താരപദവിയുടെ ഭാരം ചുമന്ന് ജീവിക്കാൻ തനിക്ക് താൽപര്യമില്ലെന്ന് നടൻ അനുപം ഖേർ. പ്രശസ്തിയുടെ ലോകത്ത് മാത്രം ഒതുങ്ങിനിന്നാൽ മനുഷ്യൻ ഒറ്റപ്പെട്ടുപോകുമെന്നും സാധാരണ ജീവിതത്തോട് ചേർന്നുനിൽക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങൾക്കുശേഷം ജാനേ പെഹ്ചാനേ അൻജാനേ എന്ന നാടകത്തിലൂടെ വേദിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ഹാസ്യവും സംഗീതവും കോർത്തിണക്കി ബന്ധങ്ങളെയും ഏകാന്തതയെയും അവതരിപ്പിക്കുന്ന നാടകവുമായി അനുപം ഖേറും സംഘവും 45 ദിവസത്തെ അമേരിക്ക-കാനഡ പര്യടനത്തിലാണ്.
സംവിധായകൻ ഗജേന്ദ്ര അഹിരെയുമൊത്തുള്ള തിരക്കഥാവായനയ്ക്കിടെ പിടിഐയോട് സംസാരിക്കുകയായിരുന്നു അനുപം ഖേർ. ''അനുപം ഖേർ എന്ന താരത്തിന്റെ ഭാരം ഞാൻ ചുമക്കുന്നില്ല. സാധാരണക്കാരുമായി ഇടപഴകുന്നതും പൊതുയിടങ്ങളിൽ സമയം ചെലവഴിക്കുന്നതും ജീവിതത്തിന്റെ ഭാഗമാണ്. ആനക്കൊമ്പുകൊണ്ടുള്ള ഗോപുരത്തിൽ ജീവിക്കുമ്പോൾ ഏകാന്തത ഭയപ്പെടുത്തും. ഞാനങ്ങനെയല്ല ജീവിക്കുന്നത്. വളരെ സാധാരണമായ ജീവിതമാണ് എന്റേത്,'' അനുപം ഖേർ പറഞ്ഞു.
Also Read
മൊബൈൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും വളർച്ച മനുഷ്യർക്കിടയിലെ നേരിട്ടുള്ള അടുപ്പം കുറച്ചുവെന്നും ഏകാന്തത വർധിപ്പിച്ചുവെന്നും അനുപം ഖേർ കൂട്ടിച്ചേർത്തു. ''മൊബൈൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും വിപ്ലവം ഏകാന്തതയുടെ ഒരു പകർച്ചവ്യാധിയിലേക്ക് നമ്മെ നയിച്ചിരിക്കുന്നു. ഇന്ത്യയിലും ഇത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ചിരിയും ആലിംഗനങ്ങളും ഇമോജികൾക്ക് വഴിമാറിയിരിക്കുന്നു. ഇതിലൂടെ മനുഷ്യർക്കിടയിലെ നേരിട്ടുള്ള അടുപ്പത്തിന്റെ ഒരു ഭാഗം നഷ്ടമായി,'' അദ്ദേഹം പറഞ്ഞു.
നാല് പതിറ്റാണ്ടിലേറെയായി നാടകവേദിയുമായി ബന്ധം പുലർത്തുന്ന അനുപം ഖേർ, ഭാര്യ കിരൺ ഖേറിനൊപ്പം സാൽഗിരഹ്, കുഛ് ഭി ഹോ സക്താ ഹേ, നീന ഗുപ്തയ്‌ക്കൊപ്പം മേരാ വോ മത്ലബ് നഹി ഥാ തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഷേക്‌സ്പിയറിന്റെയും ബെർട്ടോൾട്ട് ബ്രെഹ്റ്റിന്റെയും കൃതികളിലും വേഷമിട്ട താരം ഇപ്പോൾ പ്രേക്ഷകർക്ക് സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്താനാകുന്ന കഥകൾക്കാണ് മുൻഗണന നൽകുന്നത്. ആദ്യമായി സംഗീതം ഉൾപ്പെടുത്തിയ നാടകമാണ് ജാനേ പെഹ്ചാനേ അൻജാനേ. വിദേശത്തുള്ള ഇന്ത്യക്കാർക്ക് സ്വന്തം രാജ്യത്തോട് ശക്തമായ വൈകാരികബന്ധമുണ്ടെന്നും ജനപ്രിയനായ ഒരു നടൻ വേദിയിൽ അവതരിപ്പിക്കുന്ന കഥകൾ അവരെ കൂടുതൽ അടുപ്പിക്കുന്നുവെന്നും താരം പറഞ്ഞു. അമേരിക്കയിലെ പ്രേക്ഷകരിൽനിന്ന് നാടകത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഗജേന്ദ്ര അഹിരെ രചനയും സംവിധാനവും നിർവഹിക്കുന്ന നാടകത്തിലൂടെ നടി സ്വരൂപ് സമ്പത്തും ഇരുപത് വർഷത്തോളം നീണ്ട ഇടവേളയ്ക്കുശേഷം വേദിയിലേക്ക് തിരിച്ചെത്തുകയാണ്. ഹ്യൂസ്റ്റൺ ആസ്ഥാനമായ സ്റ്റാർ പ്രമോഷൻ ഇൻക് ആണ് അമേരിക്കയിലെ നാടകാവതരണങ്ങൾ സംഘടിപ്പിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 11 Oct 2026, 05:15 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented