വിനീത വിവാഹിതയാവുമ്പോൾ പതിനെട്ടുവയസ്സ് തികഞ്ഞിട്ട് ഒരുമാസമേ ആയിരുന്നുള്ളൂ. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള, ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ മകൾ. പഠിക്കാൻ മിടുക്കിയായിരുന്നില്ല. ശരാശരിക്കാരിയായ ഒരു വിദ്യാർഥിനിമാത്രം. കലാപരമായ കഴിവുകൾ ഒന്നുമില്ല. സ്വന്തമായി അഭിപ്രായങ്ങൾ പറയാനുള്ള പ്രായമല്ലല്ലോ അത്. പെൺകുട്ടികൾ വീടുനോക്കാനാണ് പഠിക്കേണ്ടതെന്നായിരുന്നു അവളുടെ അച്ഛന്റെ പക്ഷം. അതുകൊണ്ടാവും മകളെ തുടർന്നുപഠിപ്പിക്കാൻ അവർ മെനക്കെട്ടില്ല. വിവാഹക്കാര്യം പറഞ്ഞപ്പോൾ വിനീത എതിർത്തതുമില്ല. സ്വപ്‌നങ്ങൾ കണ്ടുതുടങ്ങിയിരുന്ന പ്രായമായിരുന്നു. 

To advertise here,

ഭാവിയിൽ ഭാരിച്ച ഉത്തരവാദിത്വങ്ങൾ വഹിക്കേണ്ടിവരുന്ന ഒന്നാണ് വിവാഹമെന്നറിയാതെയാണ് അതിന് തയ്യാറായത്. ആദ്യകാലങ്ങളിലെ തിളക്കങ്ങൾക്കും കിലുക്കങ്ങൾക്കുമപ്പുറം യാഥാർഥ്യങ്ങളുടെ ഒരു ലോകം കാത്തിരിക്കുന്നുണ്ടെന്ന് ആരെങ്കിലും പറഞ്ഞാലും അവർ വിശ്വസിക്കുമായിരുന്നില്ല. തന്നെക്കാൾ പതിനഞ്ച് വയസ്സിന് മുതിർന്ന ഭർത്താവിനൊപ്പമായിരുന്നു അവൾ ജീവിച്ചത്. അവളുടെ എല്ലാ ഇഷ്ടങ്ങളും അയാൾ രൂപപ്പെടുത്തി. ജീവിതത്തെക്കുറിച്ചുള്ള എല്ലാ സങ്കല്പങ്ങളും അയാളുടെ ഇഷ്ടത്തിനായി. എല്ലാ തീരുമാനങ്ങളും അയാളെടുത്തു. ഒരു കുട്ടി അതിന്റെ രക്ഷിതാവിനോടൊപ്പം വളരുന്നതുപോലെയായിരുന്നു വിനീതയുടെ ജീവിതം. അതുപക്ഷേ, തന്റെ അൻപതാംവയസ്സിലാണ് അവർ തന്നെ തിരിച്ചറിയുന്നത്, അയാളുടെ മരണശേഷം. രണ്ടുകുട്ടികളും മുതിർന്ന് സ്വന്തം ജീവിതമുണ്ടാക്കിക്കഴിഞ്ഞിരുന്നു. 

വിനീത അവരുടെ വീടുകളിലും ഭർത്താവിന്റെ വീട്ടിലും സ്വന്തം വീട്ടിലുമായി താമസിക്കും. മാതാപിതാക്കൾ മരിച്ചുപോയി. ഒരേയൊരു സഹോദരനാണ് പിന്നെയുള്ളത്. അയാൾ വിദേശത്ത് സ്ഥിരതാമസമാണ്. ബന്ധുവീടുകളിൽ സ്‌നേഹത്തിന് കുറവൊന്നുമില്ല. പക്ഷേ, അതൊന്നും ശാശ്വതമല്ലല്ലോ. അൻപതുവയസ്സ് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ജീവിതമവസാനിക്കുന്ന പ്രായമല്ല. ഇത്രയും നേരത്തേ തനിച്ചാവാനുള്ള സാധ്യത തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ, താൻ നേരത്തേ വിവാഹം ചെയ്യുമായിരുന്നില്ല എന്ന് അവർ പറഞ്ഞു.
''എനിക്ക് കുടുംബം നോക്കാനേ അറിയുമായിരുന്നുള്ളൂ.''
വിനീത സങ്കടപ്പെട്ടു.
''കുടുംബം നോക്കിക്കഴിഞ്ഞു. എല്ലാവരുടെയും ആവശ്യങ്ങൾ കഴിഞ്ഞു. ഇനിയെന്തുവേണമെന്നറിയില്ല.''

തനിച്ചായെങ്കിലും മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാവുന്ന സാഹചര്യമില്ലെന്ന് അവർ പറഞ്ഞു. സമൂഹത്തിന്റെ തുറിച്ചുനോട്ടങ്ങളെയും അപവാദങ്ങളെയും ഭയമുണ്ട്. അതിനെക്കാൾ ആശങ്ക പുതിയ ജീവിതപങ്കാളി എങ്ങനെയുള്ള വ്യക്തിയായിരിക്കുമെന്നതിലാണ്. ഇതുവരെ ജീവിച്ച ജീവിതത്തിൽ ബഹളങ്ങളില്ലായിരുന്നു. ഏകപക്ഷീയമായ ശാന്തതയായിരുന്നു. എന്നാലും അങ്ങനെയൊരു ജീവിതം ഇനി വേണ്ട. അതുപക്ഷേ, അന്തരിച്ച ജീവിതപങ്കാളിയോടുള്ള പകരംവയ്ക്കാനാവാത്ത സ്‌നേഹംകൊണ്ടല്ല. പഴയ പതിനെട്ടുകാരിയല്ല ഇപ്പോൾ. അഭിപ്രായങ്ങളുണ്ട്, അനുഭവപാഠങ്ങളുണ്ട്. പഴയതുപോലെ മിണ്ടാതെ അനുസരിക്കാനായെന്നുവരില്ല. ഭാരമേറിയതാണെങ്കിലും ഒരുതരത്തിലുള്ള സ്വാതന്ത്ര്യമുണ്ട്. അത് നശിപ്പിക്കാനിഷ്ടമില്ല. ഭർത്താവിന്റെ ഓർമ്മകളിൽ ജീവിക്കുന്ന സ്ത്രീയെന്ന് സമൂഹം വിലയിരുത്തുന്നുണ്ടെങ്കിൽ അത് ബോണസ് എന്ന് വിനീത. വേറൊന്നും തന്നെക്കൊണ്ടുവയ്യ.
''നിന്നോടുപറഞ്ഞാൽ മനസ്സിലാവുമെന്നുതോന്നി.''
അവർ ചിരിച്ചു.

മക്കളുടെ കുട്ടികളെ മുതിരുന്നതുവരെ നോക്കാമെന്ന ഓപ്ഷൻ വിനീതയ്ക്ക് നിലവിലുണ്ട്. സത്യത്തിൽ അതേ അവർ സ്വീകരിക്കാൻ സാധ്യതയുള്ളൂ. ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകൾക്ക് എത്തിപ്പിടിക്കാവുന്ന, ജീവിതത്തിന്റെ തുറസ്സുകളും നവീനമേഖലകളുമൊക്കെ ചൂണ്ടിക്കാണിച്ച് പ്രോത്സാഹിപ്പിക്കാവുന്നതാണെന്നുതോന്നും. പക്ഷേ, ചില മനുഷ്യർ അനുഭവങ്ങൾകൊണ്ട് നിശ്ശബ്ദമായി ഉറഞ്ഞുപോയിട്ടുണ്ടാവും. അതാണ് ജീവിതമെന്നുപോലും അവർ കരുതിപ്പോകും. തങ്ങൾക്കുനേരിട്ട അനീതികളും സങ്കടങ്ങളുമൊക്കെ ആ ജീവിതത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കും. അതുകൊണ്ടുതന്നെ അവയ്‌ക്കെതിരേ എന്തെങ്കിലും ചെയ്യണമെന്നുപോലും അവർക്കുണ്ടാവില്ല. ചുറ്റിവരിഞ്ഞ് ശ്വാസംമുട്ടിച്ച ചങ്ങല പൊട്ടിയാലും കൈകാലുകൾ നിവർത്താനാവാതെ കിടന്നെന്നുവരും. വിനീത അക്കൂട്ടത്തിലൊരുവളായിരുന്നു. എന്തൊക്കെയായിരുന്നു തന്റെതായ സന്തോഷങ്ങൾ എന്നുപോലും അറിയാത്ത ഒരു മനുഷ്യസ്ത്രീക്ക് തനിക്ക് ലഭിക്കേണ്ട നീതിയെപ്പറ്റി എന്ത് ധാരണയുണ്ടാവാനാണ്. സമൂഹത്തെ സംബന്ധിച്ചിടത്തോളം ഇതിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് ഒരുകാലവും തോന്നുകയുമില്ല. 

placeholder

സദാചാരമാനദണ്ഡങ്ങൾക്കനുസരിച്ച് കുടുംബം നോക്കി അടങ്ങിയൊതുങ്ങി ജീവിച്ച ഒരു സ്ത്രീ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കി വളരെ ഗ്രേസ്ഫുൾ ആയി വാർധക്യത്തിലേക്ക് കടക്കുന്നു എന്നാണ് അതിനെ സമൂഹം വിശദീകരിക്കുക. എന്തെങ്കിലും തരത്തിലുള്ള ഒരു പുറത്തുകടക്കലിന് ശ്രമിക്കാത്തിടത്തോളംകാലം വിനീത ആദർശസ്ത്രീ മാതൃകയായി തുടരുകയും ചെയ്യും. എല്ലാം തികഞ്ഞതിന്റെ കുത്തലോ അഹന്തയോ ആയി മാത്രമേ അവരുടെ അന്തസ്സംഘർഷങ്ങളെ ചുറ്റുമുള്ളവർ കാണുകയുള്ളൂ. ജീവിതത്തിൽ എന്തെങ്കിലും നേടാനോ നിലനിർത്താനോ ഉള്ള സമരങ്ങളെപ്പോലും അങ്ങേയറ്റം നിശ്ശബ്ദരും നിഷ്‌ക്രിയരുമായ മനുഷ്യരായിരുന്നുകൊണ്ട് ഇവർ ചിലപ്പോൾ പരാജയപ്പെടുത്തിക്കളയും. സ്ത്രീകൾ വിനീതമാരായിരിക്കുന്നത് സമൂഹത്തിന് സന്തോഷമാണ്. അതുകൊണ്ടവർ ഒരു സമരത്തെയും അതതുസമയം മനസ്സിലാക്കണമെന്നില്ല.

പോരാത്തതിന് നമ്മുടെ സമൂഹത്തിൽ തികഞ്ഞ ലൈംഗികദാരിദ്ര്യമനുഭവിക്കുന്ന ചില പുരുഷന്മാരുണ്ട്. സോഷ്യൽ മീഡിയയിൽ സ്ത്രീകളെ സംബന്ധിച്ച വിവിധതരം വാർത്തകൾക്കുതാഴേ അവരെക്കാണാം. ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവരുണ്ട്. (മുൻ)ഭർത്താവ് മരിച്ചിട്ടും ഫെയ്സ്ബുക്കിൽ ചിരിച്ച് ഫോട്ടോയിടുന്നവൾ, കണ്ണെഴുതുന്നവൾ, വശീകരിക്കുന്നവൾ, അന്യപുരുഷന്മാർ ഹോട്ടൽമുറിയിൽ 'കൊണ്ടുപോകുന്ന'വൾ എന്നൊക്കെയേ അവർക്ക് സ്ത്രീകളെ വിലയിരുത്താനാവൂ. ഒരു സ്ത്രീക്ക് തനിക്കിഷ്ടമുള്ള പുരുഷന്മാരെയും ഹോട്ടൽമുറിയിൽ കൊണ്ടുപോകാമെന്ന് (അപവാദപ്രചാരണത്തിന്റെ ഭാഗമായിട്ടാണെങ്കിൽപ്പോലും) ഇക്കൂട്ടർക്ക് ചിന്തിക്കാൻ സാധിച്ചേക്കില്ല. അല്പമെങ്കിലും പ്രതിഭയും നിലപാടുകളുമുള്ള സ്വതന്ത്രരായ സ്ത്രീകളാണ് എക്കാലവും അവരുടെ ശത്രുക്കൾ. 

വിധവകളും വിവാഹമോചിതരും പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നതോ ചെറിയ നേട്ടങ്ങളെങ്കിലുമുണ്ടാക്കുന്നതോ അവർക്ക് സഹിക്കില്ല. വ്യവസ്ഥാപിതകുടുംബത്തിന്റെ സംരക്ഷണമുള്ള സ്ത്രീകളായിരിക്കും അവരുടെ ആദർശസ്ത്രീകൾ. അത്തരം സ്ത്രീകളുടെ രക്ഷാകർത്താക്കളായി അവർ അവതരിക്കുകയുംചെയ്യും. വിധേയപ്പെടുന്നവളായോ ലൈംഗികശരീരമായോ മാത്രമേ സ്ത്രീയെ അവർക്ക് സങ്കല്പിക്കാനാവൂ. പക്ഷേ, സ്ത്രീയുടെ കർതൃത്വത്തെക്കുറിച്ച് നെടുങ്കൻ പ്രബന്ധങ്ങൾ രചിക്കുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്‌തെന്നുവരും. ഇത്തരം ക്ഷുദ്രമനസ്‌കരെ ഭയന്നാണ് സത്യത്തിൽ നിരവധി സ്ത്രീകൾ അനിഷ്ടകരമായ ബന്ധങ്ങളിൽ തുടരുന്നത്. ഇവരുടെ വീട്ടിലെ സ്ത്രീകളുടെ കാര്യം അക്കാരണംകൊണ്ടുതന്നെ ദയനീയമാണ്. ഇത്തരം മനുഷ്യർ ഒരു യാഥാർഥ്യമായതുകൊണ്ട് ജീവിതത്തിന്റെ പലഘട്ടങ്ങളിൽ അവരെ നേരിടേണ്ടിവരും. 

placeholder

മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുന്നത് അന്തസ്സില്ലായ്മയാണെന്നത് എല്ലാവർക്കും പ്രാഥമികമായുണ്ടാവേണ്ട ഒരറിവാണ്. മാന്യതയുള്ള മനുഷ്യർക്ക് അന്യരുടെ സ്വകാര്യത ഒരുതരത്തിലും പ്രശ്‌നമായിരിക്കില്ല. രഹസ്യമായോ പരസ്യമായോ ലൈംഗികാപവാദപ്രചാരണം നടത്തുന്നവർ എത്ര മഹത്തുക്കളായിരുന്നാലും അവരുടെ ലൈംഗികദാരിദ്ര്യംകൊണ്ടാണ് അതുചെയ്യുന്നതെന്നത് മറ്റൊരു വസ്തുതയാണ്. ഇതുമനസ്സിലാക്കിയാൽ അക്കൂട്ടരെയും ശിങ്കിടികളെയും അവഗണിക്കാവുന്നതേയുള്ളൂ.

തിരുവനന്തപുരത്തുനിന്നെത്തിയശേഷം ഞാൻ സവിശേഷമായൊരു മനോനിലയിലായിരുന്നു. നിസ്സാരമായ ഏതു പ്രവൃത്തിയും വാക്കും വീണ്ടും പൊട്ടിത്തെറികളിലേക്കു നയിച്ചു. വിവാഹബന്ധം വേർപെട്ടുവെന്ന് ഞാൻ സങ്കല്പിച്ചു. ഇനിമേൽ ഒറ്റയ്ക്കാണു ജീവിക്കേണ്ടതെന്ന് സ്വയം പറഞ്ഞു പഠിപ്പിച്ചു. കൈയിലുള്ള നന്മകളും നേട്ടങ്ങളും കൊണ്ട് സമാധാനിക്കാൻ പഠിച്ചു. ഇനി പുറത്തുനിന്നാരും രക്ഷകരായി എത്താനില്ല. കുഞ്ഞുങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്നു തീരുമാനിച്ചു. അതൊരു പ്രത്യേക അവസ്ഥയാണ്. ഓരോ കാര്യത്തെയും തനിയെ, ചിരിയോടെ നേരിടുക. പലതവണ പരിശീലനം ലഭിച്ചതാണെങ്കിലും ചിലപ്പോൾ ഉള്ള് ചുട്ടുനീറും. എവിടെനിന്നെങ്കിലും സ്‌നേഹത്തിന്റെ ഒരു തീത്തരി പറന്നുവീണാൽ അപ്പാടെ കത്തിപ്പോകുമെന്നോർക്കണം. പക്ഷേ, അതിജീവിച്ചേ പറ്റൂ.

placeholder

ഫോൺ കോളുകൾ ഞാൻ എടുക്കാതായതോടെ ഭർത്താവ് എന്റെ സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞുതുടങ്ങി. അവരിൽ പലരുടെയും ജോലികളും ദിനചര്യകളും ബാധിക്കപ്പെടുന്നതരത്തിലുള്ള ശല്യമായി അതുമാറി. അല്ലെങ്കിൽ ഞാൻ ഫോണെടുത്ത് ഇതത്രയും കേൾക്കാൻ നിൽക്കണം. ഒരു പാതിരാത്രി സുഹൃത്തുക്കളിലൊരാൾ അപമാനത്തോടെയും സങ്കടത്തോടെയും എന്നെ വിളിച്ചു.
''ടീച്ചറേ, ഈ വൃത്തികേടിൽനിന്ന് എന്നെ ഒഴിവാക്കിത്തരണം.''

ഞാൻ കുറെനേരം കട്ടിലിലിരുന്നു. പിന്നെ എഴുന്നേറ്റ് അച്ഛന്റെ മുറിയിലേക്ക് ചെന്നു. എത്രയോകാലമായി മനസ്സിലും നാവിലും ഉരുക്കഴിച്ച വാക്യങ്ങൾ അധികം പ്രയാസപ്പെടാതെ വീണ്ടും ഉച്ചരിച്ചു.
''അച്ഛാ, ഇനിയിത് ശരിയാവില്ല. ഇനിയിതുകൊണ്ട് യാതൊരു കാര്യവുമില്ല. ഇങ്ങനെ ജീവിക്കാനാവില്ല. ഇതുവരെ പറഞ്ഞതുപോലെയല്ല.''

നിർത്തിനിർത്തി സ്വരം താഴ്ത്തിയാണെങ്കിലും അതു പറഞ്ഞുകഴിഞ്ഞപ്പോൾ ശരീരത്തിൽനിന്നും മനസ്സിൽനിന്നും ഒരു ബാധ ഒഴിഞ്ഞുപോയതുപോലെ എനിക്ക് തോന്നി. അച്ഛൻ എന്നെ സൂക്ഷിച്ചുനോക്കി. മറ്റൊന്നും പറഞ്ഞില്ല.
''നാളെ രാവിലെ സംസാരിച്ച് ഒരു തീരുമാനമെടുക്കാം'' എന്നുമാത്രം പറഞ്ഞു. എനിക്കറിയാം, ഏതൊരു പിതാവിനെയുംപോലെ അദ്ദേഹവും ആ രാത്രിയിൽ ഉറങ്ങിക്കാണില്ല.