'എലിയെ പേടിച്ച് ഇല്ലം ചുടുമോ?' ഇല്ലം ചുടേണ്ടതില്ലെന്ന് മാത്രമല്ല, മൂഷികരെ പേടിക്കുകയും വേണ്ടണ്ട. പറഞ്ഞുവന്നത് രാജസ്ഥാനിലെ ബികാനേറിലുള്ള കർണിമാതാ ക്ഷേത്രത്തെക്കുറിച്ചാണ്. ഇരുപത്തയ്യായിരത്തിലധികം മൂഷികർ നിർഭയം വിഹരിക്കുന്നു ഈ ക്ഷേത്രസന്നിധിയിൽ. ഭക്തരെ അവർ ഉപദ്രവിക്കുന്നില്ല.

To advertise here,

ക്ഷേത്രത്തിന്റെ മുഖമണ്ഡപം കടക്കുമ്പോൾ കാണുന്ന ബോർഡ് അദ്ഭുതപ്പെടുത്തും: 'സൂക്ഷിക്കുക, എലികൾ ചവിട്ടടിയിൽ പെടാതെ ശ്രദ്ധിച്ചുനടക്കുക.' അങ്ങനെ തലങ്ങും വിലങ്ങും പായുന്ന കർണിമാതാവിന്റെ അരുമകൾക്ക് ചവിട്ടേൽക്കാതിരിക്കാൻ സൂക്ഷിച്ചാണ് ഓരോ ഭക്തനും അമ്പലത്തിലേക്ക് ചുവടുവയ്ക്കുന്നത്.

രാജസ്ഥാൻ സഞ്ചാരത്തിനിടെ ബികാനേർ നഗരത്തിൽ എത്തിയപ്പോഴാണ് മിഠായിമാർക്കറ്റിൽവെച്ച് ഓട്ടോക്കാരിൽനിന്ന് എലികളുടെ അമ്പലത്തെക്കുറിച്ച് കേൾക്കുന്നത്. നഗരത്തിൽനിന്ന് 30 കിമീ അകലെയുള്ള 'ദേശ്‌നോക്' ഗ്രാമത്തിലാണ് ഈ ക്ഷേത്രം. 600 രൂപ കൊടുത്താൽ അവിടെ കൊണ്ടാക്കിത്തരാമെന്ന് ഓട്ടോക്കാരൻ പറഞ്ഞു. എന്നാൽ, ഹോട്ടലുടമയായ ലാലാജിയാണ് കർണിമാതാക്ഷേത്രത്തിന്റെ മാഹാത്മ്യവും അവിടേക്കെത്താനുള്ള ചെലവുകുറഞ്ഞ മാർഗവും പറഞ്ഞുതന്നത്. ഓട്ടോക്കൂലിയെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ ലാലാജി ചിരിച്ചുകൊണ്ടു പറഞ്ഞു: ''അവൻ ആയിരം ചോദിക്കാത്തത് കർണിമാതാജിയുടെ അനുഗ്രഹം! ബികാനേർ റെയിൽവേ സ്റ്റേഷനിൽനിന്ന് രാവിലേ പുറപ്പെടുന്ന എക്‌സ്പ്രസ് ട്രെയിനിൽ വെറും മുപ്പതുരൂപ മുടക്കിയാൽ അവിടെ എത്താം.''

പിറ്റേന്ന് പുലർച്ചേതന്നെ തീവണ്ടിപിടിച്ചു. അരമണിക്കൂർ ദൂരമേയുണ്ടായിരുന്നുള്ളൂ ദേശ്‌നോക്കിലെത്താൻ. ദേശ്‌നോക് റെയിൽവേ സ്റ്റേഷന്റെ തൊട്ടുമുന്നിൽത്തന്നെയായിരുന്നു ക്ഷേത്രം. ഗോപുരവാതിലിലേക്ക് പ്രവേശിച്ചപ്പോൾത്തന്നെ മൂഷികരുടെ ഒരുസംഘം ദർശനം തന്നു. കറുത്തനിറത്തിലുള്ള നാടൻ എലികൾ. വെള്ളനിറത്തിലുള്ള ചില വിശേഷപ്പെട്ട എലികളും ഇവിടെയുണ്ടത്രേ! അവയുടെ സംഖ്യയാകട്ടെ നാമമാത്രമാണ്.

കർണിദേവിയുടെ അടുപ്പക്കാരെന്ന് വിശ്വസിക്കപ്പെടുന്ന ഈ വെള്ളെലികളുടെ ദർശനം ലഭിക്കുന്ന ഭക്തർ ഭാഗ്യവാൻമാരാണെന്നാണ് വിശ്വാസം. മുന്നോട്ടുനടക്കുന്തോറും എലികളുടെ സംഖ്യ കൂടിവന്നു. അമ്പലത്തിലെ തൂണുകളിലും പടികളിലുമെല്ലാം അവ പറ്റിപ്പിടിച്ചിരിക്കുന്നു. ശ്രീകോവിലിനുമുൻപിലെ തളങ്ങളിൽ വെച്ചിരുന്ന പരന്ന പാത്രത്തിൽ നിറച്ചിരുന്ന പാൽ നുകർന്നുകൊണ്ട് കുറച്ചുപേർ. മറ്റുചിലരാകട്ടെ നീളമുള്ള സ്റ്റീൽ റാക്കുകളിൽ വിതറിയിരിക്കുന്ന നെയ്യിൽ കുഴച്ച പ്രസാദം ആസ്വദിച്ചു കഴിക്കുന്നു. ക്ഷേത്രസമുച്ചയത്തിന്റെ നടുത്തളത്തിലാണ് ദുർഗയുടെ അവതാരമൂർത്തിയായ കർണിമാതാജിയുടെ പ്രതിഷ്ഠയുള്ള ഗർഭഗൃഹം. ഇതിന് ഇരുവശങ്ങളിലുമായി അഞ്ച് ഉപദേവാലയങ്ങളും കാണാം.

ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്റെ മകനായ ലല്ലൻ സിങ്ങാണ് അമ്പലത്തിന്റെ ചരിത്രവും മാഹാത്മ്യവും പറഞ്ഞുതന്നത്. 14-ാം നൂറ്റാണ്ടിൽ ദേശ്‌നോക് ഗ്രാമത്തിൽ ജീവിച്ചിരുന്ന ഒരു രജപുത്ര സ്ത്രീയായിരുന്നുവത്രേ കർണി. കുഞ്ഞുനാൾ മുതൽക്കേ ആധ്യാത്മികജീവിതത്തോടായിരുന്നു അവർക്ക് കമ്പം. എങ്കിലും മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി വിവാഹിതയായി. എന്നാൽ, ലൗകികജീവിതത്തിലേക്ക് കടക്കാൻ കഴിയാതെവന്നപ്പോൾ ഇളയ സഹോദരിയെ വേൾക്കാൻ അവർ ഭർത്താവിനെ നിർബന്ധിച്ചു. കർണി പിന്നീടുള്ള കാലം തന്റെ ഉപാസനാമൂർത്തിയായ ദുർഗയെ തപംചെയ്ത് ദിനങ്ങൾ കഴിച്ചുകൂട്ടി. അവരുടെ ഭർത്താവിന് സഹോദരിയിലുണ്ടായ മകനായിരുന്നു ലക്ഷ്മൺ. ഒരിക്കൽ കപിലസരോവരത്തിൽ കുളിക്കുമ്പോൾ നിലയില്ലാക്കയത്തിൽപ്പെട്ട് ലക്ഷ്മൺ മരിച്ചു.

സഹോദരീപുത്രനോട് അതിരറ്റ വാത്സല്യമുണ്ടായിരുന്ന കർണി മരണദേവനെ തപം ചെയ്തു. തപശ്ശക്തിയാൽ യമദേവന്റെ മുന്നിലെത്തുന്ന കർണി, ലക്ഷ്മണിനെ പുനരുജ്ജീവിപ്പിക്കണമെന്നപേക്ഷിച്ചു. യമൻ ആദ്യം കർണിയുടെ അഭ്യർഥന നിരസിച്ചെങ്കിലും പിന്നീട് ചില ഉപാധികളോടെ സ്വീകരിക്കുന്നു. ലക്ഷ്മണിനെ മനുഷ്യനായി തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കില്ലെന്നും വേണമെങ്കിൽ എലിയുടെ രൂപത്തിൽ സൃഷ്ടിക്കാമെന്നും സമ്മതിക്കുന്നു. അപ്പോൾ മറ്റൊരുകാര്യംകൂടി കർണിമാതാ മരണദേവനോടഭ്യർഥിച്ചു. തന്റെ അനന്തരസന്തതിപരമ്പരകളെല്ലാം തുടർന്നും മൂഷികരായി പുനർജനിച്ച് തന്നോടൊപ്പമുണ്ടാവണം. ആ അപേക്ഷയും യമധർമൻ സ്വീകരിക്കുന്നു.

കാബകൾ എന്ന ദൈവികനാമത്തിലാണ് ക്ഷേത്രത്തിലെ എലികൾ അറിയപ്പെടുന്നത്. ഇവിടത്തെ കാബകളെല്ലാം കർണിമാതാവിന്റെ സന്തതിപരമ്പരകളാണെന്ന് ഭക്തർ വിശ്വസിക്കുന്നു. കർണിമാതാവിനെ ദുർഗാദേവിയുടെ അവതാരമായാണ് ഇന്നാട്ടുകാർ കാണുന്നത്. നൂറ്റിയമ്പതോളം വർഷം ജീവിച്ചിരുന്നെന്ന് കരുതപ്പെടുന്ന കർണിമാതയുടെ ദേഹവിയോഗത്തിനുശേഷമാണ് ഇവിടെ ക്ഷേത്രം നിർമിച്ചത്.

മുഗൾ വാസ്തുവിദ്യാശൈലിയിൽ പണിത ക്ഷേത്രം ഇന്നുകാണുന്ന നിലയിൽ പുതുക്കിപ്പണിതത് 1890-ൽ ബികാനേർ മഹാരാജാവായ ഗംഗാസിങ്ജിയാണ്. താജ്മഹലിനെ ഓർമിപ്പിക്കുന്ന മാർബിൾ മകുടവും പൂർണ്ണമായും വെള്ളിത്തകിടുകൾ പതിപ്പിച്ച വാതിലുകളുമെല്ലാം ഗംഗാസിംങ്ജിയുടെ പുനരുദ്ധാരണ വേളയിൽ കൂട്ടിച്ചേർക്കപ്പെട്ടതാണ്. ചില രഹസ്യങ്ങൾ കർണിമാതാ ക്ഷേത്രത്തെ ചൂഴ്ന്നുനിൽക്കുന്നുണ്ട്. ഇരുപത്തിയയ്യായിരത്തിലേറെ മൂഷികർ കുടിപ്പാർക്കുന്ന ഈ ക്ഷേത്രത്തിൽ പക്ഷേ, യാതൊരു ദുർഗന്ധവും അനുഭവപ്പെടുന്നില്ല.

ഇക്കാര്യം സത്യമാണെന്ന് ഇവിടം സന്ദർശിച്ചപ്പോൾ മനസ്സിലായി. എലികൾ ആഹരിച്ച ഭോജ്യങ്ങളും കുടിച്ച പാലിന്റെ ബാക്കിയുമാണ് ഇവിടെ പ്രസാദമായി നൽകുന്നത്. ചില ഭക്തർ എലികൾ കുടിച്ചവശേഷിപ്പിച്ച പാൽ തൊഴുകൈയോടെ എടുത്ത് പാനം ചെയ്യുന്നത് കാണാനിടയായി. എലികളുടെ ഉച്ഛിഷ്ടം സ്വീകരിച്ചിട്ടും ഭക്തരിൽ ഒരാൾക്ക് പോലും എന്തെങ്കിലും തരത്തിലുള്ള രോഗങ്ങൾ ബാധിച്ചതായി കേട്ടുകേഴ്‌വി പോലുമില്ലത്രെ! 1994-ൽ ഗുജറാത്തിൽ പടർന്നു പിടിച്ച പ്ലേഗ് മഹാമാരി രാജസ്ഥാനിലും താണ്ഡവമാടിയിരുന്നു. അന്നാളുകളിൽപ്പോലും കർണിമാതാവിന്റെ സന്തതികൾക്കോ, ഗ്രാമവാസികൾക്കോ യാതൊരു രോഗപീഡയും ഉണ്ടായില്ലെന്നാണ് പറയപ്പെടുന്നത്. എലികളുടെ ആജന്മശത്രുക്കളായ മാർജ്ജാരന്മാരാകട്ടെ ഈ ക്ഷേത്രത്തിന് സമീപത്തുപോലും വരാറുമില്ല.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi