നടി നീനാ ഗുപ്ത ഒട്ടേറെ പ്രതിസന്ധികൾ മറികടന്നാണ് മകൾ മസാബയെ വളർത്തിയത്. വിവാഹം കഴിക്കാതെ ഗർഭിണിയായതിനാൽ ഒട്ടേറെ പ്രശ്‌നങ്ങൾ നേരിടേണ്ടിവന്നുവെന്ന് നീന പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. വെസ്റ്റിൻഡീസ് മുൻ ക്രിക്കറ്റ് കളിക്കാരനായ വിവിയൻ റിച്ചാർഡ്‌സാണ് മസാബയുടെ പിതാവ്.
ഒരു സിംഗിൾ മദർ എന്ന നിലയിൽ മകൾ മസാബയെ വളർത്തിയതിനെക്കുറിച്ചും അവരുടെ ജീവിതത്തെ രൂപപ്പെടുത്തിയ തീരുമാനങ്ങളെക്കുറിച്ചും നീന ഗുപ്ത തുറന്നു സംസാരിച്ചു. 'സൂമുമായുള്ള സംഭാഷണത്തിൽ പിതാവ് ഒപ്പമില്ലാതെ മസാബ വളർന്നുവന്ന സാഹചര്യത്തെക്കുറിച്ച് അവർ മനസ്സ് തുറന്നു. കൂടാതെ, കാലങ്ങളായി മസാബയോട് താൻ എന്തിനാണ് ക്ഷമ ചോദിച്ചതെന്നും, ഒരു കുട്ടിയെ ഏറെക്കുറെ ഒറ്റയ്ക്ക് വളർത്തുന്നതിലെ ദുഷ്‌കരമായ യാഥാർത്ഥ്യങ്ങളെ താൻ എങ്ങനെ നേരിട്ടുവെന്നും അവർ വിശദീകരിച്ചു.
ചെറുപ്പത്തിൽ എടുക്കുന്ന തീരുമാനങ്ങൾ എവിടെയാണ് ചെന്നെത്തുക എന്ന് പൂർണ്ണമായി മനസ്സിലാക്കാതെയാണ് പലപ്പോഴും ആളുകൾ അവ എടുക്കാറുള്ളതെന്നും അവർ പറഞ്ഞു. ''ഞാൻ അവളോട് വളരെ തുറന്നാണ് സംസാരിക്കാറുള്ളത്; നീ ചെറുതായിരുന്നപ്പോൾ നിനക്കൊപ്പം ഒരു അച്ഛൻ ഉണ്ടായിരുന്നില്ലല്ലോ എന്നുപറഞ്ഞ് പലതവണ ഞാൻ അവളോട് മാപ്പ് ചോദിച്ചിട്ടുണ്ട്. അത് എന്റെ തെറ്റാണ്, പക്ഷേ അവൾക്കത് മനസ്സിലാകും. തെറ്റുകൾ എല്ലാവർക്കും സംഭവിക്കുന്നതാണ്. ചെറുപ്പത്തിൽ മാതാപിതാക്കൾ പറയുന്ന കാര്യങ്ങൾ നമ്മൾ പലപ്പോഴും ശ്രദ്ധിക്കാറില്ല; ആ തിരിച്ചറിവ് പിന്നീട് മാത്രമേ നമുക്ക് ലഭിക്കൂ''.
മറ്റാരെങ്കിലും പറയുന്നതിന് മുൻപ്, തന്റെ പിതാവിനെക്കുറിച്ചുള്ള സത്യം മസാബ തന്നിൽ നിന്നുതന്നെ അറിയണമെന്ന കാര്യം താൻ പ്രത്യേകം ശ്രദ്ധിച്ചതായും അവർ പറയുന്നു. മകളുടെ ചോദ്യങ്ങൾക്ക് അവ ഉയർന്നു വരുമ്പോൾത്തന്നെ മറുപടി നൽകിക്കൊണ്ടും, പ്രായത്തിനനുസരിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ അവളെ അനുവദിച്ചുകൊണ്ടും സാവധാനത്തിൽ ആ വിഷയങ്ങൾ സംസാരിക്കാനാണ് അവർ തീരുമാനിച്ചത്.
മാതാപിതാക്കളോട് യാതൊരുവിധ വിദ്വേഷവും വെച്ചുപുലർത്താതെ മസാബ വളരണമെന്ന് അവർക്ക് ആഗ്രഹമുണ്ടായിരുന്നു. മറ്റുള്ളവരിൽ നിന്ന് കേൾക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു അഭിപ്രായം രൂപീകരിക്കുന്നതിന് പകരം, മാതാപിതാക്കളുടെ ബന്ധത്തെക്കുറിച്ചുള്ള സാഹചര്യങ്ങൾ മകൾക്ക് കൃത്യമായി മനസ്സിലാക്കിക്കൊടുക്കാൻ താൻ ശ്രമിച്ചതായും നീന പറയുന്നു.
''അവൾക്ക് അവളുടെ അച്ഛനോട് ഇഷ്ടം തോന്നുന്ന രീതിയിലാണ് ഞാൻ കാര്യങ്ങൾ കൈകാര്യം ചെയ്തത്. അവൾ വളർന്നുവന്നപ്പോൾ, എന്താണ് സംഭവിച്ചതെന്നും അതിനു പിന്നിലെ കാരണങ്ങളും ഞാൻ അവളോട് പറഞ്ഞു. സത്യം തുറന്നുപറഞ്ഞതുകൊണ്ട് എന്നോട് അവൾക്ക് യാതൊരു വിദ്വേഷമോ ദേഷ്യമോ തോന്നിയില്ല. പുറത്തുനിന്നുള്ള കാര്യങ്ങൾ കേൾക്കുന്നതിനേക്കാൾ, ഞാൻ നേരിട്ട് അവളോട് കാര്യങ്ങൾ പറയുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. അതുകൊണ്ട് തന്നെ അതൊരു പ്രധാനപ്പെട്ട കാര്യമായിരുന്നു. ഞാൻ ചെയ്തത് വളരെ വിവേകപൂർണ്ണമായ ഒരു കാര്യമാണെന്നാണ് എനിക്ക് തോന്നുന്നത്''.
1989-ലാണ് മസാബ ജനിക്കുന്നത്. അന്നേ വിവിയൻ വിവാഹിതനായിരുന്നു. അതിനിടയിലാണ് നീനയും വിവിയനും പ്രണയത്തിലാവുന്നത്. വിവിയാൻ നാട്ടിലേക്ക് തിരിച്ചുപോയപ്പോഴാണ് താൻ ഗർഭിണിയാണെന്ന വിവരം നീന തിരിച്ചറിയുന്നത്. അതറിഞ്ഞപ്പോൾ നീന, വിവിയനെ വിളിച്ച് കാര്യം പറഞ്ഞു. 'നിങ്ങളുടെ കുഞ്ഞിന് ഞാൻ ജൻമം നൽകുന്നതിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോ?' എന്നായിരുന്നു നീനയുടെ ചോദ്യം. ഇല്ലെന്ന് വിവിയന്റെ മറുപടിയും. അങ്ങനെയാണ് മസാബയ്ക്ക് ജൻമം നൽകാനും വളർത്താനും നീന തീരുമാനിക്കുന്നത്. വർഷങ്ങൾക്കുശേഷം 2008-ൽ നീന വിവാഹിതയായി. 2023-ൽ മസാബ വിവാഹിതയായപ്പോൾ നീനയും വിവിയനും ആ ചടങ്ങിന് ഒരുമിച്ചെത്തി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Neena Gupta admitted apologizing to her daughter Masaba for growing up without a father. Discussed the challenges of raising Masaba as a single mother after her relationship with Vivian Richards
Published: 14 Sept 2026, 02:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented