സിനിമയിലെ ഓരോ രംഗവും മികച്ചതാക്കാൻ നടീനടന്മാർ പലപ്പോഴും വലിയ പരിശ്രമങ്ങൾ നടത്താറുണ്ട്. പ്രത്യേകിച്ച് സ്വാഭാവികമായ പ്രകടനത്തിനായുള്ള തയ്യാറെടുപ്പുകൾ. എന്നാൽ ചിലപ്പോഴൊക്കെ അത്തരം ശ്രമങ്ങൾ അപ്രതീക്ഷിത സംഭവങ്ങളിലേക്ക് വഴിവെക്കാം. 1997-ൽ പുറത്തിറങ്ങിയ ‘യശ്വന്ത്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ അത്തരമൊരു അനുഭവമാണ് നടി മധൂ ഷാ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
അടുത്തിടെ നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് നടൻ നാനാ പടേക്കറിനൊപ്പമുള്ള അനുഭവം മധൂ പങ്കുവെച്ചത്. ഒരു വികാരഭരിതമായ സീനിൽ ഗ്ലിസറിൻ ഉപയോഗിച്ച് കണ്ണീര് വരുത്താൻ ശ്രമിച്ചപ്പോൾ നാനാ അതിന് സമ്മതിച്ചില്ലെന്ന് മധൂ പറഞ്ഞു. കഥാപാത്രത്തിന്റെ വികാരം സ്വാഭാവികമായി അനുഭവിച്ചാൽ മാത്രമേ സീനിന് പൂർണത വരികയുള്ളൂവെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
Also Read
“ഞാൻ കരയേണ്ട ഒരു രംഗമായിരുന്നു അത്. ഗ്ലിസറിൻ ഉപയോഗിക്കാനായിരുന്നു തീരുമാനിച്ചത്. പക്ഷേ നാനാജി അതിന് അനുവദിച്ചില്ല. യഥാർഥ കണ്ണീർ വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് അത് സാധിച്ചില്ല. അപ്പോഴാണ് അദ്ദേഹം ശരിക്കും എന്നെ അടിച്ചത്. അത്ര ശക്തമായ അടിയായിരുന്നു അത്. ഉടൻ തന്നെ എന്റെ കണ്ണിൽ വെള്ളം നിറഞ്ഞു,” മധൂ പറഞ്ഞു.
എന്നാൽ ആ അടിയേറ്റത് മധുവിനെ പ്രകോപിപ്പിച്ചു. “ആ രംഗത്തിന് മുമ്പ് ഞങ്ങൾ റിഹേഴ്സൽ നടത്തിയിരുന്നു. അപ്പോൾ അദ്ദേഹം അങ്ങനെ ഒന്നും ചെയ്തിരുന്നില്ല. പെട്ടെന്ന് അടിച്ചപ്പോൾ എനിക്ക് വലിയ ദേഷ്യം വന്നു. ഞാൻ വളരെ പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവക്കാരിയാണ്. അദ്ദേഹം എന്നെ അടിച്ചയുടൻ ഞാനും തിരിച്ച് അദ്ദേഹത്തെ അടിച്ചു,” മധൂ ഓർമിച്ചു.
സംഭവം അപ്രതീക്ഷിതമായിരുന്നെങ്കിലും സിനിമയ്ക്ക് അത് ഗുണകരമായെന്ന് മധൂ പറഞ്ഞു. യശ്വന്ത് സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട രംഗങ്ങളിലൊന്നായിരുന്നു അത്. ആ രംഗം ചിത്രീകരിക്കാൻ സംവിധായകൻ അനിൽ മട്ടൂ ഒരു ദിവസം മുഴുവൻ മാറ്റിവെച്ചിരുന്നുവെങ്കിലും, സംഭവിച്ചതെല്ല്ലാം സ്വാഭാവികമായതിനാൽ അര ദിവസം കൊണ്ടുതന്നെ ചിത്രീകരണം പൂർത്തിയാക്കാനായി.
നാനാ പടേക്കർ ഒരിക്കലും വ്യക്തിപരമായി മോശമായി പെരുമാറിയിട്ടില്ലെന്നും മധൂ കൂട്ടിച്ചേർത്തു. അഭിനയത്തിൽ കൂടുതൽ മികവ് പുലർത്തണമെന്ന് ആഗ്രഹിച്ചപ്പോഴാണ് അദ്ദേഹം കടുംപിടുത്തം കാണിച്ചിരുന്നത്. ഷോട്ട് കഴിഞ്ഞ ഉടൻ കഥാപാത്രത്തിന്റെ വികാരാവസ്ഥയിൽനിന്ന് പുറത്തുകടക്കുന്നതും ഗ്ലിസറിൻ ഉപയോഗിക്കുന്നതും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. കഥാപാത്രത്തെ പൂർണമായി ജീവിച്ചുകൊണ്ടാണ് അഭിനയിക്കേണ്ടതെന്ന വിശ്വാസമായിരുന്നു നാനായുടേതെന്നും മധൂ പറഞ്ഞു.
അനിൽ മട്ടൂ സംവിധാനം ചെയ്ത യശ്വന്ത് എന്ന ചിത്രത്തിൽ നാനാ പടേക്കർ, മധൂ ഷാ, അതുൽ അഗ്‌നിഹോത്രി എന്നിവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. സത്യസന്ധനായ നാർക്കോട്ടിക്സ് പൊലീസ് ഓഫീസറുടെ ജീവിതവും അദ്ദേഹത്തിന്റെ പോരാട്ടങ്ങളുമാണ് ചിത്രത്തിന്റെ കഥ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Madhoo Shah recalls shocking on-set moment with Nana Patekar
Published: 08 Jun 2026, 12:25 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented