
പരസ്പരബഹുമാനവും വിശ്വാസവുമില്ലാത്ത സഹജീവിതം ജീവപര്യന്തത്തെക്കാള്‍ വലിയ ശിക്ഷയാണ്. ദാമ്പത്യത്തിന് പുറത്തുനില്‍ക്കുന്നവര്‍ക്ക് അത് മനസ്സിലാവണമെന്നില്ല. ആദ്യകാലത്ത് എന്റെ പ്രശ്‌നങ്ങളില്‍ പിന്തുണയ്ക്കാത്തവരോടൊക്കെ എനിക്ക് അനിഷ്ടം തോന്നിയിരുന്നു. അത് ഏറ്റവും സ്വാഭാവികവുമാണ്. ദാമ്പത്യമെന്ന ഉടമ്പടി വിജയകരമായി കൊണ്ടുപോകാനാവാത്ത സ്ത്രീകള്‍ക്ക് എവിടെ നിന്നായാലും പിന്തുണ ലഭിക്കുകയെന്നത് ദുഷ്‌കരമാണ്. പിന്നെ ആകെ സാധിക്കുന്നത് അത്തരം തിക്കുമുട്ടലുകള്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളോട് പങ്കുവയ്ക്കുക എന്നത് മാത്രമാണ്. അവരെന്തെങ്കിലും പോംവഴി നിര്‍ദേശിക്കാനല്ല. പക്ഷേ, പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് ചിലരെങ്കിലും അറിയുന്നത് നല്ലതാണ്.
ഭര്‍ത്തൃപിതാവില്‍ നിന്നേറ്റ അപമാനത്തെപ്പറ്റി തുറന്ന് പറഞ്ഞതിനുശേഷവും ആ വീട്ടില്‍ ഏതാനും ദിവസം എനിക്ക് തുടരേണ്ടി വന്നിരുന്നല്ലോ. അക്കാലം സ്‌കൂളില്‍ പോകുന്നത് മാത്രമായിരുന്നു എനിക്ക് ആകെയുള്ള ആശ്വാസം. കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് അറിയുന്ന ചില സഹപ്രവര്‍ത്തകര്‍ ഉച്ചഭക്ഷണവും കുടിവെള്ളവും എനിക്ക് കൊണ്ടുവന്നു തന്നിരുന്നു. ഉച്ചയ്ക്ക് സ്വന്തം വീട്ടില്‍ പോയി ഭക്ഷണം കഴിക്കുമായിരുന്ന ഒരു സഹപ്രവര്‍ത്തകന്‍ കുപ്പിയില്‍ വെള്ളം കൊണ്ടുവന്നു തരും. എല്ലാവരും ഒഴിഞ്ഞ വെള്ളക്കുപ്പിയുമായി വൈകിട്ട് വീട്ടിലേക്കുപോകുമ്പോള്‍ ഞാന്‍ നിറഞ്ഞ കുപ്പിയുമായി പോകും. കലാപകലുഷിതമായ ആ വീട്ടിലെത്തുമ്പോള്‍ എന്താണ് സ്ഥിതിയെന്നറിയില്ലല്ലോ, വെള്ളമെങ്കിലും കയ്യിലിരുന്നാല്‍ കുടിക്കാമല്ലോ എന്നാണ് അയാളതിന് പറഞ്ഞിരുന്ന ന്യായം. അത്തരം വിരലിലെണ്ണാവുന്ന സുഹൃത്തുക്കളുണ്ടായിട്ടുണ്ട് എന്നതായിരുന്നു എക്കാലത്തെയും സന്തോഷം. ബ്രണ്ണനിലും അതുണ്ടായിരുന്നു. അതുകൊണ്ടാണ് ആ തൊഴിലിടം രണ്ടാം വീടുപോലെ അനുഭവപ്പെട്ടിരിക്കുക.
Also Read
ബന്ധുക്കളെ സംബന്ധിച്ചിടത്തോളം പലരും ഞാന്‍ നേരിട്ടുകൊണ്ടിരുന്ന സംഘര്‍ഷങ്ങളെക്കുറിച്ച് അജ്ഞരായിരുന്നു. ഞങ്ങള്‍ അതൊക്കെയും പരമാവധി മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. അങ്ങനെ ചെയ്തിട്ട് പിന്തുണച്ചില്ല എന്ന് പില്‍ക്കാലത്ത് ഖേദിച്ചതുകൊണ്ട് കാര്യവുമില്ലല്ലോ. പ്രശ്‌നങ്ങളുണ്ടാവും അവ പരിഹരിച്ച് മുന്നോട്ടുപോകണം എന്നല്ലാതെ മറ്റൊരു പോംവഴിയും അക്കാലത്ത് നിര്‍ദേശിക്കപ്പെടാനും സാധ്യതയില്ലായിരുന്നു. പ്രത്യേകിച്ച് ഒരു കുട്ടിയുള്ള സ്ഥിതിക്ക്.
പിരിഞ്ഞ് ജീവിക്കാനുള്ള മനോനിലയുണ്ടാക്കലാണ് ആദ്യത്തെ പടി. അതിനുള്ള സാഹചര്യങ്ങള്‍ പിന്നെയേ വരുന്നുള്ളൂ. അത്തരമൊരു ഭാവിക്കുവേണ്ടി തയ്യാറെടുക്കുന്നതാവും നല്ലത് എന്ന് ഞാനെന്റെ മനസ്സിനോട് പറഞ്ഞു. ഏറ്റവും അവസാനത്തെ ഓപ്ഷനായി മാത്രം അതിനെ സ്വീകരിച്ചാല്‍ മതിയാവുമെന്ന് ഞാന്‍ തീരുമാനിച്ചു.
ഇത്രയൊക്കെ പ്രയാസപ്പെട്ട് ആ ബന്ധത്തില്‍ തുടര്‍ന്നതെന്തിന് എന്ന് ഒരുപാടുപേര്‍ ചോദിച്ചിട്ടുണ്ട്. ആ ചോദ്യത്തിന് മൂന്ന് കാരണങ്ങളാണുള്ളത്. ഒന്ന് മേല്‍പറഞ്ഞതുതന്നെ. രണ്ടാമത്തെത് ഈ ചോദ്യകര്‍ത്താക്കള്‍ക്ക് ഒത്തുതീര്‍പ്പുശ്രമങ്ങളുടെ പ്രഹരശേഷിയെപ്പറ്റി ശരിയായ ധാരണയുണ്ടാവില്ല എന്നതാണ്. മൂന്നാമത്തെത് ഭീഷണിയാണ്. വിവാഹബന്ധത്തിന് പുറത്തുകടക്കാന്‍ ശ്രമിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പലതരം ഭീഷണികള്‍. പലര്‍ക്കും ജീവിതത്തിലെ പല ഘട്ടങ്ങളിലായി ഇവ മൂന്നിനെയും അഭിമുഖീകരിക്കേണ്ടിവരും. എന്റെ കാര്യത്തില്‍ കുഞ്ഞിനെ എന്നില്‍നിന്ന് പറിച്ചുമാറ്റുമെന്നതായിരുന്നു ഭീഷണി. സഹോദരീഭര്‍ത്താവ് വക്കീലാണെന്നും സുപ്രീംകോടതിവരെ പോയിട്ടാണെങ്കിലും കുഞ്ഞിനെ വാങ്ങിയെടുക്കുമെന്നും ഭീഷണി വന്നു. അതിനെ എന്റെ കൈയില്‍നിന്ന് തട്ടിയെടുക്കുന്നതും ഒരുനോക്കുകാണാന്‍ ഞാന്‍ വിഫലമായി യത്‌നിക്കുന്നതുമായ സ്വപ്‌നങ്ങള്‍ കാരണം ഭയമായിത്തുടങ്ങി. ഉറക്കമില്ലായ്മയും വിഷാദവും പിടികൂടിത്തുടങ്ങി.
വിദ്യാസമ്പന്നയും ഉദ്യോഗസ്ഥയുമായ ഒരു സ്ത്രീയെ ഇങ്ങനെയൊരു കാര്യം പറഞ്ഞ് മുള്‍മുനയില്‍ നിര്‍ത്താമെങ്കില്‍ അത്തരം പ്രിവിലേജുകളൊന്നുമില്ലാത്ത സ്ത്രീകളുടെ അവസ്ഥയെന്തായിരിക്കുമെന്ന് പിന്നീട് പല തവണ ആലോചിച്ചിട്ടുണ്ട്. 2006 മുതല്‍ 2014 വരെ അങ്ങനെയൊരു ഭീഷണിയെ ഭയന്നാണ് ഞാന്‍ ജീവിച്ചത് എന്ന് സമ്മതിക്കുന്നതില്‍ ലജ്ജയില്ല. കുട്ടിയെ കൊണ്ടുപോകുമെന്ന് പറയുന്നുവെന്ന് സങ്കടപ്പെട്ടപ്പോള്‍ എങ്കില്‍ കൊണ്ടുപോയി വളര്‍ത്തിക്കൊള്ളൂ എന്ന് ഒറ്റത്തവണ അനുവാദം കൊടുത്തുനോക്കാന്‍ ഉപദേശിച്ച സുഹൃത്തുക്കളുണ്ട്. ഒരുദിവസം മനസ്സ് കല്ലാക്കി അതങ്ങ് പറഞ്ഞുതീര്‍ത്തു.
പെണ്‍കുട്ടിയെ കൊണ്ടുപോയിട്ട് എന്തുകാര്യം, ഞാനെങ്ങനെ വളര്‍ത്തും എന്ന് മൂപ്പര് പിന്‍വലിഞ്ഞത് എനിക്ക് അദ്ഭുതമുണ്ടാക്കി. അപ്പോള്‍ കുഞ്ഞിനോടുള്ള ഇഷ്ടത്തിനപ്പുറം സുപ്രീംകോടതി പരാമര്‍ശമൊക്കെ എന്നെ സംഭ്രാന്തയാക്കാനുദ്ദേശിച്ചുമാത്രമുള്ളതാണ് എന്ന് മനസ്സിലായി. തോല്‍പിക്കുക മാത്രമാണ് ലക്ഷ്യം. പിരിഞ്ഞുപോവാനാണ് തീരുമാനമെങ്കില്‍ തൊഴിലിടത്തില്‍ അപമാനിക്കും, മറ്റൊരാളുടെകൂടെ ജീവിക്കാനനുവദിക്കില്ല എന്നൊക്കെ നേരത്തേ ഭീഷണിപ്പെടുത്തിയതിന്റെ മറ്റൊരു രൂപം. പല സ്ത്രീകളും ഇത്തരം വെല്ലുവിളികള്‍ കേട്ടിരിക്കും. കൗതുകകരമായ ഒരു കാര്യം ഈ ഭീഷണികള്‍ മുന്നറിയിപ്പെന്നോണം ആവര്‍ത്തിക്കുന്നവരില്‍ സ്ത്രീകളുടെ ബന്ധുക്കളും ഉണ്ടായിരിക്കുമെന്നതാണ്.
അടുത്തിടെയുണ്ടായ ഒരു ഹൈക്കോടതി വിധി കണ്ടു. ഭാര്യയ്ക്ക് പാചകമറിയില്ലെന്നത്, കൂടെ ജീവിക്കാന്‍ താത്പര്യപ്പെടുന്നില്ല എന്നത്, പത്തുവര്‍ഷത്തോളമായി അകന്നുകഴിയുന്നുവെന്നത്, തന്റെ ബന്ധുക്കളെ അവഹേളിച്ച് സംസാരിക്കുന്നുവെന്നത് വിവാഹമോചനത്തിന് പര്യാപ്തമായ കാരണമല്ല എന്നതായിരുന്നു അത്. കക്ഷികളിലൊരാള്‍ക്കായി വിവാഹമോചനം എന്ന തീരുമാനത്തിലെത്താന്‍ കഴിയില്ല എന്നും. അതിന്റെ സാങ്കേതികമായ വശങ്ങള്‍ എന്തായാലും വലിയൊരു പ്രശ്‌നം അതിലുണ്ട്. ഒരുതരത്തിലും യോജിച്ചുപോകാത്ത മനുഷ്യരെ ഒന്നിച്ച് ജീവിക്കാന്‍ നിര്‍ബന്ധിക്കേണ്ട കാര്യമുണ്ടോ എന്നതാണത്.
അത്തരം നിര്‍ബന്ധിതജീവിതം നയിക്കേണ്ടിവരുന്നവര്‍ അനുഭവിക്കുന്ന ട്രോമയ്ക്ക് എന്ത് നീതീകരണമാണുള്ളത്? മേല്‍പറഞ്ഞ കേസില്‍ സ്വത്തവകാശമടക്കമുള്ള പ്രശ്‌നങ്ങള്‍ അപരിഹാര്യമായിത്തുടരും. കക്ഷികള്‍ക്ക് ആരോഗ്യകരമായ ഒരു ജീവിതം സാധ്യമല്ല എന്ന് ബോധ്യമുണ്ടായിരിക്കേ അതിനവരെ നിര്‍ബന്ധിക്കുന്നത് മനുഷ്യത്വമല്ല. നമ്മുടെ വ്യവസ്ഥയില്‍ മാന്യമായ വിവാഹമോചനവും വിവാഹമോചനാനന്തരജീവിതവും സാധ്യമാകാത്തതിനൊരു കാരണം അനന്തമായി നീളുന്ന നിയമപ്രശ്‌നങ്ങളും സാങ്കേതികക്കുരുക്കുകളുമാണ്.
പുതിയ തലമുറ പഴയരീതിയിലുള്ള വിവാഹത്തില്‍നിന്ന് മാറിനടക്കാനുള്ള പ്രവണത കാണിക്കുന്നുവെന്ന് പലരും പരാതിയായി പറഞ്ഞുകേട്ടിട്ടുണ്ട്. പുതിയ തലമുറ അത്തരത്തില്‍ ചിന്തിക്കുന്നതിനുള്ള ഒരു കാരണംതന്നെ ഒരിക്കല്‍ കെട്ടിയാല്‍ ജീവിതാന്ത്യംവരെ അഴിയാത്ത കുരുക്കായി വിവാഹം മാറുന്നതാണ്. ശിഷ്ടകാലം മുഴുവന്‍ അതുണ്ടാക്കിയ പ്രശ്‌നങ്ങളുടെ പരിക്കുകളിലും കുരുക്കുകളിലും പെട്ട് ജീവിക്കുന്നതിലും നല്ലത് പരമ്പരാഗത വിവാഹം വേണ്ടെന്ന് വയ്ക്കുന്നതാണെന്ന് അവര്‍ കരുതും. നിയമംകൊണ്ട് മനുഷ്യബന്ധങ്ങളെ കുരുക്കിയിടുന്നത് അപരിഷ്‌കൃതമാണ്. സ്‌നേഹമില്ലാത്തിടത്ത് ഗവണ്‍മെന്റ് ഉത്തരവുകളോ കോടതി വിധികളോ കൊണ്ട് എന്താണ് കാര്യം?
പറഞ്ഞുവന്നത് മറ്റൊന്നാണ്. സംഘര്‍ഷങ്ങള്‍ അടുപ്പമുള്ളവരോട് പങ്കുവയ്ക്കുന്നത് നല്ലതാണ്. പക്ഷേ, അവ പില്‍ക്കാലം എങ്ങനെ ഉപയോഗിക്കപ്പെടുമെന്നുകൂടി കരുതിയിരിക്കണം. പൊതുവേ മനുഷ്യര്‍ സ്വന്തം വീഴ്ചകള്‍ മൂടിവയ്ക്കാന്‍ താത്പര്യമുള്ളവരാണ്. അകത്ത് പൊരിഞ്ഞ അടിയാണെങ്കിലും തങ്ങളുടെത് മറ്റുള്ളവരുടേതുപോലെ പ്രശ്‌നഭരിതമല്ല, മറിച്ച് ആദര്‍ശദാമ്പത്യമാണെന്ന് കാണിക്കാനാണ് പലരും ഇഷ്ടപ്പെടുക. അതിന് ഏറ്റവും നല്ല വഴി മറ്റുള്ളവരുടെ ജീവിതത്തിലേക്ക് നോക്കുക എന്നതാണെന്ന് അവര്‍ കണ്ടെത്തും.
ദാ നോക്കൂ, മീനാക്ഷിയും ഭര്‍ത്താവും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ല, അതെങ്ങനെയാണ്, അവള്‍ എന്നെപ്പോലെ ലക്ഷണയുക്തയല്ലല്ലോ, അവളുടെ ഭര്‍ത്താവ് എന്റെ ഭര്‍ത്താവിനെപ്പോലെ ആദര്‍ശധീരനല്ലല്ലോ എന്ന് പ്രഖ്യാപിക്കാന്‍ മിക്കവരും ആ അവസരം ഉപയോഗപ്പെടുത്തിയെന്നുവരും. സ്വകാര്യസദസ്സുകളില്‍ സംഭാഷണത്തിനുള്ള ഇഷ്ടവിഷയമായി അത് മാറിയെന്നുവരും. നാം മറക്കാന്‍ ശ്രമിക്കുന്നത് പലതും നമ്മോടുള്ള താത്പര്യമെന്ന വ്യാജേന ചോദിച്ച് കുത്തിപ്പുറത്തിട്ടെന്നുവരും. നമ്മെക്കുറിച്ചുള്ള ഭാവനാസമ്പൂര്‍ണമായ കഥകളും വ്യാഖ്യാനങ്ങളും പ്രചരിക്കുന്നത് കാണേണ്ടിവരും. ഓരോ ചലനത്തിലും വാക്കിലും ഉദ്ദേശിക്കാത്ത അര്‍ഥങ്ങള്‍ ആരോപിക്കപ്പെടുന്നതു കണ്ട് നാം തന്നെ അമ്പരക്കും. ഒപ്പം പ്രച്ഛന്നപരോപകാരികളും പ്രത്യക്ഷപ്പെട്ടെന്നിരിക്കും, അതും കരുതിയിരിക്കണം.
ഒരു രഹസ്യം പറയാം. ഓഫ് ടോപിക്കാണ്. എത്ര അപമാനകരമായ ദാമ്പത്യമാണ് നയിക്കുന്നതെങ്കിലും പുറമെയുള്ളവരോട് നാമും ചില കള്ളക്കഥകള്‍ പറഞ്ഞെന്നിരിക്കും. അതിലൊക്കെ ഭര്‍ത്താവിന് നമ്മോടുള്ള കരുതലായിരിക്കും വിഷയം. ഇടയ്ക്ക് നമ്മുടെ വീട്ടുകാരോടും അങ്ങനെ ചില കഥകള്‍ പറഞ്ഞേക്കാം എന്ന് നമുക്ക് തോന്നും. അങ്ങനെ ഞാന്‍ അമ്മയോട് പറഞ്ഞ ഒരു കഥയാണ് തിരക്കുള്ള കണ്ണൂര്‍ പറശ്ശിനിക്കടവ് റൂട്ടിലെ ബസ്സിലിരുന്ന് എന്റെ ഭര്‍ത്താവ് എന്നെ ഉമ്മവെച്ചു എന്നുള്ളത്! അതുകേട്ട അമ്മയുടെ മുഖം എനിക്കിപ്പോഴും നല്ല ഓര്‍മയുണ്ട്. ഓരോരോ അതിജീവനതന്ത്രങ്ങള്‍!
സുഹൃത്തുക്കളുടെ കാര്യമാണ് നാം പറഞ്ഞുവന്നത്. ഏറ്റവും വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവെച്ചിരുന്ന ഒരു സുഹൃത്തിനെ ഓര്‍ക്കുന്നു. സ്വാഭാവികമായും ദാമ്പത്യത്തിലുണ്ടായിരിക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ച് ഞാനയാളോടു പറഞ്ഞു. നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉദ്ദേശിച്ചല്ല സുഹൃത്തുക്കളോട് സംസാരിക്കുന്നത് എന്ന് പറഞ്ഞുകഴിഞ്ഞു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വം കേള്‍ക്കുന്ന ഒരു സുഹൃത്തിനെയാണാവശ്യം. എങ്കിലും പറഞ്ഞതുകൊണ്ടുണ്ടാവുന്ന ഭാരക്കുറവിനപ്പുറം ചിലരില്‍ നിന്ന് നാം കൂടുതല്‍ പ്രതീക്ഷിക്കും. ഈ സുഹൃത്ത് അത്തരത്തിലൊരാളായിരുന്നു. ഒരു പ്രശ്‌നത്തെ ആദ്യത്തെ വൈകാരികക്ഷോഭത്തിനുശേഷം നാം കുറച്ചു കൂടി യുക്തിപരമായി സമീപിക്കും. എന്തുകൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടാവുന്നതെന്ന് ചിന്തിക്കും.
പങ്കാളിയാണ് പ്രശ്‌നമെങ്കില്‍ അയാളുടെ ഇടപെടലുകളും സ്വഭാവവും നിരീക്ഷിക്കും. എന്റെ ഭര്‍ത്താവിന്റെ വലിയൊരു പ്രത്യേകത, അദ്ദേഹം സംസാരിക്കുന്ന സമയത്ത് സ്വന്തം പേര് ഇടയ്ക്കിടെ ആവര്‍ത്തിക്കുമെന്നുള്ളതായിരുന്നു. ചന്തുവിനെ തോല്‍പ്പിക്കാനാവില്ല, ചന്തു പോയാല്‍ കാര്യം നടക്കും, ചന്തുവിന്റെ മുന്നില്‍ ആരും നേരെനിന്ന് സംസാരിക്കില്ല, ചന്തുവിന് വലിയ സ്വാധീനമുണ്ട് എന്ന മട്ട്. എനിക്ക് ഏറ്റവും ചെടിപ്പുണ്ടാക്കിയ ഒന്നായിരുന്നു അത്. ഏതോ ഒരു തരത്തിലുള്ള അപകര്‍ഷബോധം അദ്ദേഹത്തിനുള്ളതാണോ ഇതിന് കാരണമെന്ന് ഞാന്‍ സംശയിച്ചു. ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ എന്റെ സുഹൃത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
''അയാള്‍ക്ക് അപകര്‍ഷബോധം തോന്നാന്‍ വേണ്ടി നിന്നില്‍ എന്താണുള്ളത്?''
ഞാന്‍ നിശ്ശബ്ദയായി.
എത്രയോ കാലത്തേക്ക് എന്നെ അപകര്‍ഷത്തിന്റെ കുഴിയിലേക്ക് ചവിട്ടിത്താഴ്ത്താന്‍ പര്യാപ്തമാണ് ആ വാക്കുകള്‍ എന്ന് അവ ഉച്ചരിച്ച സമയത്ത് അയാള്‍ ചിന്തിച്ചിരിക്കുകയില്ല. ഞാന്‍ കരഞ്ഞും സങ്കടപ്പെട്ടും ഉന്നയിച്ച സമസ്ത പ്രശ്‌നങ്ങളും നിസ്സാരമാണെന്ന് അയാള്‍ പറഞ്ഞു. എല്ലാക്കാര്യങ്ങളിലും എന്റെ ഭര്‍ത്താവാണ് ശരിയെന്ന് സ്ഥാപിച്ചു. ഞാന്‍ വലിയ ആശയക്കുഴപ്പത്തിലായി. എനിക്ക് മറ്റൊരു ഓപ്ഷന്‍ ഇല്ലായിരുന്നു. ഞാനെടുത്ത തീരുമാനങ്ങള്‍ തെറ്റിയെന്നെനിക്ക് തോന്നി. വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു മനോരോഗവിദഗ്ധനോട് ഞാനും ഭര്‍ത്താവും സംസാരിക്കുന്നതുവരെ ഞാന്‍ ആ അപകര്‍ഷത്തിന്റെയും കുറ്റബോധത്തിന്റെയും തടവുകാരിയായിരുന്നു.
ആ സുഹൃത്തിനെ സംബന്ധിച്ചിടത്തോളം അത് നൈമിഷികമോ നിസ്സാരമോ ആയ പ്രതികരണമായിരിക്കാം. പക്ഷേ അയാളെ അങ്ങേയറ്റം വിശ്വസിച്ചിരുന്ന ഞാന്‍ അതനുസരിച്ച് എന്റെ ഭാവിജീവിതം ചിട്ടപ്പെടുത്തിക്കളഞ്ഞു. രണ്ടാമതൊരു (ആണ്‍)കുഞ്ഞിനെക്കൂടി പ്രസവിച്ച് ജീവിതം നേരെയാക്കിക്കളയാമെന്ന് ചിന്തിക്കുന്നതുപോലും അങ്ങനെയാണ്.
ഒരു മലയാളി വീട്ടമ്മയെ സംബന്ധിച്ചിടത്തോളം സുഹൃത്ത് എന്നത് ഒരു വെറും വാക്കല്ല, ഹൃദയത്തിലേക്ക് വേരൂന്നുന്ന ഒരു ബന്ധമാണ്. മറ്റുള്ളവര്‍ തെറ്റിദ്ധരിക്കാനും ആക്ഷേപിക്കാനും ഒരുപാടുസാധ്യതകളുള്ള ഒന്ന്. അപാരമായ ത്യാഗങ്ങള്‍ സഹിച്ചും അവളത് നിലനിര്‍ത്താന്‍ ശ്രമിക്കും. സത്യത്തില്‍ നമ്മുടെ സമൂഹത്തില്‍ പ്രിവിലേജ്ഡ് ആയ സ്ത്രീകള്‍ക്കുമാത്രം ലഭിക്കുന്ന ഒരു സേഫ്റ്റി വാള്‍വാണ് അത്. അവിടെയുണ്ടാകുന്ന ഉലച്ചിലുകള്‍ അവരെ എത്രത്തോളം തകര്‍ത്തുകളയുമെന്നത് പ്രവചിക്കാനാവില്ല.
അതുപോലുമില്ലാത്ത ഒരു കൂട്ടം സ്ത്രീകളുണ്ട്. അവരുടെ ആത്മഹത്യകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കടിയില്‍ തെറിയെഴുതി പുളയ്ക്കുന്നവര്‍ അതെങ്കിലും അറിഞ്ഞിരിക്കണം. ഇന്ത്യന്‍ സ്ത്രീകള്‍ക്ക് സുഹൃത്തുക്കളെ ആവശ്യമുണ്ട് വിഡ്ഢികളേ, പക്ഷേ, നിങ്ങളുദ്ദേശിക്കുന്ന അര്‍ഥത്തിലാവണമെന്നില്ല എന്നുമാത്രം. അതുപോലെ തന്നെ ഒരു ഇന്ത്യന്‍ സ്ത്രീയുടെ സൗഹൃദത്തിന് വലിയ വിലയുണ്ട് സുഹൃദ് വേഷധാരികളായ വിഡ്ഢികളേ, അതും നിങ്ങളുദ്ദേശിക്കുന്നതുപോലെയാവണമെന്നില്ല.
വളരെ നിസ്സാരമെന്ന് തോന്നുമെങ്കിലും വിവാഹബന്ധം തകര്‍ച്ചയിലാകുന്ന സ്ത്രീകള്‍ ഏറിയും കുറഞ്ഞും വേദനിച്ച് കടന്നുപോകേണ്ട ഒരു ഘട്ടമാണ് ഇത്. അത് നേരിടാനുള്ള മനസ്സാന്നിധ്യം ഉണ്ടായാലേ പറ്റൂ. നിഴലും വെളിച്ചവും തിരിച്ചറിയാനുള്ള കഴിവ് പ്രധാനമാണ്. അത്തരമൊരു സന്ദിഗ്ധാവസ്ഥയിലൂടെ നീങ്ങുമ്പോള്‍ പലര്‍ക്കും അതിന് കഴിഞ്ഞെന്നു വരില്ല. പക്ഷേ പിന്നീട് തിരിഞ്ഞുനോക്കുമ്പോള്‍ നമ്മുടെ ഏതൊക്കെ നീക്കങ്ങളാണ് നമ്മെത്തന്നെ കടപുഴക്കിയത് എന്ന് തിരിച്ചറിയാനാവും. ആരൊക്കെയായിരുന്നു വാസ്തവത്തില്‍ നമുക്കൊപ്പം എന്നും മനസ്സിലാവും. അതും ജീവിതത്തിന്റെ സാധനാപാഠമാണ്.
Content Highlights: writer r rajasree column
Published: 07 Mar 2024, 03:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented