ടെലിവിഷനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരങ്ങളാണ് പർമീത് സേഥിയും അർച്ചന പുരൺ സിങ്ങും. ഇരുവരും വിവാഹിതരായിട്ട് 34-ാം വർഷത്തിലേക്ക് കടക്കുകയാണ്. നാലുവർഷത്തെ പ്രണയത്തിനും ലിവ്-ഇൻ റിലേഷൻഷിപ്പിനും ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്. തങ്ങളുടെ ബന്ധം തുടങ്ങിയ കഥ ഈയടുത്ത് താരങ്ങൾ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു. അർച്ചന നേരത്തെ വിവാഹിതയായിരുന്നു. അധികം വൈകാതെ വിവാഹമോചിതയുമായി. അതുകഴിഞ്ഞാണ് പർമീതിനെ കണ്ടുമുട്ടുന്നത്. പർമീതും മറ്റൊരു ബന്ധത്തിൽനിന്ന് പുറത്തുകടന്ന സമയമായിരുന്നുവത്.

To advertise here,

ആദ്യവിവാഹം പരാജയപ്പെട്ടതിനാൽ വിവാഹമെന്ന ചിന്തയേ അർച്ചനയുടെ മനസ്സിലില്ലായിരുന്നു. എന്നാൽ പർമീതിനെ കണ്ടുമുട്ടിയത് വഴിത്തിരിവായി. ''80-കളിൽ ഒരു സുഹൃത്തിന്റെ വീട്ടിൽവെച്ചാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. മിണ്ടിയതൊന്നുമില്ല. അതുകഴിഞ്ഞ് കൂട്ടുകാർക്കൊപ്പം വൈകുന്നേരം ഞങ്ങളൊരു പാർട്ടിയിൽ പങ്കെടുത്തു. ആദ്യമായി അദ്ദേഹത്തെ കണ്ടുമുട്ടിയത് എനിക്കോർമയുണ്ട്. ഞാനൊരു മാസിക വായിക്കുകയായിരുന്നു. മറ്റാർക്കോ അത് കാണിച്ചുകൊടുക്കാൻ വേണ്ടി അദ്ദേഹം ആ മാസിക എന്റെ കൈയിൽനിന്നും പിടിച്ചുവാങ്ങി. ഒരു ക്ഷമ പോലും പറയാതെയുള്ള ആ പെരുമാറ്റം എനിക്ക് അരോചകമായി. അപ്പോഴേക്കും അദ്ദേഹം തിരിഞ്ഞുനിന്ന് 'സോറി' പറഞ്ഞു. ഇതെന്നിൽ കൗതുകമുണ്ടാക്കി''. പർമീതിന്റെ പൗരുഷവും മൃദുലതയും ഒരുപോലുള്ള സ്വഭാവമാണ് തന്നെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചതെന്നും അവർ വെളിപ്പെടുത്തുന്നു.

തൊട്ടടുത്ത ദിവസം പർമീത് തന്നെ വിളിക്കുമെന്ന് തനിക്ക് തോന്നിയെന്നും ആ വിളിക്കായി താൻ കാത്തിരുന്നെന്നും അർച്ചന പറയുന്നു. '' അദ്ദേഹം വിളിച്ചു. ഞങ്ങളൊരുപാട് സംസാരിക്കാൻ തുടങ്ങി. ഒരു വൺനൈറ്റ് സ്റ്റാൻഡ് പോലെയാണ് തുടക്കം. ഒരു വൺ നൈറ്റ് സ്റ്റാൻഡ്, ഒരു ഹ്രസ്വകാലബന്ധം, ഒരു കാഷ്വൽ ബന്ധം...ഇതൊക്കെയാണ് അന്ന് ഞങ്ങളുടെ മനസ്സിൽ. ഞങ്ങൾ പരസ്പരം എപ്പോഴും പറയുമായിരുന്നു, ഈ ബന്ധം ഒരിക്കലും സീരിയസാവരുതെന്ന്''.

പിന്നീടാണ് ആ ബന്ധത്തിന് കൂടുതൽ അർത്ഥം വരുന്നതെന്ന് ഇരുവരും ഓർക്കുന്നു. ''ഓരോ ദിവസവും പർമീത് എനിക്ക് മൂന്നു റോസാപൂക്കൾ കൊണ്ടുത്തരുമായിരുന്നു. അതുവാങ്ങാനുള്ള പണം എന്റെ കൈയിൽനിന്ന് വാങ്ങുമെന്നതാണ് അതിലെ തമാശ. എല്ലാ ദിവസവും ഇങ്ങനെ പണംവാങ്ങാൻ തുടങ്ങിയപ്പോൾ, പൂക്കൾ വേണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു''. ബന്ധം കുറച്ചുകൂടി സീരിസായപ്പോൾ ലിവ്-ഇൻ റിലേഷൻഷിപ്പിലേക്ക് മാറി. നാലുവർഷം കഴിഞ്ഞ് 1992-ൽ വിവാഹവും. ഇതെല്ലാം രഹസ്യമായിട്ടായിരുന്നു. ഇവരുടെ ബന്ധവും വിവാഹവുമൊന്നും മാതാപിതാക്കൾ പോലും അറിഞ്ഞിരുന്നില്ലെന്ന് അർച്ചന ഓർക്കുന്നു. 1996-ലാണ് ഇക്കാര്യങ്ങളെല്ലാം കുടുംബാംഗങ്ങളെ പോലും അറിയിക്കുന്നത്. അതുവരെ പുറംലോകത്തിനുമുന്നിൽ അടുത്തസുഹൃത്തുക്കൾ മാത്രമായിരുന്നു അർച്ചനയും പർമീതും. ആര്യമാൻ, ആയുഷ്മാൻ എന്നിങ്ങനെ രണ്ടുമക്കളുമുണ്ട് ദമ്പതികൾക്ക്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi