നടൻ ഗോവിന്ദയും ഭാര്യ സുനിത അഹൂജയും തമ്മിലുള്ള പ്രശ്‌നങ്ങൾ തുടങ്ങിയിട്ട് കുറച്ചുനാളായി. ഗോവിന്ദയ്ക്ക് വേറെ പ്രണയബന്ധങ്ങളുണ്ടെന്നും പലപ്പോഴും സുനിത തുറന്നുപറഞ്ഞു. അതോടെ ഇരുവരും വേർപിരിയാൻ പോകുന്നുവെന്നുള്ള അഭ്യൂഹങ്ങളും പരന്നുതുടങ്ങി. എന്നാൽ, തങ്ങൾ വേർപിരിയുന്നില്ലെന്ന് ദമ്പതികൾ പിന്നീട് വെളിപ്പെടുത്തി. അതിനുപിന്നാലെയും ഗോവിന്ദയ്‌ക്കെതിരെ ആരോപണങ്ങളുമായി സുനിത അഹൂജ രംഗത്തെത്തി.

തന്നേക്കാൾ പ്രായം കുറഞ്ഞൊരു സ്ത്രീയുമായി ഗോവിന്ദ പ്രണയത്തിലാണെന്നും ഒരിക്കൽ സുനിത ആരോപിച്ചു. പണത്തിനുവേണ്ടിയാണ് ആ സ്ത്രീ ഗോവിന്ദയെ പ്രണയിക്കുന്നതെന്നും അവർ പറഞ്ഞു. തെറ്റുതിരുത്തി സ്വന്തം കുടുംബത്തിനായി ആ സ്ത്രീയെ ഗോവിന്ദ ഉപേക്ഷിക്കണമെന്നും സുനിത ആവശ്യപ്പെട്ടു.

പിന്നാലെ ആരോപണങ്ങൾക്ക് മറുപടിയുമായി ഗോവിന്ദയുമെത്തി. തനിക്കെതിരെ ഒരു വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, ഭാര്യ പോലും ആ ഗൂഢാലോചനയിൽ അറിയാതെ പെട്ടുപോയിട്ടുണ്ടെന്നുമാണ് അദ്ദേഹം വാദിച്ചത്.

ഇപ്പോഴിതാ ഇക്കാര്യത്തിൽ വീണ്ടും തന്റെ അഭിപ്രായങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സുനിത. തന്റെ പുതിയ വ്‌ളോഗിൽ 'ക്വസ്റ്റിയൻ ആന്റ് ആൻസർ സെഷനു'വേണ്ടി സുനിത കുറച്ച് മാധ്യമപ്രവർത്തകരെ തന്റെ വീട്ടിലേക്ക് വിളിച്ചു. അതിനിടയിൽ ഗോവിന്ദയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളെയും അവർ നേരിട്ടു. ഗോവിന്ദയോട് ക്ഷമിക്കുമോ എന്ന ചോദ്യത്തിന് സുനിത നൽകിയ മറുപടിയിങ്ങനെ, ''നിങ്ങൾക്കറിയില്ല, എന്റെ ചെറുപ്പകാലം മുതലുള്ള പ്രണയമാണ് ഗോവിന്ദ. അദ്ദേഹം മാറുകയും ഞങ്ങളുടെ ധാരണയ്ക്കനുസരിച്ച് മാറുകയും ചെയ്താൽ, ഞാൻ അദ്ദേഹത്തോട് ക്ഷമിക്കും. വാർത്തകളിൽ വരുന്നതെല്ലാം കേൾക്കാൻ ഞാനാഗ്രഹിക്കുന്നില്ല''.

ഇതെല്ലാം കേൾക്കുകയും അനുഭവിക്കുകയും ചെയ്യേണ്ട പ്രായമല്ല തന്റേതെന്നും അവർ കൂട്ടിച്ചേർത്തു. ''ഞാൻ ആർത്തവവിരാമത്തിലൂടെ പോയ്‌ക്കൊണ്ടിരിക്കുകയാണ്. ഈ സമയത്ത്, ഓരോ സ്ത്രീക്കും ഭർത്താവിന്റെയും കുട്ടികളുടെയും പിന്തുണ ആവശ്യമാണ്. സമ്മർദ്ദം നൽകാതെ സ്‌നേഹിക്കുന്ന ഒരാളെയാണ് നമുക്ക് വേണ്ടത്''. ഗോവിന്ദ ചീത്ത കൂട്ടുകെട്ടുകളുടെ ഭാഗമാണെന്നും സുനിത തുറന്നുപറഞ്ഞു. 1987-ലാണ് സുനിതയും ഗോവിന്ദയും വിവാഹിതരാവുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi