സ്ത്രീകളിൽ പലരും ഇന്നും വിവാഹജീവിതത്തിലെ വേദനകളും ഒറ്റപ്പെടലും നിശ്ശബ്ദമായി സഹിച്ച് മുന്നോട്ടുപോകുന്നവരാണ്. 'കുറച്ചുകൂടി സഹിക്കൂ', 'കുടുംബത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യൂ', 'ആളുകൾ എന്ത് പറയും?' തുടങ്ങിയ ഉപദേശങ്ങളാണ് പല സ്ത്രീകളെയും അസന്തുഷ്ടമായ ബന്ധങ്ങളിൽ തുടരാൻ നിർബന്ധിതരാക്കുന്നത്. എന്നാൽ ഈ ചിന്തകളെല്ലാം സമൂഹത്തിൽ ശക്തമായിരുന്ന ഒരു കാലത്ത് തന്നെ, സ്വന്തം ജീവിതത്തെക്കുറിച്ച് ധീരമായ ഒരു തീരുമാനം എടുത്ത സ്ത്രീയായിരുന്നു ഡിംപിൾ കപാഡിയ.

To advertise here,

1973-ൽ, വെറും 15-ാം വയസ്സിൽ ഡിംപിൾ കപാഡിയ ബോളിവുഡിന്റെ ആദ്യ സൂപ്പർസ്റ്റാറായ രാജേഷ് ഖന്നയെ വിവാഹം കഴിച്ചു. ഒരു സ്വപ്നജീവിതത്തിലേക്കാണ് ഡിംപിൾ അന്ന് കടന്നുചെന്നത്. എന്നാൽ യാഥാർഥ്യം സിനിമകളിലെ പ്രണയകഥകളെപ്പോലെയായിരുന്നില്ല. ആദ്യ ചിത്രമായ ‘ബോബി’ വൻവിജയമായതോടെ അഭിനയരംഗത്ത് വലിയ ഭാവി കാത്തിരിക്കെ, ഡിംപിൾ സിനിമ വിട്ടു. ഭാര്യയും പിന്നീട് രണ്ട് പെൺമക്കളുടെ അമ്മയുമായി. അന്നത്തെ കാലഘട്ടത്തിൽ സ്ത്രീകൾ അതൊരു സ്വാഭാവിക ത്യാഗമായി കണ്ടിരുന്നെങ്കിലും, പിന്നീട് ഡിംപിൾ തുറന്നുപറഞ്ഞത് താൻ സ്വപ്നം കണ്ട ജീവിതമല്ല വിവാഹശേഷം ലഭിച്ചതെന്നായിരുന്നു. 'അതൊരു വേദനാജനകമായ കാലഘട്ടമായിരുന്നു' എന്നാണ് അവർ പറഞ്ഞത്.

1994-ൽ ഡിംപിൾ തന്റെ വിവാഹജീവിതത്തെക്കുറിച്ച് അസാധാരണമായ ഒരു തുറന്നുപറച്ചിൽ നടത്തി. താനും രാജേഷ് ഖന്നയും തികച്ചും വ്യത്യസ്തരായ വ്യക്തികളായിരുന്നുവെന്നും, ഒരു സൂപ്പർസ്റ്റാറിന്റെ ജീവിതവും സമ്മർദ്ദങ്ങളും മനസ്സിലാക്കാൻ ചെറുപ്പകാലത്ത് തനിക്കായില്ലെന്നും അവർ സമ്മതിച്ചു. ആ കാലഘട്ടം ജീവിതത്തിൽ വേദന നിറഞ്ഞതായിരുന്നുവെന്നാണ് അവർ പറഞ്ഞത്. സ്വയം തിരഞ്ഞെടുത്ത ഒരു സ്വപ്നം യാഥാർഥ്യത്തിൽ തകരുമ്പോഴുള്ള നിരാശയ്ക്ക് വേറിട്ടൊരു വേദനയുണ്ട്. പ്രത്യേകിച്ച് പ്രണയവിവാഹം പരാജയപ്പെടുമ്പോൾ സമൂഹം പലപ്പോഴും സ്ത്രീകളോട് പറയുന്നത് ഒന്നാണ് 'നീയല്ലേ തിരഞ്ഞെടുത്തത്, സഹിച്ചോളൂ എന്ന്.'

യൗവനകാലത്ത് സിനിമകളിലെ പ്രണയകഥകളാണ് വിവാഹജീവിതമെന്നാണ് ഡിംപിൾ വിശ്വസിച്ചിരുന്നത്. എന്നാൽ ഒരു കൗമാരക്കാരിയുടെ പ്രതീക്ഷകളാണ് അവിടെ തകർന്നത്. കൗമാരപ്രായത്തിൽ തന്നെ വിവാഹം, മാതൃത്വം, പ്രശസ്തി, ഉത്തരവാദിത്തങ്ങൾ എല്ലാം ഒരുമിച്ച് നേരിടേണ്ടി വന്ന ഒരു പെൺകുട്ടിയുടെ കഥ കൂടിയാണത്.

ആ ധീരമായ തീരുമാനം

1982-ലാണ് ഡിംപിൾ കപാഡിയ വിവാഹജീവിതത്തിൽ നിന്ന് വേർപിരിയാൻ തീരുമാനിച്ചത്. ഇന്നും വിവാഹമോചനവും വേർപിരിയലും സ്ത്രീകൾക്ക് എളുപ്പമല്ല. എന്നാൽ എൺപതുകളിൽ അതിന് ചുറ്റുമുണ്ടായിരുന്ന സാമൂഹിക അപഹാസ്യം അതിലും വലുതായിരുന്നു. അതും ബോളിവുഡിലെ സൂപ്പർഹീറോ രാജേഷ് ഖന്നയെ വിട്ടുപോകുക എന്നത് വലിയ ധൈര്യം വേണ്ട കാര്യമായിരുന്നു. എന്നാൽ ഡിംപിളിന്റെ കഥയുടെ പ്രത്യേകത അവർ വിവാഹം ഉപേക്ഷിച്ചതിലല്ല. അതിനുശേഷം അവർ പടുത്തുയർത്തിയ പുതുജീവിതമാണ്. 

27-ാം വയസ്സിൽ അവർ വീണ്ടും സിനിമയിലേക്ക് മടങ്ങി. ‘സാഗർ’ എന്ന ചിത്രത്തിലൂടെ അതിഗംഭീരമായ തിരിച്ചുവരവ് അവർ നടത്തി. അത് ഒരു നടിയുടെ വെറുമൊരു തിരിച്ചുവരവായിരുന്നില്ല. വർഷങ്ങൾക്കുമുമ്പ് നഷ്ടപ്പെട്ടുപോയ സ്വന്തം വ്യക്തിത്വം തിരിച്ചുപിടിക്കാനുള്ള യാത്രയായിരുന്നു. തന്റെ ജീവിതത്തെ ഒരു പരാജയപ്പെട്ട ബന്ധത്തിന്റെ ചട്ടക്കൂടിൽ ഒതുക്കാൻ അവർ തയ്യാറായിരുന്നില്ല. പിന്നീട് ആത്മവിശ്വാസവും സ്വാതന്ത്ര്യവും കൈവരിച്ച സ്ത്രീയായി ഡിംപിളിനെ സിനിമാലോകം കണ്ടു.

മകൾ ട്വിങ്കിൾ ഖന്ന പല അഭിമുഖങ്ങളിലും അമ്മയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. പുലർച്ചെ എഴുന്നേറ്റ് വ്യായാമം ചെയ്യുകയും, മണിക്കൂറുകളോളം ജോലി ചെയ്യുകയും, കുടുംബവും കരിയറും ഒരുപോലെ കൈകാര്യം ചെയ്യുകയും ചെയ്ത അമ്മയെ കണ്ടാണ് അവർ വളർന്നത്. അവർക്ക് ഡിംപിൾ ഒരു ദുരന്തത്തിന്റെ ഇരയായിരുന്നില്ല. ജീവിതം വീണ്ടും പടുത്തുയർത്താൻ കഴിയുമെന്ന് തെളിയിച്ച സ്ത്രീയായിരുന്നു. ഒരു സ്ത്രീ സ്വന്തം വ്യക്തിത്വം തിരിച്ചറിഞ്ഞ കഥയായിരുന്നു അവർക്ക് പറയാനുണ്ടായിരുന്നത്. ഒരു സ്ത്രീയുടെ മൂല്യം വിവാഹജീവിതം കൊണ്ട് മാത്രം അളക്കാനാകില്ലെന്ന് ഓർമിപ്പിക്കുന്ന കഥ. 
കുടുംബത്തിനുവേണ്ടി എല്ലാം സഹിക്കുന്ന, ഒത്തുതീർപ്പുകളിലൂടെ മുന്നോട്ടുപോകുന്ന സ്ത്രീകൾക്ക് ഡിംപിൾ കപാഡിയയുടെ ജീവിതം ഒരു ഓർമ്മപ്പെടുത്തലാണ്. ഒരു ബന്ധം അവസാനിക്കുമ്പോൾ ജീവിതവും അവസാനിക്കുന്നില്ലെന്നുള്ള ഓർമ്മപ്പെടുത്തൽ. ചിലപ്പോൾ അത് പുതിയൊരു തുടക്കമായിരിക്കാം. സ്വന്തമല്ലെന്ന് തോന്നുന്ന ഒരു ജീവിതത്തിൽ നിന്ന് മാറിനടന്ന്, സ്വന്തമായി ഒരു പുതു ജീവിതം പടുത്തുയർത്താൻ ഇനിയും വൈകിയിട്ടില്ല...

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi