ധർമേന്ദ്രയ്ക്കായി പ്രത്യേകം മരണാനന്തര പ്രാർഥനകൾ നടത്തുന്നതിന്റെ പേരിൽ ഹേമാമാലിനിയും ഡിയോൾ കുടുംബവും വീണ്ടും ചർച്ചയാവുകയാണ്. ഇരുകുടുംബവും ഒന്നിച്ചു പ്രാർഥനകൾ നടത്താത്തതിന്റെ കാരണം തിരക്കുകൾ എന്ന് സോഷ്യൽ മീഡിയയിൽ ചിലർ.
ബോളിവുഡ് സൂപ്പർതാരങ്ങളായിരുന്ന ഹേമ മാലിനിയും ധർമേന്ദ്രയും 1980-ലാണ് വിവാഹം ചെയ്തത്. ധർമേന്ദ്രയുടെ ആദ്യഭാര്യ പ്രകാശ് കൗറും കുടുംബവും ഹേമാമാലിനിയുമായി പ്രത്യക്ഷത്തിൽ പ്രശ്നങ്ങളില്ലായിരുന്നെങ്കിലും കാര്യമായ അടുപ്പവും സൂക്ഷിച്ചിരുന്നില്ല. പ്രകാശ് കൗറിന്റെ മക്കളായ സണ്ണി ഡിയോളും ബോബി ഡിയോളും സഹോദരിമാരും ഒരു പരിധിവരെ ഹേമാമാലിനിയുമായി നല്ല ബന്ധം സ്ഥാപിച്ചതുമില്ല. വിവാഹം കഴിഞ്ഞ് ഏകദേശം പത്തുവർഷം കഴിഞ്ഞിട്ടും സണ്ണിയുമായി താൻ സംസാരിച്ചിരുന്നില്ലെന്ന് ഒരിക്കൽ ഹേമ പറഞ്ഞിട്ടുണ്ട്.
'ദിൽ ആശ്നാ ഹെ' എന്ന ചിത്രത്തിലൂടെ സംവിധാനത്തിലേക്കു കടന്ന ഹേമ, തന്റെ ദീർഘകാല സുഹൃത്തായ ഡിംപിൾ കപാഡിയയെ അതിലെ വേഷത്തിലേക്ക് കാസ്റ്റ് ചെയ്തിരുന്നു. അക്കാലത്ത് ഡിംപിളും സണ്ണിയും വളരെ അടുപ്പത്തിലാണ്. കുറച്ച് അപകട സാധ്യതയുള്ള ഒരു പാരഗ്ലൈഡിങ് രംഗം സിനിമയ്ക്കായി ചിത്രീകരിക്കേണ്ടി വന്നു. അൽപം ഭയംതോന്നിയ ഡിംപിൾ അപ്പോൾ സെറ്റിലേക്ക് സണ്ണിയെ വിളിച്ചുവരുത്തി. അപ്പോഴാണ് സണ്ണി ആദ്യമായി രണ്ടാനമ്മയോട് സംസാരിക്കുന്നത്. ആ രംഗത്തിൽ ഡിംപിളിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് സണ്ണി ഹേമയോട് ആവശ്യപ്പെടുകയായിരുന്നു.
'ഹേമ മാലിനി: ബിയോണ്ട് ദി ഡ്രീം ഗേൾ' എന്ന ജീവചരിത്രത്തിൽ ഈ സംഭവം പറയുന്നുണ്ട്. "ദിൽ ആശ്നാ ഹെ എന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തിയും ഡിംപിൾ കപാഡിയയും വരുന്ന ഒരു പാരഗ്ലൈഡിംഗ് രംഗമെടുക്കാൻ ഞാനാഗ്രഹിച്ചു. ഒരു ഗാനത്തിൽ വിമാനരംഗവും ഉണ്ടായിരുന്നു. ഷൂട്ടിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പൈലറ്റിന് അപകടം സംഭവിച്ചു. ഡിംപിളിന് ഷൂട്ട് ചെയ്യാൻ പേടിയായി. അവൾ സണ്ണിയെ അറിയിച്ചു, അവളുടെ ആശങ്ക കാരണം, സണ്ണി വന്ന് എന്നെ കണ്ടു. അവൾ സുരക്ഷിതയായിരിക്കുമെന്ന് ഞാൻ സണ്ണിക്ക് ഉറപ്പുനൽകി, അപ്പോഴാണ് ഞാൻ അവനോട് സംസാരിക്കാൻ തുടങ്ങിയത്."-ഹേമ പറഞ്ഞു.
പക്ഷേ, അതുകൊണ്ടൊന്നും കുടുംബത്തിലെ വിള്ളലുകൾ മാറിയിരുന്നില്ല. 2023-ലെ സണ്ണി ഡിയോളിന്റെ മകൻ കരൺ ഡിയോളിന്റെ വിവാഹത്തിൽ ഹേമ മാലിനിയും മക്കളായ ഇഷ ഡിയോളും അഹാന ഡിയോളും പങ്കെടുത്തിരുന്നില്ല.
ഡിംപിൾ-സണ്ണി പ്രണയം
ഡിംപിൾ കപാഡിയയും സണ്ണി ഡിയോളും തമ്മിൽ വളരെയേറെ അടുപ്പമുണ്ടായിരുന്നു. ഇരുവരും ഒന്നിച്ച് വെള്ളിത്തിരയിലെത്തിയപ്പോഴെല്ലാം ഹിറ്റുകൾ സമ്മാനിക്കുകയും ചെയ്തു. 1984-ലാണ് സണ്ണി ഭാര്യയായ പൂജയെ വിവാഹം ചെയ്തത്. എന്നാൽ, ഡിംപിളുമായി അടുപ്പം തുടർന്നത് ഇതിനു ശേഷമായിരുന്നു. അതുകൊണ്ടുതന്നെ, ബോളിവുഡ് ഗോസ്സിപ് കോളങ്ങളിൽ ഏറെക്കാലം ഇവരുടെ പ്രണയം നിറഞ്ഞുനിന്നു. ഡിംപിൾ നേരത്തേ രാജേഷ് ഖന്നയെ വിവാഹം ചെയ്തിരുന്നു. ട്വിങ്കിൾ ഖന്ന ആ ബന്ധത്തിലുള്ള മകളാണ്. 1982-ൽ ഡിംപിൾ രാജേഷുമായി വേർപിരിഞ്ഞു. അതേസമയം, ബന്ധം ഔദ്യോഗികമായി വേർപെടുത്തിയില്ല.
2017-ൽ മൊനാകോയിൽ ഡിംപിളും സണ്ണിയും അവധിയാഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. അതേസമയം, ഇരുവരും ബന്ധത്തെപ്പറ്റി ഇതുവരെ തുറന്നുസംസാരിച്ചിട്ടില്ല.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover how Hema Malini and Sunny Deol`s relationship was strained after her marriage to Dharmendra, and how Dimple Kapadia played a surprising role in their reconciliation.
Published: 09 Dec 2025, 04:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented