സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തിൽ ശരിയായ ഒരു സെൽഫ് അസ്സെസ്സ്മെന്റ് ഈ കാലത്ത് അത്യാവശ്യമാണ്. മെന്റൽ ഹെൽത്തും ഫിസിക്കൽ ഹെൽത്തും ബാലൻസ് ചെയ്തു നിർത്തുന്നത് ഇന്നത്തെ കാലഘട്ടത്തിൽ ചലഞ്ചിങ് ആയിട്ടുള്ളൊരു ടാസ്‌ക് തന്നെയാണ്.

ഫോൺ ഉപയോഗം
നിങ്ങൾ എത്ര നേരമാണ് സോഷ്യൽ മീഡിയ അല്ലെങ്കിൽ ഫോൺ നോക്കുന്നത്? കുട്ടികൾക്കു മാത്രമല്ല, മുതിർന്നവർക്കും ഫോണിന്റെ അമിതമായ ഉപയോഗം വലിയ പ്രശ്‌നമാണ്. ഫോണിന്റെ ദീർഘകാലമായുള്ള ഉപയോഗം മനുഷ്യനെ വൈകാരികമായി ശൂന്യമാക്കുകയും ഭയത്തിന്റെ ഘടകങ്ങൾ കൂട്ടുകയും ചെയ്യുന്നു. ഇത് മാനസിക അസ്ഥിരതയ്ക്കും കോഗ്‌നിറ്റീവ് കഴിവുകൾ കുറയുന്നതിനും കാരണമാകുന്നു. ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങൾ ഇതിനുണ്ട്. ഒപ്പം ജോലിയുമായും മറ്റും ബന്ധപ്പെട്ട സമ്മർദ്ദവും കൂടെയാകുമ്പോൾ ശരീരം രോഗങ്ങളിലേക്ക് വഴിമാറുന്നു. ഇത്തരത്തിലുള്ള അവസ്ഥകളിൽ ഒന്നാണ് 'ബ്രെയിൻ ഫോഗ്' അഥവാ തലച്ചോറിലെ പുകമറ.

എന്താണ് ബ്രെയിൻ ഫോഗ്?
നിങ്ങളുടെ ചിന്ത, ഓർമ്മ, ശ്രദ്ധ എന്നിവയെ ബാധിക്കുന്ന ഒരു സാധാരണ ലക്ഷണമാണ് ബ്രെയിൻ ഫോഗ്. ഇത് സാധാരണ ജോലികൾ ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞതാക്കും. സംഭാഷണത്തിനിടയിൽ നിങ്ങളുടെ ചിന്ത ഗതിമാറിപ്പോയേക്കാം. ഇത് സാധാരണയായി താൽക്കാലികമാണെങ്കിലും, ബ്രെയിൻ ഫോഗ് അനുഭവപ്പെടുന്ന കാലയളവ് ഓരോരുത്തരിലും വ്യത്യാസപ്പെടാം. പേര് സൂചിപ്പിക്കുന്നത് പോലെ, ഈ ലക്ഷണം നിങ്ങളുടെ മനസ്സിനെ മൂടുകയും സംഭാഷണം തുടരുക, നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക, അല്ലെങ്കിൽ ചെയ്യുന്ന ഒരു കാര്യത്തിന്റെ ഘട്ടങ്ങൾ ഓർമ്മിക്കുക തുടങ്ങിയവ ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു.
എങ്ങനെ അനുഭവപ്പെടുന്നു
ബ്രെയിൻ ഫോഗ് വ്യക്തിയെ അനുസരിച്ച് വ്യത്യാസപ്പെടാം:

  • ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലെ ബുദ്ധിമുട്ട്
  • ആശയക്കുഴപ്പം
  • തീവ്രമായ ക്ഷീണം
  • മറവി
  • ചിന്താഗതി നഷ്ടപ്പെടൽ
  • മാനസിക തളർച്ച
  • ശരിയായ വാക്കുകൾ കിട്ടാതിരിക്കൽ
  • ചിന്താപ്രക്രിയയും പ്രതികരണ സമയവും (reaction time) മന്ദഗതിയിലാകുക

എന്താണ് കാരണം?
ഉറക്കക്കുറവ്, ലൂപ്പസ്, മൾട്ടിപ്പിൾ സ്‌ക്ലിറോസിസ്, ഫൈബ്രോമയാൾജിയ തുടങ്ങിയ ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ, പ്രമേഹവും രക്തത്തിലെ കുറഞ്ഞ പഞ്ചസാരയുടെ അളവും (ഹൈപ്പോഗ്ലൈസീമിയ), ഉത്കണ്ഠ അല്ലെങ്കിൽ വിഷാദം പോലുള്ള മാനസികാരോഗ്യ അവസ്ഥകൾ, എഡിഎച്ച്ഡി, ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ പോലുള്ള ന്യൂറോഡൈവേർജന്റ് അവസ്ഥകൾ, ഗർഭകാലത്തോ ആർത്തവവിരാമത്തിലോ ഉള്ള ഹോർമോൺ മാറ്റങ്ങൾ, പോഷകാഹാരക്കുറവ്, സമ്മർദ്ദം. ഇതിനെല്ലാമൊപ്പം താഴെ പറയുന്ന സാഹചര്യങ്ങൾക്ക് ശേഷവും ബ്രെയിൻ ഫോഗ് ഉണ്ടാകാം:

  • കോവിഡ്-19 അണുബാധ, കാൻസറിനുള്ള കീമോതെറാപ്പി ചികിത്സ, നീണ്ട ആശുപത്രി വാസം.
  • ശരീരത്തിന്റെ പ്രതിരോധശേഷി തകരാറിലാവുകയും അതുമൂലം തലച്ചോറിൽ ഇൻഫ്‌ളമേഷൻ (നീർക്കെട്ട്) ഉണ്ടാകുകയും ചെയ്തേക്കാം. ഇത് ബ്രെയിൻ മെസ്സേജിംഗ് കപ്പാസിറ്റിയെ ബാധിച്ച്, കോഗ്‌നിറ്റീവ് പ്രവർത്തനങ്ങൾ വൈകാൻ ഇടയാക്കുകയും ചെയ്യും.

പ്രതിരോധ മാർഗ്ഗങ്ങൾ?

  • ബ്രെയിൻ ഫോഗിന് പ്രത്യേക ഒറ്റമൂലി ചികിത്സ ലഭ്യമല്ലെങ്കിലും, പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ചില ശീലങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്താം.
  • രാത്രി കൃത്യമായ ഉറക്കം ലഭിക്കുന്നതിന് ഉറക്കശീലങ്ങൾ മെച്ചപ്പെടുത്തുക.
  • ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുക.
  • ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുക.
  • പ്രധാനപ്പെട്ട വിവരങ്ങൾ മറന്നുപോകാതിരിക്കാൻ എഴുതിവയ്ക്കുക.
  • തലച്ചോറിന്റെ അമിത ജോലിഭാരം കുറയ്ക്കുന്നതിന് ദിവസം മുഴുവൻ ചെറിയ ഇടവേളകൾ (ഏകദേശം 30 മിനിറ്റ് വീതം) എടുക്കുക.
  • കോഗ്‌നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT) പോലുള്ള സൈക്കോതെറാപ്പിയിൽ പങ്കെടുക്കുക.

ആയുർവേദത്തിലൂടെ എങ്ങനെ നേരിടാം
ആയുർവേദത്തിൽ ഇതിനെ ത്രിദോഷങ്ങളുടെ അസന്തുലിതാവസ്ഥയായി കണക്കാക്കുന്നു. ഇത് ശരീരത്തിലെ അഗ്‌നിയെ കുറയ്ക്കുകയും ടോക്‌സിനുകൾ അടിഞ്ഞുകൂടാൻ ഇടയാക്കുകയും ചെയ്യുന്നതുമൂലം പ്രതിരോധശേഷി അപകടകരമായി കുറയുന്നു. ശരീരത്തിലെ ടോക്‌സിനുകളെ പഞ്ചകർമ്മങ്ങളിലൂടെ പുറത്തേക്കു തള്ളി, ശമിച്ചിരിക്കുന്ന അഗ്‌നിയെ പുനരുദ്ദീപിപ്പിക്കുക. ഒപ്പം ചിട്ടയായ ആഹാരക്രമം ശീലമാക്കുക. ദിവസവും 30 മിനിറ്റ് യോഗാഭ്യാസം ശീലമാക്കുക. ആഹാരത്തിനു ശേഷം ജീരകം, ഉലുവ, ലേശം ഇഞ്ചി എന്നിവയിട്ട മോര് ശീലമാക്കുക.

ശംഖുപുഷ്പം, യഷ്ടിമധു എന്നിവയിട്ട ഹെർബൽ കഷായം അല്ലെങ്കിൽ ഹെർബൽ ടീ ആഴ്ചയിൽ ഒരിക്കൽ ശീലമാക്കുക. ശിരോവസ്തി, ശിരോധാര തുടങ്ങിയ ആയുർവേദ ചികിത്സകൾ ഉത്തമമാണ്. ഒപ്പം അഭ്യംഗം, പിഴിച്ചിൽ എന്നിവ കൂടി ചേരുമ്പോൾ ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യവും ഉണർവ് നേടും. അശ്വഗന്ധ ചൂർണ്ണം, ബ്രഹ്‌മി ഘൃതം, രസായന വടി, മനസമിത്ര വാടകം, അജമാംസ രസായനം, കച്ചൂരാധി താളം തുടങ്ങിയ മരുന്നുകൾ ബ്രെയിൻ ഹെൽത്തിനെ സഹായിക്കുന്നു. ധൃതിപിടിച്ചോടുന്ന ലോകത്തിൽ സ്വയം നഷ്ടപ്പെടാതെ, നമ്മുടെ ആരോഗ്യത്തിനും മനസ്സിനും അല്പം സമയം കൊടുക്കാൻ മറക്കരുതേ. അനാവശ്യമായ ചിന്തകളുടെ പുകമറകൾ സൃഷ്ടിക്കാതെ സന്തോഷത്തോടെ ജീവിക്കുക.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi