ഇന്ത്യൻ ചലച്ചിത്ര ലോകത്ത് രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കുകയാണ് നടി സാമന്ത റൂത്ത് പ്രഭു. എന്നാൽ, കരിയറിന്റെ ഒരു ഘട്ടത്തിൽ അഭിനയം പൂർണമായും നിർത്താൻ താരം തീരുമാനിച്ചിരുന്നു എന്ന വിവരം ആരാധകരെ ഏറെ അമ്പരപ്പിക്കുന്നതാണ്. പ്രതിരോധ ശേഷിയെ ബാധിക്കുന്ന 'മയോസൈറ്റിസ്' (Myositis) എന്ന അപൂർവ്വ രോഗബാധയും തുടർന്നുള്ള ശാരീരിക അസ്വസ്ഥതകളുമാണ് സാമന്തയെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.

To advertise here,

എന്നാൽ സാമന്തയിലെ കലാകാരിയിൽ ഉറച്ച വിശ്വാസമർപ്പിച്ച ഒരാളുണ്ടായിരുന്നു, സംവിധായകനും സാമന്തയുടെ പങ്കാളിയുമായ രാജ് നിദിമൊരു. ആ ഘട്ടത്തിൽ താരം നേരിട്ട ആ പ്രതിസന്ധികളെക്കുറിച്ചും രാജ് നൽകിയ പിന്തുണയെക്കുറിച്ചും സാമന്ത തുറന്നുപറഞ്ഞിരുന്നു.

"ആരോഗ്യപ്രശ്നങ്ങൾ കാരണം ഒരു വർഷത്തോളം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നപ്പോൾ, മറ്റ് മേഖലകളിലേക്ക് ശ്രദ്ധ തിരിക്കാനാണ് എനിക്ക് തോന്നിയത്. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം അല്പം ഭയവുമുണ്ടായിരുന്നു. ആരോഗ്യം സംരക്ഷിക്കാൻ കരിയർ പതുക്കെയാക്കാനും മറ്റ് കാര്യങ്ങൾ കണ്ടെത്താനും ഡോക്ടർമാരും നിർദ്ദേശിച്ചു. ഞാനത് ഗൗരവമായി എടുത്തു. എനിക്ക് താല്പര്യമുള്ള പല ബിസിനസ്സുകളിലും നിക്ഷേപം നടത്തുകയും ഒരു ബിസിനസ്സ് സംരംഭകയായി മാറുകയും ചെയ്തു. ആ ഘട്ടം ഞാൻ ശരിക്കും ആസ്വദിച്ചിരുന്നു," ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സാമന്ത വ്യക്തമാക്കി.

ഇതിനിടയിലാണ് 'സിറ്റാഡൽ' സീരീസിന്റെ ചിത്രീകരണം നടക്കുന്നത്. "അക്കാലത്ത് ഞാൻ കടുത്ത രോഗബാധയിലായിരുന്നു. വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു. എന്റെ രോഗം കാരണം ലൊക്കേഷനിൽ മറ്റുള്ളവരുടെ സമയം നഷ്ടപ്പെടരുത് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് 'മാ ഇന്റി ബംഗാരം' എന്ന ചിത്രം നിർമ്മിക്കാൻ തീരുമാനിച്ചത്. ക്യാമറയ്ക്ക് പിന്നിൽ നിൽക്കുക എന്ന തീരുമാനത്തോട് ഞാൻ പൊരുത്തപ്പെടുകയും ചെയ്തിരുന്നു," സാമന്ത ഓർത്തെടുത്തു.

എന്നാൽ രാജ് നിദിമൊരു, സാമന്ത അഭിനയത്തിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിച്ചു. "എന്നെക്കാൾ വിശ്വാസം അദ്ദേഹത്തിന് എന്നിലുണ്ടായിരുന്നു. ഞാൻ അഭിനയം നിർത്തി സിറ്റാഡൽ ടീമിന് പിന്മാറിക്കൊണ്ട് ഇമെയിൽ അയക്കാൻ വരെ തുനിഞ്ഞതാണ്. എന്നാൽ അവർ എന്നെ കൈവിട്ടില്ല. 'മാ ഇന്റി ബംഗാരം' എന്ന ചിത്രത്തിൽ അഭിനയിക്കാൻ സായ് പല്ലവി വിസമ്മതിച്ചതാണ് ഞാൻ അതിലേക്ക് എത്താൻ കാരണം. ആ കഥയ്ക്ക് വലിയ സാധ്യതയുണ്ടെന്നും അത് സ്ക്രീനിൽ വരണമെന്നും എനിക്ക് തോന്നി," സാമന്ത പറഞ്ഞു. ലൊക്കേഷനിൽ രാജിന്റെ സാന്നിധ്യം തനിക്ക് വലിയ ധൈര്യമാണ് നൽകിയതെന്നും കൂട്ടിച്ചേർത്തു.

2022-ലാണ് തനിക്ക് മയോസൈറ്റിസ് ബാധിച്ച വിവരം സാമന്ത പരസ്യമാക്കുന്നത്. പേശികളെ ബലഹീനമാക്കുന്ന ഈ രോഗത്തെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പിൽ, "നാം എപ്പോഴും ശക്തരായി അഭിനയിക്കേണ്ടതില്ല, നമ്മുടെ ബലഹീനതകളെ അംഗീകരിക്കുകയാണ് വേണ്ടത്" എന്ന് സാമന്ത കുറിച്ചിരുന്നു.

കഴിഞ്ഞ ഡിസംബറിൽ കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിൽ നടന്ന വിവാഹ ചടങ്ങിലൂടെയാണ് സാമന്തയും രാജ് നിദിമൊരുവും വിവാഹിതരായത്. പ്രതിസന്ധികളിൽ പരസ്പരം താങ്ങായി മാറിയ ഈ ദമ്പതികൾ ഇന്ന് ജീവിതത്തിലും കരിയറിലും ഒരുമിച്ച് മുന്നേറുകയാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi