നടിയും മോഡലും നർത്തകിയുമായ മലൈക അറോറയുടെ പ്രണയത്തെക്കുറിച്ചുള്ള ഗോസിപ്പുകൾ പുറത്തുവരാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. എന്റിക് ഇഗ്നേഷ്യസിന്റെ മുംബൈയിലെ ഷോയ്ക്കിടെയാണ് മലൈകയ്‌ക്കൊപ്പം ഒരു അപരിചിതനായ മനുഷ്യനെ ആദ്യമായി കാണുന്നത്. പരിപാടി തീരുന്നതുവരെ മലൈകയും ആ വ്യക്തിയും ഒരുമിച്ചായിരുന്നു. പിന്നീട് മുംബൈ വിമാനത്താവളത്തിൽ ഇരുവരും ഒരുമിച്ചെത്തിയത് ഗോസിപ്പുകൾക്ക് ഊർജം പകർന്നു. 33-കാരനായ വജ്രവ്യാപാരി ഹർഷ് മേത്തയാണതെന്നും ആരാധകർ തിരിച്ചറിഞ്ഞു. അതോടെ മലൈകയേക്കാൾ 19 വയസ്സ് കുറവുള്ള വ്യക്തിയുമായുള്ള പ്രണയത്തിന്റെ പേരിൽ മലൈക ട്രോൾ ചെയ്യപ്പെട്ടു.

അതുകഴിഞ്ഞ് കുറച്ചുദിവസങ്ങൾക്കുശേഷം മറ്റൊരു പേരുമായി ബന്ധപ്പെടുത്തിയും മലൈക ഗോസിപ്പ് കോളങ്ങളിലിടം പിടിച്ചു. നടനും സ്ലിപ്റ്റ്‌സ് വില്ല എക്‌സ് 6 മത്സരാർഥിയുമായ സൊറബ് ബേദിയായിരുന്നു ഇത്തവണ കഥകളിലെ നായകൻ. അപ്പോഴൊന്നും മലൈക പ്രതികരിച്ചിരുന്നില്ല.

അടുത്തിടെ കേർളി ടെയിൽസുമായുള്ള (curly tales) ഒരു ചാറ്റിൽ, മലൈക നിരന്തരമായ ഡേറ്റിങ് ഗോസിപ്പുകളെക്കുറിച്ചും സംസാരിച്ചു. അവയെ അരോചകമെന്നാണ് (irritating) മലൈക വിശേഷിപ്പിച്ചത്.

''ഇത് വളരെ അരോചകമാണ്. പക്ഷേ ഇപ്പോൾ ഞാനതിനെ ഒരു തമാശയായിട്ടാണ് കാണുന്നത്. അർഹാനും (മലൈകയുടെ മകൻ) ഞാനും ഈ കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് ചിരിക്കാറുമുണ്ട്. എനിക്ക് ഈ കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ കഴിയില്ല, എങ്ങനെയാണ് ഡേറ്റിങ് ഒക്കെ പ്ലാൻ ചെയ്യുന്നത്. സംഭവിക്കാനുള്ളതാണെങ്കിൽ, അത് സംഭവിക്കും. ഇപ്പോൾ, എന്റെ ജീവിതത്തിൽ നടക്കുന്ന ഇക്കാര്യങ്ങളെല്ലാം പര്യവേക്ഷണം ചെയ്യുന്നതിൽ ഞാൻ വളരെ സന്തുഷ്ടയാണ്''.

ഒരു സിംഗിൾ അമ്മ എന്ന നിലയിലുള്ള തന്റെ ജീവിതത്തെക്കുറിച്ചും മലൈക സംസാരിച്ചു. ''ആദ്യം മുതൽ കാര്യങ്ങൾ കെട്ടിപ്പടുക്കാൻ കഴിയുക, അതാണ് എന്നെ മുന്നോട്ടുനയിക്കുന്നതും പ്രചോദിപ്പിക്കുന്നതും. തീർച്ചയായും സഹവർത്തിത്വം, പങ്കാളി, ഇതെല്ലാം മനോഹരമാണ്. പക്ഷേ എനിക്ക് ഒരു പങ്കാളിയെ വേണം എന്ന മട്ടിൽ ഞാനത് സജീവമായി അന്വേഷിക്കുന്നില്ല. ഞാൻ ഒരു സ്വയം നിർമ്മിത സ്ത്രീയാണ് (self made woman) എന്നതിൽ എനിക്ക് വളരെ അഭിമാനമുണ്ട്. ഞാനെന്ന വ്യക്തിയെ പൂർണമാക്കാൻ എനിക്കൊരു പുരുഷന്റെ ആവശ്യമില്ല''.

'തമ' എന്ന സിനിമയിലാണ് മലൈക അവസാനമായി അഭിനയിച്ചത്. അതിലെ 'പോയ്‌സൺ ബേബി' എന്ന പാട്ടിലാണ് മലൈക പ്രത്യക്ഷപ്പെട്ടത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi