പ്രണയത്തിനുണ്ടോ അകലം? ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിലുള്ളവർ ഇപ്പോഴും കുറവല്ല. എന്നാൽ, അവർ തങ്ങൾക്കിടയിലെ അകൽച്ച കുറയ്ക്കുന്നതിങ്ങനെ. പങ്കാളി അകലങ്ങളിലാണെങ്കിലും, സ്നേഹമെന്ന ചരടിൽ മുന്നോട്ടുകൊണ്ടുപോവുന്ന ബന്ധം. ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിലുള്ളവർക്കിടയിലെ അകൽച്ച കുറയ്ക്കാൻ സഹായിക്കുന്ന ചില ഉപകരണങ്ങളെ കുറിച്ചറിയാം.
വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റ്
പങ്കാളികൾക്ക് ഒരേ സ്ഥലത്തിരുന്ന് ഒരേ അനുഭവങ്ങൾ ആസ്വദിക്കാൻ സഹായിക്കുന്നതാണ് വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റ്. ഇതുപയോഗിച്ച് ഒരു വെർച്വൽ ഡേറ്റ് നൈറ്റ് ആസ്വദിക്കാനും, പുതിയ നഗരങ്ങൾ പര്യവേഷണം ചെയ്യാനും, വെർച്വൽ റോളർ കോസ്റ്റർ റൈഡുകൾ നടത്താനും കഴിയും. എന്തിനേറെ അകലങ്ങളിലിരുന്ന് ഒരു മ്യൂസിക് കൺസർട്ടിൽ പങ്കെടുക്കാൻ പോലും ഇത് സഹായിക്കും.
ഹാർട്ട്ബീറ്റ് ലോക്കറ്റ്
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഹാർട്ട്ബീറ്റ് ലോക്കറ്റ് സമ്മാനിക്കൂ. ഡബിൾ ടാപ്പിലൂടെ പങ്കാളികൾക്ക് പരസ്പരം ഹാർട്ട്ബീറ്റ് മനസ്സിലാക്കാം.
ഹഗ്ഗബിൾ കുഷ്യൻ
നിങ്ങൾ അകലങ്ങളിലാണെങ്കിലും, ഹഗ്ഗബിൾ കുഷ്യനിലൂടെ പരസ്പരം അടുപ്പമുണ്ടാക്കാൻ സാധിക്കും. ഇത്തരം കുഷ്യനുകൾ ബിൽറ്റ് ഇൻ സ്പീക്കർ കണക്ട് ചെയ്തും വരുന്നുണ്ട് ഇപ്പോൾ. അങ്ങനെയെങ്കിൽ നിങ്ങളുടെ പങ്കാളിയുടെ ശബ്ദം നിങ്ങൾക്ക് കേൾക്കാനാകും.
ടച്ച് ബ്രേസ്ലെറ്റ്
നിങ്ങളുടെ പങ്കാളിയുടെ സ്പർശനം കൊതിക്കാറുണ്ടോ? എങ്കിൽ ടച്ച് ബ്രേസ്ലെറ്റ് അതിന് നിങ്ങളെ സഹായിക്കും. പങ്കാളികൾ ആപ്പ് ഡൗൺലോഡ് ചെയ്ത്, ബ്രേസ്ലെറ്റുകളുമായി ബന്ധിപ്പിക്കണം. അതിനുശേഷം പങ്കാളിയുടെ ബ്രേസ്ലെറ്റുമായി പെയർ ചെയ്യുകയും വേണം. പങ്കാളിയെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ബ്രേസ്ലെറ്റിൽ ഒന്ന് ടച്ച് ചെയ്യുക. അതൊരു വൈബ്രേഷനായോ അല്ലെങ്കിൽ മിന്നിത്തെളിയുന്ന ലൈറ്റായോ പങ്കാളിയുടെ ബ്രേസ്ലെറ്റിൽ അനുഭവപ്പെടും. ചില ബ്രേസ് ലെറ്റുകൾ കസ്റ്റമൈസ്ഡ് ആയിരിക്കും. നിങ്ങളുടെ മെസേജുകൾ അയയ്ക്കാൻ വൈബ്രേഷൻ പാറ്റേണുകളോ നിറങ്ങളോ നിർമിക്കാൻ അത് അനുവദിക്കും. ഉദാഹരണത്തിന് 'ഐ ലവ് യു' എന്ന മെസേജിന് നീലനിറം, 'ഐ മിസ് യു' എന്ന മെസേജിന് പിങ്ക്നിറം എന്നിങ്ങനെ.
ടച്ച് റിങ്സ്
പങ്കാളിയുടെ ഹൃദയമിടിപ്പ് നിങ്ങളുടെ വിരൽത്തുമ്പിൽ അറിയുന്നതിനെക്കുറിച്ച് ചിന്തിച്ചുനോക്കൂ. എന്നാലിവിടെ പങ്കാളിയുടെ ഹൃദയമിടിപ്പ് വൈബ്രേഷനായിട്ടാണ് ദൂരെയുള്ള പങ്കാളിക്ക് അറിയാൻ പറ്റുക. അതിനൊപ്പം ഹൃദയമിടിപ്പ്, ഉറക്കം തുടങ്ങി ആരോഗ്യസംബന്ധമായ പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യാനും ഈ ടച്ച് റിങ്ങിനു കഴിയും. ഇത് ഇരുപങ്കാളികളെയും ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കും. മാത്രമല്ല റിമൈൻഡറുകളും പങ്കാളിയെ സന്തോഷിപ്പിക്കാൻ മനോഹരമായ മെസേജുകളും അയയ്ക്കാനും ഇത് ഉപകരിക്കും.
ഏകദേശം ബ്രേസ്ലെറ്റ് പോലെ തന്നെയാണ് ടച്ച് റിങ്ങിന്റെയും പ്രവർത്തനം. ആപ്പ് ഡൗൺലോഡ് ചെയ്ത് പങ്കാളികളുടെ റിങ്ങുകൾ ബ്ലൂടൂത്ത് വഴി പെയർ ചെയ്യണം.
ലവ് ലാംപ്
അകലങ്ങളിലുള്ള പങ്കാളിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിയിക്കാൻ ഫ്രണ്ട്ഷിപ്പ് ലാംപിന് കഴിയും. ഉറങ്ങാൻ കിടക്കുമ്പോഴുള്ള ഏകാന്തത അകറ്റാനും ഇത് സഹായിക്കും. ലാംപുകൾ അവയുടെ ആപ്പുമായി ബന്ധിപ്പിക്കണം. അതിൽ തൊടുമ്പോൾ പങ്കാളിയുടെ മുറിയിലുള്ള ലാംപും പ്രകാശിക്കും. അതിലൂടെ 'ഞാൻ നിന്നെക്കുറിച്ച് ചിന്തിക്കുന്നു' എന്ന് പങ്കാളിയെ അറിയിക്കാം.
കിസ്സിങ് മെഷീൻ
ദീർഘദൂരബന്ധങ്ങളിൽ ചുംബനം പോലും പങ്കാളികൾക്ക് അതേ തീവ്രതയിൽ അനുഭവിക്കാൻ കഴിയും. സിലിക്കൺ കൊണ്ട് നിർമിച്ച ചുണ്ടുകൾ പോലെയാണിത് കാഴ്ചയിൽ. ഇതിലുള്ള പ്രഷർ സെൻസറുകൾ ചുംബനത്തിന്റെ സമ്മർദവും, ചലനവും, തീവ്രതയും പിടിച്ചെടുക്കും. അതിനൊപ്പം ചുംബനത്തിനിടയിലെ ശബ്ദം പോലും ഉപകരണം പിടിച്ചെടുക്കും. ഇത് ഡേറ്റയായി പങ്കാളിയുടെ കിസ്സിങ് മെഷീനിലേക്ക് കൈമാറും. പങ്കാളിയുടെ കിസ്സിങ് മെഷീനിലുള്ള ഘടകങ്ങൾ ചുംബനം അതേ തീവ്രതയിൽ, പങ്കാളിക്ക് കൈമാറും.
കിസ്സിങ് മെഷീൻ സ്മാർട്ട് ഫോൺ ആപ്പുമായി ബന്ധിച്ചാണ് പ്രവർത്തിക്കുന്നത്. അതിനുശേഷം രണ്ടുപേരുടെയും കിസ്സിങ് മെഷീനുകൾ തമ്മിൽ പെയർ ചെയ്യണം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore innovative gadgets like VR headsets & touch bracelets to bridge the gap in long-distance relationships. Stay connected and feel closer.
Published: 14 Feb 2026, 10:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented