കാന്‍ഗ്രാമന്ദിറിനോട് ചേര്‍ന്ന ഗോതമ്പുവയലില്‍ നിന്നും കറുത്ത പുക പൊങ്ങി ആകാശത്ത് മറഞ്ഞു. തീയും പുകയും നിറഞ്ഞ അന്തരീക്ഷത്തില്‍ ആ കുടില്‍ കാണാനേയില്ലായിരുന്നു. മുനിഞ്ഞുകത്തുന്ന ചിമ്മിനി വിളക്കിന്റെ വെട്ടം ഒരു മിന്നാമിന്നിവെട്ടം പോലെ കാണപ്പെട്ടു. അവള്‍ ജനലഴികളില്‍ പിടിച്ച് ശൂന്യമായ മിഴികളോടെ കരിഞ്ഞമര്‍ന്ന പാടം നോക്കി.ഏക്കറോളം നീളുന്ന വയല്‍ കറുത്ത ഒരുവന്‍ സര്‍പ്പം പോലെ നീണ്ടുകിടന്നു. ഇടക്കിടെ ചൂടുള്ള കാറ്റ് ആഞ്ഞു വീശി ഭൂമിയെപൊള്ളിച്ചു കൊണ്ടിരുന്നു
''മോച്ചീ.. ''
ഇരുട്ടത്ത് മുഴങ്ങിയ ശബ്ദത്തില്‍ അവള്‍ ഞെട്ടി വിറച്ചു. ചൂട് സഹിക്കാനാവാതെ കട്ടിലില്‍ വലിച്ചെറിഞ്ഞ ദാവണി എടുത്തു ചുറ്റിക്കൊണ്ട് അവള്‍ പുറത്തേക്ക് ചെന്നു കാസിദാവ് അക്ഷമനായി ഇരുട്ടില്‍ നില്‍ക്കുന്നു.
''എന്താ നിനക്ക് വരാന്‍ ഇത്ര താമസം? ഞാന്‍ വിളിച്ചത് കേട്ടില്ലായിരുന്നോ? ''ചുരുട്ടു വലിച്ചു കൊണ്ട് അയാള്‍ ചോദിച്ചു. അവള്‍ മറുപടി ഒന്നും പറയാതെ തന്റെ കയ്യില്‍ ചുരുട്ടിപ്പിടിച്ച നാല് മുഷിഞ്ഞ നോട്ടുകള്‍ അയാളുടെ പരുപരുത്ത കയ്യുകളിലേക്കിട്ടു.
''ഉം...ഇത്ര മതിയോ. നിന്റെ നെയ്ത്തിനു വേഗം പോരല്ലോ മോച്ചി...നീ ഞാന്‍ പറഞ്ഞ മോച്ചി വസ്ത്രം ഡാഢിയാരാസിനു മുന്‍പെ തയ്ച്ചുതീരില്ലേ ?'' അയാള്‍ ശബ്ദം കുറച്ച് കൊണ്ട് അവളോട് ചോദിച്ചു.
അയാള്‍ സുനേനയോട് ഒരു മോച്ചിവസ്ത്രം ആവശ്യപ്പെട്ടിരുന്നു. അവള്‍ തയ്ച്ചുതുടങ്ങിയിട്ടുണ്ട്. ഇയാള്‍ക്ക് എന്തിനാണാവോ അത് ? അറിയില്ല, ഒരു പക്ഷേ മറിച്ച് വില്‍ക്കാനാവും.
''ഇപ്പൊ തീരും കാസിദാവ്. രണ്ടു ദിവസം കൂടി. പക്ഷേ, ഞാന്‍ പറഞ്ഞ പണം തരണം.'' അവള്‍ പറഞ്ഞു.
''തീര്‍ച്ചയായും മോച്ചി.'' അയാള്‍ നേര്‍ത്ത പുഞ്ചിരിയോടെ പറഞ്ഞു. തുടര്‍ന്ന് കയ്യിലുള്ള നോട്ടുപുസ്തകത്തില്‍ അവളുടെ പേരും പൈസയും എഴുതി ചേര്‍ത്തു' വീണ്ടും അവളോട് എന്തോ ചോദിക്കാനാഞ്ഞു.പക്ഷേ, മറുത്തൊന്നും പറയാനോ കേള്‍ക്കാനോ നില്‍ക്കാതെ ചിമ്മിനി വിളക്ക് ഇടതു കയ്യില്‍ മാറ്റിപ്പിടിച്ച് അവള്‍ വാതില്‍ ശക്തിയില്‍ വലിച്ചടച്ചു.
''മോച്ചീ .....ഞാന്‍ പോവുന്നു '' അയാള്‍ വീണ്ടും പറഞ്ഞു.
മോച്ചി. ഇയാള്‍ എന്തിനിങ്ങനെ വിളിക്കുന്നു.തനിക്കൊരു പേരില്ലേ. സുനേന. അത് വിളിച്ചൂടെ അയാള്‍ക്ക്. മോച്ചി പോലും. ഒരിക്കല്‍ ഇതേച്ചൊല്ലി ഗംഗാ അക്കനുമായി അവള്‍ വഴക്കിട്ടതായിരുന്നു. കാന്‍ഗ്രാമന്ദിറിലേക്ക് അടുത്തുള്ള ഗ്രാമത്തില്‍ നിന്ന് പാലുമായി എത്താറുള്ള ഗംഗാ അക്കന്‍.
''മോച്ചി, എന്റെ മോള്‍ കഴിഞ്ഞ തവണ നിന്റെ കയ്യില്‍ നിന്നും വാങ്ങിച്ച പേഴ്‌സിലെ ആ മയില്‍ വളരെ മനോഹരമായിട്ടുണ്ട്, ട്ടൊ.
അംബാ ദേവി പൂജക്ക് എന്റെ മരുമോള്‍ക്ക് ഇടാന്‍ നല്ല ഒരു ചപ്പല്‍ തയ്ക്കണേ...'' അവര്‍ നടന്നുപോകും വഴി അവളെ ഒന്ന് പാളി നോക്കിപ്പറഞ്ഞു.
''നിങ്ങള്‍ എന്തിനാ അക്കാ എന്നെ മോച്ചി എന്ന് വിളിക്കുന്നത് ?സുനേന എന്ന പേരില്ലെ, അത് വിളിക്കൂ.ആ കാസിദാവിനെപ്പോലെ നിങ്ങളും മോച്ചി മോച്ചി എന്ന് വിളിക്കാതെ.''
കാസിദാവിനെപ്പോലെ എന്ന് സുനേന കരുതിക്കൂട്ടി ഉപമിച്ചു പറഞ്ഞതാണ്. അയാളെ ഭുജിലെന്നല്ല കച്ചിലാരും തന്നെ ഇഷ്ടപ്പെട്ടിരുന്നില്ല
ഒരു മൊരടന്‍ എന്നാണ് മോട്ടിമായി അടക്കം അയാളെ കരുതുന്നത്. പക്ഷേ സോര്‍ബര്‍സാബിന് അയാളെ നല്ല ഇഷ്ടമായിരുന്നു. അതാണല്ലോ പണപ്പിരിവിന് അയാളെ വിടുന്നത്. ആഴ്ചയുടെ അവസാന ദിവസം അയാള്‍ വീടുവീടാന്തരം കയറി അടുത്ത ആഴ്ച വാങ്ങിക്കാനുള്ള തയ്പുസാധനങ്ങള്‍ക്കുള്ള വിഹിതം പറ്റും. മോട്ടിമായിയാണ് ഗ്രാമീണര്‍ക്കു മുഴുവന്‍ നെയ്ത്തുസാധനങ്ങള്‍ എത്തിക്കുക
കച്ചിലെ ഭുജ് ഗ്രാമത്തിലാണ് സുനേന യടങ്ങുന്ന മോച്ചി വര്‍ഗ്ഗക്കാര്‍ താമസിക്കുന്നത്. അവരുടെ തലവന്‍ സോര്‍ബന്‍ സാബിന്റെ വിശ്വസ്തനാണ് കാസിദാവ്. അയാള്‍ മോച്ചി വര്‍ഗ്ഗക്കാരനായിരുന്നില്ല. ജോലി അന്വേഷിച്ച് മോച്ചി ഗ്രാമത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പെ എത്തിയതാണ.്
ഇത്തവണ സോഗന് ഡാഢിയ രാസ് ( നവരാത്രിക്കാലത്ത് അംബാ ദേവിക്ക് സമര്‍പ്പിക്കുന്ന നാടോടിനൃത്തം) നൃത്തത്തിന് തന്റെ വക ഒരു മോച്ചി വസ്ത്രം സമ്മാനിക്കണമെന്ന് സുനേന കരുതിയിരുന്നു. പക്ഷേ, വര്‍ണ്ണ നൂലുകള്‍ വാങ്ങിക്കാന്‍ പണം തികയുമെന്ന് തോന്നുന്നില്ല. അവള്‍ തന്റെ പഴയ തുകല്‍ പേഴ്‌സ് കമിഴ്ത്തി പണം എണ്ണി നോക്കിക്കൊണ്ട് പറഞ്ഞു. സോഗന്‍... അവള്‍ ആദ്യമായിട്ടാണ് നൃത്തം ചെയ്യുന്നത്. മോട്ടി അമ്മായി ഒറ്റയാളുടെ ശ്രമമാണ് അവള്‍ക്ക് ആത്മവിശ്വാസം കൊടുക്കുന്നത്.
അവള്‍ ഓര്‍ത്തു. അന്ന് കച്ചിലെ ആകാശം ഇരുണ്ട പുകമറകൊണ്ട് മൂടിയിരുന്നു.മോട്ടിമായി ഗ്രാമത്തിലുള്ളവര്‍ക്കെല്ലാമായി വര്‍ണ്ണ നൂലുകളും തുകല്‍ തുന്നുന്ന സൂചികളും വാങ്ങിച്ച് മടങ്ങുകയായിരുന്നു. ദൂരൈ റയില്‍പ്പാളത്തിലൂടെ അലറിക്കരഞ്ഞു കൊണ്ട് ഒരു മെലിഞ്ഞ രൂപം ഓടിയടുക്കുന്നത് മോട്ടിമായി കണ്ടു. കയ്യിലുള്ള സഞ്ചി താഴെ വച്ച്അവര്‍ നോക്കിയപ്പോള്‍ അഴുക്കുപുരണ്ട ഷിമ്മി മാത്രം ധരിച്ച ഒരു കുഞ്ഞ്. ഏതാണ്ട് ആറുവയസ്സു കാണും.അവള്‍ പേടിച്ചരണ്ട് മായിക്കടുത്തേക്ക് ഓടിയടുത്തു. മായിയെ അണച്ചുപിടിച്ച് കിതച്ചുകൊണ്ട് നിന്നു. പെട്ടെന്ന് കാലിച്ചാണകവും വഹിച്ചുകൊണ്ടുള്ള ആ ഗുഡ്‌സ് ട്രെയിന്‍ പാളം കീഴടക്കി കുതിച്ചുപാഞ്ഞു.
''അംബാ ...ഇത്തിരി പിഴച്ചെങ്കില്‍.... '' അവര്‍ തന്നെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ആ കുഞ്ഞിനെ നോക്കി നെഞ്ചില്‍ കൈചേര്‍ത്തു പറഞ്ഞു.
ചാണകഗന്ധം മുറ്റി നിന്ന അവളുടെ മൂര്‍ദ്ധാവില്‍ അവര്‍ മുകര്‍ന്നു. അവളാണ് സോഗന്‍.
''ഇവള്‍ എന്റെ മകളാണ്. അംബാ ദേവി തന്ന എന്റെ മകള്‍.' ' മോട്ടിമായി ഗ്രാമക്കാരോട് പറഞ്ഞു. അങ്ങനെ അവള്‍ സോര്‍ബന്‍ സാബിന്റെയും മോട്ടിമായിയുടെയും മകളായി മാറി. കഷ്ടപ്പാടൊന്നുമില്ലാത്ത ലളിതമായ ജീവിതം. പക്ഷേ, എന്തോ ഒരു ദുഃഖം സദാ അവളുടെ നീണ്ട കണ്ണുകളില്‍ മറഞ്ഞിരിക്കുന്നതായി സുനേനക്കു തോന്നി. ഏറെ നിര്‍ബന്ധത്തിനൊടുവില്‍ അവള്‍ മനസ്സുതുറന്നു. ആറു വര്‍ഷത്തെ നേര്‍ത്ത ഓര്‍മ്മകള്‍.
അവളുടെ അമ്മ നേരത്തേ മരിച്ചു. അമ്മയുടെ രണ്ടാം കെട്ടുകാരനായ അപ്പനും അപ്പന്റെ ആദ്യ ഭാര്യയിലെ ചേട്ടനുമൊപ്പമായിരുന്നു താമസം. അമ്മ ഉള്ള കാലം ആ അപ്പനും മകനും അവളെ മറ്റൊരു തരത്തിലും കണ്ടിരുന്നില്ലത്രെ. അവരുടെ നാട്ടില്‍ പടര്‍ന്നുപിടിച്ച പകര്‍ച്ചവ്യാധിയില്‍ അവളുടെ അമ്മ മരിച്ചു പോയി. അങ്ങനെ അമ്മയുടെ മരണശേഷം അവള്‍ തനിച്ചായി. അവളുടെ സ്വന്തം ചേട്ടന്‍ അമ്മ രണ്ടാം കെട്ടിനൊരുങ്ങിയപ്പോഴേ വീടുവിട്ടിറങ്ങിയതാണത്രെ. അവള്‍ക്ക് ചേട്ടന്റെ സ്‌നേഹത്തോടെയുള്ള സോഗൂ എന്ന വിളി മാത്രമേ ഓര്‍മ്മയുള്ളൂ.
ഒരു രാത്രി കുടിച്ചുലക്കുകെട്ട രണ്ടാനച്ഛന്റെ മകന്‍ അവളെ ഉപദ്രവിക്കാന്‍ ഒരുങ്ങി. പേടികൊണ്ട് അവള്‍ ഓടി പുറത്തിറങ്ങി.
ഇരുട്ടില്‍ മുന്നില്‍ കണ്ട ഏതൊക്കെയോ വഴികളിലൂടെ ഓടിയോടി അവസാനം ഒരു റെയില്‍ പാളത്തിലെത്തി. അവിടെ കാലിച്ചാണകം കൊണ്ടുപോവുന്ന തീവണ്ടി സിഗ്‌നല്‍ കാത്ത് നിര്‍ത്തിയിട്ടിരുന്നു. മറ്റൊന്നും ഓര്‍ക്കാതെ അതില്‍ ചാടിക്കയറി. പിന്നീട് ഏതോ നാട്ടിലൂടെയെല്ലാം അവള്‍ സഞ്ചരിച്ചു. ഒടുവില്‍ കച്ചിലെ റെയില്‍വേസ്റ്റേഷനില്‍ നിന്ന വണ്ടിയില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. അങ്ങനെയാണ് മോട്ടിമായിക്ക് അവളെ കിട്ടുന്നത.്
അവള്‍ മോച്ചി വര്‍ഗ്ഗക്കാരിയല്ലെന്ന് കണ്ടാലറിയാം. സ്വര്‍ണ്ണവര്‍ണ്ണമുടിയിഴകളും നുണക്കുഴിക്കവിളുകളും ഉള്ള അവള്‍ ഒരു സുന്ദരി കുട്ടിയാണ്. സോഗന്‍ ബേട്ടീ എന്നാണ് മാട്ടിമായി അവളെ സ്‌നേഹത്തോടെ വിളിക്കുക. ഒരാളോടും കൂടുതല്‍ അടുപ്പം സോഗന്‍ കാണിക്കാറില്ലായിരുന്നു കാസിദാവിനോടൊഴിച്ച്. ഭൈയ്യാ എന്നാണ് അയാളെ അവള്‍ വിളിക്കുന്നത്. ഒരു ശങ്കയുമില്ലാതെ അവള്‍ അയാള്‍ക്കരികില്‍ ഇരുന്ന് സംസാരിക്കുന്നതു കണ്ടാല്‍ സുനേനക്ക് ദേഷ്യം വരും.
കാസിദാവ് ചിലപ്പോഴെല്ലാം സുനേനയുടെ അപ്പയുടെ അടുത്ത് വന്നിരുന്നിരുന്നു. ഒന്നും സംസാരിക്കയൊന്നുമില്ലെങ്കിലും അയാള്‍ അപ്പക്ക് ഇഷ്ടപ്പെട്ടയാളായിരുന്നു. ഉമ്മി ഉണ്ടാക്കുന്ന ഗോതമ്പു കോഫ്താ അയാള്‍ക്ക് വളരെ ഇഷ്ടമാണ്. അപ്പ പോയി ഉമ്മിയും താനും തനിച്ചായതുമുതല്‍ പണപ്പിരിവിനു മാത്രമായി അയാളുടെ വരവ്. അങ്ങനെ വന്ന ഒരു തവണയാണ് അയാള്‍ മോച്ചി തയ്ച്ചു തരുമോ എന്ന് ചോദിക്കുന്നത്
ഉമ്മിക്ക് ശ്വാസംമുട്ടലിന്റെ മരുന്നിനു തന്നെ പണം തികയാതെയിരിക്കുമ്പോള്‍ കാസിദാവിന്റെ ആവശ്യവും അയാള്‍ പറഞ്ഞ വിലയും അവളെ സന്തോഷിപ്പിച്ചു. മോച്ചി ആര്‍ക്ക് കൊടുക്കാനാണ്, അല്ലെങ്കില്‍ എന്താണ് അയാള്‍ക്ക് ഇതിന്റെ ആവശ്യം എന്നൊക്കെ അന്വേഷിക്കണമെന്നുണ്ടായിരുന്നു സുനേനക്ക്. പക്ഷേ, അപ്പോഴൊക്കെയും അയാള്‍ വളരെ സങ്കടംവരുന്ന മുഖഭാവത്തിലായിരുന്നു
സുനേന ചിന്തിച്ചു. കാസിദാവ് ആരോടും ഒരു ദ്രോഹവും പ്രവര്‍ത്തിച്ചിട്ടല്ല ആളുകള്‍ അയാളെ അകറ്റുന്നത്. സത്യത്തില്‍ ഒരു സാധുവാണയാള്‍. ഒരു പാവം ഏകാകിയാണ്. പലപ്പോഴും അയാള്‍ മന്ദിറിന്റെ പിന്നില്‍ പടര്‍ന്നുനില്‍ക്കുന്ന പേരാലിനുതാഴെ സ്വയം സംസാരിച്ചിരിക്കുന്നതു കാണാം. ആളുകള്‍ പറയുന്നത് അയാള്‍ കഞ്ചാവിലാണെന്നാണ്. പക്ഷേ സുനേന അത് വിശ്വസിച്ചിട്ടില്ല. അയാള്‍ക്ക് എന്തൊക്കേയോ വിഷമങ്ങള്‍ ഉണ്ട് എന്നാണ് അവള്‍ ഉമ്മിയോട് പറയാറ്.
അയാളുടെ ഉറക്കെയല്ലെങ്കിലും ചിരിയും കരച്ചിലും കലര്‍ന്ന ആ സംസാരവും ഇരിപ്പും ചിലപ്പോള്‍ ഏറെ നേരം ഉണ്ടാകും. സോര്‍ബന്‍ സാബ് വന്ന് കാസിദാ... എന്ന വിളി വിളിക്കും വരെ അതു തുടര്‍ന്നേക്കാം. ചിലപ്പോഴെല്ലാം അയാള്‍ കാഗ്രാമന്ദിറിന്റെ ഗോപുരം നോക്കി ഏറെ നേരം കണ്ണടച്ച് തൊഴുതുനില്‍ക്കുന്നതും കാണാം. അയാളെ സൂക്ഷിച്ചുനോക്കുന്നവര്‍ക്ക് വ്യക്തമായി കാണാം, അയാളുടെ അടഞ്ഞ കണ്ണുകള്‍ കരയുകയാണെന്ന്. പൂജാരിയുടെ നീണ്ട മണിമുഴക്കമാവും ആ സമയം അയാളെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
ആര്‍ക്കാണ് അയാള്‍ മോച്ചി ആവശ്യപ്പെട്ടത്? അവസാനത്തെ ചിത്രപ്പണി കൂടി കഴിഞ്ഞ മോച്ചി നോക്കിക്കൊണ്ട് അവള്‍ സ്വയം ചോദിച്ചു. പിറ്റേന്ന് കാന്‍ഗ്രമന്ദിര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങും വഴി അവള്‍ അയാളെ കണ്ടു. പതിവുപോലെ അയാള്‍ ആല്‍മരത്തറയില്‍ ഇരുന്ന് ദിവാസ്വപ്നം കാണുകയാണ്.
''കാസിദാ, മോച്ചി വസ്ത്രം തയ്യാറായിട്ടുണ്ട്. വീട്ടില്‍ വന്നാല്‍ കൊണ്ടുപോവാം. വരുമ്പോള്‍പണം കൊണ്ടുവരണം.''അവള്‍ പറഞ്ഞു.
''നന്ദി മോച്ചി. നീയാണ് ഈ ഗ്രാമത്തില്‍ ഏറ്റവും ഭംഗിയില്‍ ചിത്രപ്പണി ചെയ്യുന്നവളെന്ന് മായി പറഞ്ഞ് ഞാന്‍ കേട്ടിരിക്കുന്നു. ഞാന്‍ ഇന്നു തന്നെ വരാം. നിന്റെ കരവിരുതില്‍ വിരിഞ്ഞ മോച്ചി കാണാന്‍ എനിക്ക് തിരക്കായി.'' അയാള്‍ ആവേശത്തോടെ പറയുന്നത് സുനേന അത്ഭുതത്തോടെ നോക്കിനിന്നു. അയാള്‍ അതീവസന്തോഷവാനായി അവള്‍ക്കു തോന്നി. ആഹ്ലാദശബ്ദം പുറപ്പെടുവിച്ച് നടന്നുനീങ്ങുന്ന അയാളെ നോക്കി സ്വനേന വിളിച്ചുചോദിച്ചു.
''കാസിദാ, ഒരു സംശയം കൂടി. ഇത് താങ്കള്‍ ആര്‍ക്കു കൊടുക്കുവാനാണ് ഇത്ര വില തന്ന് വാങ്ങിക്കുന്നത് ?''
''എന്റെ അനിയത്തിക്കാണ് മോച്ചി...'' അയാള്‍ നടന്നു മറയുന്നതിനിടയില്‍ വിളിച്ചുപറഞ്ഞു.
അനിയത്തി .....ഇയാള്‍ക്ക് അനിയത്തിയുണ്ടോ. മോച്ചി വാങ്ങിക്കാന്‍ വരുമ്പോള്‍ ചോദിക്കണം, സുനേന മനസ്സില്‍ കരുതി.
ചായം ഉണങ്ങിയ മോച്ചി നിവര്‍ത്തി അവള്‍ അയാള്‍ വരുന്നതും കാത്തിരുന്നു.
നേരം ഇരുട്ടി. ഭുജിലെ ആകാശം കട്ടിക്കരിമ്പടം നീട്ടിപ്പുറച്ച് മയങ്ങാനൊരുങ്ങി. ഇരുട്ട് പരന്ന കുടിലില്‍ ചിമ്മിനി വിളക്കിനരികില്‍
സുനേന കാസിദാവിനെ കാത്തിരുന്നു ഇന്ന് അയാളുടെ കുടുംബം നാട് ഒക്കെ ചോദിച്ചറിയണം. എന്താണയാള്‍ ഇടക്ക് തനിയെ കരയുന്നതെന്നും കണ്ടെത്തണം. പക്ഷേ അയാള്‍ വന്നില്ല.
പിറ്റേന്നും സുനേന കാസിദാവിനെ അന്വേഷിച്ചു. അയാളെ കണ്ടില്ല. ഡാഢിയ രാസ് നാളെയാണ് സോഗന്‍ നൃത്തംചെയ്യുന്നുണ്ട്.
ഈ മോച്ചി അവള്‍ക്ക് കൊടുത്താലോ. വേണ്ട, ഇത് കാസിദാവിന്റെ അനിയത്തിക്ക് എന്ന് പറഞ്ഞ് തയ്പിച്ചതല്ലേ. ഡാഢിയ രാസിന് അയാള്‍ വരുമോ. തന്റെ പൈസ പോയതിലല്ല വിഷമം. അയാളുടെ അനിയത്തിക്ക് ഇത് എത്തിക്കാന്‍ പറ്റിയില്ലെങ്കില്‍ അയാള്‍ക്കു വിഷമമാവില്ലെ.
കാന്‍ഗ്രാമന്ദിറിന്റെ ആല്‍ച്ചുവട്ടില്‍ എന്താണ് ഒരു ആള്‍ക്കൂട്ടം.ഒരു സിഖുകാരന്റെ ചുറ്റുമാണല്ലൊ ആള്‍ക്കൂട്ടം. അവള്‍ തിക്കിത്തിരക്കി ഉള്ളില്‍ കയറി. ഈ സിഖുകാരനെ പരിചയമുണ്ടല്ലോ. കാസിദാവ്! അപ്പോഴാണ് അയാളുടെ കൂടെ നില്‍ക്കുന്ന പെണ്‍കുട്ടിയെ സുനേന നോക്കുന്നത്. സോഗന്‍!
ഇതാണയാളുടെ സഹോദരി. ആള്‍ക്കൂട്ടം അടക്കിപ്പിടിച്ച സ്വരത്തില്‍ പറഞ്ഞു. സുനേനക്ക് തന്റെ കാതുകളെ വിശ്വസിക്കാനായില്ല.
അവള്‍ ഒറ്റയോട്ടത്തില്‍ വീട്ടിലെത്തി കാസിദാക്കുവേണ്ടി നെയ്ത മോച്ചിയുമായി തിരിച്ചെത്തി.
''കാസിദാ... ഇത് പെങ്ങള്‍ക്കായി തയ്പ്പിച്ചതല്ലേ,'' കിതപ്പടക്കി അവള്‍ വസ്ത്രം അയാള്‍ക്കു നേരെ നീട്ടി.
കാസിദാ തന്റെ കുഞ്ഞനിയത്തിയുടെ കയ്യിലേക്ക് മോച്ചി പതുക്കെവച്ചു കൊണ്ടുപറഞ്ഞു. ''സോഗു, നീ ഇതിട്ടു കൊണ്ട് മോച്ചി നൃത്തം ചെയ്യണം. ഭൈയ്യാ കാണട്ടെ. നമ്മളെ അംബാ ദേവി അനുഗ്രഹിക്കട്ടെ.'' സോഗന്‍ സന്തോഷത്തോടെ തലകുലുക്കി.
അവള്‍ നിവര്‍ത്തിപ്പിടിച്ച മോച്ചിയില്‍ വിരിഞ്ഞ പൂക്കള്‍ സൗരഭ്യം പരത്തുന്നതായി സുനേനക്കു തോന്നി. അവള്‍ മൂക്കു വിടത്തി. അതെ, സ്‌നേഹസൗരഭ്യം വിരിയുന്നു.
Content Highlights: short story malayalam
Published: 24 Dec 2024, 03:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented