വായിച്ച് ഏറെ നാളായിട്ടും 'സമുദ്രശില'യിലെ അംബ മനസ്സില്‍നിന്നും ഇറങ്ങിപ്പോകുന്നില്ല. കഥാന്ത്യത്തില്‍ അംബ ആത്മഹത്യചെയ്യുന്നുണ്ടെങ്കിലും മാവൂര്‍റോഡിലെ ശ്മശാനത്തിന് അഭിമുഖമായുള്ള ചെറിയ ഫ്‌ളാറ്റില്‍ മാനസിക വളര്‍ച്ചയെത്താത്ത മകനോടൊപ്പം അവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്തായിരിക്കും അംബയെ ഇത്രമേല്‍ എന്നോട് ചേര്‍ത്തുനിര്‍ത്തുന്നത്. വ്യത്യസ്ത കാരണങ്ങളാലാണെങ്കിലും ഒറ്റപ്പെട്ട മറ്റൊരു സ്ത്രീയോടുള്ള മനസ്സിന്റെ ഏകീഭാവമാകാം.
ഇണ നഷ്ടപ്പെടുന്ന ഒരു സ്ത്രീ ഒറ്റയ്ക്ക് നടന്നുതീര്‍ക്കേണ്ട ഒരുപാട് കനല്‍വഴികളുണ്ട്. വൈകാരിക പ്രതിസന്ധികളും അരക്ഷിതാവസ്ഥകളുമുണ്ട്. അതോടെ ജീവിതത്തിലെ നിറങ്ങളെല്ലാം പൊടുന്നനെ അപ്രത്യക്ഷമായപോലെ തോന്നും. മനസ്സ് ശൂന്യമാവും. അതുവരെ കണ്ടുപരിചയിച്ച ലോകം അവള്‍ക്ക് അപരിചിതമാവും. എത്ര അകലെയിരുന്നാലും ഒരു പത്തക്കദൂരത്തിനപ്പുറം വിളിപ്പുറത്തെത്തുന്ന 'സ്വന്ത'മായ ഒരാള്‍ ഉണ്ടെന്ന ധൈര്യമാണവിടെ നഷ്ടപ്പെടുന്നത്. അതുവരെ ഒരുമിച്ച് പങ്കിട്ട ഉത്തരവാദിത്വങ്ങളത്രയും അവളുടെമാത്രം ചുമലിലാവും. ജീവിതത്തില്‍ സംഭവിച്ച വലിയ നഷ്ടത്തെ നേരിട്ടേതീരൂ എന്ന് എത്ര ധൈര്യം സംഭരിച്ച് മനസ്സിനെ ബോധ്യപ്പെടുത്തിയാലും അപ്രതീക്ഷിതമായി വരുന്ന ഓരോ കാറ്റിലും മനസ്സ് ആടിയുലയും.
മരണാനന്തര ചടങ്ങുകളുടെ ദിവസങ്ങളിലൊന്നിലായിരുന്നു ആദ്യത്തെ നടുക്കം സമ്മാനിച്ച ആ സംഭവം നടന്നത്. ബലിച്ചോറിനുള്ള ഉണങ്ങലരി പുലയില്ലാത്ത ഒരാള്‍ എടുത്തുകൊടുക്കുന്നതാണ് ആചാരം. ബലിച്ചോറുണ്ണാന്‍ കാക്കയെത്താതിരുന്നപ്പോള്‍ ബന്ധുക്കളായ സ്ത്രീകള്‍ തലപുകഞ്ഞാലോചിച്ചു. അവരിലൊരാള്‍ പറഞ്ഞു: ''എന്നും അവളുടെ കൈകൊണ്ടല്ലേ ഭക്ഷണം കൊടുക്കാറ്. അവള്‍ കൊടുക്കാത്തതുകൊണ്ടാവാം കാക്ക കൊത്താത്തത്. നമുക്ക് അവളെക്കൊണ്ട് അരി എടുപ്പിച്ചാലോ. 'വിധവ'യായതുകൊണ്ട് വല്ല ദോഷവും ഉണ്ടാകുമോ എന്തോ?''
തീഗോളം വിഴുങ്ങിയപോലെ ആ വാക്ക് എന്നെ അടിമുടി പൊള്ളിച്ചു. ആ ഞെട്ടലിനെയും ആ വാക്ക് എന്നിലുളവാക്കിയ വേദനയെയുംകുറിച്ച് അത് പറഞ്ഞവര്‍ ഒരിക്കലും ഓര്‍ത്തിരിക്കാനിടയില്ല. സമാനമായൊരുവാക്ക് പുരുഷനുമുണ്ടെങ്കിലും അങ്ങനെ അവനെ ആരും സംബോധനചെയ്തതായി ഞാന്‍ കേട്ടിട്ടില്ല.
ആ വാക്കിനോടൊപ്പം ഒരുകൂട്ടം 'അരുതു'കളും പെണ്‍ജീവിതത്തിലേക്ക് അടിച്ചേല്‍പ്പിക്കപ്പെടുന്നുണ്ട്. നിറമുള്ള വസ്ത്രം, പൂചൂടല്‍, പൊട്ടുതൊടല്‍, അണിഞ്ഞൊരുങ്ങല്‍, മംഗളാവസരങ്ങളിലെ സാന്നിധ്യം... അങ്ങനെയങ്ങനെ. ഇന്നും ഇങ്ങനെയൊക്കെയുണ്ടോ എന്ന് ന്യായമായും സംശയം തോന്നാം. പുറത്തുപറഞ്ഞില്ലെങ്കിലും നമ്മുടെയിടയില്‍ ഇന്നും ഈ ചിന്തകളൊക്കെ രൂഢമൂലമാണെന്നതാണ് സത്യം. എന്നാല്‍ ഭാര്യ മരിച്ചുപോയ പുരുഷനാവട്ടെ ഇത്തരത്തിലുള്ള വിലക്കുകളൊന്നുംതന്നെ ഇല്ലതാനും.
പ്രിയപ്പെട്ട പലയിടങ്ങളില്‍നിന്നും അഹിതമായി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലോ, അവര്‍ക്കെന്തുതോന്നും, ഇഷ്ടക്കേടുണ്ടാവുമോ എന്നൊക്കെ കരുതി സ്വയം മാറിനിന്ന എത്രയോ അവസരങ്ങള്‍! അറിഞ്ഞും അറിയാതെയുമുള്ള മറ്റുള്ളവരുടെ വാക്കുകള്‍ ഉണ്ടാക്കുന്ന എത്രയെത്ര പൊള്ളലുകള്‍...
പേരുചാര്‍ത്തലിനൊപ്പം വരും നിര്‍ദോഷമെന്ന് തോന്നിക്കുന്ന ഉപദേശങ്ങളും. ''നീ സങ്കടപ്പെടരുത്. നിനക്ക് മക്കളില്ലേ. അവര്‍ക്കുവേണ്ടി നീ ജീവിക്കണം.''
അതായത് നീ എന്ന സ്ത്രീയുടെ ജീവിതം ഇതോടെ അവസാനിച്ചു. ഇനി നിനക്ക് സ്വന്തമായൊരു ജീവിതമില്ല. ഇനി നീ ജീവിക്കുന്നത് മക്കള്‍ക്കുവേണ്ടിയായിരിക്കണം. അറിഞ്ഞോ അറിയാതെയോ സമൂഹം ഒറ്റപ്പെട്ടുപോകുന്ന ഒരു സ്ത്രീക്ക് കൊടുക്കുന്ന ഉപദേശം ഇതാണ്. മക്കള്‍ക്ക് നല്ല ജീവിതം ഉണ്ടാവാന്‍, അവര്‍ സന്തോഷത്തോടെ ജീവിക്കുന്നതുകാണാന്‍ ഏറ്റവുമധികം ആഗ്രഹിക്കുന്നതും അതിനായി പ്രവര്‍ത്തിക്കുന്നതും തീര്‍ച്ചയായും അവരുടെ അമ്മതന്നെയായിരിക്കും. അതുമാത്രമാണോ ഒരു സ്ത്രീ? അവള്‍ ഒരു സ്വതന്ത്രവ്യക്തിയല്ലേ? ഭര്‍ത്താവ് നഷ്ടപ്പെടുന്നത് അവളുടെ കുറ്റമാണോ? അവള്‍ ശിക്ഷയര്‍ഹിക്കുന്നുണ്ടോ? അവള്‍ക്കുമുണ്ടാവില്ലേ സ്വന്തമായി കുഞ്ഞുകുഞ്ഞ് ഇഷ്ടങ്ങളും സന്തോഷങ്ങളും.
സ്വന്തം വ്യക്തിത്വത്തിന് വിലകല്പിക്കുന്ന ആത്മാഭിമാനിയായ ഒരുവളെ, 'അവള്‍ നല്ല ബോള്‍ഡ് ആണല്ലേ' എന്ന് ശബ്ദത്തോടെയും 'എന്തൊക്കെ സംഭവിച്ചാലും അവള്‍ക്കൊരു കൂസലുമില്ലെ'ന്ന് ശബ്ദം താഴ്ത്തിയും പറഞ്ഞ് ആശ്വസിക്കുന്നവരുണ്ട്. ഒരുവളുടെ കരച്ചില്‍കണ്ട് അവളെ ആശ്വസിപ്പിക്കാന്‍ വരുമ്പോള്‍ അവള്‍ കരയുന്നില്ലെങ്കില്‍ ഇങ്ങനെയല്ലാതെ മറ്റെന്തുപറഞ്ഞ് ആശ്വസിക്കാന്‍!
ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീ കടുത്ത 'ദാരിദ്ര്യം' അനുഭവിക്കുന്നുണ്ടാവുമെന്നും വേണമെങ്കില്‍ അവളെയൊന്ന് 'സഹായി'ച്ചുകളയാമെന്നും കരുതി സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയുമൊക്കെ കുപ്പായമിട്ടുവരുന്ന 'നിഷ്‌കളങ്ക'ന്മാരും കുറവല്ല. അതിലുമേറെ ഭയപ്പെടേണ്ടതും അകറ്റിനിര്‍ത്തേണ്ടതും അവളുടെ വൈകാരിക അരക്ഷിതാവസ്ഥകളെ ചൂഷണംചെയ്യാന്‍ ശ്രമിക്കുന്നവരെയാണ്. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും കരുതലിന്റെയുമൊക്കെ ചിറകിലേറ്റി അവരവളെ ആകാശത്തോളം ഉയര്‍ത്തും. താന്‍ വരച്ച ചട്ടക്കൂട്ടില്‍ അവള്‍ ഒതുങ്ങുന്നില്ലെന്നറിയുമ്പോള്‍, മുതലെടുപ്പുതന്ത്രം പാളി എന്നറിയുന്ന നിമിഷം യാതൊരു ദാക്ഷിണ്യവുമില്ലാതെ അവളെ അവഗണനയുടെയും വെറുപ്പിന്റെയും തീച്ചൂളയിലേക്ക് എടുത്തെറിയും. പിന്നെ അവിടെനിന്ന് ഉയിര്‍ത്തെഴുന്നേറ്റുവരണമെങ്കില്‍ അസാമാന്യ മനശ്ശക്തിതന്നെവേണം.
ഇവര്‍ മാത്രമല്ല, ഉപാധികളില്ലാത്ത സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും തെളിനീരുറവകളുമുണ്ട്. അവരാണ് ഈ ഊഷരഭൂമിയെ ഇത്രമേല്‍ ആവാസയോഗ്യമാക്കുന്നത്. ഓരോ പ്രാവശ്യവും കാലിടറുമ്പോള്‍ വീണുപോകാതെ കൈപിടിച്ച് നടത്തുന്നവര്‍, ഉള്ളിലെ സംഘര്‍ഷങ്ങള്‍ പറയാതെതന്നെ അറിഞ്ഞ് കൂടെനില്‍ക്കുന്നവര്‍...
പ്രിയപ്പെട്ടവരേ, നിങ്ങളെക്കുറിച്ച് പറയാതെ ഈ ലേഖനം എങ്ങനെ പൂര്‍ണമാകാന്‍! പലപ്പോഴും ദേഷ്യമായി രൂപാന്തരം പ്രാപിക്കുന്ന എന്റെ സങ്കടങ്ങളെ സഹിക്കേണ്ടിവരുന്ന ഉറ്റവര്‍... നിങ്ങളാണെന്റെ ഊര്‍ജസ്രോതസ്സുകള്‍.
അറിയുക- ഏതൊരാളും അവര്‍ ഏത് ലിംഗത്തെ പ്രതിനിധാനം ചെയ്താലും ഏത് സാമൂഹികാവസ്ഥയിലുള്ളതായാലും സ്വതന്ത്രമായ വ്യക്തിത്വമാണ്. ഓരോരുത്തര്‍ക്കും സ്വന്തമായൊരു ജീവിതമുണ്ട്. ഒറ്റയ്ക്കായിപ്പോകുന്നവരുടെ ജീവിതം ആര്‍ക്കും വലിഞ്ഞുകേറിവരാനുള്ള ഇടമോ ആര്‍ക്കും വന്ന് കൊട്ടിപ്പോകാന്‍ വഴിയരികിലെ ചെണ്ടയോ അല്ല. മറ്റുള്ളവരുടെ അഭിപ്രായം അവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ ചോദിക്കും. അപ്പോള്‍, അപ്പോള്‍മാത്രം അതില്‍ ഇടപെടുക.
ഭര്‍ത്താവില്ലാതെ ജീവിക്കുന്ന ഒരു സ്ത്രീയുടെ ജീവിതം തങ്ങളുടെ ഒരു ബാധ്യതയോ ഉത്തരവാദിത്വമോ ഒക്കെയായാണ് പലപ്പോഴും സമൂഹം കാണുന്നത്. അവര്‍ അവളുടെ ജീവിതത്തില്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കും. അവള്‍ എന്തുചെയ്യുന്നു, എവിടെ പോകുന്നു, എന്ത് വസ്ത്രം ധരിക്കുന്നു, ആരോടൊക്കെ സംസാരിക്കുന്നു, എല്ലാം നിരീക്ഷണവിധേയമായിരിക്കും. അവള്‍ ആരോടെല്ലാം ഉത്തരം പറയാന്‍ ബാധ്യസ്ഥയാണ്? ആരെയെല്ലാം ബോധ്യപ്പെടുത്തണം?
ഇതെല്ലാം സ്‌നേഹത്തിന്റെയും കരുതലിന്റെയും പ്രകടനമെന്ന് ന്യായീകരിച്ചേക്കാം. ആത്യന്തികമായി മനുഷ്യന് വേണ്ടത് സ്വാതന്ത്ര്യമാണ്, ഒരു സഹജീവി എന്ന പരിഗണനയാണ്. ഏതെങ്കിലും തൊഴുത്തില്‍ കെട്ടിയിട്ടുള്ള സംരക്ഷണമല്ല. ജനനത്തിലും മരണത്തിലും നമ്മളൊറ്റയ്ക്കാണ്. ആരുടെയും സന്തോഷത്തിന്റെ താക്കോല്‍ മറ്റൊരാളുടെ പക്കലല്ല. വിശ്വസിക്കാവുന്ന വിരലുകള്‍ കോര്‍ത്തുപിടിച്ച് നടക്കാനും അത് നഷ്ടപ്പെടുമ്പോള്‍ തളരുമെങ്കിലും തകര്‍ന്നുപോകാതെ ആത്മാഭിമാനത്തോടെ ചിറകുവിടര്‍ത്തി സ്വപ്നദൂരങ്ങള്‍ താണ്ടാനും അവള്‍ക്കാവും, തീര്‍ച്ച.
Content Highlights: woman sharing experience of loneliness and struggles
Published: 10 Jun 2023, 03:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented