ദശകങ്ങൾക്ക് മുമ്പിറങ്ങിയ രാമാനന്ദ് സാഗറിന്റെ ഹിന്ദി ടിവി പരമ്പര ‘രാമായണ’ത്തിൽ സീതയായെത്തിയത് ദീപിക ചിഖ്ലിയയായിരുന്നു. അതുകൊണ്ടുതന്നെ, ഏറെക്കാലം പ്രേക്ഷകരുടെ മനസ്സിലെ സീതാരൂപവും ദീപികയുടേതായിരുന്നു. ഇന്നുമവർക്ക് അതിന്റെ പേരിൽ വലിയ സ്നേഹം ലഭിക്കുന്നുണ്ട്. ‘ഷീ ദി പീപ്പിൾ’ (SheThePeople) ന് നൽകിയ പുതിയ അഭിമുഖത്തിൽ, 2026 ലും സീത സ്ത്രീകൾക്ക് മികച്ചൊരു മാതൃകയാണെന്നും അവർ “ആദ്യത്തെ സിംഗിൾ മദർ” ആയിരുന്നെന്നും പറയുകയാണ് ദീപിക. രാമനുമായുള്ള ബന്ധത്തിൽ സീത കൂടുതൽ സംസാരിച്ച്, തന്റെ നിലപാടുകൾ വ്യക്തമാക്കേണ്ടിയിരുന്നെന്നാണ് തന്റെ അഭിപ്രായമെന്നും ദീപിക പറഞ്ഞു. നിരന്തരമായ ഇടപെടലും തിരുത്തലും ഉണ്ടായിരുന്നെങ്കിൽ അവരുടെ ബന്ധം ഇത്തരമൊരു ദുരന്തത്തിൽ അവസാനിക്കുമായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. സീത സ്ത്രീകൾക്ക് നല്ല മാതൃകയാണോയെന്ന് ചോദിച്ചപ്പോൾ അവരത് ശരിവച്ചു.

To advertise here,

“സീത അധികം സംസാരിച്ചിരുന്നില്ല എന്നതുകൊണ്ട് മാത്രം പലരും അവർ ശക്തയായ സ്ത്രീയല്ലെന്ന് കരുതിയിരുന്നു. അധികം സംസാരിക്കുന്നില്ല എന്നതുകൊണ്ട് ആരും ശക്തയല്ലെന്നർഥമില്ല. സീത എപ്പോഴും തന്റെ നിലപാടുകൾ വ്യക്തമാക്കി. എന്താണ് ചെയ്യേണ്ടതെന്ന് സ്വയം അറിയാമായിരുന്നു.”

രാമനോടൊപ്പം വനവാസത്തിന് പോകാൻ സീത സ്വയം തീരുമാനിച്ച കാര്യവും ദീപിക ചൂണ്ടിക്കാട്ടി. പിതാവ് ജനകനും ഭർതൃപിതാവായ ദശരഥനും അച്ഛനമ്മമാരുടെ അടുത്തേക്ക് മടങ്ങിപ്പോകാൻ സീതയോട് നിർദേശിച്ചിരുന്നെങ്കിലും അവർ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. രാമനും ലക്ഷ്മണനുമൊപ്പം 14 വർഷം സീത വനവാസത്തിന് പോയി. എന്നാലതിനെ ഒരു ത്യാഗമായി വിശേഷിപ്പിക്കാൻ ദീപിക തയ്യാറായില്ല. കാരണം, അത് സീത സ്വയം എടുത്ത തീരുമാനമായിരുന്നു. അവർ ആഗ്രഹിച്ച കാര്യമായിരുന്നു അത്.

സീതയൊരു “സിംഗിൾ മദർ” ആയിരുന്നുവെന്നും ദീപിക പറഞ്ഞു. “ആദ്യത്തെ സിംഗിൾ മദർ... അതിനാലവർ ശക്തയായൊരു സ്ത്രീയാണ്. ഇന്നും ഏറെ പ്രസക്തയായവൾ. ”

രാമായണത്തിലെ കഥയനുസരിച്ച്, സീതയും രാമനും അയോധ്യയിലേക്ക് മടങ്ങിയെത്തിയശേഷം, ലങ്കയിലെ തടവിലായിരുന്ന, രാമനിൽ നിന്നകന്ന് കഴിഞ്ഞ സീതയുടെ വിശ്വസ്തതയിൽ നഗരവാസികൾ സംശയമുന്നയിച്ചു. ഇതോടെ, അയോധ്യയുടെ രാജാവും മര്യാദാപുരുഷോത്തമനുമായ രാമൻ, സീത വാത്മീകി മഹർഷിയുടെ ആശ്രമത്തിൽ താമസിക്കണമെന്ന് തീരുമാനിച്ചു. അവിടെവച്ചാണ് സീത രാമന്റെ ഇരട്ടക്കുട്ടികളായ ലവനും കുശനും ജന്മം നൽകിയത്. പിന്നീടവരെ ഒറ്റയ്ക്ക് വളർത്തിയതും സീത തന്നെ.

ടിവി പരമ്പരയിൽ സീതയുടെ പ്രതികരണശേഷി വേണ്ടത്ര പ്രകടമാകാത്തതിനെപ്പറ്റിയുള്ള ചോദ്യത്തിന് സംഭാഷണങ്ങൾ വേണ്ടത്രയില്ലായിരുന്നെന്ന് ദീപിക പ്രതികരിച്ചു. “സംഭാഷണങ്ങൾ വേണ്ടത്ര ഉണ്ടായിരുന്നില്ല. സീതാദേവി എല്ലാം മനസ്സിലാക്കുക മാത്രമാണ് ചെയ്തിരുന്നത്. എനിക്ക് തോന്നാറുണ്ട്, എന്തുകൊണ്ട്? ചിലപ്പോൾ നമ്മൾ സംസാരിക്കുകയും നമ്മുടെ നിലപാട് വ്യക്തമാക്കുകയും വേണം. സ്വന്തം നിലപാടുകൾക്കുവേണ്ടി ഉറച്ചുനിൽക്കുന്നത് വളരെ പ്രധാനമാണെന്നാണ് ഞാൻ കരുതുന്നത്. 

രാമനോടൊപ്പം ഇനി ജീവിക്കാൻ കഴിയില്ലെന്നും മക്കളെ നോക്കിക്കൊള്ളണമെന്നും രാമനോട് പറയുമ്പോഴാണ് സീത ശക്തമായി പ്രതികരിക്കുന്നത്. എന്നാൽ, നിരന്തരം ഭർത്താവിനെ ഓർമിപ്പിക്കുകയും തിരുത്തുകയും ചെയ്തിരുന്നെങ്കിലെന്ന് ഞാൻ കരുതുന്നു. ചിലപ്പോൾ ഇത്തരം കാര്യങ്ങളിൽ നിരന്തരമായ ഇടപെടലും ഓർമപ്പെടുത്തലും ആവശ്യമാണെന്നാണ് എന്റെ അഭിപ്രായം”-അവർ പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi