ങളും തന്നെയില്ലായിരുന്നു എന്നാണവർ പറഞ്ഞത് വ്യക്തമായ ധാരണകൾപോലും ഉരുത്തിരിഞ്ഞിട്ടില്ലായിരുന്നുവെന്നു ചുരുക്കം.

അകലെ ഒരു സ്വപ്‌നം
നാടകങ്ങളിലും മറ്റുമാണ് ആദ്യം അഭിനയിച്ചത്. പിന്നെ ചലച്ചിത്രങ്ങളിൽ ചെറുഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. യഥാർത്ഥമായും ഒരു വഴിത്തിരിവാരംഭിച്ചത് മലയാള ചിത്രങ്ങളിലെ അഭിനയത്തോടുകൂടിയാണ്. തികച്ചും അപ്രതീക്ഷിതവും ആഹ്ലാദജനകവുമായിരുന്നു. കുട്ടിക്കാലത്തുതന്നെ, താൻ ജീവിതത്തെ വിഗണിച്ചുവെങ്കിലും ജീവിതം തന്നെ വിഗണിച്ചിട്ടില്ല എന്നൊരു തോന്നൽ ശാരദയുടെ മനസ്സിൽ ശക്തിയായി രൂപം കൊള്ളുകയും ജീവിതത്തോട് അവർ നന്ദിപ്രകടിപ്പിക്കയും ചെയ്തു. നഷ്ടപ്പെട്ടതെല്ലാം തന്നെ തിരിച്ചെടുക്കാമെന്ന ഒരു മോഹം മനസ്സിൽ മുളപൊട്ടി പന്തലിക്കുന്നതും അവരുടെ ഓർമ്മയിലുണ്ട്.

തന്റെ സ്ത്രീത്വം സനാഥമാക്കാനുള്ള മോഹത്തിൽ വലിയൊരംശം, അക്കാലത്ത് ജീവിതത്തിന്റെ ഊഷ്മളതയെക്കുറിച്ച് ചിന്തിക്കാനും ആലോചിച്ച് നുണയാനും പ്രേരിപ്പിച്ചിരുന്നു. പക്ഷേ, അത് തനിക്ക് നിഷേധിയ്ക്കപ്പെട്ടതാണെന്ന ചിന്ത, അനുഭവത്തിനുശേഷം ഉളവായി.

ഒരു ബന്ധത്തിന്റെ തുടക്കം
“ചലത്തെ മിക്കപ്പോഴും കാണാറുണ്ടായിരുന്നു. ചിത്രീകരണവേളകളിലും മറ്റും. ആദ്യമൊന്നും അടുപ്പം തീരെ തോന്നിയിട്ടില്ല. തന്റെ സമീപത്തിൽനിന്നു മാറാതെ സ്‌നേഹം അഭിനയിക്കുകയായിരുന്ന ആ വ്യക്തി (എന്നാണ് ഇപ്പോൾ ശക്തിയായി തോന്നുന്നത്)യുമായി എങ്ങനെയെങ്കിലും ബന്ധപ്പെടുന്നതിൽ നിന്നും അച്ഛനുമമ്മയും കർക്കശമായി വിലക്കുകയും ശകാരിക്കുകയും ചെയ്യുമായിരുന്നു. എതിർപ്പുകൾക്കും ശകാരങ്ങൾക്കും അത്ഥമുണ്ടായിരുന്നു. മദ്യപാനിയും ദുസ്വഭാവിയുമെന്നും പറയപ്പെടുന്ന ഒരുവ്യക്തിക്ക് മകളെ വിവാഹം കഴിച്ചുകൊടുക്കുന്നതിന്നു ഏതു മാതാപിതാക്കളാണ് ഇഷ്ടപ്പെടുക?”

''അപ്പോൾ അതും വ്യക്തമായിരുന്നിട്ടും ഈ വിവാഹം കഴിച്ചതിന്നർത്ഥമെന്താണ്? ഒരു ധിക്കാരത്തിന്റെ ചുവയില്ലേ അതിന്?”

“ധിക്കാരമല്ല പ്രത്യുത, അബദ്ധമായിരുന്നുവെന്നും ഇപ്പോൾ എനിക്കുതന്നെ വ്യക്തമായിട്ടുള്ള ഒരു ദൃഢവിശ്വാസം. അന്ധവിശ്വാസമെന്നുതന്നെ പറയട്ടെ. വിശ്വാസത്തിന്റെ ബലത്തിലായിരുന്നു. ആ വിവാഹം നടന്നത്. ഞാനിന്നു ദുഃഖിക്കുന്നുമുണ്ട്. മാത്രമല്ല, എന്റെ ബുദ്ധിമോശം, അതുപോലെത്തന്നെ എന്റെ പരാജയവും ഞാൻ സമ്മതിക്കുകയാണ്. മദ്യപാനവും ദുസ്വഭാവവും ഞാനൊരുമ്പെട്ടാൽ അവസാനിപ്പിക്കാവുന്നതേയുള്ളൂ എന്ന എന്റെ ഒരു തന്റേടം ഇങ്ങനെ ദയനീയമായി പരാജയപ്പെട്ടു.”

“ഭർത്താവിൽനിന്ന് ഏതുതരത്തിലുള്ള സമീപനമാണ് ആഗ്രഹിച്ചിരുന്നത്?ഏകപത്‌നീവ്രതമായിരുന്നോ? ''

“അങ്ങനെയല്ല. ഭർതൃമതിയായ ഞാൻ ഒരു പക്ഷേ, കിട്ടാവുന്നതിൽ കൂടുതൽ ആഗ്രഹിച്ചുപോവുകയാണുണ്ടായത്.''

''പക്ഷേ, ഇന്ത്യൻ സ്ത്രീത്വം തികച്ചും അങ്ങനെയല്ലേ? ഇത് നിങ്ങളുടെ മാത്രം പ്രശ്‌നമല്ലല്ലോ. അതൊരു ദേശീയസ്വഭാവം തന്നെയാണ്. ശരാശരി ഇന്ത്യൻ സ്ത്രീയുടെ അനാഥത്വം എപ്പോഴാണ് പരിഹരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്?''

''ശരിയാണ്. ശരാശരി ഇന്ത്യൻ സ്ത്രീയെ സംബന്ധിച്ചിടത്തോളം ഭർതൃമതിയായിരുന്നുകൊണ്ടുള്ള അനാഥത്വമാണ് ഏറ്റവും വലിയ ദുരന്തം. എന്നാൽ എന്റെ ആഗ്രഹങ്ങൾ മറ്റുള്ളവരുടെ ആഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു. ആഗ്രഹങ്ങളുടെ വൈവിധ്യവും ഏറ്റക്കുറച്ചിലുകളും ഒരു സ്ത്രീയുടെ ജീവിതത്തെ മറെറാരു സ്ത്രീയുടെ ജീവിതത്തിൽ നിന്നും വ്യത്യസ്തമാക്കിത്തീക്കും. എന്റെ ആഗ്രഹങ്ങൾ സ്വഭാവത്തിൽ വൈവിധ്യം നിറഞ്ഞവയാണോ എന്നറിഞ്ഞുകൂടാ. ചിലർക്ക് ഒരു രത്‌നമാലയോ, സാരിയോ, ചുറ്റിയടിയ്ക്കാനുള്ള സ്വാതന്ത്ര്യമോ ആണ് വലുത്. എന്നെ സംബന്ധിച്ചിടത്തോളം നിർവചിയ്ക്കാനാവാത്തവിധം എന്തെല്ലാമോ സങ്കല്പങ്ങളുണ്ടായിരുന്നു.''

വഴികൾ വേറെ
''സ്വരച്ചേർച്ചയില്ലായ്മ വിശദീകരിയ്ക്കാനാവില്ല എന്നോ? ഒരു കലാകാരിയുടെ മനസ്സുണ്ടായിട്ടും ഇപ്പറയുന്നതിന്റെ അർത്ഥം?”

"പ്രധാനമായും എന്റെ അഭിനയം നിർത്തണമെന്നായിരുന്നു ആവശ്യം. എങ്കിൽ, തെനാലിയിൽ നിന്നും ഒരു ധാരണകളുമില്ലാതെ ഇറങ്ങിത്തിരിച്ചതിന്റെ അർത്ഥമെന്തെന്നു ഞാനാലോചിച്ചുപോയി. അതും കലാജീവിതത്തിന്റെ ഔന്നത്യത്തിൽ എത്തിയ ഒരു സമയത്ത് വിട്ടുപോകുന്നത് മടയത്തരമെന്നതിനേക്കാൾ വലിയകുറ്റമാവില്ലേ? വ്യക്തിജീവിതം നഷ്ടപ്പെടുത്തിയശേഷം കലാജീവിതവും നഷ്ടപ്പെടുത്തുന്നത് എന്റെ മനസ്സിന് ഒരിയ്ക്കലും ക്ഷമിക്കാൻ കഴിയാത്ത അപരാധമാവുമെന്നും ഞാൻ വിശ്വസിച്ചു.”

''ഭർത്താവിൽ നിന്നു ഇത്രയേറെ ആഗ്രഹിക്കുന്ന സ്ത്രീ പിന്നെന്തുകൊണ്ട് അഭിനയം നിർത്തുക എന്ന, താരതമ്യേന ന്യായമായ, ഈ ആവശ്യം നിരാകരിച്ചു?''

“ഇത് ഒരു വിലപേശൽ പോലെയായിത്തോന്നി. കലാകാരനായ ഒരു ഭർത്താവിന് മനസ്സിലാവില്ലേ ഒരു കലാകാരിയുടെ മനസ്സ്? മൂന്നാമതൊരാൾ അതും അറിഞ്ഞെന്നുവരില്ല. അല്ലെങ്കിൽ മറ്റു പുരുഷന്മാരുടെകൂടെ അഭിനയിയ്ക്കുന്നത് തനിയ്ക്കിഷ്ടമില്ലെന്ന് പറയാനുള്ള ധൈര്യം വേണമായിരുന്നു. അതു പറയാൻ കുത്തഴിഞ്ഞ വ്യക്തിജീവിതമുള്ള ഒരാൾക്ക് എങ്ങനെ ധൈര്യംവരും ? അപ്പോൾ വിലങ്ങുകൾ എനിക്കുമാത്രം എന്ന് അറിഞ്ഞുകൊണ്ടുതന്നെ പ്രവർത്തിച്ചതാണെന്നും മനസ്സിലായി. ഏതായാലും ചങ്ങലകൾ ഞാൻ പൊട്ടിച്ചു. വിജയമാണോ പരാജയമാണോ എന്നൊന്നും തീരുമാനിയ്ക്കുന്നില്ല. ഞാനത് മറക്കുന്നു.... എനിക്കു ജീവിയ്ക്കാനുള്ള വഴിയും വകയുമുണ്ടായിരുന്നതിനാൽ ഞാൻ ആത്മഹത്യ ചെയ്തില്ല... പക്ഷേ, പൂർത്തീകരിയ്ക്കപ്പെടാത്ത ഒരു സ്ത്രീത്വംമാത്രം അവശേഷിക്കുന്നുണ്ട്. ജീവിക്കാൻ മറന്നു പോയി എന്നൊരു തോന്നലും.”

''ജീവിയ്ക്കാൻ മറന്നുപോയോ? അസ്സലായി, ഒരു സ്ത്രീ സഹജമായ വാസനകളെ എങ്ങനെ മറക്കും? കുറച്ചുകൂടെ വ്യക്തമാക്കുകയാണെങ്കിൽ, അങ്ങനെയൊരു ജീവിതം ആഗ്ര ഹിച്ചിരുന്നില്ല എന്നതല്ലേ വസ്തുത? അപ്പോൾ സ്വന്തം കുറ്റമല്ലേ?”

''എല്ലാവരും ആദ്യം തുടങ്ങുമ്പോൾ മറുകരയെത്താനാണാഗ്രഹിയ്ക്കുന്നതു യഥാർത്ഥജീവിതത്തിൽനിന്നും ഞാൻ അകന്നുപോവുകയാണ് ചെയ്തത്. കുറ്റം എന്റേതുതന്നെ.”

“ആളുകൾ നിങ്ങളെപ്പോലെയാവാൻ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്യുമ്പോൾ പരാതി പറയാറുണ്ട് 'ജീവിക്കാൻ പഠിച്ചില്ല' എന്ന്. നിങ്ങളാവട്ടെ ലക്ഷ്യത്തിലെത്തിയിട്ടും ജീവിയ്ക്കാൻ മറന്നെന്നു പറയുന്നു. വളരെ വിചിത്രമല്ലേ?”

''ബന്ധങ്ങളിലുള്ള കുഴപ്പമാണത്. ഇവിടെ എത്തിയിട്ട് എന്റെ വിവാഹബന്ധവും നന്നായിരുന്നെങ്കിൽ ഞാൻ പറഞ്ഞേനെ, ജീവിയ്ക്കാൻ മറന്നില്ലെന്ന്''

''ഇനിയിപ്പോൾ ഒരു പുതിയ ജീവിതം തുടങ്ങാൻ ഉദ്ദേശമുണ്ടോ?''

''ഈ വർഷം കൂടി അഭിനയിക്കും. അച്ഛനേയും അമ്മയേയും ഒരിടത്ത്‌വീടുവെച്ച് താമസിപ്പിക്കുന്നതുവരെ. ശേഷം ഒന്നും പറയാൻ വയ്യ. എല്ലാം തരപ്പെട്ടാൽ അമ്മയുടെ നിർബ്ബന്ധത്തെക്കൂടി കണക്കിലെടുത്തു കുടുംബജീവിതം തുടങ്ങാനും മതി.”

''സിനിമാലോകത്തിലെ പുരുഷമേധാവിത്വത്തെക്കുറിച്ച് എന്താണ് തോന്നുന്നത്?''

''പുരുഷനൊരു ചിന്തയേ ഉള്ളു. സ്ത്രീയെ ഉപയോഗിക്കുക. കിട്ടുന്ന അവസരങ്ങൾ പുരുഷൻ ഉപയോഗിക്കും. അവസരങ്ങൾ സൃഷ്ടിയ്ക്കുകയും ചെയ്യും. ഇവിടെ തളരാതെ നില്ക്കാൻ വിഷമമൊന്നുമില്ല.

കുറുക്കുവഴിയിലൂടെ ഉയരണമെങ്കിൽ പലതും ചെയ്യേണ്ടിയിരിയ്ക്കുന്നു. ഇനി ഇത് സിനിമയിൽ മാത്രം ഒതുക്കിനിർത്തുന്നതെന്തിനാണ്? സാമൂഹ്യപ്രവർത്തകരുടെ ഇടയിലും രാഷ്ട്രീയത്തിലും ഇങ്ങനെതന്നെയല്ലേ?''
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi