ഒറ്റയ്ക്കാവുമ്പോഴാണല്ലോ ഓർമ്മകൾ നമ്മളെ വന്നു തൊടുന്നത്. ഒറ്റയ്ക്കാവുക എന്നത് എപ്പോഴും ഭൗതീകമായ കാര്യം മാത്രമല്ല. സഹയാത്രികയുടെ വേർപാടിനുശേഷമാണ് ആന്തരികമായ ആ ഒരനുഭവം എന്നെയും വന്നുപൊതിഞ്ഞത്. ഭൗതികമായി അങ്ങനെ ഒരനുഭവം ഇല്ലെന്ന് തന്നെ പറയാം, ഒരു നിമിഷം പോലും ഒറ്റയ്ക്കാക്കാതെ മക്കളും പേരക്കുട്ടികളും കൂടെത്തന്നെയുണ്ട്.
എങ്കിലും മനസ്സിടയ്ക്ക് ശൂന്യമാവുമ്പോൾ ഓർമ്മകളിലേയ്ക്ക് ബോധപൂർവ്വം തിരിച്ചുപോവും. അങ്ങനെ ഓർമ്മയും വർത്തമാനവും കൂടിച്ചേർന്ന ഒരനുഭവമാണിത്.
ഒരു പെൺകുഞ്ഞുണ്ടാവണം എന്ന് ഞങ്ങൾ രണ്ടുപേരും വിവാഹത്തിനുമുമ്പുള്ള പ്രണയനാളുകളിലെ ആഗ്രഹിച്ചിരുന്നു. അവൾക്ക് ആതിരയെന്നു പേരിടണമെന്നും.
അത്രയൊന്നും കാല്പനികമല്ലാതിരുന്ന ഞങ്ങളുടെ പ്രണയകാലത്തെ ആതിര നിലാവിന്റെ തെളിമയും കുളിരും എല്ലാം ഒത്തുചേർന്ന ഒരു സ്വപ്നമായിരുന്നു ആതിര. നൃത്തം ചെയ്യാനും പാടാനുമൊക്കെയുള്ള ആഗ്രഹം മകളിലൂടെ നിറവേറ്റാൻ രാജം ആഗ്രഹിച്ചിരുന്നു. മകൾക്ക് വാങ്ങേണ്ട ഉടുപ്പുകളെക്കുറിച്ചും ആഭരണങ്ങളെക്കുറിച്ചുമെല്ലാം ആവേശത്തോടെ സംസാരിച്ചിരുന്നു.
ആതിരയോട് മറ്റുത്സവങ്ങളേക്കാൾ ഒരടുപ്പം എന്റെ മനസ്സിലും ആദ്യം തൊട്ടുണ്ടായിരുന്നു. അതിന്റെ സഫലീകരണമാണ് ആതിരയെന്ന മകളിലൂടെ ഞങ്ങൾ കൊതിച്ചത്.
പക്ഷേ അതൊരു സ്വപ്നം മാത്രമായി മാറി. ഞങ്ങൾക്കുണ്ടായത് രണ്ട് ആൺമക്കളായിരുന്നു. അപ്പോഴും ആതിരയൊരു സ്വപ്നമായി ഉള്ളിൽ കാൽച്ചിലങ്കകൾ കിലുക്കിയിരുന്നു. ഒടുവിൽ സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാർഥ്യമായപ്പോൾ മകൾക്കായി കരുതിയ പേര് ഞങ്ങൾ വീടിനു നൽകി. പലരും ചോദിച്ചു. എന്താണിങ്ങനയൊരു പേര്, ആരുടെയെങ്കിലും നാളാണോ? അരുൺ, ദീപു, രാജം, രാജൻ എല്ലാവരുടെയും പേര് ചേർത്തതാണോ?
അങ്ങനെയൊക്കെ ഓരോരുത്തരും വ്യാഖ്യാനിച്ചപ്പോഴും ഞങ്ങൾ ആ രഹസ്യം പറഞ്ഞില്ല. മക്കളോടുമാത്രം പറഞ്ഞു. ആതിരയെന്ന കുഞ്ഞുപെങ്ങളെ അവരും സ്വപ്നം കണ്ടിരിക്കണം. ഒടുവിൽ ആതിരയെന്ന പേരിൽ വീട് പ്രശസ്തമായി. വർഷങ്ങൾ കഴിഞ്ഞു. മരുമക്കൾ വന്നു. അപ്പോഴും ആതിര മാത്രം സ്വപ്നമായി തുടർന്നു. അതൊരു കുറവ് തന്നെയായിരുന്നു. പേരക്കുട്ടികളിൽ ആദ്യത്തെ രണ്ട് പേരും ആൺകുട്ടികളായിരുന്നു.
എന്നാൽ ഒരുപാട് വൈകി ആണെങ്കിലും ഒടുവിൽ ആതിരയെത്തി. അതും ധനുമാസത്തിൽ തന്നെ, മകളായല്ല പേരക്കിടാവായി. വീട്ടിലെ വെളിച്ചമായി, തെളിച്ചമായി കാൽച്ചിലങ്കകളണിഞ്ഞ കിങ്ങിണിയായി. ചിന്തകളിൽപ്പോലും ഒറ്റയ്ക്കാവാൻ സമ്മതിക്കാതെ കുസൃതിച്ചിരിയും പാട്ടും ഡാൻസും 'അച്ഛച്ചാ' എന്ന വിളികളുമായി അവൾ വീട്ടിൽ നിറയുന്നു.
എന്നാൽ അപ്പോഴും ഒരു ദു:ഖം മാത്രം. അവളുടെ കളിയും ചിരിയും കുറുമ്പും കുസൃതിയും കാണാൻ, അവളെ ഒരുക്കാൻ ഒരുപാട് സ്വപ്നം കണ്ട അവളുടെ അച്ഛമ്മ, എന്റെ സഹയാത്രിക കൂടെയില്ല എന്ന ദു:ഖം. നമുക്കറിയാത്ത മറ്റേതോ ലോകത്തിരുന്ന് അവളിതെല്ലാം കാണുന്നുണ്ടാവും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: A nostalgic look back at a couple's unfulfilled dream of having a daughter named Athira., Naming their new home 'Athira' to keep the unfulfilled dream alive., The arrival of a granddaughter named Athira during Dhanu month, filling the house with joy., The poignant longing for the departed partner who dreamed of having a daughter.
Published: 20 Nov 2026, 12:19 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented