പൊതുവേദികളിൽ സാരിയണിഞ്ഞ സോണിയ ഗാന്ധിയെയാണ് നമ്മൾ എന്നും കണ്ടിട്ടുള്ളത്. കോട്ടൺ സാരികളിലും കൈത്തറി വസ്ത്രങ്ങളിലുമെല്ലാം ലാളിത്യവും ഗാംഭീര്യവും ഒരുപോലെ ചേർത്തുവെക്കുന്ന സോണിയ ഗാന്ധിയുടെ വസ്ത്രധാരണത്തിൽ സാരി എന്നും പ്രധാനപ്പെട്ട ഇടം നേടിയിട്ടുണ്ട്. എന്നാൽ ഒരുകാലത്ത് സാരിയുടുക്കാൻ തനിക്ക് ഭയമായിരുന്നുവെന്നും പിന്നീട് അതിനോട് പ്രണയം തോന്നിത്തുടങ്ങിയെന്നും തുറന്നുപറയുകയാണ് അവർ.
ഹാർപേഴ്സ് ബസാർ ഇന്ത്യ മാസികയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സോണിയ ഗാന്ധി സാരിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് മനസ്സുതുറന്നത്. തന്റെ ഓർമക്കുറിപ്പായ Belonging: A Journey of Love പുറത്തിറങ്ങിയതിനു പിന്നാലെയായിരുന്നു അഭിമുഖം. ആദ്യമായി സാരിയുടുത്തതും എപ്പോഴാണ് അതിനോട് ഇഷ്ടം തോന്നിയതെന്നുമുള്ള ചോദ്യത്തിന് രസകരമായ മറുപടിയാണ് സോണിയ നൽകിയത്.
Also Read
''സാരിയുടുക്കേണ്ടിവരുന്നത് എനിക്ക് ഒരിക്കൽ ഭയമായിരുന്നു. പാശ്ചാത്യരായ സ്ത്രീകൾ സാരിയുടുക്കുമ്പോൾ വല്ലാതെ അസ്വാഭാവികമായും അസ്വസ്ഥതയോടെയും കാണപ്പെടുന്നുവെന്നാണ് എനിക്ക് തോന്നിയിരുന്നത്. എന്നാൽ സാരിയുടുക്കാൻ ഞാൻ പഠിക്കേണ്ടിവന്നു. ശരിയായ രീതിയിൽ സാരിയുടുക്കാൻ കുറച്ചുസമയമെടുത്തു. പിന്നീട് അതിൽ പരിചയമായതോടെ എനിക്ക് സാരിയോട് ഇഷ്ടം തോന്നിത്തുടങ്ങി. ലോകത്തിലെ ഏറ്റവും മനോഹരവും ചാരുതയുള്ളതുമായ വസ്ത്രം സാരിയാണെന്ന് ഞാൻ ആത്മാർഥമായി വിശ്വസിക്കുന്നു'', സോണിയ ഗാന്ധി പറഞ്ഞു.
സാരിയുടെ മറ്റൊരു പ്രത്യേകതയും അവർ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. ഫാഷൻ മാറിമറിയുമ്പോഴും സാരിക്ക് ഒരിക്കലും പ്രസക്തി നഷ്ടപ്പെടുന്നില്ലെന്നാണ് സോണിയയുടെ അഭിപ്രായം. കുറച്ചുകാലത്തേക്ക് സാരികൾ ഫാഷനിൽനിന്ന് മാറിനിന്നേക്കാം. എന്നാൽ അവ സൂക്ഷിച്ചുവെച്ചാൽ വർഷങ്ങൾക്കുശേഷം വീണ്ടും ധരിക്കാം. കാരണം, ഫാഷൻ പലപ്പോഴും പഴയതിലേക്ക് തിരിച്ചെത്താറുണ്ടെന്നും അവർ പറഞ്ഞു. അമ്മായിയമ്മയായ ഇന്ദിരാഗാന്ധിയുടെ ചില സാരികൾ താൻ ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും അവ തനിക്ക് ഏറെ വിലപ്പെട്ടതാണെന്നും സോണിയ വെളിപ്പെടുത്തി. എന്നാൽ തന്റെ ശേഖരത്തിലെ ഏറ്റവും പ്രിയപ്പെട്ട സാരി ഏതെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളൂ, അത് വിവാഹസാരിയാണ്.
''എല്ലാറ്റിനുമുപരിയായി എനിക്ക് പ്രിയപ്പെട്ടത് എന്റെ വിവാഹസാരിയാണ്. സ്വാതന്ത്ര്യസമരകാലത്ത് ജയിലിലായിരുന്നപ്പോൾ ജവാഹർലാൽ നെഹ്റു നൂൽനൂൽത്ത് തയ്യാറാക്കിയ നൂലുകൊണ്ടാണ് ആ സാരി നെയ്തത്'', സോണിയ ഓർത്തെടുത്തു.
1968-ലായിരുന്നു സോണിയ ഗാന്ധിയും രാജീവ് ഗാന്ധിയും തമ്മിലുള്ള വിവാഹം. ഇളംപിങ്ക് നിറത്തിലുള്ള ഖാദി സാരിയാണ് അന്ന് സോണിയ അണിഞ്ഞത്. ആ വസ്ത്രത്തിന് കുടുംബചരിത്രത്തിന്റെയും വ്യക്തിപരമായ ഓർമകളുടെയും പ്രത്യേകതകളുണ്ട്.
ഹാർപേഴ്സ് ബസാർ ഇന്ത്യയുടെ കളക്ടേഴ്സ് ഇഷ്യുവിനുവേണ്ടിയുള്ള കവർ ചിത്രത്തിലും സാരിയോടുള്ള സോണിയയുടെ ഇഷ്ടം പ്രകടമാണ്. പേരക്കുട്ടി റൈഹാൻ വദ്രയാണ് ചിത്രങ്ങൾ പകർത്തിയത്. ചുവപ്പും സ്വർണനിറവും കലർന്ന ബോർഡറുള്ള പിങ്ക് കൈത്തറി സാരിയാണ് സോണിയ അണിഞ്ഞത്. മകൾ പ്രിയങ്ക ഗാന്ധി വദ്രയായിരുന്നു വസ്ത്രധാരണത്തിന് പിന്നിൽ. ഒരുകാലത്ത് ഉടുക്കാൻ മടിച്ചിരുന്ന സാരി ഇന്ന് തന്റെ വ്യക്തിത്വത്തിന്റെ തന്നെ ഭാഗമായതിന്റെ മനോഹരമായ ഓർമ കൂടിയാണ് സോണിയയുടെ ഈ വാക്കുകൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 19 Nov 2026, 12:30 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented