ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള നിറമായിട്ടാണ് ടൈറിയൻ പർപ്പിൾ അറിയപ്പെടുന്നത്. നിറങ്ങളുടെ ചരിത്രത്തിൽ ഇതിനൊരു വലിയ സ്ഥാനം തന്നെയുണ്ട്. എന്നാൽ, ഒരു കാലം വരെ യഥാർഥ പർപ്പിൾ വളരെ ചെലവേറിയതായിരുന്നു, അതിനൊപ്പം സാധാരണക്കാർക്ക് ഏറെ അപ്രാപ്യവും.

To advertise here,

കടൽ ഒച്ചുകളുടെ ഗ്രന്ഥികളിലെ സ്രവത്തിൽ നിന്നാണ് പർപ്പിൾ നിറം ശേഖരിച്ചിരുന്നത്. ഒരു ഗ്രാം ശുദ്ധമായ ടൈറിയൻ പർപ്പിൾ ഡൈ ഉണ്ടാക്കാൻ പതിനായിരക്കണക്കിന് കടൽ ഒച്ചുകൾ ആവശ്യമായി വന്നു. ഇത് പർപ്പിളിനെ സ്വർണ്ണത്തേക്കാൾ വിലപിടിപ്പുള്ളതാക്കി. 

മെഡിറ്ററേനിയനിൽ കാണപ്പെടുന്ന മ്യൂറെക്‌സ് കടൽ ഒച്ചുകളുടെ ഗ്രന്ഥിയിൽ നിന്നാണ് ടൈറിയൻ പർപ്പിൾ ലഭിക്കുന്നത്. ഓരോ ഒച്ചിൽനിന്നും ഒരു തുള്ളി മാത്രമേ ലഭിക്കൂ. ഈ ഒച്ചുകളെ ചതച്ചരച്ച്, അവയിൽ നിന്നു ലഭിക്കുന്ന സ്രവങ്ങളെ സങ്കീർണ്ണമായ ഒരു പ്രക്രിയയിലൂടെ സംസ്‌കരിച്ചെടുത്താണ് ചായം നിർമ്മിച്ചിരുന്നത്. ഒരു വസ്ത്രത്തിന് ആവശ്യമായ ചായം ലഭിക്കാൻ പതിനായിരക്കണക്കിന് ഒച്ചുകൾ വേണ്ടി വന്നു. അതിന്റെ ഫലമായി ചത്ത ഒച്ചുകളുടെ കൂമ്പാരങ്ങൾ പലയിടത്തായി കാണപ്പെട്ടു. അതിനൊപ്പം അസഹ്യമായ ദുർഗന്ധവും. പുരാതന എഴുത്തുകാർ അതിനെ സംബന്ധിച്ച് പരാതിപ്പെടുകയും ചെയ്തിരുന്നു.

1909-ൽ ജർമ്മൻ രസതന്ത്രജ്ഞനായ പോൾ ഫ്രീഡ്ലാൻഡർ ചായം വേർതിരിച്ചെടുക്കുന്ന പ്രക്രിയ നടത്തിയപ്പോൾ, 12,000 ഒച്ചുകളിൽനിന്നാണ് 1.4 ഗ്രാം ശുദ്ധമായ പർപ്പിൾ ലഭിച്ചത്.

ഇതിന്റെ വില നിശ്ചയിക്കപ്പെട്ടത് അധ്വാനത്തെ അടിസ്ഥാനമാക്കിയായിരുന്നു. ചായം ഉത്പാദിപ്പിക്കാൻ പ്രത്യേക അറിവും ധാരാളം സമയവും ആവശ്യമായിരുന്നു. എ.ഡി. 301-ൽ റോമൻ ചക്രവർത്തിയായ ഡയോക്ലീഷ്യൻ സാമ്രാജ്യത്തിലുടനീളമുള്ള സാധനങ്ങളുടെ പരമാവധി വില നിശ്ചയിച്ചു. ഏറ്റവും മികച്ച പർപ്പിൾ നിറത്തിൽ ചായം മുക്കിയ ഒരു പൗണ്ട് പട്ടിന് ഞെട്ടിക്കുന്ന വിലയാണ് നിശ്ചയിച്ചത്. ഒരു പൗണ്ട് സ്വർണ്ണത്തിന്റെ രണ്ടിരട്ടി വരുമായിരുന്നുവത്.

ഈജിപ്ഷ്യൻ രാജ്ഞിയായ ക്ലിയോപാട്രയ്ക്ക് ഈ നിറത്തോട് അത്രയേറെ ഭ്രമമായിരുന്നു. തന്റെ കപ്പലിന്റെ പായകൾ നിർമ്മിക്കാൻ പോലും അവർ ഇത് ഉപയോഗിച്ചു. അതേസമയം, തങ്ങളൊഴികെ മറ്റാരെങ്കിലും ഈ നിറം ഉപയോഗിക്കുന്നതോ ധരിക്കുന്നതോ കണ്ടാൽ വധശിക്ഷ നൽകണമെന്ന് ചില റോമൻ ചക്രവർത്തിമാർ ഉത്തരവിട്ടിരുന്നുവത്രെ.

1856-ൽ ലണ്ടനിലെ പതിനെട്ട് വയസ്സുള്ള ഒരു രസതന്ത്ര വിദ്യാർത്ഥിയാണ് അവിചാരിതമായി പർപ്പിൾ നിറം ഉത്പാദിപ്പിക്കുന്നത്. തൊട്ടുപിന്നാലെ അത് വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാനും തുടങ്ങി. അതോടെയാണ് പർപ്പിളിന്റെ വിലകുറയുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi