
ഓരോ നാടിന്റെയും ഓര്‍മ്മകള്‍ ഓരോരോ മണങ്ങള്‍ കൊണ്ടുവരും എന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് കല്ലട എന്ന് കേള്‍ക്കുമ്പോള്‍ നെല്ലിന്റെ മണമാണ് വരുന്നത്. നെല്ലിന്റെ പല പല മണങ്ങള്‍; നല്ല മൂത്ത പച്ചനെല്ലിന്റെ മണം ഒരു സുഖമുള്ള മണമാണ്, നെല്ല് പുഴുങ്ങുമ്പോള്‍ വരുന്ന മണം മറ്റൊരു കൗതുകം, അത് വെയിലത്തിട്ടു ഉണക്കുമ്പോള്‍ മറ്റൊരു മണം, അങ്ങനെ അങ്ങനെ ഓരോരോ മണങ്ങള്‍.നെല്ല് കൊയ്ത് വീട്ടില്‍ കൊണ്ട് വരുമ്പോള്‍ ഒരു സന്തോഷമൊക്കെ തോന്നും, മറ്റൊന്നുമല്ല, നാളെ മുതല്‍ കറ്റ ചവിട്ടാന്‍ ആള് വരും, നമുക്കും ഒരു സ്ഥലം കിട്ടും, കറ്റ ചവിട്ടാന്‍. അതൊരു പ്രത്യേക അനുഭവമാണ്. ചവിട്ടി ചവിട്ടി നെല്ലെല്ലാം കൊഴിഞ്ഞൊ എന്ന് നോക്കണം, ഇല്ലെങ്കില്‍ കറ്റ എടുത്ത് അടിച്ചു പൊലിക്കണം, എന്നിട്ട് ഒരു പത്ത് പത്തര ആകുമ്പോള്‍ അവര്‍ക്കു കഞ്ഞീം പുഴുക്കും കൊടുക്കാനുള്ള സമയമാകും,അതാണ് എന്റെ ആത്യന്തികമായ ലക്ഷ്യം. അങ്ങനെ ആ കഞ്ഞീം പുഴുക്കും കുടിച്ചു, ഫ്രീ ആയി ഏമ്പക്കവും വിട്ട് ഞാനങ്ങനെ വിരാജിക്കും, അതാണ് കല്ലടയിലെ കൊയ്ത്ത്.
എന്നാല്‍ കടമ്പനാട്ട് അങ്ങനെ കൊയ്ത്തും പാരാവാരങ്ങളൊന്നുമില്ല, അവിടെ വല്യവധിക്കു പോകുമ്പോഴാണ് ആ നാടിന്റെ ഗന്ധം നാമറിയുന്നത്. ഇന്ന് കാണുന്ന കാലവും കോലവും അല്ലായിരുന്നു ആ നാടിനന്ന്, വല്യവധി സമയത്ത് ചക്കയും, മാങ്ങയും, പറങ്കിമാങ്ങയും ഒക്കെ കിട്ടുന്ന കാലമായിരുന്നു, അന്തക്കാലം. അങ്ങനെ ഒരു കാലത്തായിരുന്നു കടമ്പനാടിന്റെ മണം ഞാനറിഞ്ഞത്.
പറമ്പു നിറയെ ഉണ്ടായിരുന്ന ഫലവൃക്ഷമായിരുന്നു പറങ്കാവ്, കടമ്പനാട്ടമ്മച്ചി അങ്ങനെയായിരുന്നു പറഞ്ഞിരുന്നത്. പറങ്കിമാവ്, ക്യാഷു ട്രീ എന്ന് പറയുന്ന സംഭവം തന്നെ. അന്നൊക്കെ നല്ല കായ്ഫലമുള്ള ഈ മരങ്ങള്‍ നിറയെ ഇല കാണാതവണ്ണം പറങ്ങാമ്പഴം പിടിക്കുമായിരുന്നു. നല്ല മഞ്ഞ നിറത്തില്‍, ഓറഞ്ചു നിറത്തില്‍, കടുംചുവപ്പു നിറത്തില്‍, അങ്ങനെ മഞ്ഞയുടെയും, ചുവപ്പിന്റെയും പല പല വേഷപ്പകര്‍ച്ചകളില്‍ ഈ പഴങ്ങളങ്ങനെ നില്‍ക്കും. അവധിക്കു കടമ്പനാട്ട് വന്നു കഴിഞ്ഞാല്‍ പിന്നെ എന്റെ പ്രധാനപണി, കശുവണ്ടി ശേഖരിക്കല്‍ ആണ്. അതിനും നമ്മള്‍ പറയുന്നത് പറങ്ങാണ്ടി എന്നാണ്, കശുവണ്ടി പരിഷ്‌കരിച്ച പേരാണ്. കണ്‍ട്രി ഫെലോസ് പറങ്ങാണ്ടി എന്ന് പറയും. കശുവണ്ടിയുടെ ഉടമസ്ഥന്‍ അപ്പച്ചനാണ്, അപ്പച്ചന്‍ അത് മാര്‍ക്കറ്റില്‍ കൊണ്ടുപോയി കൊടുക്കും, അപ്പോള്‍ അത് കൃത്യമായി പറമ്പില്‍ നിന്നും പറക്കിയെടുത്തു അപ്പച്ചനെ ആവുന്നത്ര ഇമ്പ്രെസ്സ് ചെയ്യാന്‍ ഞാന്‍ ശ്രമിക്കും.
എനിക്ക് പക്ഷേ കഴിക്കാന്‍ ഇഷ്ടം പറങ്ങാണ്ടി അല്ല പറങ്ങാമ്പഴമാണ്. ഉച്ചക്ക് ഊണിനു മുമ്പും ഊണ് കഴിഞ്ഞും പറമ്പിലൂടെ കറങ്ങുമ്പോള്‍ കുറെ കിട്ടും താഴെ വീണു കിടക്കുന്ന പറങ്ങാമ്പഴവും കശുവണ്ടിയും. അതൊക്കെ പറക്കിയെടുത്ത്, പഴം വേറെ അണ്ടി വേറെ തരം തിരിച്ചു, പഴങ്ങളില്‍ കുറെയേറെ കഴിച്ചു ചുണ്ടെല്ലാം ഒരു മാതിരി മരവിച്ചു പറമ്പിലൂടെ ഇങ്ങനെ കറങ്ങിക്കിറുങ്ങി നടക്കും, ഒന്ന് രണ്ടു ദിവസം അടുപ്പിച്ചു പറങ്ങാമ്പഴം കഴിക്കുമ്പോള്‍ അത് മടുക്കും, പിന്നെ പിന്നെ പഴം ഇറുത്തു കളയും, ഇങ്ങനെ കളയുന്ന പറങ്ങാമ്പഴമെല്ലാം മരത്തിന്റെ ചോട്ടില്‍ കിടന്ന് അളിഞ്ഞുപുളഞ്ഞ് കുരുട്ടീച്ചക്കൂട്ടം പെറ്റു പെരുകി ആകെയൊരു മത്ത്മണം പരക്കും. അന്നൊന്നും ആരും തന്നെ പറങ്ങാമ്പഴത്തിന്റെ വാണിജ്യസാധ്യതകളെ പറ്റി അന്വേഷിച്ചിരുന്നുമില്ല, ഇന്നാണെങ്കില്‍ അത് വെച്ച് സ്‌ക്വാഷ്, സിറപ്പ്, ജെല്ലി, ജാം, വൈന്‍, എന്ന് വേണ്ട എന്തെല്ലാമെന്തെല്ലാം വെറൈറ്റി സാധനങ്ങള്‍, പണ്ട് ആകെ മനുഷ്യന് അറിയാവുന്ന ഒരേ ഒരു സാധനം പറങ്ങാമ്പഴം വെച്ച് വാറ്റുചാരായം ഉണ്ടാക്കുക എന്നതാണ്. അതാവട്ടെ തൊണ്ട പൊള്ളിക്കുന്ന ഒരു വൃത്തികെട്ട സാധനമാണെന്നു മാത്രമറിയാം.
അന്ന് ആ മണം, പറങ്ങാമ്പഴത്തിന്റെ ലഹരിപിടിപ്പിക്കുന്ന മണം നേരെ പറന്നുവന്ന് എന്റെ മസ്തിഷ്‌കകത്തിന്റെ അകത്തേക്കങ്ങു കയറി കതകടച്ചതാണ്, പിന്നത് ഇറങ്ങിപോയിട്ടില്ല, ഇതാണ് മോളേ നിന്റെ കടമ്പനാട് എന്ന് പറഞ്ഞ് ഇടയ്ക്കിടയ്ക്ക് ആ മണം എന്റെ മസ്തിഷ്‌കകത്തിനകത്തു മൂളിപ്പറക്കാറുണ്ട്.
ഇതൊക്കെയാണെങ്കിലും എനിക്കേറ്റവും ഇഷ്ടപ്പെട്ട മറ്റൊരു പറങ്കാവ് മണം കൂടി ഉണ്ട്,അതാണ് കടമ്പനാട്ടമ്മച്ചി ചുട്ടു തരുന്ന പറങ്ങാണ്ടി. പറമ്പില്‍ വീഴുന്നതും, പറങ്കാവീന്നു പറിക്കുന്നതും അപ്പച്ചന് (വില്‍ക്കുന്നതിന്) അവകാശപ്പെട്ടതാണെങ്കിലും,അമ്മച്ചിയുടെ കൈവശം ഒരു പിടി കശുവണ്ടി തോടോടു കൂടിയത് എപ്പോഴും കാണും. അത് ഞങ്ങള്‍ കൊച്ചുമക്കളൊക്കെ വരുമ്പോള്‍ ചിലപ്പോള്‍ ഉച്ചയൂണ് കഴിഞ്ഞുള്ള ശുഭമുഹൂര്‍ത്തങ്ങളില്‍ അമ്മച്ചി ഞങ്ങള്‍ക്ക് ചുട്ടുതരും. ചിരട്ടയും, വിറകുമൊക്കെ കത്തുന്ന കനലടുപ്പില്‍ പറങ്കിയണ്ടി ഇടും. പിന്നെ അടിപൊളി ബി ജി എം ആണ്. ആ ചൂടും കനലുമെല്ലാം കശുവണ്ടി അതിന്റെ അന്തരാത്മാവിലേക്ക് ആവാഹിക്കും, എന്നിട്ടു പടക്കം പൊട്ടുന്ന സ്‌റ്റൈലില്‍ ഒരു ഡിഷും പിന്നൊരു ഠപ്പേ, അമ്മച്ചി പേടിക്കാതെ അടുത്ത് തന്നെ ഇരിക്കും, ഞങ്ങള്‍ പതുക്കെ മാറി മാറി നില്‍ക്കും, ചുട്ട അണ്ടികളെല്ലാം, അമ്മച്ചി നീക്കി വെളിയില്‍ ഇടും ചെറിയേ ഒരു മരത്തടി കൊണ്ട് മെല്ലെ അടിച്ചു പൊട്ടിച്ചു കുരുവൊട്ടും പൊട്ടാതെ പൊളിയാതെ ഞങ്ങള്‍ക്ക് തരും, അത് വായിലിടുന്നതിനു മുന്‍പേ അടുപ്പില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ അതിന്റെ മണം ഞങ്ങടെ ചുറ്റും പറന്നിറങ്ങും, അരൂപിയായി! പിന്നീടാണ് അമ്മച്ചി ചുട്ടുതന്ന അണ്ടിപ്പരിപ്പ് കഴിക്കുക, ആ മണം; പുകയുടെ, കരിയുടെ, അണ്ടിപ്പരിപ്പിന്റെ, അമ്മച്ചീടെ അറിയില്ല. പക്ഷെ എനിക്ക് അമ്മച്ചീടെ മണം, ചുട്ട അണ്ടിപ്പരിപ്പിന്റെ മണമാണ്.
Content Highlights: ruchiyorma childhood food memories by dr.jiji j alex
Published: 19 Sept 2023, 02:23 pm IST
ABOUT THE AUTHOR
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented