എട്ടാമത് 'ഫാഷൻ ട്രസ്റ്റ് അറേബ്യ പ്രൈസ്' ചടങ്ങ് കഴിഞ്ഞ ദിവസമാണ് നടന്നത്. ദോഹയിൽ നടന്ന പരിപാടിയിൽ ഒരുപാട് പ്രമുഖർ പങ്കെടുത്തിരുന്നു. ഇഷ അംബാനിയും അതിന്റെ ഭാഗമായി. പ്രത്യേകമായി ഡിസൈൻ ചെയ്ത വസ്ത്രം ധരിച്ചാണ് ഇഷ എത്തിയത്.

To advertise here,

ലണ്ടൻ ആസ്ഥാനമായുള്ള 'സ്റ്റാൻഡിങ് ഗ്രൗണ്ട്' എന്ന ഫാഷൻ ബ്രാൻഡ് ഒരുക്കിയ, മനോഹരമായ ഗൗൺ ആയിരുന്നു അത്. ആ ഗൗൺ എല്ലാവരുടെയും ശ്രദ്ധപിടിച്ചുപറ്റി. ആൻഡ്രൂ മുകാമൽ ആണ് ഇതിന്റെ സ്റ്റൈലിങ് ചെയ്തത്.

'സ്റ്റാൻഡിങ് ഗ്രൗണ്ട്' ബ്രാൻഡിന്റെ 'ഫോൾ 26' കളക്ഷനിലെ ഒരു വസ്ത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പ്രത്യേകവസ്ത്രം തയ്യാറാക്കിയത്. ചോക്ലേറ്റ്-ബ്രൗൺ നിറത്തിലുള്ള ഈ വെൽവെറ്റ് ഗൗണിനൊപ്പം കൈയുറകളും ഇഷ ധരിച്ചു. ഗൗണിന്റെ മുകൾഭാഗത്ത്, മധ്യഭാഗത്തായി 190 കാരറ്റ് വജ്രങ്ങൾ പതിച്ചിരിക്കുന്നു. ഇഷയുടെ അമ്മ നീത അംബാനിയുടെ സ്വകാര്യശേഖരത്തിൽനിന്നുള്ള വജ്രങ്ങളാണിവ.

ഫാഷൻ കമന്റേറ്ററായ ജാക്ക് സാവോയിയുടെ അഭിപ്രായത്തിൽ, ഇതിലെ പ്രധാന വജ്രത്തിന് മാത്രം 52 കാരറ്റിലധികമുണ്ട്. പിയർ, റൗണ്ട്, ഹാർട്ട്, എമറാൾഡ് എന്നിങ്ങനെ വിവിധ ആകൃതികളിലുള്ള വജ്രങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഗൗണിൽ മുത്തുകൾ പതിപ്പിച്ച പോലെയാണ് വജ്രങ്ങൾ പതിപ്പിച്ചിട്ടുള്ളത്.

സ്ട്രാപ് ലെസ് ഡിസൈനാണ് ഇതിന്റേത്. ശരീരത്തോട് ചേർന്നിരിക്കുന്ന കോർസെറ്റ് മാതൃകയിലുള്ള ബോഡിസും, മധ്യഭാഗത്ത് ചുളിവുകളോട് കൂടിയ വെൽവെറ്റ് സ്‌കർട്ടുമാണുള്ളത്. ഒപ്പം വെൽവെറ്റ് മെറ്റീരിയലിലുള്ള നീളൻ ഗ്ലൗസുകളും, കഴുത്തിൽ അണിഞ്ഞിരിക്കുന്ന വെൽവെറ്റ് സ്‌കാർഫും ഈ വേഷത്തിന് പൂർണ്ണത നൽകുന്നു.

വജ്രക്കമ്മലുകളാണ് ഇതിനൊപ്പം ഇഷ തിരഞ്ഞെടുത്തത്. വിംഗ്ഡ് ഐലൈൻ, ഗോൾഡൻ ഐ ഷാഡോ, കട്ടിയുള്ള കൺപീലികൾ, കാരമൽ നിറത്തിലുള്ള ഗ്ലോസി ലിപ്സ്റ്റിക്ക് എന്നിവ ചേർന്നപ്പോൾ ലുക്ക് പൂർണമായി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi