ഏഴുവര്‍ഷത്തിനുമുന്‍പ് ഒരു ജനുവരിയില്‍ ജയ്പുര്‍ സാഹിത്യോത്സവ വേദിയില്‍വെച്ചാണ് പ്രസിദ്ധനായ തിരക്കഥാകൃത്തും കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിനെ ആദ്യമായി കാണുന്നത്. ഡൈ ചെയ്ത കൃത്രിമ സുന്ദരന്മാര്‍ക്കിടയിലേക്ക് തിളങ്ങുന്ന കുര്‍ത്ത ധരിച്ച്, മെറൂണ്‍ നിറത്തിലുള്ള മഫ്‌ളര്‍ കഴുത്തില്‍ കെട്ടി, തൂവെള്ളത്തലമുടിയുമായി അദ്ദേഹം വന്നു. ജനക്കൂട്ടം അദ്ദേഹത്തെ വണങ്ങുകയും സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വ്യത്യസ്ത വേദികളില്‍, വിവിധ വിഷയങ്ങളില്‍ നടന്ന സംവാദങ്ങളില്‍ ജാവേദിന്റെ ഭാഷണം കേള്‍ക്കാനായിരുന്നു ഏറ്റവുമധികം ജനം കൂടിയത്. ആഴവും പരപ്പുള്ള അറിവും സൂക്ഷ്മയുക്തിബോധവും മൂര്‍ച്ചയേറിയതും മുനയുള്ളതുമായ നര്‍മവും 'പൊളിറ്റിക്കല്‍ കറക്ട്‌നസി'ന്റെ വര്‍ണ്യത്തിലാശങ്ക തീരേയില്ലാത്ത തുറന്ന നിലപാടുകളുമായിരുന്നു അദ്ദേഹത്തിന്റെ സംഭാഷണങ്ങളുടെയും അഭിപ്രായങ്ങളുടെയും ശക്തി.
പുതുതലമുറഗാനങ്ങള്‍ മഹത്തരമാണെന്ന് ഘോഷിച്ച ഒരു ആധുനികബുദ്ധിജീവിയെ, എന്നിട്ടുമെന്തുകൊണ്ടാണ് പത്തുവയസ്സുള്ള കുട്ടിപോലും ടെലിവിഷനിലെ പാട്ടുമത്സരത്തില്‍ 'ചിത്രലേഖ' എന്ന സിനിമയ്ക്ക് വേണ്ടി സാഹിര്‍ ലുധിയാന്‍വി എഴുതി രോഷന്‍ സംഗീതം പകര്‍ന്ന് മുഹമ്മദ് റഫി പാടിയ 'മന്രേ തൂ കാഹേ ന ധീര് ധരേ...' എന്ന പഴയഗാനം പാടുന്നതെന്ന മറുചോദ്യം ചോദിച്ചാണ് അക്തര്‍ ഫിനിഷ് ചെയ്തത്. ബുദ്ധിജീവിയുടെ മറുപടിയില്ലായ്മ സദസ്സിന്റെ ആരവങ്ങളിലും കൈയടികളിലും മുങ്ങിപ്പോയി.
Also Read
ആ ദിനങ്ങളില്‍ ജാവേദുമായി ഹ്രസ്വമായ ഒരഭിമുഖം നടത്താനും സാധിച്ചു. ആ സംസാരത്തില്‍ അദ്ദേഹം ഉറപ്പിച്ചുപറഞ്ഞ ഒരു പ്രധാനകാര്യം ഇതായിരുന്നു: ''എനിക്ക് പിറകില്‍ എഴുത്തിന്റെ മഹത്തരവും സംസ്‌കൃതവുമായ ഒരു പാരമ്പര്യമുണ്ട്. ഓരോ വാക്ക് കുറിക്കുമ്പോഴും ആ ബോധ്യം എനിക്കുണ്ടായിരുന്നു. സമൂഹത്തിന് പോറലേല്‍പ്പിക്കുന്നതോ സംസ്‌കാരത്തെ മലീമസമാക്കുന്നതോ ആയ ഒരു വരിപോലും ഞാനെഴുതിയിട്ടില്ല. തലയ്ക്ക് പിറകേ തോക്ക് വെച്ച് ആജ്ഞാപിച്ചാലും 'ചോളീ കേ പീഛേ ക്യാ ഹേ...' എന്ന് ഞാനെഴുതില്ല''.മിര്‍സാ ഗാലിബിലേക്കുവരെ നീണ്ടുചെന്ന പ്രൗഢമായ ഒരു കാവ്യപാരമ്പര്യത്തിന്റെ വിശുദ്ധഗരിമ ആ വാക്കുകളിലുണ്ടായിരുന്നു.
ഇപ്പോള്‍ ജാവേദ് അക്തറിന്റെ ആത്മകഥ 'TALKING LIFE' എന്ന പേരില്‍ പുറത്തിറങ്ങിയത് വായിച്ചപ്പോള്‍, ഈ എഴുത്തുകാരന്‍ എങ്ങനെയാണ് വളര്‍ന്നും വികസിച്ചും കാതലുറപ്പോടെ പടര്‍ന്നും ഇന്ത്യയുടെ ബോധമനസ്സിനുമേല്‍ വിസ്തൃതമായതെന്നറിഞ്ഞ് അമ്പരന്നുപോയി. അദ്ദേഹത്തിന്റെ രണ്ട് മുന്‍പുസ്തകങ്ങളുടെയും(TALKING FILMS, TALKING SONGS)പോലെ, നസ്റീന്‍ മുന്നി കബീര്‍ എന്ന മാധ്യമപ്രവര്‍ത്തകയുമായി നടത്തിയ ദീര്‍ഘസംഭാഷണമാണ് ഈ പുസ്തകവും. ആദ്യംമുതല്‍ അവസാനംവരെ, യാതനകളെയും തിരിച്ചടികളെയും വെല്ലുവിളികളെയും ആര്‍ജവത്തോടെ മറികടന്ന യുക്തിവാദിയും തത്ത്വചിന്താപരനുമായ ഒരു മനുഷ്യന്റെ ബുദ്ധിയുടെയും പ്രകാശിതമായ മനസ്സിന്റെയും തിളക്കമനുഭവിക്കാന്‍ സാധിക്കും പുസ്തകത്തില്‍ ഉടനീളം. മുംബൈയിലെ തെരുവില്‍നിന്ന് ബോളിവുഡിന്റെ പ്രഭാലോകത്തേക്ക് പ്രതിഭയുടെമാത്രം ബലത്തിലുള്ള ആരോഹണമായിരുന്നു ഈ മനുഷ്യന്റെത്.

പണ്ഡിതന്മാരുടെയും കവികളുടെയും കുടുംബത്തില്‍പ്പിറന്ന ജാവേദിന്റെ മുതുമുത്തച്ഛന്‍ ഫസല്‍ ഹഖ്, മിര്‍സാ ഗാലിബിന്റെ സമകാലികനായിരുന്നു. ഗാലിബ് തന്റെ 'ദീവാന്‍' എന്ന വിശിഷ്ടകൃതി എഡിറ്റ് ചെയ്യാനേല്‍പ്പിച്ചത് ഫസല്‍ ഹഖിനെയാണ്. പിതാവ് ജാന്‍ നിസാര്‍ അക്തര്‍ പ്രസിദ്ധനായ കവിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനും പുരോഗമനസാഹിത്യത്തിന്റെ മുന്നണിപ്പോരാളിയുമായിരുന്നു. അധ്യാപികയായ മാതാവ് സഫിയയും വായനയുടെയും എഴുത്തിന്റെയും വസന്തമരമായിരുന്നു. മാതാവിന്റെ വീട്ടില്‍ പാര്‍ത്തപ്പോള്‍ ലഭിച്ച ലഖ്നൗ ഉറുദു പശ്ചാത്തലം ജാവേദിന് പില്‍ക്കാലത്തേക്കുള്ള വരമായി. അമ്മയും അച്ഛനും തമ്മിലുള്ള കത്തിടപാടുകള്‍പോലും സാഹിത്യത്തിന്റെ മേന്മയുള്ളതായിരുന്നുവെന്ന് അക്തര്‍ തിരിച്ചറിഞ്ഞത് ഏറെക്കഴിഞ്ഞായിരുന്നു.
മാതാവിന്റെ അകാലവിയോഗത്തോടെ പിതാവ് രണ്ടാംവിവാഹം കഴിച്ച് മുംബൈയിലേക്ക് പോയി. രണ്ടാനമ്മയുടെ പരുഷമായ പെരുമാറ്റവും പിതാവുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളും ജാവേദിനെ പതിനെട്ടാം വയസ്സില്‍ മുംബൈയുടെ അരക്ഷിതമായ തെരുവുകളിലെത്തിച്ചു. സിനിമാക്കമ്പം നേരത്തേയുണ്ടായിരുന്നതിനാല്‍, സ്റ്റുഡിയോകളില്‍ തൊഴില്‍ തേടിയലഞ്ഞു. കമാല്‍ അംരോഹിയുടെ പ്രസിദ്ധമായ കമാല്‍ സ്റ്റുഡിയോയില്‍ ക്ലാപ് ബോയിയുടെയും സഹായിയുടെയും ജോലി കിട്ടി. സ്റ്റുഡിയോയുടെ മുറ്റത്ത് മരച്ചുവട്ടില്‍ രാത്രിയുറക്കം; ചാരായക്കടകളിലെ അന്തികള്‍; മദ്യപിച്ചുള്ള കലഹങ്ങള്‍; കവിത മദിക്കുന്ന മനസ്സ്; പ്രസിദ്ധ ഗാനരചയിതാവ് സാഹിര്‍ ലുധിയാന്‍വിയുമായുള്ള ഗുരുശിഷ്യബന്ധം; സലിം ഖാനു(സല്‍മാന്‍ ഖാന്റെ പിതാവ്)മായുള്ള പരിചയപ്പെടല്‍; സലിം-ജാവേദ് എന്ന പ്രസിദ്ധമായ എഴുത്ത് കൂട്ടുകെട്ടിന്റെ അരങ്ങേറ്റം; 'ഷോലെ', 'ദീവാര്‍', 'സഞ്ജീര്‍', 'ഡോണ്‍', 'തൃശൂല്‍'... തുടങ്ങി അമിതാഭ് ബച്ചനെ ഇന്ത്യയുടെ 'ആംഗ്രി യംങ് മാനാ'ക്കിയ സിനിമകളുടെ പിറവികള്‍; സലിം ഖാനുമായുള്ള വേര്‍പിരിയല്‍; ലതാ മങ്കേഷ്‌കറിന്റെ നിര്‍ദേശപ്രകാരം 'സില്‍സില' എന്ന സിനിമയില്‍ ഹരിപ്രസാദ് ചൗരസ്യയുടെയും ശിവ് കുമാര്‍ ശര്‍മയുടെയും സംഗീതത്തിനനുസരിച്ച് വരികളെഴുതി പാട്ടെഴുത്തിലേക്കുള്ള പ്രവേശനം; ഹണി ഇറാനിയുമായുള്ള വിവാഹം; വേര്‍പിരിയല്‍; കവി കൈഫി ആസ്മിയുടെ മകളും നടിയുമായ ശബാനാ ആസ്മിയുമൊത്തുള്ള ദാമ്പത്യം; അമിതാഭ് ബച്ചനുമായുള്ള ആത്മബന്ധം... എല്ലാം മറകളില്ലാതെ പറയുന്നു എന്നതുതന്നെയാണ് ഈ ആത്മകഥയെ വേറിട്ടതാക്കുന്നത്.
മദ്യപാനിയായ താന്‍ ഈ ലോകത്തിന് നരകമായിരുന്നു എന്ന് തുറന്നുപറയുന്ന ജാവേദ്, ഹണി ഇറാനിയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് കുറ്റബോധത്തോടെ വെളിപ്പെടുത്തുന്നത് ഇങ്ങനെ:''...ഹണി അദ്ഭുതകരമായ ഒരു വ്യക്തിത്വമാണ്. വിവാഹം കഴിക്കുന്ന സമയത്ത് അവള്‍ ചെറുപ്പവും ഞാന്‍ ഭ്രാന്ത് പിടിച്ചവനുമായിരുന്നു. ചെറുപ്പത്തിലേ ഞാന്‍ നരകത്തിലൂടെ നടന്നുവന്നവനാണ്. കോപവും നിരാശയും കാലുഷ്യവും എന്നില്‍ കലങ്ങിമറിഞ്ഞിരുന്നു. കുടിക്കുമ്പോള്‍ അവയെല്ലാം പുറത്തുവരുമായിരുന്നു. ഇതിനെയൊക്കെ എങ്ങനെ നേരിടണം എന്ന് ഹണിക്കറിയില്ലായിരുന്നു. എന്റെ ഭ്രാന്തുമായി അവളുടെ വ്യക്തിത്വം ചേരില്ലായിരുന്നു...'' മദ്യപാനവും പുകവലിയും നിറുത്തിയതോടെയാണ് താന്‍ പുതിയൊരു മനുഷ്യനായത് എന്നും ജാവേദ് കുമ്പസാരിക്കുന്നു.

ജനപ്രിയമായ തിരക്കഥകള്‍ ഏറെ എഴുതിയതുകൊണ്ടായിരിക്കാം ജീവിതത്തിലെ നാടകീയതകള്‍ എപ്പോഴും ജാവേദിനെ പ്രചോദിപ്പിച്ചിരുന്നു. കമാല്‍ സ്റ്റുഡിയോയിലെ ഏകാന്ത രാത്രികളില്‍ ആകെ ചെയ്യാന്‍ സാധിക്കുന്ന കാര്യം ആരെയെങ്കിലും ഫോണില്‍ വിളിക്കുക എന്നതായിരുന്നു. അന്ന് 193, 198 എന്നിങ്ങനെ രണ്ട് സഹായ നമ്പറുകളുണ്ടായിരുന്നു. കോള്‍ സെന്ററാണത്. എല്ലാ കാര്യങ്ങള്‍ക്കും അവരുടെ സഹായം ലഭിക്കും. ജാവേദ് വിളിച്ചപ്പോള്‍ ഒരു പെണ്‍കുട്ടിയാണ് ഫോണ്‍ എടുത്തത്. അവളുമായി സംസാരിച്ചു. അവര്‍ ചിരിച്ചു. ആ ബന്ധം വളര്‍ന്നു. എല്ലാ സമയത്തും ആ കുട്ടിയാവണമെന്നില്ല ഫോണെടുക്കുന്നത്. ഡ്യൂട്ടിയില്‍ വേറെ ആരെങ്കിലും വരും. പരസ്പരം അറിയാന്‍ അവര്‍ ഒരു കോഡുണ്ടാക്കി. ജാവേദ് വിളിച്ച് ആ കോഡ് പറയും; മറുവശത്ത് അതേ കുട്ടിയാണെങ്കില്‍ അവളതിന്റെ തുടര്‍ച്ച പറയും. അത് വിജയിച്ചു; അവര്‍ നിര്‍ബാധം സംസാരം തുടര്‍ന്നു; കൂടുതല്‍ അടുത്തു. അവള്‍ ഒരിക്കല്‍ ജാവേദിനോട് പറഞ്ഞു: ''നിങ്ങള്‍ ഒരു എഴുത്തുകാരനോ സംവിധായകനോ ആവാന്‍ താത്പര്യപ്പെടുന്നുവെങ്കില്‍ നിരാശനോ കലഹപ്രിയനോ ആവരുത്. ജോലിയിലുള്ള ശ്രദ്ധ കളയരുത്.''
ഒരുദിവസം മഹാല്‍ പിക്ചേഴ്സിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ എസ്.കെ. ഓജ സ്റ്റുഡിയോയിലേക്ക് അത്യാവശ്യകാര്യത്തിന് വിളിച്ചപ്പോള്‍ മണിക്കൂറുകളോളം എന്‍ഗേജ്ഡ്. കാര്യം അന്വേഷിച്ച് മനസ്സിലാക്കിയ ഓജ ജാവേദിനെ വിളിച്ച് ഇങ്ങനെ ചെയ്യരുതെന്ന് ഉപദേശിച്ചു. ഇക്കാര്യം ജാവേദ് ആ പെണ്‍കുട്ടിയോട് പറഞ്ഞു. അപ്പോള്‍ അവള്‍ ജാവേദിനോട് പറഞ്ഞു: ''നിങ്ങള്‍ക്കീ ജോലിയേ ഉള്ളൂ. അവിടെനിന്ന് ഇറക്കിവിട്ടാല്‍ കയറിക്കിടക്കാന്‍ ഒരിടംപോലുമില്ല. ഞാനീ ബന്ധം തുടരാന്‍ ഇഷ്ടപ്പെടുന്നില്ല, ഇതപകടമാണ്. ഞാന്‍ ഇനി നിങ്ങളോട് സംസാരിക്കില്ല.'' അവള്‍ ഫോണ്‍ വെച്ചു. ദിവസങ്ങളോളം ജാവേദ് അവളെ കിട്ടാന്‍വേണ്ടി വിളിച്ചു; കോഡിന്റെ ആദ്യഭാഗം പറയും; അപ്പുറത്തത് പൂരിപ്പിക്കപ്പെടുന്നില്ല. അവള്‍ തന്നില്‍നിന്ന് എന്നന്നേക്കുമായി വിടപറഞ്ഞു എന്ന കാര്യം ജാവേദിന് മനസ്സിലായി.
ജാവേദ് പറഞ്ഞവസാനിപ്പിക്കുന്നു: ''അവളിപ്പോഴും ജീവിച്ചിരിപ്പുണ്ടെങ്കില്‍, ഈ പുസ്തകം വായിക്കുകയാണെങ്കില്‍, അവള്‍ക്ക് എന്നെ വിളിക്കാന്‍ സ്വാഗതം. അവളാ കോഡുപയോഗിച്ചാല്‍ എനിക്കിപ്പോഴും മനസ്സിലാവും...''
അപ്പോള്‍ അഭിമുഖകാരി ചോദിച്ചു:
''താങ്കള്‍ക്കിപ്പോഴും ആ കോഡ് ഓര്‍മയുണ്ടോ?''
''തീര്‍ച്ചയായും. ആരോടും ഞാനത് വെളിപ്പെടുത്തിയിട്ടില്ല''
''എന്താണ് ആ നമ്പര്‍?'' മുന്നി ചോദിച്ചു. അപ്പോള്‍ ജാവേദ് പറഞ്ഞുനിര്‍ത്തി: ''നോ ക്ലൂ മുന്നി!''
ആത്മഭാഷണമായ പുസ്തകം ജാവേദ് ഇങ്ങനെ അവസാനിപ്പിക്കുന്നു: ''...മനുഷ്യസമൂഹം എന്ന ക്ലബ്ബിലെ അംഗങ്ങളാണ് നമ്മളെല്ലാവരും. ഇതൊരു താത്കാലിക അംഗത്വമാണ്. മുന്‍പ് ഈ ക്ലബ്ബില്‍ അംഗമായവരും ഇപ്പോള്‍ ഇല്ലാത്തവരുമായ ഒരുപാട് മനുഷ്യര്‍ ഉപയോഗിച്ചുപോയ നിരവധി സൗകര്യസുഖങ്ങള്‍ ഇപ്പോഴും ഈ ക്ലബ്ബിലുണ്ട്. നല്ല അംഗമാണെങ്കില്‍, അംഗത്വം തീരുന്നതിനുമുന്‍പ് ക്ലബ്ബിലേക്ക് ഞാന്‍ എന്തെങ്കിലും നല്ലത് നല്‍കണം. അതിന് സാധിക്കുന്നില്ലെങ്കില്‍, ചുരുങ്ങിയ പക്ഷം ഇപ്പോള്‍ ഉള്ളവ നശിപ്പിക്കാതിരിക്കുകയെങ്കിലും ചെയ്യണം...''പുസ്തകം വായിച്ചുതീരുമ്പോള്‍ പുതിയൊരു പ്രകാശം നമ്മെ വന്ന് പൊതിയുന്നു- പരിപാകപ്പെട്ട സംസ്‌കാരത്തിന്റെ പ്രകാശം.
Content Highlights: sreekanth kottakkal writing about poet and lyricist javed akhtar
Published: 20 Sept 2023, 11:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented