കാമുകിയെന്ന് ആരോപിക്കപ്പെടുന്ന സഹതാരം കോമൾ റാണി സ്വർണ്കറിനൊപ്പം മുംബൈയിൽ ഗണേശോത്സവത്തിനെത്തിയതിനു പിന്നാലെ നടൻ ഗോവിന്ദയ്ക്കെതിരേ വലിയ വിമർശനങ്ങളുയരുകയാണ്. ഭാര്യ സുനിത അഹുജ സ്ഥലത്ത് ഒറ്റയ്ക്ക് പ്രാർത്ഥന നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് നടൻ നടിക്കൊപ്പമെത്തിയത്. ഇപ്പോഴിതാ തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ മറ്റുള്ളവർ അഭിപ്രായം പറയുന്നതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് ഗോവിന്ദ.

'എന്റെ 'രൂപ' എന്ന സിനിമയ്ക്കായി പ്രാർത്ഥിക്കാനാണ് ഞാൻ ലാൽബൗഗ്ചയിൽ പോയത്. മുൻപ് കരിഷ്മ കപൂറിനൊപ്പം ഞാൻ ക്ഷേത്രങ്ങളിൽ പോയിട്ടുണ്ട്. അതെനിക്ക് ഭാഗ്യമായി മാറി. എന്റെ ചിത്രങ്ങൾ വലിയ ഹിറ്റുകളായി. ഞാൻ രവീണ ടണ്ഡനൊപ്പവും പോയിട്ടുണ്ട്. ഇപ്പോൾ റാണി സ്വർണ്കറിനൊപ്പവും. ഏറെ നാളുകൾക്ക് ശേഷമാരംഭിക്കുന്ന സിനിമയായതിനാലാണ് ഞാൻ പ്രാർത്ഥിച്ചത്'- നടൻ ANI-യോട് പറഞ്ഞു.

'ഞാൻ സിനിമ തുടങ്ങിയിട്ടേയുള്ളൂ, അതിനെക്കുറിച്ച് ഇപ്പോൾത്തന്നെ ഇത്രയധികം ചർച്ചകൾ നടക്കുന്നുണ്ട്. ഞങ്ങൾ പ്രശസ്തരാകുന്നതിൽ ആളുകൾക്ക് എന്താണ് പ്രശ്നമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇത് ആരുടെയും തെറ്റല്ല. ഇതൊരു ആസൂത്രിതമായ നീക്കമാണ്. ഇത് ഇനിയും സംഭവിക്കും. എന്നെ കുടുംബത്തിൽ നിന്ന് അകറ്റാനും പിന്നീട് സമൂഹത്തിൽ എന്റെ പ്രതിച്ഛായ തകർക്കാനുമുള്ള ഒരു പദ്ധതിയുടെ ഭാഗമാണിത്. അവർ മുമ്പും ഇത് പരീക്ഷിച്ചിട്ടുണ്ട്, പക്ഷേ ഒരിക്കലും വിജയിച്ചിട്ടില്ല. സർവ്വശക്തൻ എന്റെ കൂടെ നിന്നു. എന്റെ ജോലിയല്ലാതെ മറ്റൊന്നിലും ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചില്ല. ഞാൻ ജോലി ചെയ്തുകൊണ്ടിരുന്നു. മാന്യതയുടെ പേരിൽ പലരും എന്നെ പ്രശംസിച്ചിട്ടുണ്ട്.'- അദ്ദേഹം പറഞ്ഞു.

വ്യക്തിജീവിതം ആർക്കും ചർച്ച ചെയ്യാനുള്ള വിഷയമല്ലെന്നും ഗോവിന്ദ പറയുന്നു. 'ഇത്തരം ചർച്ചകൾക്ക് പോലും അർഹതയില്ലാത്തവരാണ് ഇത്തരം അഭിപ്രായങ്ങൾ പറയുന്നത്. സ്വന്തം കുടുംബം തകർന്നവരും വിവാഹമോചനം നേടിയവരുമായിട്ടും അവർ ഇത്തരം കാര്യങ്ങൾ പറയുന്നു. ഇപ്പോൾ അവർ എന്നെക്കുറിച്ചും ഇത് പറയുന്നു. ഇത് നിങ്ങൾക്ക് ചേർന്നതല്ല. നിങ്ങൾ എന്താണെന്ന് എല്ലാവർക്കും മനസ്സിലാകുന്നുണ്ട്,' ഗോവിന്ദ പറഞ്ഞു.

കോമളുമായുള്ള തന്റെ ബന്ധത്തിന്റെ സ്വഭാവം എന്തായാലും അത് പുറത്തുള്ളവരെ ബാധിക്കേണ്ട ഒന്നല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതൊരു അവിഹിത ബന്ധമായാലും ശരി, അതാർക്കും ചർച്ച ചെയ്യാനുള്ള വിഷയമല്ല. ഞാൻ ജോലി ചെയ്യുകയും പ്രൊഫഷണൽ ബന്ധം നിലനിർത്തുകയും ചെയ്യുന്നുണ്ട്. ഈ ആളുകൾ ആഗ്രഹിക്കുന്നത് എനിക്ക് ജോലി ചെയ്യാൻ കഴിയാതെ, സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകണമെന്നാണ്. അവരെന്നെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്.

നിങ്ങൾ പ്രതികരിക്കുന്നത് ഒരു സംഘം പോലെയാണ്. ഇത് സങ്കടകരമാണ്. ഏതെങ്കിലും വിധത്തിൽ എന്നെ ഒറ്റപ്പെടുത്താനുള്ള ഗൂഢാലോചനയായിട്ടാണ് തോന്നുന്നതെന്നും ഗോവിന്ദ പറയുന്നു. 

ഗോവിന്ദയും സുനിത അഹൂജയും തമ്മിലുള്ള ദാമ്പത്യപ്രശ്നങ്ങൾ ചർച്ചയാവുന്നതിനിടെയാണ് ഏറ്റവും പുതിയ അഭ്യൂഹങ്ങൾ വന്നിരിക്കുന്നത്. കോമളുമായുള്ള ഗോവിന്ദയുടെ ബന്ധത്തെപ്പറ്റി ഓഗസ്റ്റിൽ സുനിത സംസാരിച്ചിരുന്നു. രാഖി സാവന്തുമായുള്ള സംഭാഷണത്തിനിടയിൽ ഇരുവരും വിവാഹം കഴിക്കാൻ പദ്ധതിയിടുന്നുവെന്ന് സുനിത അവകാശപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഗോവിന്ദയുടെ മാനേജർ ഈ അവകാശവാദം തള്ളിക്കളഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi