പ്രിയപ്പെട്ട സുഹൃത്തുക്കളേ,
വിവാഹബന്ധം ഉപേക്ഷിക്കാൻ തീരുമാനിക്കുന്ന സ്ത്രീ നിരന്തരസമരങ്ങളിലേക്കിറങ്ങിപ്പുറപ്പെടുകയാണ്. അകത്തും പുറത്തുമുള്ള സമരങ്ങൾ എന്നുപറഞ്ഞാൽ ഏറക്കുറെ പൂർണമാകുമെന്നു തോന്നുന്നു. പലതും അവളവളോടുതന്നെയുള്ള സമരങ്ങളാണ്. തനിക്കൊന്നും സംഭവിച്ചിട്ടില്ല, തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്, ഇനിയങ്ങോട്ടാണ് ജീവിതം മെച്ചപ്പെടാൻ പോകുന്നത് എന്ന് സ്വയം ബോധ്യപ്പെടുത്തുന്നതുപോലെതന്നെ പ്രയാസകരമാണ് അക്കാര്യമത്രയും തനിക്കുചുറ്റുമുള്ളവരെ ബോധിപ്പിക്കുന്നതും. പലരും തോറ്റുപോകുന്നത് അവിടെയാണ്.
ഇതുവരെ പറഞ്ഞതുപോലെയല്ല, അവൾ തീരുമാനിച്ചുറപ്പിച്ചതാണ് എന്നു മനസ്സിലാകുന്ന നിമിഷം മുതൽ ഒത്തുതീർപ്പുശ്രമങ്ങളുടെ പെരുമഴയായിരിക്കും നേരിടേണ്ടിവരിക. അതിലധികവും സ്‌നേഹാധികാരങ്ങളുടെ ഭാഗത്തുനിന്നാണുണ്ടാവുക. പലതരം വൈകാരികബന്ധങ്ങളാൽ തള്ളിക്കളയാനാവാത്ത സ്‌നേഹനിർബന്ധങ്ങൾ. ഇമോഷണൽ ബ്ലാക്മെയിലിങ് തിരിച്ചറിയാൻതന്നെ പ്രയാസമാവും. കാരണം, വൈകാരികമായി പതറിനിൽക്കുമ്പോൾ തനിക്കുനേരേ നീളുന്ന ഓരോ കൈയും ആർത്തിയോടെ പിടിക്കാനാണ് തോന്നുക. 'എന്റെ പാവം കുട്ടി!' എന്നു സാന്ത്വനിപ്പിക്കുന്ന ഓരോ കച്ചിത്തുരുമ്പിനോടും കടുത്ത ആശ്രിതത്വം തോന്നും. പതിയെപ്പതിയെ അവരോട് അങ്ങേയറ്റം വിധേയപ്പെടും. അവർ പറഞ്ഞാൽ കേൾക്കാതിരിക്കാൻ വയ്യെന്നാവും. വീണ്ടും പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകാൻ അവരിലാരെങ്കിലും നിർദേശിച്ചാൽ വേദനയോടെയാണെങ്കിലും തിരിച്ചുപോയെന്നുമിരിക്കും. തിരിച്ചുപോയ പലർക്കും അത്തരം അനുഭവങ്ങൾ സാധാരണമാണ്. അതിനോടൊക്കെ എതിർത്തുനിൽക്കുന്ന സ്ത്രീകളോട് ആദ്യകാലത്തെങ്കിലുമുണ്ടാകാനിടയുള്ള അനുഭാവപൂർണമായ സമീപനം പതിയെ ഇല്ലാതാകുന്നതുകാണാം.
അതിന്റെ ഘട്ടങ്ങൾ ഏകദേശം ഇങ്ങനെയാണ്:
- 'അതൊക്കെ തമാശ പറഞ്ഞതാവും.'
- 'ഇതൊന്നും സാരമാക്കാനില്ല, മൈൻഡ് ചെയ്യണ്ട.'
- 'നീയതൊക്കെ ഗൗരവത്തിലെടുത്തോ? ഒരു ദേഷ്യത്തിന്റെ പുറത്തു പറഞ്ഞതാണ് എന്നാണ് കരുതിയത്.'
- 'ഇതെല്ലാം എല്ലാവരുടെയും ജീവിതത്തിലുള്ളതാണ്. അവരൊക്കെ ഉപേക്ഷിച്ചുപോവുകയാണോ ചെയ്യുക?'
- 'കുടുംബത്തിന്റെ അഭിമാനത്തെക്കുറിച്ച് ചിന്തിക്കാത്തതെന്താണ്?'
- 'കുട്ടികളുടെ ഭാവിയെന്താവുമെന്നറിയാമോ?'
- 'സമൂഹത്തിൽ ഇത്തരം സ്ത്രീകളുടെ ജീവിതം എത്ര ദയനീയമാണെന്ന് ആലോചിച്ചിട്ടുണ്ടോ?'
- 'അവരൊന്നും അത്ര മോശക്കാരൊന്നുമല്ല. നീയൊന്ന് അഡ്ജസ്റ്റ് ചെയ്താൽ തീരുന്ന പ്രശ്‌നമേയുള്ളൂ.'
- 'നിനക്ക് വിദ്യാഭ്യാസം കൂടിപ്പോയതിന്റെ പ്രശ്‌നമാണ്. തൊഴിലുള്ളതിന്റെ അഹങ്കാരമാണ്.'
- 'നീയാദ്യം അനുസരണ പഠിക്ക്. നല്ല രീതിയിൽ താഴ്ന്ന് സംസാരിക്കാൻ ശീലിക്ക്.'
- 'നിന്റെ സുഹൃത്തുക്കളാണ് നിന്നെ വഴിതെറ്റിക്കുന്നത്. അല്ലാതെ നീയിങ്ങനെയൊന്നുമായിരുന്നില്ല.'
- 'അയാൾ നിന്നെ തല്ലിയിട്ടൊന്നുമില്ലല്ലോ. കുഞ്ഞുങ്ങളോടും വലിയ സ്‌നേഹമാണ്. അതുപോരേ?'
- 'നിന്റെ ഇഷ്ടംപോലെ നടക്കാനാണു ഭാവമെങ്കിൽ ഞങ്ങളുടെ ആരുടെയും പിന്തുണയുണ്ടാവില്ല.'
- 'നിനക്ക് u, v, w, x, y, z എന്നിവരുമായി എന്താണു ബന്ധം? എല്ലാം ഞങ്ങളറിഞ്ഞു. അതുകൊണ്ടാണ് നിനക്ക് ഈ ബന്ധം ഒഴിയണമെന്നു തോന്നുന്നത്!'
- 'നിനക്ക് മനോരോഗമാണ്, ചികിത്സിക്കണം.'
- 'മക്കളേ, നിങ്ങൾ അമ്മയ്‌ക്കൊപ്പം പോകരുത്. നിങ്ങളുടെ ഭാവി അപകടത്തിലാകും; അവൾക്ക് തലയ്ക്ക് സുഖമില്ലാത്തതാണ്!'
നിങ്ങൾക്ക് വിചിത്രമായിത്തോന്നുന്നോ? കാര്യങ്ങൾ ഇങ്ങനെയൊക്കെ മാറിമറിയാൻ കുറച്ചുസമയം മതി. പലപ്പോഴും നമ്മുടെ മനോഭാവങ്ങളും മുൻവിധികളുംതന്നെയാണ് ഇത്തരം സാഹചര്യങ്ങളിൽ ഏറെ വിഷമിപ്പിക്കുക. രക്തബന്ധമടക്കമുള്ള എല്ലാ ബന്ധങ്ങളിലും നാം വളരെയധികം വൈകാരികനിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടാവും. അതിന്റെ ബലത്തിൽ നിർണായകഘട്ടത്തിൽ അവയൊക്കെയും സഹായത്തിനെത്തുമെന്ന് പ്രതീക്ഷിക്കും. പക്ഷേ, അധികം സന്ദർഭങ്ങളിലും അതാവില്ല സംഭവിക്കുക. 
നിലവിലെ സാമാന്യബോധമനുസരിച്ചാണ് ഏതുസമൂഹത്തിലും നിലപാടുകൾ രൂപപ്പെടുക. സാമാന്യബോധമെന്നത് എപ്പോഴും ശരിയായിരിക്കണമെന്നോ നീതിയുടെ പക്ഷത്തായിരിക്കണമെന്നോ നിർബന്ധമില്ല. അത് പലകാരണങ്ങളാൽ സ്വാധീനിക്കപ്പെടുന്ന ഭൂരിപക്ഷത്തിന്റെ അഭിപ്രായമായിരിക്കും. സ്വാഭാവികമായും അവ കുടുംബത്തിനു പുറത്തുകടക്കാൻ ശ്രമിക്കുന്ന (എന്തു കാരണംകൊണ്ടായാലും) സ്ത്രീക്ക് എതിരുമായിരിക്കും. അതുകൊണ്ടുതന്നെ അത്തരം തിരിച്ചടികളിൽ ഹൃദയം തകർന്നുപോകേണ്ടതില്ല. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം കുറച്ചുകൂടി അപമാനങ്ങൾ കാത്തിരിപ്പുണ്ടായിരുന്നു.
സ്ഥലംമാറ്റത്തിന്റെ കാര്യത്തിൽ സുഹൃത്ത് നൽകിയ കേസിന്റെ ഹിയറിങ് തിരുവനന്തപുരത്തായിരുന്നു. വാദിയും പ്രതിയുമായ ഞങ്ങളൊരുമിച്ചാണ് അങ്ങോട്ടേക്കു പോയത്. പോകുന്നതിനുമുൻപ് ഭർത്താവിനെ വിളിച്ച് വിവരം പറഞ്ഞു. ഹിയറിങ് കഴിഞ്ഞപ്പോൾ ഉദ്യോഗസ്ഥൻ മുൻപാകെ ഞാനൊരു അപേക്ഷ മുന്നോട്ടുവെച്ചു. സമാനസ്വഭാവമുള്ള 'എന്റെ ഹോം സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം നൽകണമെന്നാവശ്യപ്പെട്ട്' ഒരു കേസ് ഞാനും നൽകിയിട്ടുണ്ടല്ലോ. അത് ഫയലിൽ സ്വീകരിച്ചിട്ടുണ്ടെന്നും അനുകൂലമായ വിധിയുണ്ടാകുമെന്നും വക്കീൽ അറിയിച്ചതായി ഭർത്താവ് പറഞ്ഞിരുന്നു. പതിനായിരം രൂപ ആദ്യഘട്ടത്തിൽ കൊടുക്കണം. അതു തത്കാലം അദ്ദേഹത്തിന്റെ കൈയിലില്ലാത്തതിനാൽ ആവശ്യക്കാരിയായ ഞാൻ കൊടുക്കുകയുംചെയ്തിരുന്നു. ആ കേസിന്റെകൂടി ഹിയറിങ് ഇപ്പോൾ നടത്തുകയാണെങ്കിൽ അടുത്ത ഹിയറിങ്ങിനായുള്ള യാത്ര ഒഴിവാക്കാം.
ഓഫീസർക്ക് എതിർപ്പുണ്ടായിരുന്നില്ല. പക്ഷേ, അങ്ങനെയൊരു കേസ് ഉള്ളതായി തനിക്കറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, എനിക്ക് ഉറപ്പുണ്ടായിരുന്നല്ലോ; അങ്ങനെയൊന്നുണ്ട്. ജയിക്കാമെന്ന് വക്കീൽ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഭർത്താവ് പറഞ്ഞിട്ടുണ്ട്. അതിൽ യാതൊരു സംശയവുമില്ല. ഫയൽ തിരഞ്ഞുനോക്കാം, കേസ് നമ്പറും ഡേറ്റും പറയാൻ മേലുദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. ഭർത്താവിനോട് പലതവണ ആവശ്യപ്പെട്ടിട്ടും എനിക്കതു കിട്ടിയിരുന്നില്ല എന്നു ഞാനോർത്തു. വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പലരും, ഞാൻ ഭർത്താവിന്റെ രാഷ്ട്രീയസ്വാധീനമുപയോഗിച്ച് ട്രാൻസ്ഫർ അട്ടിമറിച്ചുവെന്ന് പ്രചരിപ്പിക്കുകയും ചിലരെങ്കിലും അക്കാര്യം ചോദിച്ച് പ്രയാസപ്പെടുത്തുകയും ചെയ്തിരുന്നു. ഞാൻ കേസ് കൊടുത്തുവെന്നുപറയുന്നത് നുണയാണെന്ന് വിശ്വസിച്ചവരും പറഞ്ഞവരുമാണേറെ.
മനസ്സറിയാത്ത കാര്യത്തിന് പ്രതിയായി നിൽക്കുകയാണ്. എനിക്ക് ആകെയുള്ള ഒരുപിടി സുഹൃത്തുക്കളിലൊരാളെയാണ് രാഷ്ട്രീയസ്വാധീനംകൊണ്ട് ഞാൻ സ്ഥലംമാറ്റിയതായി ആരോപിക്കുന്നത്! കേസ് നമ്പർ കിട്ടിയാൽ ഇവർക്കൊക്കെ മറുപടി കൊടുക്കാമെന്ന് കരുതി ഓരോ തവണയും അത്തരം വിവാദങ്ങളുണ്ടാവുമ്പോൾ ഭർത്താവിനോട് അത് ചോദിക്കും. അപ്പോഴൊക്കെ 'സുഹൃത്തായ വക്കീലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്, അയച്ചുതരും' എന്നാണ് പറഞ്ഞിരുന്നതെന്ന് ഞാനോർത്തു. ഒരിക്കലും അത് കിട്ടിയിരുന്നില്ല. ഹിയറിങ്ങിന് ചെന്ന് ഇത്തരമൊരാവശ്യം ഞാനുന്നയിക്കുമെന്ന് അദ്ദേഹവും കരുതിയിട്ടുണ്ടാവില്ല. എങ്കിൽ, വക്കീലിനെ വിളിച്ചുചോദിക്കാമെന്ന് കരുതിയപ്പോൾ ബെല്ലടിക്കുന്നുണ്ട്, എടുക്കുന്നില്ല. ഓഫീസിന് പുറത്തേക്കിറങ്ങി പലതവണ ഫോൺ ചെയ്തു. ആ നമ്പർ ആദ്യം എൻഗേജ്ഡായി. പിന്നീട്, സ്വിച്ച്ഡ് ഓഫായി.
ഹിയറിങ്ങിന് നിയുക്തനായ ഉദ്യോഗസ്ഥൻ കാത്തിരിക്കുകയാണ് എന്നോർത്തപ്പോൾ ഞാൻ പരവശയായി. ഭർത്താവിനെ വിളിച്ചു, എടുക്കപ്പെട്ടില്ല. രണ്ടുമൂന്ന് വിളികൾക്കുശേഷം അതും സ്വിച്ച്ഡ് ഓഫ്. മുഖത്ത് ഒരു ഭാവഭേദവും വരാതിരിക്കാൻ പണിപ്പെട്ടുകൊണ്ട് തിരിച്ചുകയറിച്ചെന്നു. ആകാംക്ഷയോടെ നോക്കിനിൽക്കുന്ന സുഹൃത്തിനെ അഭിമുഖീകരിക്കാനാവാതെ ഞാൻ പരുങ്ങി.
അങ്ങനെയൊരു കേസില്ല, ആരോ തെറ്റിദ്ധരിപ്പിച്ചതാവുമെന്ന് ഓഫീസർ അനുതാപത്തോടെ പറഞ്ഞു. ഞാൻ എറണാകുളത്ത് പോവുകയോ വക്കീലിനെ കാണുകയോ ചെയ്തിട്ടില്ല. എവിടെയും ഒപ്പിട്ടുകൊടുത്തിട്ടില്ല. സുഹൃത്ത് ഇതൊക്കെ ചെയ്തിട്ടുണ്ട്. അപ്പോൾ ഞാനൊരു മൂഢവിശ്വാസത്തിൽ നടക്കുകയായിരുന്നു. കൊടുക്കാത്ത കേസിൽ അനുകൂലവിധി പ്രതീക്ഷിച്ചിരിക്കാൻമാത്രം വിഡ്ഢിയായിരുന്നു ഞാൻ. എത്രയൊക്കെ വിയോജിപ്പുകളും പ്രശ്‌നങ്ങളുമുണ്ടായാലും ഇത്തരമൊരു കാര്യത്തിൽ ഇങ്ങനെയൊരു സമീപനമുണ്ടാവുമെന്ന് കരുതിയിരുന്നില്ല. ഇപ്പോൾ സംഭവിച്ചതാണ് യാഥാർഥ്യം. അത് ഞാൻ അംഗീകരിച്ചേ പറ്റൂ. എല്ലാവർക്കും മുന്നിൽ കള്ളിയായതാണോ ഭർത്താവിൽനിന്ന് അങ്ങനെയൊരു നീക്കമുണ്ടായതാണോ ഏറ്റവും കൂടുതൽ ശ്വാസംമുട്ടിച്ചതെന്ന് ഇന്നുമറിയില്ല. ശ്വാസം വിലങ്ങി, നെഞ്ചിടിപ്പുകൂടി, അല്പനേരം മിണ്ടാതെനിന്നത് ഓർമ്മയുണ്ട്.
അല്പനേരം കഴിഞ്ഞ് ഞാൻ പുറത്തിറങ്ങി. എത്ര ദുർബലമായാലും ശരി, ആരുടെയെങ്കിലുമടുത്ത് നിരപരാധിത്വം തെളിയിച്ചില്ലെങ്കിൽ ഞാൻ തല പൊട്ടിത്തെറിച്ച് മരിച്ചുപോകുമെന്ന് തോന്നി. സുഹൃത്തിനെയും കൂട്ടിത്തന്നെ സെക്ഷൻ ഓഫീസറെ സമീപിച്ചു. എന്നെങ്കിലും എനിക്കുവേണ്ടി ആരെങ്കിലും ആ സെക്ഷനിൽ നേരിട്ടോ അല്ലാതെയോ സംസാരിക്കാനോ എന്തെങ്കിലും അന്വേഷിക്കാനോ ശ്രമിച്ചിരുന്നോ എന്ന് ഞാൻ അദ്ദേഹത്തോട് ദയനീയമായി അന്വേഷിച്ചു. 'ഇല്ല' എന്ന മറുപടി വന്നു. ആ സന്ദർഭത്തിൽ ആ മറുപടി എന്റെ സമസ്ത സ്‌നേഹവിശ്വാസങ്ങളുടെയും അഭിമാനത്തിന്റെയും അടിവേരിളക്കുന്നതാണ്. ഹൃദയത്തിലും തലച്ചോറിലുമേൽക്കുന്ന ആഴത്തിലുള്ള വെട്ടാണ്. എന്നാലും എനിക്കതായിരുന്നു വേണ്ടിയിരുന്നത്. ആ മറുപടി ഒപ്പം നിൽക്കുന്ന സുഹൃത്ത് കേൾക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ.
ഞങ്ങൾ രണ്ടുപേരും സ്ത്രീകളാണ്. ഭാര്യമാരാണ്. ഭർത്താക്കന്മാരുടെ ചെയ്തികൾ ഞങ്ങൾക്ക് പ്രണയവും അഭിമാനവുമുണ്ടാക്കേണ്ടതാണ്. തന്റെ പങ്കാളി പെരുമാറ്റവൈകല്യമുള്ള ഒരാളാണെന്ന വസ്തുത പുറത്തറിയുന്നത് ദാരുണമാണെന്ന് കരുതുന്നവരാണ് എല്ലാ മനുഷ്യരും. പ്രത്യേകിച്ച്, സ്ത്രീകൾ. ഇപ്പോഴെന്താണ് സംഭവിച്ചിരിക്കുന്നത്?
''സാരമില്ല ടീച്ചറേ, നിങ്ങൾ സമാധാനമായിരിക്ക്...'', സുഹൃത്ത് പറഞ്ഞു.
ട്രെയിനിൽ ഞാൻ ആ രാത്രി മുഴുവൻ ഉറങ്ങാതെകിടന്നു. തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നതുപോലുണ്ടായിരുന്നു. വിഴുങ്ങിയിട്ടും വിഴുങ്ങിയിട്ടും തീരാത്ത ഒന്ന്. കണ്ണൂരിലെ വീട്ടിൽ അമ്മയെ കാത്തിരിക്കുന്ന രണ്ട് കുഞ്ഞുങ്ങളെ ഓരോ മിനിറ്റിലുമോർത്തു. മൂത്രമൊഴിക്കാനുള്ള തോന്നൽ അതികലശലായിട്ടും എഴുന്നേറ്റില്ല. വാതിൽ കടന്നുവേണം ബാത്റൂമിലേക്ക് പോകാൻ. ആ നിമിഷം ഞാൻ കുഞ്ഞുങ്ങളെ മറന്നുപോയെങ്കിലോ?
ചില യാത്രകൾ മനുഷ്യരെ മാറ്റിമറിക്കുമെന്ന് പറയുന്നത് ആലങ്കാരികമായാണ്. ചിലരുടെ കാര്യത്തിൽ അത് അക്ഷരാർഥത്തിൽ ശരിയാണ്. എത്രയോ തവണ കൂട്ടിയും കുറച്ചും ചിന്തിച്ചിട്ടും തീരുമാനത്തിലെത്താത്ത അതേ കാര്യത്തിൽ ഞാൻ വീണ്ടും വീണ്ടും ഉടക്കിനിന്നു. എന്തിനാണ് ഇത്തരമൊരു സഖ്യം? വ്യക്തികൾക്ക് നേരിടാവുന്ന എല്ലാ അപമാനങ്ങളെയും സമർഥമായി അടച്ചുവയ്ക്കുന്ന ഒന്നാണ് നമ്മുടെ നാട്ടിൽ വിവാഹബന്ധങ്ങൾ. അതിന്റെ കുടക്കീഴിൽ എല്ലാ അനീതികളും ഒതുക്കപ്പെടും. ചിലത് ത്യാഗമാകും-മഹത്ത്വപ്പെടും.
വീട്ടിൽ ആർക്കും ഒന്നും ചോദിക്കാനുണ്ടായിരുന്നില്ല. എങ്കിലും നടന്ന കാര്യങ്ങൾ ഞാൻ വിവരിച്ചു. അതിൽ അവർക്കെന്തെങ്കിലും ചെയ്യാനാവുമെന്ന് പ്രതീക്ഷിച്ചല്ല. അതിൽ കുറ്റംപറയാനുമില്ല. വിവാഹജീവിതം അതിമനോഹരമായി കൊണ്ടുനടക്കുന്നവരുമുണ്ടല്ലോ. കശപിശകളുണ്ടായാലും പങ്കാളിയില്ലാത്ത ജീവിതം സ്വപ്‌നംകാണാൻ ധൈര്യപ്പെടാത്തവർ. അവൾ/അയാൾ എന്താണെന്ന് പരസ്പരം മനസ്സിലാക്കിയവർ. അവരെപ്പോലെയാണോ സ്വന്തം ജീവിതപങ്കാളിയിൽ അരശതമാനംപോലും സ്വാധീനം ചെലുത്താനാവാത്ത, അയാളുടെ സ്‌നേഹം പിടിച്ചുപറ്റാനാവാത്ത, നിരന്തരം അപഹാസ്യയായിപ്പോകുന്ന ഒരു മകൾ! കഴിവുകേടുതന്നെ! അതിനപ്പുറം എന്ത് പറയാൻ?
Content Highlights: r rajasree column on indian marriages
Published: 26 Mar 2025, 04:44 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented