ഇന്ത്യന്‍ കുടുംബമെന്നത് നാലറ്റവും മൂര്‍ച്ചയുള്ള ലോഹക്കഷണമോ, കയറിയാല്‍ പുറത്തിറങ്ങാനാവാത്തവിധം അടയുന്ന വാതിലുകളുള്ള ലോഹക്കൂടോ ആണ്. സ്ത്രീയെയും പുരുഷനെയും ഇതരവിഭാഗങ്ങളെയും സംബന്ധിച്ച് അതത്ര രസകരമല്ലാത്ത വസ്തുതയാണെങ്കിലും യാഥാര്‍ഥ്യമാണ്. ജീവിതത്തിലെ കയ്പുകളെയും സംഘര്‍ഷങ്ങളെയും ഒരുപരിധിവരെയെങ്കിലും മറികടന്നവരോടു ചോദിക്കൂ, അവരുടെ പ്രശ്‌നഭരിതമായ യാത്രയില്‍ കുടുംബത്തിന്റെ പങ്ക് എന്തായിരുന്നുവെന്ന്. കുടുംബം മാതൃകുടുംബമോ പിതൃകുടുംബമോ ഭര്‍തൃകുടുംബമോ സ്വയമുണ്ടാക്കിയ കുടുംബമോ ആവാം. വ്യക്തിയില്‍ അതിന്റെ പ്രവര്‍ത്തനവും സ്വാധീനവുമൊക്കെ ഏകദേശം ഒരേവിധത്തിലായിരിക്കും. പക്ഷേ, നാം ഈ പംക്തിയുടെ തുടക്കത്തില്‍ സംസാരിച്ചിരുന്നതുപോലെ അത് ഏറ്റവും സുഭദ്രവും സുരക്ഷിതവുമായ ഒന്നാണെന്ന് വ്യാജമായെങ്കിലും സ്ഥാപിക്കാനാണ് അധികം പേരും ശ്രമിക്കുക. 

To advertise here,

സ്ത്രീപീഡനക്കേസുകളില്‍പ്പെടുന്നവരില്‍ പലരും തങ്ങള്‍ക്ക് കുടുംബത്തിന്റെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്നതു കണ്ടിട്ടില്ലേ. പൊതു ഇടങ്ങളില്‍ ഇടപെടുന്നവരും വിവാദങ്ങളില്‍ കുടുങ്ങുന്നവരും വ്യവസ്ഥാപിതമല്ലാത്ത രീതികള്‍ പിന്തുടരുന്നവരും പരമ്പരാഗതമല്ലാത്ത തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരുമൊക്കെ കുടുംബത്തിന്റെ പിന്തുണയെക്കുറിച്ച് സംസാരിക്കും. കുടുംബത്തിന്റെ ഭദ്രതയും പിന്തുണയും ഉറപ്പുവരുത്താത്തവരുടെ നേട്ടങ്ങള്‍ എന്തുതന്നെയായാലും അംഗീകരിക്കാന്‍ നമ്മുടെ സമൂഹത്തിന് മടിയാണ്. സംസാരവിഷയം എന്തുതന്നെയായാലും ഒടുവില്‍ നാം കുടുംബത്തില്‍ത്തന്നെ എത്തിച്ചേരും. മുതിര്‍ന്ന മക്കള്‍ മറ്റൊരു ജീവിതത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാലും മാതാപിതാക്കളില്‍നിന്ന് അവര്‍ സ്വതന്ത്രരാവുന്നില്ല എന്ന ഒരു സവിശേഷത നമ്മുടെ കുടുംബഘടനയ്ക്കുണ്ട്. ഇന്ത്യന്‍ കുടുംബങ്ങളുടെ കെട്ടുറപ്പുമായി ബന്ധപ്പെട്ട ഒന്നായാണ് ഇതിനെ നാം കാണാറുള്ളത്. 

മാതാപിതാക്കളുടെ സംരക്ഷണം മക്കളുടെ ഉത്തരവാദിത്തമാണ്. എന്നാല്‍, ഇതുരണ്ടും കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. വിവാഹിതരായ മക്കള്‍ രണ്ടുകുടുംബങ്ങളില്‍നിന്നും വേറിട്ട് സ്വതന്ത്രമായ ഒരസ്തിത്വം നേടിയെടുക്കുകതന്നെവേണം. ഇക്കാര്യം നാം നേരത്തേ സംസാരിച്ചിട്ടുണ്ട്. തങ്ങളുടെ ആരോഗ്യം, സമയം, ധനം, അധ്വാനം എന്നിവയെല്ലാം മക്കള്‍ക്കായി ചെലവഴിക്കുന്ന മാതാപിതാക്കള്‍ സ്വന്തമായി ഒന്നും നീക്കിവെയ്ക്കുന്ന പതിവില്ല. ജീവിതത്തിന്റെ സായാഹ്നത്തില്‍ അവര്‍ കൂടുതല്‍ തിരക്കിലും അനാരോഗ്യത്തിലും കടബാധ്യതകളിലുമാവും. നീണ്ടകാലത്തെ സഹജീവിതത്തില്‍ സംഭവിച്ച ചില കണ്ണിപൊട്ടലുകളെ സ്‌നേഹംകൊണ്ടും കരുതല്‍കൊണ്ടും വിളക്കിച്ചേര്‍ക്കാനാവുന്ന സുന്ദരമായൊരു വാര്‍ധക്യജീവിതം അവരില്‍ പലരുടെയും സ്വപ്‌നമായിരിക്കും. പലരും അത്തരത്തിലൊന്ന് സ്വപ്‌നംപോലും കാണില്ലെന്നുംവരും. തങ്ങളുടെ ജീവിതത്തിന്റെ എക്സ്റ്റന്‍ഷനായി മക്കളുടെ ജീവിതത്തെ കാണുന്നതാണ് ഇതിനൊരു കാരണം. സാമ്പത്തികവും സാമൂഹികവും വൈകാരികവും തൊഴില്‍പരവുമായ കാരണങ്ങളാല്‍ അങ്ങനെ സംഭവിക്കുന്നതുമാവാം.
 
എന്തായാലും മക്കളുടെ മക്കളെ വളര്‍ത്തുന്ന ഭാരിച്ച ചുമതല അവരില്‍ ഭൂരിപക്ഷത്തിനും ഏറ്റെടുക്കേണ്ടിവരും. വാസ്തവത്തില്‍ അത്തരം സൗജന്യ ബേബി സിറ്റിങ്ങിന് വിധിക്കപ്പെടുന്ന വൃദ്ധരുടെ അവസ്ഥ പരിതാപകരമാണ്. മക്കള്‍ സംരക്ഷിക്കുന്നതിനു പകരമായി അവരുടെ മക്കളെ നോക്കുകയും വീട്ടുജോലി ചെയ്യുകയും വേണമെന്നു കരുതുന്നവര്‍ ഏറെയുണ്ട്. ചിലയിടങ്ങളിലെങ്കിലും വിദേശത്തുള്ള മക്കളുടെ വലിയ വീടുകളുടെ സൂക്ഷിപ്പുകാരാണവര്‍. ഇതിലൊരു മാനുഷികപ്രശ്‌നമുണ്ടെന്ന് നാം എപ്പോഴെങ്കിലും തിരിച്ചറിയുമോ എന്നറിയില്ല. മക്കളും മാതാപിതാക്കളും തമ്മില്‍ കണക്കുവേണോ എന്നൊരു സംശയം വരാം. ആരുതമ്മിലായാലും അതുവേണം. അതിനു കാരണം രണ്ടാണ്. ഒന്ന്, മനുഷ്യര്‍ക്ക് എന്തും ദുരുപയോഗംചെയ്യാനുള്ള വാസന കൂടും. രണ്ട്, സൗജന്യമായി ലഭിക്കുന്നതിനെല്ലാം വിലയിടിവ് തോന്നും.

വളരെ സങ്കീര്‍ണമായ ഒരു പ്രശ്‌നമാണ് നാമിപ്പോള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതെന്നറിയാം. എങ്കിലും ഒരുകാര്യം വ്യക്തമായി പറയേണ്ടതുണ്ട്, നിങ്ങള്‍ വിവാഹിതരാകാനും ഒരു കുടുംബമുണ്ടാക്കാനും തുനിയുന്നുണ്ടെങ്കില്‍ ഇരുകൂട്ടരുടെയും കുടുംബങ്ങളുടെ പിന്തുണയില്ലെങ്കിലും അതിജീവിക്കാന്‍ കഴിയണം. കേള്‍ക്കുമ്പോള്‍ അല്പം പ്രയാസം തോന്നുമെങ്കിലും അതൊരു സത്യമാണ്. നിങ്ങളുടെ വീടിനെയും കുട്ടികളെയും നോക്കാനുള്ളവരല്ല അവര്‍. ഒരുതരത്തിലും അവരതിന് ബാധ്യതപ്പെട്ടവരല്ല. അവരതിന് തയ്യാറായേക്കുമെങ്കില്‍പ്പോലും അത് നീതിയല്ല. മക്കള്‍ ഏതെങ്കിലുംതരത്തില്‍ പ്രതിസന്ധിയിലാവുമ്പോള്‍ സഹായിക്കുന്നത് മറ്റൊരുകാര്യമാണ്. പക്ഷേ, ഒരുകാരണത്താലും അതൊരു നീണ്ട കാലയളവിലേക്ക് കൊണ്ടുപോകരുത്. അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വിവരണാതീതമാണ്.

ഭര്‍ത്താവിന്റെ വീട്ടില്‍ ജീവിക്കാനാവാതെ, കുഞ്ഞുങ്ങളുമായോ അല്ലാതെയോ സ്വന്തം വീട്ടിലെത്തുന്ന സ്ത്രീകള്‍ അവിടെവെച്ച് ആത്മഹത്യചെയ്ത വാര്‍ത്തകള്‍ നാം കണ്ടിട്ടുണ്ടല്ലോ. ജീവിതം ഏതുവിധേനയും വീണ്ടും കരുപ്പിടിപ്പിച്ചെടുക്കുന്നതില്‍ അവര്‍ പരാജയപ്പെടുകയാണ്. സ്വന്തം കുടുംബത്തിന്റെ പിന്തുണയെന്നത് അനുസ്യൂതം വര്‍ഷിക്കപ്പെടുന്ന ഒന്നല്ലെന്ന തിരിച്ചറിവുണ്ടാവണം. എത്രയും വേഗം സ്വന്തംകാലില്‍ നില്‍ക്കാനാവുന്ന അവസ്ഥയിലേക്ക് മാറണം. വിവാഹിതയായ സ്ത്രീക്കും വിവാഹമോചിതയായ സ്ത്രീക്കും ഒരേതരം പിന്തുണയല്ല കുടുംബങ്ങളില്‍നിന്നു ലഭിക്കുകയെന്നതും പ്രധാനമാണ്. ഏതവസ്ഥയിലും ഒരുപരിധിക്കപ്പുറം പിന്തുണ എവിടെനിന്നും പ്രതീക്ഷിക്കരുതെന്നുതന്നെയാണ് വിവക്ഷ. നിരാശയും ആത്മനിന്ദയും ഒരുപരിധിവരെ കുറയ്ക്കാന്‍ ഈ തിരിച്ചറിവ് സഹായിക്കും.

ഞാന്‍ കുഞ്ഞുമായി ചേര്‍ത്തലയിലുള്ള വാടകവീട്ടിലേക്ക് മടങ്ങുമ്പോള്‍ അമ്മ കൂടെ വന്നു. അച്ഛനെയും അനിയത്തിയെയും തനിച്ചാക്കി, സ്വന്തം ഇടമായ വീടുമുപേക്ഷിച്ച് അങ്ങനെ വരാന്‍ അമ്മയെ അനുവദിക്കരുതായിരുന്നുവെന്ന് പിന്നീട് എത്രയോതവണ തോന്നിയിട്ടുണ്ട്. ടീച്ചറായിരുന്ന അമ്മ വീടിന്റെ ഭാരം വലിച്ച് ഒരു സര്‍വീസ് കാലം മുഴുവന്‍ നിര്‍ത്താതെ ഓടിയിട്ടുണ്ട്. ആവശ്യമായ ഭക്ഷണമോ വിശ്രമമോ അമ്മയ്ക്ക് കിട്ടിയിരുന്നില്ല. വിവാഹത്തിനുമുന്‍പുതന്നെ അമ്മയ്ക്ക് ജോലിയുണ്ടായിരുന്നു. കഥകളെഴുതിയിരുന്നു. വായിക്കാനിഷ്ടമായിരുന്നു. ഹ്രസ്വകാലത്തെ ഹോസ്റ്റല്‍ ജീവിതമായിരുന്നു തന്റെ സുവര്‍ണകാലമെന്ന് അമ്മ എപ്പോഴും പറയും. 

റിട്ടയര്‍മെന്റ് ജീവിതം ഭാരങ്ങളൊഴിഞ്ഞ് വായനയും വിശ്രമവും ബന്ധു-സുഹൃത് സന്ദര്‍ശനങ്ങളുമായി കഴിയണമെന്ന അമ്മയുടെ ആഗ്രഹം ഒരിക്കലും നടന്നില്ല. പ്രത്യക്ഷമായും പരോക്ഷമായും ഞാനതില്‍ പ്രതിയാണ്. അമ്മ ഞങ്ങള്‍ക്കൊപ്പം വരേണ്ടതില്ല; എത്ര ചെറിയ കാലത്തേക്കാണെങ്കിലും കുട്ടിയെ നോക്കാന്‍ ഒരാളെ വേറേതന്നെ ഏര്‍പ്പാടുചെയ്യണം; സൗകര്യങ്ങളുള്ള വീടും വേണം എന്നാവശ്യമുന്നയിക്കാന്‍ ഉദ്യോഗസ്ഥയായ എനിക്ക് സാധിക്കണമായിരുന്നു. എന്റെ കുഞ്ഞിന് ഒരുകുറവുമുണ്ടാവരുതെന്ന സ്വാര്‍ഥതയും ഭര്‍ത്താവിന് സാമ്പത്തികബാധ്യതയുണ്ടാക്കരുതെന്ന മുന്‍കരുതലും കാരണം അതു ചെയ്തില്ല എന്നതില്‍ തീരാത്ത കുറ്റബോധമുണ്ട്.

ചേര്‍ത്തലയിലെ പുതിയ വീട് വെള്ളക്കെട്ടിനു നടുക്കായിരുന്നു. ഇത്തവണയും ഭര്‍ത്താവ് വാടകലാഭം നോക്കിയെന്നുകണ്ടപ്പോള്‍ എനിക്ക് നിരാശയായി. മഴക്കാലമാണ്. കുഞ്ഞിന്റെ തുണി മുട്ടറ്റം വെള്ളത്തില്‍ നിന്നു കഴുകണം. മുട്ടറ്റം വെള്ളത്തില്‍ത്തന്നെ നിന്ന് അയയില്‍ വിരിക്കണം. കുട്ടി ഇഴഞ്ഞുചെന്ന് വെള്ളത്തില്‍ വീഴുമോ എന്ന ഭയം കാരണം പകല്‍ ഒന്നു മയങ്ങാന്‍പോലും അമ്മയ്ക്ക് സാധിച്ചിരുന്നില്ല. അല്പംകൂടി ടൗണിലേക്കു നീങ്ങിയാല്‍ നല്ല വീടുകളുണ്ടായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. അക്കാര്യം സൂചിപ്പിച്ചത് ഭര്‍ത്താവിനിഷ്ടമായില്ല. കഷ്ടിച്ച് മൂന്നുമാസത്തേക്ക് കഴിയാന്‍ അത്രമതി. അപ്പോഴേക്ക് പുതിയ ജോലിയാവും. കണ്ണൂരേക്ക് പോവാം. അങ്ങനെ മനസ്സിനെ പറഞ്ഞുപഠിപ്പിച്ചതുകൊണ്ട് പിന്നീട് ഞാനൊന്നും പറഞ്ഞില്ല. 

പക്ഷേ, അവിടത്തെ ജീവിതം അമ്മയ്ക്ക് കടുത്ത സംഘര്‍ഷങ്ങളുണ്ടാക്കി. അച്ഛനെയും അനിയത്തിയെയും വിട്ടുവന്നതില്‍ അമ്മ അസ്വസ്ഥയായിരുന്നു. അത് പതിയെപ്പതിയെ അസ്വാരസ്യങ്ങളായി പുറത്തുവന്നു. അമ്മയുടെ സംസാരങ്ങളെല്ലാം തന്നോടുള്ള എതിര്‍പ്പായി എന്റെ ഭര്‍ത്താവ് കാണാനും തുടങ്ങി. ഞാനും അമ്മയും തമ്മില്‍ സംസാരിക്കുന്നതൊക്കെ സ്വന്തം വീട്ടുകാരെക്കുറിച്ചാണെന്ന് അദ്ദേഹം വ്യാഖ്യാനിച്ചു. ഞാനും അദ്ദേഹവും തമ്മിലുണ്ടാകുന്ന ഉരസലുകളുടെ ഉത്തരവാദിത്വം അമ്മയുടെമേല്‍ ചാരി. വീട്ടിലെ സൗകര്യക്കുറവിനെക്കുറിച്ചോ എന്റെ ഏതെങ്കിലും ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചോ ഞാന്‍ എന്തുപറഞ്ഞാലും അത് അമ്മയുടെ പ്രേരണകൊണ്ടാണെന്നായി. ഒരുമിച്ചുതാമസിക്കുമ്പോള്‍ ഒരാളുടെ അനിഷ്ടം അതിനു പാത്രമാകുന്നയാള്‍ പെട്ടെന്നു തിരിച്ചറിയും. സ്വാഭാവികമായും അമ്മയുടെ പ്രതികരണങ്ങളും അതിനനുസരിച്ചായി. 

അമ്മായിയമ്മയും മരുമകനും തമ്മിലുള്ള ബന്ധം അനുദിനം വഷളാകുന്ന കാഴ്ച എനിക്ക് കാണേണ്ടിവന്നു. ഇത്തരമൊരു സാഹചര്യത്തില്‍, വീട്ടമ്മയാകാന്‍ അഭ്യസിപ്പിക്കപ്പെട്ട ഒരു സ്ത്രീ സ്വാഭാവികമായും അവളുടെ ഭര്‍ത്താവിനൊപ്പം നില്‍ക്കുകയെന്ന ഓപ്ഷനാണ് സ്വീകരിക്കുക. സ്വന്തം വീട്ടുകാര്‍ക്ക് അല്പം അഡ്ജസ്റ്റുചെയ്താലെന്താ എന്നവള്‍ ചിന്തിക്കും. അതിനൊരു മറുവശംകൂടിയുണ്ട്. അവള്‍ക്ക് നിയന്ത്രിക്കാനെളുപ്പം സ്വന്തം വീട്ടുകാരെയാണല്ലോ. 
കുഞ്ഞടങ്ങുന്ന ഒരു കുടുംബമുണ്ടാവുമ്പോള്‍ സ്ത്രീയും പുരുഷനും അതിന്റെ സ്വാസ്ഥ്യവൃത്തത്തിലേക്ക് പെട്ടെന്ന് വഴുതിവീഴാനിടയുണ്ട്. ആ ചെറുകുടുംബത്തിന്റെ മിടിപ്പുകള്‍ക്ക് ഒരു താളമുണ്ടാകും. അതിനെ തെറ്റിക്കാന്‍ സാധാരണഗതിയില്‍ അവര്‍ മെനക്കെടില്ല. 

എല്ലാ വിയോജിപ്പുകള്‍ക്കും അനിഷ്ടങ്ങള്‍ക്കുമപ്പുറം പരസ്പരം ഒത്തിണങ്ങി ജീവിക്കാമെന്നുതോന്നും. ഇതൊരു നിര്‍ണായകസന്ദര്‍ഭമാണ്. പലപ്പോഴും കളിയിലെ ജയപരാജയങ്ങളെ നിര്‍ണയിക്കുന്ന നിമിഷമാണ്. വെള്ളത്തിലേക്കുവീഴുന്ന ഒരാളെ വെള്ളം അതിശക്തിയോടെ മുകളിലേക്ക് തള്ളും. ആ ആയത്തില്‍ നീന്തിപ്പതച്ചുപോവാന്‍ പറ്റിയാല്‍ രക്ഷപ്പെടാം. ആ അവസരം നഷ്ടമാക്കിയാല്‍ മുങ്ങും. അതുപോലൊന്നാണിത്. ഒരുതരം കുടുംബരക്ഷാമുഹൂര്‍ത്തം. അവിടെ അള്ളിപ്പിടിച്ച് തിരിഞ്ഞുനോക്കാതെ ജീവിക്കാനായാല്‍ രക്ഷപ്പെട്ടേക്കും. മിക്കവരുടെയും ജീവിതങ്ങളില്‍ അങ്ങനെയൊരു സാഹചര്യം വരും. 

ഞാനും എന്റെ കുടുംബത്തെ അതിന്റെ ബാലാരിഷ്ടതകളോടെതന്നെ ഇഷ്ടപ്പെട്ടുതുടങ്ങിയിരുന്നു. ഗര്‍ഭകാലത്തെന്നതുപോലെ ഞങ്ങള്‍ മൂവരും ഒന്നിച്ചിരിക്കണമെന്ന് ഞാനാഗ്രഹിച്ചു. പുതിയ പോസ്റ്റിങ് കണ്ണൂരിലേക്ക് വാങ്ങുന്നതിനുപകരം എറണാകുളത്താവാമെന്ന് എനിക്കുതോന്നി. മറ്റൊരു വാടകവീട്, കുട്ടിയെ നോക്കാനൊരാള്‍, സ്വസ്ഥജീവിതം.

പക്ഷേ, ഭര്‍ത്താവ് ഒരുതരത്തിലും സമ്മതിച്ചില്ല. ഞാനുദ്ദേശിക്കുന്നതരത്തിലുള്ള എറണാകുളത്തെ ജീവിതം ചെലവേറിയതാവുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ വീടിനെടുത്ത ഹൗസിങ് ലോണിന്റെ ഇ.എം.ഐ. അടയ്ക്കാന്‍ എന്റെ ശമ്പളം മുഴുവനായി ചെലവാകുന്നുണ്ട്. അതിനിടയില്‍ ഒരാളിന്റെ ശമ്പളത്തില്‍ ഇതൊന്നും നടക്കില്ല. വിവാഹത്തിനുമുന്‍പ് താന്‍ അതീവധനവാനാണെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. അതടക്കമുള്ള പല അവകാശവാദങ്ങളും നുണയാണെന്ന് മനസ്സിലാക്കിയിട്ടും അതൊന്നും ആരോടും ഞാന്‍ പറഞ്ഞിരുന്നില്ല. സ്വന്തം വീട്ടുകാരെക്കുറിച്ചുള്ള രഹസ്യങ്ങള്‍ പങ്കാളിയോടോ പങ്കാളിയെക്കുറിച്ചുള്ള രഹസ്യങ്ങള്‍ സ്വന്തം വീട്ടുകാരോടോ പറയാത്തതാണു നല്ലതെന്ന് അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചുകഴിഞ്ഞിരുന്നു.

അമ്മയെ സംബന്ധിച്ചിടത്തോളം എന്റെ മാറ്റം ഹൃദയഭേദകമായിരുന്നിരിക്കണം. പുറത്തുപോവാനോ മറ്റൊരു മനുഷ്യജീവിയെ കാണാനോ അവസരമില്ലാതെ അമ്മ വീട്ടില്‍ കുടുങ്ങിയിരിക്കുകയാണെന്ന് ഞാനെങ്കിലും മനസ്സിലാക്കേണ്ടിയിരുന്നു. അമ്മായിയമ്മയും മരുമകനും തമ്മില്‍ തുറന്ന സംഘര്‍ഷമുണ്ടാകുന്നതിനുമുന്‍പ് പോസ്റ്റിങ് ഓര്‍ഡര്‍ വന്നു, ഗവ. ബ്രണ്ണന്‍ കോളേജ്, തലശ്ശേരി.

വീണ്ടും വാടകവീടൊഴിഞ്ഞ് പരിമിതമായ സാധനങ്ങളൊക്കെ കെട്ടി മറ്റൊരു കൊച്ചുവാടകമുറിയിലിട്ടു. അത്യാവശ്യമായ സാധനങ്ങള്‍ എടുത്തു. ഒമ്പതുമാസം പ്രായമുള്ള കുഞ്ഞും അമ്മയും ഞാനും ഭര്‍ത്താവും ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ നിന്നു. ട്രെയിന്‍ വരുന്നതുകണ്ടപ്പോള്‍, പെട്ടെന്ന് എന്റെ കുഞ്ഞുകുടുംബം എന്നേക്കുമായി ചിതറുകയാണെന്ന ഒരു തോന്നലില്‍ ഞാന്‍ ചെറുതായി വിറച്ചു. ചില തോന്നലുകള്‍ എന്നേക്കുമുള്ളതാണ്. 

ലൈംഗികാവശ്യത്തിന് മാത്രമായി ഒരു ജീവപര്യന്തം സ്വീകരിക്കണോ?