പുല്ലുണ്ടശ്ശേരിയിലെ വീട്ടിൽ നാല് തവളകൾ ഉണ്ട്. വീടിന്റെ നാല് ഭാഗത്തായി. ഇവരുടെ ഗണമോ ഗുണമോ നാമമോ ഒന്നും ഇവിടെയാർക്കും ധാരണയില്ല. അതുകൊണ്ടുതന്നെ പോക്കാച്ചിത്തവളകൾ എന്നു വിളിക്കുന്നത് അവരീവീട്ടിൽ താമസിക്കുന്നതിലെ അമർഷം കൊണ്ടാവാനാണ് സാധ്യത. രണ്ടെണ്ണത്തിന് സാമാന്യം വലിയ ശരീരവും വലിയ ഒച്ചയുണ്ടാക്കുന്ന മെഗാഫോണുമുണ്ട്. മറ്റ് രണ്ടും കുട്ടികളാണെന്നാണ് എന്റെ അനുമാനം. ചൊറിത്തവളയോ മരത്തവളയോ ആണെന്നും പറഞ്ഞു കേൾക്കുന്നു.

To advertise here,

രണ്ടായിരത്തിയേഴിൽ ഞങ്ങളുടെ പതിനേഴാം വയസിൽ വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് അച്ഛമ്മ ഒരു ആമ്പൽക്കുളം കുത്തി. രണ്ടടിയിൽ ഒരു കുഴി കുത്തി, സിമന്റ് തേച്ച് മിനുക്കി സെറ്റായപ്പോൾ ചളിയും ചാണകവും വിരിച്ച്, രണ്ട് ആമ്പൽച്ചെടി കുഴിച്ചിട്ടു. റോസും നീലയും നിറമുള്ള ഓരോന്ന്.

വെള്ളം നിറച്ചു.

ആമ്പൽച്ചെടി രണ്ട് നാൾ വാടിനിന്നു. പിന്നെ എഴുന്നേറ്റ് നിന്നു.

പിന്നെ വെള്ളത്തിന്റെ പുറത്തേക്ക് തലയിട്ട് നിന്നു.

പിന്നെ എപ്പോഴോ തവള കരഞ്ഞു.

ചീവിടും തവളയും മത്സരിച്ച് കരഞ്ഞു. ആമ്പൽച്ചെടിയിലെ ഇലകൾ ഇരട്ടിച്ചു.

മൊട്ടുകൾ വന്നു.

ആമ്പൽപ്പൂ വിരിഞ്ഞു.

നീലയും റോസും.

ഇടവപ്പാതി വന്നു. മഴ നിർത്താതെ പെയ്തു. കുളം നിറഞ്ഞൊഴുകി.

പിന്നെ സോപ്പുപത പോലെ തവളയിട്ട മുട്ടമാലകൾ ആമ്പലിലകളെ പൊതിഞ്ഞു.

വാൽമാക്രിയുണ്ടായി.

വെയില് വന്നു.

വെയില് മൂത്തു.

വെയില് പൂത്തു.

കുറച്ച് കഴിഞ്ഞപ്പോൾ നീലപ്പൂക്കൾ എവിടെയോ ഒലിച്ചുപോയി.

റോസാമ്പലുകൾ കുളംനിറഞ്ഞു. തവളപ്പൊട്ടൻമാരും. തവളകളും.

ചെറിയ ശരീരം, വലിയ കണ്ണുകൾ, ആർദ്രമായ തൊലി, ചാരം കലർന്ന നിറം. എവിടെ നിന്നാലും നാലുപാടുമെത്തുന്ന വലിയ ഉണ്ടക്കണ്ണുകൾ. പിഴിഞ്ഞ് ഉണങ്ങാനിട്ട തോർത്തു പോലത്തെ തൊലി. ഈർക്കിലി പോലത്തെ കാലുകൾ. ഇടയ്ക്ക് തോന്നും അന്തം വിട്ടിരിക്കുന്നതാണെന്ന്. ചിലപ്പോൾ സിസിടിവി ക്യാമറയാണെന്ന് തോന്നും. ഇടക്ക് മിഠായി ഭരണിയിലേക്ക് ആകാംക്ഷയോടെ നോക്കുന്ന കുട്ടി. ചിലപ്പോൾ 'ഉൾക്കടലി'ലെ ജലജയാണെന്ന് തോന്നും. തലമുറകളുടെ ദുഃഖമാണ് കണ്ണിൽ ഊറിക്കിടക്കുന്നതെന്ന്. അപ്പോൾ ഞാൻ വേണു നാഗവള്ളിയാവും.

നാലു പേരിൽ ഒന്ന് കുളിമുറിയിലാണ്. ഇടയ്‌ക്കൊക്കെ വെള്ളം ഒഴുകി പ്പോകുന്ന ഓട്ടയുടെ പരിസരത്തിരിക്കുന്നതുകാണാം.

ഇടയ്ക്ക് പൈപ്പിന്റെ പിടിയിൽ,

ചുമരിൽ,

ഷവറിന്റെ പരിസരത്ത്,

എണ്ണക്കുപ്പിയുടെ അടുത്ത്,

എന്റെ സ്റ്റേഫ്രീ പാക്കറ്റിന്റെ പുറത്ത്, ഇടയ്ക്ക് വാതിലിൽ, ചിലപ്പോഴൊക്കെ കുളിക്കുന്ന നേരത്ത് എന്റെ കണ്ണിൽ പെടാതെ വല്ലയിടത്തും. വർഷങ്ങളായി ഇവർ ഇവിടെയൊക്കെത്തന്നെയാണ്. എന്റെ ഓർമ്മ ശരിയാണെങ്കിൽ ഒരാറേഴ് കൊല്ലമായിട്ട്. അതുകൊണ്ട് ഹരി കണ്ടുകാണില്ല. കുളിച്ചും ഒളിച്ചും ചുമരിൽ അള്ളിപ്പിടിച്ചും ക്ലോസറ്റിനകത്തെ വെള്ളത്തിലും പൈപ്പിന്റെ വായിലും ഇടയ്ക്കും തലയ്ക്കുമായി എന്റെ കൈയിലും ചന്തിയിലും ചാടിയിരുന്നും പോകും.

രണ്ടാമത്തേത് അടുക്കളയിലാണ്. മാങ്ങ ഉപ്പിലിട്ടുവച്ച കുപ്പിയുടെ പുറകിൽ. രാത്രികാലങ്ങളിൽ അത് അടുക്കളയിലേക്കിറങ്ങും. എല്ലാവരും കിടന്നു കഴിഞ്ഞ് രാത്രിയൊരു പതിനൊന്ന് മണിയൊക്കെ കഴിയുമ്പോൾ 'പതോം' എന്ന് ശബ്ദമുണ്ടാക്കി തിണ്ടത്തേക്ക് ചാടും. നിശാചാരിയാണ്.

ചുക്കുവെള്ളം തിളപ്പിച്ചുവയ്ക്കുന്ന പാത്രത്തിന്റെ അടപ്പിലിരിക്കും ചോറ് പാത്രത്തിന്റെ പുറത്തിരിക്കും ചിലപ്പോൾ അവിടെ മൂത്രമൊഴിച്ചു വയ്ക്കും.

ഒരുറക്കം കഴിഞ്ഞ് മൂത്രം പിടിച്ച് വയ്ക്കാനുള്ള പരിധിയും കഴിഞ്ഞ് ഞാനെണീക്കുന്ന നേരത്ത് കണ്ണ് മിഴിച്ച് അടുക്കളയിൽ ഇരിക്കുന്നത് കാണാം. ഹായ്!

മൂന്നാമത്തേത് ഹാളിലാണ്. വലതുവശത്തെ ചുമരിൽ തൂക്കിയ കലണ്ടറിന്റെ പിന്നിൽ. ഇടയ്ക്ക് കലണ്ടറിന്റെ പുറത്ത്. ഓരോ മാസവും പേജ് മാറ്റുമ്പോൾ അതും ചാടി പുതിയ പേജിലേക്ക് കയറും. അല്ലെങ്കിൽ കലണ്ടറിന്റെ അടുത്തുള്ള വാതിലിന്റെ പരിസരത്തിരിക്കും. അവിടെ നിന്നൊക്കെ എന്താണ് തിന്നാൻ കിട്ടുന്നതെന്ന് എനിക്ക് ഒരു പിടിയും കിട്ടിയിട്ടില്ല. അടുത്ത കാലത്തെപ്പോഴെങ്കിലും ഇവരൊക്കെ വീടുവിട്ട് പുറത്തിറങ്ങിയിട്ടുണ്ടെന്ന് തോന്നുന്നില്ല. ഞാൻ കാണുമ്പോഴൊക്കെ വീട്ടിനകത്താണ്.

നാലാമത്തേത് ബൂസ്റ്റിന്റെ കുപ്പിയിലാക്കി എന്റെ ബാഗിൽ. തൊണ്ണൂറുകളുടെ തുടക്കത്തിൽ കുടിച്ചു വറ്റിച്ച ബൂസ്റ്റ് കുപ്പികളിലൊക്കെ ചെറുപയറോ ഉലുവയോ ഒക്കെയാണ്. കാലിയായതൊന്നെടുത്ത് പപ്പടക്കമ്പി ചൂടാക്കി കുത്തി നാല് ഓട്ടയുണ്ടാക്കി. അകത്ത് കുറച്ച് വെള്ളം തളിച്ചു. മെല്ലെ ഉള്ളംകൈയിലേക്കെടുത്ത് കുപ്പിയിലാക്കി അടച്ചു. പേര് ജലജ.

നിലത്ത് കിടക്കാനിട്ട പായയിൽ വച്ച തലയണയയ്ക്കരികിൽ നിന്ന് പിടിച്ചതാണ്. ചൂട് കൂടിയ കാരണം കട്ടിലിലെ കിടത്തം നിർത്തിയിട്ട് കുറച്ചായി. അതിൽപ്പിന്നെ ജലജയും സ്ഥിരമായി നിലത്താണ്.

തിരുന്നാവായ നിന്നും കോഴിക്കോട്ടേക്ക് ട്രെയിൻ. പിന്നെ ഓട്ടോ പിടിച്ച് ബീച്ചിൽ വന്നിറങ്ങി. പുല്ലുണ്ടശ്ശേരിയിൽ കടലില്ല. നാലു പുറവും കരകളാൽ ചുറ്റപ്പെട്ട കര. പുല്ലുണ്ടശ്ശേരിയിൽ മാത്രമല്ല ചെർപ്പുളശ്ശേരിയിലും കുനിശ്ശേരിയിലും കുറ്റാനിശ്ശേരിയിലുമൊന്നും കടലില്ല. അടുത്തെവിടെയും കടലില്ലാത്തതുക്കൊണ്ട് കടലുള്ള സ്ഥലത്തൊക്കെ പോയാൽ ശ്വാസംമുട്ടുന്ന പോലെ ഒരു തോന്നലാണ്. പക്ഷെ, കടല് കാണുന്നത് ഒരു സംഭവമാണെന്ന് ചെറുപ്പംതൊട്ടേ ഞാൻ മനസ്സിലാക്കിയിരുന്നു. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ബീച്ച് കാണിക്കാൻ ചാവക്കാട്ടേക്ക് കൊണ്ടുപോവും. നഖം കൊണ്ട് കോറിയ നാരങ്ങ മണപ്പിച്ച്, വലിയ ബസ്സിൽ കുറേനേരം ഇരുന്ന്, ചാവക്കാട് ഇറങ്ങി കടൽക്കരയിൽ നിന്ന് ഛർദ്ദിക്കുന്ന രംഗം ഓർക്കുമ്പോൾ തന്നെ ക്ഷീണമാണ്. ഹരിയെ വേറെ സ്‌കൂളിൽ ചേർത്തത് അവളുടെ ഒറ്റ നിർബന്ധത്തിലാണ്. അതുകൊണ്ട് ചാവക്കാട് ഛർദ്ദിലോർമയിൽ നിന്ന് അവൾ രക്ഷപ്പെട്ടു. അവളുടെ സ്‌കൂളിലെ ടൂറ് ജില്ലവിട്ട് പോയില്ല. പേടിയും ഛർദ്ദിലും ഇല്ലാതെ മലമ്പുഴ ഡാമിലെ കെട്ടിയിട്ട വെള്ളവും കണ്ട് രണ്ട് രൂപയുടെ ഐസും തിന്ന് മടങ്ങി.

ബീച്ചിന്റെ സൈഡിലെ ടൈൽസിട്ട തിണ്ണയിൽ ബാഗ് വച്ച് ഇരിക്കുമ്പോൾ ചന്തിയിലേക്ക് ചൂടെടുത്തു. ജനുവരിയിലൊക്കെ ഇങ്ങനെ ചുട്ടാൽ ഏപ്രിലിൽ എങ്ങനെ ജീവിക്കുമെന്നറിയില്ല. വെറുതെയല്ല ഹരി മുറിക്ക് പുറത്തിറങ്ങാത്തത്. ട്രെയിനിറങ്ങാറായപ്പോൾ അവളെ ഒന്നുവിളിച്ചോർമിപ്പിച്ചു. അപ്പോഴും താമസസ്ഥലത്തു നിന്ന് ഇറങ്ങിയിട്ടില്ല. ഹരിയുടെ ക്ലോക്ക് ജനിച്ചപ്പോൾ മുതൽ തലതിരിഞ്ഞിട്ടാണ്. അവളുടെ വാച്ചും എന്റെ വാച്ചും ഓടുന്നത് രണ്ട് നേരത്തിലാണ്. വീട്ടിലെ സമയമായിരുന്നു എനിക്ക്. അവൾക്ക് വീട്ടുകാർക്ക് മനസ്സിലാകാത്ത സമയവും. ഞാനാണ് ആദ്യം പുറംലോകം കണ്ടത് എന്നൊഴിച്ചാൽ പിന്നെയുണ്ടായതൊക്കെ അവളുടെ കറക്കങ്ങളാണ്. ചിലപ്പോൾ അച്ഛമ്മ പറയുന്നതാവും കാരണം. ആദ്യം പുറത്തുവരുന്നത് അമ്മയുടെ വയറ്റിൽ രണ്ടാമതുണ്ടായ കുട്ടിയാണെന്ന്. പ്രസവിക്കുമ്പോൾ തിരിഞ്ഞ് വരുന്നതു കൊണ്ട് രണ്ടാമത് പുറത്തുവരുന്നതാണ് ഇരട്ടകളിൽ മൂത്തത്. അക്കണക്കിന് മൂത്തതാണ് ഹരി.

ഹരി വരാനെടുത്ത സമയത്ത് ബൂസ്റ്റ് കുപ്പിയെടുത്ത് പുറത്ത് വച്ചു. അടപ്പ് തുറന്നു. ജലജയ്ക്ക് വലിയ കുലുക്കമില്ല. ട്രെയിൻ, ഓട്ടോറിക്ഷ യാത്രകൾക്കു ശേഷം ഒരിടത്തെത്തിയതല്ലേ എന്ന് കരുതി തുറന്നതാണ്. ചൂട് കാരണമാവണം ജലജ പുറത്തേക്ക് നോക്കാൻ പോലും കൂട്ടാക്കിയില്ല. അടച്ച് ബാഗിലേക്കുതന്നെ വച്ചു. ഇരുന്നിടം ചുട്ടപ്പോൾ ഞാനും എഴുന്നേറ്റ് നിന്നു. വെയിലൊന്നാറിയതിനു ശേഷം ബീച്ചിലേക്കിറങ്ങുന്നതാണ് നല്ലത്.

ഹരി വന്ന് വിളിക്കുന്നതുവരെ കടലിലേക്ക് നോക്കിയും നോക്കാതെയും സമയം പോയി.

ബീച്ചിനടുത്തുള്ള ഒരു വീടിന്റെ മുകളിലത്തെ നിലയിലാണ് ഹരി പേയിംഗ് ഗസ്റ്റായി താമസിക്കുന്നത്. തള്ളയുടെ വീട് എന്നാണ് അവൾ പറഞ്ഞറിവ്. കറുത്ത കൈയില്ലാത്ത ഗൗണിട്ട് ചൂടിനെ ശപിച്ച് ഹരി എന്റെ കൈയിൽ കേറിപ്പിടിച്ചു. ചൂടത്ത് വിളിച്ച് പുറത്തിറക്കിയതിന്റെ ദേഷ്യം അവളുടെ മുഖത്തുണ്ട്. പോരാത്തതിന് ബീച്ചിൽ തിരക്കുണ്ട്.

ആളുകളുണ്ട്.

ശബ്ദമുണ്ട്.

ഇതൊക്കെ പെരുകുന്നുണ്ട്. പെരുകുന്നതൊന്നും നല്ലതല്ല എന്നാണ് ഹരി പറയുന്നത്.

' എന്ത് ചൂടാണല്ലേ!' എനിക്ക് തന്നെ അസഹ്യമായി തോന്നി.

'ഉച്ചക്ക് രണ്ട് മണിക്ക് ബീച്ചിൽ മഞ്ഞ് പെയ്യുമായിരിക്കും' ഹരി എന്റെ കൈ പിടിച്ച് ബീച്ച് ഹോട്ടലിലേക്കുള്ള വഴി കാണിച്ചു തന്നു. ' ഓട്ടോ പിടിക്കാം' ദൂരെ കണ്ട ഓട്ടോക്ക് കൈ വീശി. ബീച്ച് ഹോട്ടലിലേക്കാണെന്ന് പറഞ്ഞപ്പോൾ ഡ്രൈവർ വണ്ടി തിരിച്ചു. നാല്പത് രൂപയുടെ ദൂരം. ബോഗൻവില്ല പൂത്തു നിൽക്കുന്ന ഭംഗിയുള്ള കെട്ടിടമാണ് ബീച്ച് ഹോട്ടൽ. വേറെയേതോ സ്ഥലത്തെത്തിയ പോലെ. പരിചയമുള്ളവരാരും ഇല്ല. എ.സി. ബാറിൽ കയറി ഒരു മൂലയിൽ ചെന്നിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി വല്ലപ്പോഴും കാണുമ്പോഴാണ് ഒപ്പമിരിക്കാറ്. അതാണ് നല്ലതെന്ന് എനിക്കും തോന്നാറുണ്ട്. ചെറിയവെളിച്ചത്തിൽ ഹരിയുടെ നെറ്റി തിളങ്ങി. അവസാനം കാണുമ്പോൾ ഹരി എഴുപതിനും എഴുപത്തഞ്ചിനും ഇടയിൽ ഭാരമുള്ള പ്രത്യേക സൗന്ദര്യമുള്ള യുവതിയായിരുന്നു. ' നീ പേടിക്കണ്ട. എന്റെ കൂടെ നടക്കുമ്പോൾ നിന്നെ ഒരു പട്ടിയും നോക്കില്ല' എന്ന് തമാശയായിട്ടാണെങ്കിലും ഹരി പറയാറുള്ളത് സത്യമായിരുന്നു. വശ്യമായ എന്തോ ഹരിയിൽ ഉണ്ടെന്ന് ഞങ്ങൾ പലപ്പോഴും പറയാറുണ്ട്. പ്രത്യേകിച്ച് വീട്ടിൽ നിന്ന് പോയതിനു ശേഷം. സ്വഭാവപരമായി ഗൗരവമാണ് ഭാവം. ആളുകളെ പരിചയപ്പെടാനോ അവരുമായി കറങ്ങാൻ പോകാനോ ഒന്നും താൽപര്യമില്ലാത്ത, വളരെ പരിചയമുള്ളവരുടെ കൂടെ മാത്രം സംസാരിക്കുന്ന ഒരാളായിട്ടാണ് ഹരിയെ ഞാൻ കാണുന്നത്. വർഷങ്ങളുടെ ബഹുഭൂരിഭാഗ സമയവും ശിശിരനിദ്രയിലാണെന്നും പറയാം. ദിവസത്തിന്റെ ഭൂരിഭാഗം സമയവും ഏതെങ്കിലും മുറിക്കുള്ളിലായിരിക്കും.

വീട്ടിലെ മുറി,

ഹോസ്റ്റൽ മുറി,

ഹോട്ടൽ മുറി,

ക്ലാസ് മുറി,

വാടക വീട്ടിലെ മുറി, അങ്ങനെ പല വലിപ്പമുള്ള മുറികളിലിരുന്ന് എഴുതും വായിക്കും ഫോണിൽ എന്തെങ്കിലുമൊക്കെ കാണും. വീണ്ടും ഇതൊക്കെ റിപ്പീറ്റടിക്കും. ഇതിലൊരു ആവർത്തനവിരസതയുണ്ടോ എന്ന് ചോദിച്ചാൽ 'ഇല്ല, ഇതാണ് ബെസ്റ്റ്' എന്ന് പറയും. എന്റെയറിവിൽ ഇങ്ങനെയാണ് ഹരിയുടെ കഴിഞ്ഞ പത്തോ പന്ത്രണ്ടോ വർഷങ്ങൾ കടന്നുപോയിട്ടുള്ളത്. ജോലിയിൽ നിന്ന് അവളെ പിരിച്ചുവിട്ടതായി ഇടയ്ക്ക് ഞാൻ സ്വപ്നം കാണാറുണ്ട്. വിട്ടോ ആവോ. അറിയില്ല. അല്ലെങ്കിലും അത്തരം കാര്യങ്ങളൊന്നും ഞങ്ങൾ സംസാരിക്കാറില്ല. കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ മേശയുടെ ഇപ്പുറത്തിട്ട കസേരയിൽ നിന്നെണീറ്റ് ഹരിയുടെ അടുത്തേക്കിരുന്നു. അവൾ എന്റെ തോളത്ത് കൈയിട്ടു. മാംസളമാണ് ഹരിയുടെ ശരീരം. ഒറ്റയിരുപ്പിൽ നാല് മുട്ടയൊക്കെ കഴിച്ചിരുന്ന, എന്റെ രണ്ടിരട്ടി കനമുള്ള, കട്ടിലിന്നടിയിലിട്ട പായയിൽ കരടിക്കുട്ടിയെ പോലെ കിടക്കുന്ന ഹരിയെ ഓർമ വന്നു.

ഹരി ഒരു ബഡൈ്വസർ സ്ട്രോങ്ങും ചിക്കൻ ലോലിപോപ്പും ഓർഡർ ചെയ്തു. എനിക്ക് സാൾട്ടഡ് ലൈം സോഡ. ജലജയ്ക്ക് എന്ത് കൊടുക്കാനാണ്. കുപ്പിയുടെ ഓട്ടയിലൂടെ കുറച്ച് വെള്ളം തളിച്ചു കൊടുത്തു.

ബാറുകളിൽ സ്വതവേ നല്ല പ്രൈവസിയാണ്. മങ്ങിയ വെളിച്ചത്തിൽ അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്നവർ പാതിയേ കാണൂ. 'ബേബി' ഹരി ചിരിച്ചുകൊണ്ട് വിളിച്ച് ആരെയൊക്കെയോ പറ്റി സംസാരിച്ചു. ഇസ്രയേലിൽ നിന്നും വന്ന പിഎച്ച്ഡി ചെയ്യുന്ന നീണ്ട മൂക്കുള്ള ചെറുക്കനെ പറ്റി. അയാൾ അവളെ 'ഹറി' എന്ന് വിളിക്കുന്നത്. ഹറി അല്ല ഹരിയാണെന്നും അശ്വനീകുമാരൻമാരുടെ വാഹനമാണെന്നും അവൾക്ക് പറഞ്ഞു കൊടുക്കാമായിരുന്നു. പക്ഷെ ആ കഥ അവൾ മറന്നുകാണും. അവരെ പോലെ ആരോഗ്യ രംഗത്തെ അടക്കിവാഴുന്ന കുതിരകളാവുമെന്ന് വിചാരിച്ച അച്ഛമ്മ ഐവർമഠത്തിൽ ദഹിച്ചു. പിന്നെയാണ് അച്ഛമ്മയുടെ മോഹം. ഞാൻ ജലജയെ കാണിച്ചു കൊടുക്കാൻ തുടങ്ങും മുമ്പ് അവളുടെ ഹൗസ് ഓണർ സ്ത്രീയുടെ വായ അടയ്ക്കാത്ത പട്ടിയെപ്പറ്റി പറഞ്ഞുതുടങ്ങി.

' ആ തള്ളയ്ക്ക് അണ്ടർഗ്രൗണ്ടിൽ ??? ഉണ്ട്. പട്ടി, പന്നി, പൂച്ച ഒക്കെ നീ കണ്ടിട്ടില്ലെ! ഇതതല്ല. പന്നിയെ പോലിരിക്കുന്ന പട്ടി. കുറുക്കനെ പോലിരിക്കുന്ന പൂച്ച. വാലിലാത്ത അണ്ണാൻ. പറക്കാത്ത തത്ത. ഉരുളൻ കിഴങ്ങ് തിന്നുന്ന എലി, എമുവിന്റെ പോലത്തെ കോഴി'

' പിന്നെ പുട്ടിയിടുന്ന ഗിനിപ്പന്നി വീടിന്റെ മുകളിലും' ഞാൻ ഇടയിൽ കയറി പറഞ്ഞു.

' ഇതാ.. പറഞ്ഞാൽ ആരും വിശ്വസിക്കില്ല. വേണെങ്കിൽ മതി. ഒരു നിർബന്ധവും ഇല്ല.'

എനിക്ക് വിശ്വാസമാണ്. മാത്രമല്ല വാലില്ലാത്ത അണ്ണാനെ ഞാനും കണ്ടിട്ടുണ്ട്. വാല് മുറിക്കുന്ന പല്ലിയെ പോലെ വാലില്ലാത്ത അണ്ണാൻ പുല്ലുണ്ടശ്ശേരിയിലുമുണ്ട്. ബിയറും ലൈമും കൊണ്ടുവരുന്നതുവരെ ഞങ്ങൾ തള്ളയുടെ സൂവിലെ മൃഗങ്ങളെപ്പറ്റിയാണ് സംസാരിച്ചത്. കൂടുതലും പട്ടികളെപ്പറ്റി. ഞങ്ങൾ തമ്മിൽ ഉള്ള ഒരു സാമ്യം പട്ടികളോടുള്ള വികാരമാണ്. അച്ഛമ്മയെ പോലെ കടുത്ത സ്നേഹമോ അമ്മയെ പോലെ കടുത്ത വൈര്യമോ പട്ടികളോടെന്നല്ല ഒന്നിനോടും ഞങ്ങൾക്ക് തോന്നാറില്ല. അച്ഛമ്മ മരിക്കുന്നതുവരെ വീട്ടിൽ പട്ടികളുണ്ടായിരുന്നു. ഒന്നല്ല ഒൻപതെണ്ണം. അച്ഛമ്മയാണ് അതിനെയൊക്കെ തീറ്റിപ്പോറ്റിയിരുന്നത്. വീട്ടിലെ ചായ, ചോറ്, കറി, തുടങ്ങിയവയുടെയൊക്കെ ഒരു പങ്ക് അവർക്കുള്ളതാണ്. മീനമ്മയുടെ പട്ടികൾ എന്ന് അടുത്തുള്ളവരൊക്കെ അവറ്റകളെ വിളിച്ചു. അച്ഛമ്മ മരിച്ചപ്പോ അവരെയൊക്കെ ആരും വീട്ടിൽ കയറ്റാതായി. അങ്ങനെ പട്ടി തലയിടാത്ത ചായ കുടിച്ചു തുടങ്ങിയപ്പോൾ അമ്മയ്ക്കും അതൊരു ഹരമായി.

അമ്മിണിയും അച്ഛമ്മയും ഒരേ ഗ്ലാസിൽ നിന്നാണ് ചായ കുടിച്ചിരുന്നത്. നാലു മണി നേരത്ത് മുറ്റത്തൊരു പ്ലാസ്റ്റിക് കസേരയിട്ട് അച്ഛമ്മയിരിക്കും. ഒരു കൈയിലെ മുറുക്ക് അമ്മിണിയ്ക്കും മറ്റേത് അച്ഛമ്മയ്ക്കും. മടിയിലെ കുപ്പിയിലുള്ളത് ബാക്കിയുള്ളോർക്കും. എന്നുവച്ചാൽ എനിക്കും ഹരിക്കും എട്ട് പട്ടികൾക്കും. എട്ടും പട്ടികളാണ്. അമ്മിണി മാത്രമാണ് നായ. അമ്മിണിയാണ് ആസ്ഥാന കറക്കക്കാരൻ. ഹരിയെ സ്‌കൂൾ വരെ അനുഗമിക്കും. അച്ഛമ്മ പെൻഷൻ വാങ്ങാൻ പോകുന്ന ഓട്ടോ കൺവെട്ടത്തിൽ നിന്ന് മറയുന്നതു വരെ നോക്കി നിൽക്കും. അമ്മയ്ക്കിഷ്ടമില്ലാഞ്ഞിട്ടും മേലേ വീട്ടിൽ പോകുമ്പോൾ പിന്നാലെ പോകും. ഇടക്ക് ഒറ്റയ്ക്ക് വല്ലയിടത്തും പോകും. ഹരിയുടെ സ്‌കൂൾ ഗ്രൗണ്ടിൽ പോയി കിടക്കും. ഹരി മിഠായി വാങ്ങുന്ന മണിമാമന്റെ കടയുടെ മുന്നിൽകിടക്കും. അങ്ങനെയൊക്കെ നടന്നും തിന്നും ഉറങ്ങിയും സ്‌കൂളിൽ പോകാതെയും സമയം കളയും. ഞാൻ സ്‌കൂൾ ബസിൽ വന്നിറങ്ങുമ്പോൾ എന്നെ നിർവികാരനായി നോക്കും. അക്കാലത്തൊന്നും അമ്മിണിയോടെന്നല്ല ഒരു ജീവിയോടും ഹരിക്ക് അനിഷ്ടമുണ്ടായിരുന്നതായി തോന്നിയിട്ടില്ല.

വീട്ടിൽ ആമ്പൽക്കുളം കുഴിച്ചതാണോ, അച്ഛമ്മ മരിച്ചതുകൊണ്ടാണോ, അമ്മിണിയെ നാട്ടുകാർ തല്ലിക്കൊന്നുവെന്ന് കേട്ടതാണോ, അമ്മ പട്ടികളെ തീറ്റിപ്പോറ്റുന്നത് നിർത്തിയതുകൊണ്ടാണോ, അച്ഛമ്മയുടെ പെൻഷൻ നിന്നതിൽ അച്ഛൻ വിഷാദനായതാണോ, പെണ്ണിരട്ടകൾ ഭാഗ്യം കൊണ്ടുവരുന്നതും കാത്തിരിക്കുന്നതിനിടയിൽ അമ്മ പൈസയില്ലാണ്ട് പാടുപെട്ടതാണോ എന്നൊന്നും എനിക്കറിയില്ല. അമ്മിണിയും അച്ഛമ്മയും ഹരിയും പുല്ലുണ്ടശ്ശേരിയിൽ നിന്ന് പോയി.

പട്ടികളും നമ്മളും ഒരു പോലെ പരിണാമം സംഭവിച്ച് ഇഴ ചേർക്കപ്പെട്ടവരാണെന്നാണ് ഹരി പറയുന്നത്. നമ്മൾ കൊടുത്ത ഭക്ഷ്യാവശിഷ്ടങ്ങളും സംരക്ഷണവും കണ്ട് ആകൃഷ്ടരായി അഡ്രിനാലിൻ ഉണ്ടാക്കുന്നത് സ്വയം നിയന്ത്രിച്ചാണ് വൂൾഫുകൾ പട്ടികളായതെന്ന് പറയുന്നുണ്ട്. പട്ടിയാണ് മനുഷ്യന്റെ പരിണാമത്തിൽ വലിയ പങ്ക് വഹിച്ചത് എന്ന് പറയുന്നവർ വരെയുണ്ട്. പക്ഷെ, നിലവിൽ പട്ടി മനുഷ്യന് പ്രത്യേകിച്ച് ഗുണമില്ലെന്നും റോട്ടിലും നാട്ടിലും പെറ്റുപെരുകുന്നവ ഒരു ഭീഷണിയാണെന്നും ഹരി വിശ്വസിക്കുന്നു. ഒന്നുകിൽ പട്ടികൾ മനുഷ്യന്മാരെപ്പോലെ പൗരന്മാരാകണം. മോഡേൺ മൂല്യങ്ങളിലേക്ക് മാറണം. അല്ലാത്തിടത്തോളം കാലം പട്ടികൾ ഇവിടെ മിസ്ഫിറ്റാണ്. അതുകൊണ്ട് പട്ടികളെ വളർത്തുന്നതും കൊഞ്ചിക്കുന്നതുമൊന്നും കാണാൻ വയ്യ എന്നാണ് ഇപ്പോൾ പറയുന്നത്.

ഹരി ഗ്ലാസിലെ പകുതിയും വലിച്ച് കുടിച്ചു. ബിയറിന് കയ്പാണ്. ചവർപ്പും. അതുകൊണ്ട് ഞാൻ തൊടാറില്ല. ഞാൻ ഒരു പ്ലേറ്റ് കട്ട് ഫ്രൂട്ട് പറഞ്ഞു. ഓറഞ്ചും ആപ്പിളും മുറിച്ച് ബിയറിലിട്ട് മുക്കിയെടുത്ത് കഴിക്കാൻ. കഴിച്ച് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ഒരു സ്ത്രീയും പുരുഷനും ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞങ്ങൾ ഇരുന്ന മേശയോട് ചേർന്ന് നാല് സീറ്റ് ടേബിൾ ഒഴിഞ്ഞു കിടന്നിരുന്നു. അയാൾ അവിടെ ആരെങ്കിലുമിരിക്കുന്നുണ്ടോ എന്ന് ചോദിച്ചു. പിന്നെ ഭാര്യയാണെന്ന് പറഞ്ഞ് വെള്ള ചുരിദാറിട്ട ഒരു സ്ത്രീയെ പരിചയപ്പെടുത്തി.

'ഇപ്പോൾ നാലുപേരും ഒരു ഫാമിലി യാണെന്നേ വിചാരിക്കൂ' എന്ന് പറഞ്ഞുകൊണ്ട് അയാളും സ്ത്രീയും മേശയ്ക്ക് ഇരുവശത്തായി ഇരുന്നു. അടുത്തു െവച്ച കുപ്പിയുടെ കാര്യം പാടേ മറന്നിരുന്നു. കുപ്പിയുടെ ഉള്ളിൽ ജലജ ഉണ്ടോ ഇല്ലയോ എന്നു പോലും മനസിലാകുന്നില്ല. നോക്കുമ്പോൾ അനക്കമൊന്നുമില്ല.

'എന്റെ പേര് ഡേവിഡ്. മുക്കത്താണ്. വൈഫിനെ എക്സാം എഴുതിക്കാൻ കൊണ്ടുവന്നതാ.' ഡേവിഡ് പരിചയപ്പെടുത്തി. ഒരു സുന്ദരിയായ സ്ത്രീ ഞങ്ങളെ നോക്കി ചിരിച്ചു. ഇതെന്താട്ടം എന്ന് മനസിലാവാതെ ഞാൻ മേശയുടെ അടിയിലൂടെ കൈ ഹരിയുടെ തുടയിൽ വച്ചു. 'പൂരപ്പറമ്പിൽ വെളിക്കിരുന്ന പോലെയായി പ്രൈവസി' എന്ന് ഹരി എന്റെ ചെവിൽ പറഞ്ഞു. ഹരിയുടെ ശ്രദ്ധ ബിയറിൽ മാത്രമായി.

' ഇവിടെ അത്ര നല്ല ആൾക്കാരൊന്നുമല്ല വരുന്നത്. പലതരക്കാരാണ്. ഇതിപ്പോ നമ്മൾ നാല് പേർ ഇരിക്കുന്ന കണ്ടാൽ ഒരു ഫാമിലി ആണെന്നേ തോന്നൂ. പോരാത്തതിന് ഇവക്ക് പേടിയാ പരിചയക്കാർ ആരെങ്കിലും കാണുവോന്ന്. ഞങ്ങള് രണ്ട് ബിയറടിച്ച് ചില്ലായി ബീച്ചിലേക്കാ ... ഇവൾക്ക് ഒരു ചേയ്ഞ്ചാവുവല്ലോ' ഡേവിഡ് ഞങ്ങളുടെ ഇടയിലെ നിശ്ശബ്ദത ഭേദിച്ചു.

ഇത്രയുമായപ്പോൾ എനിക്ക് സംശയമായി. ' എന്നിട്ട് കോഴിക്കോട് ഭാഷയല്ലല്ലോ സംസാരിക്കുന്നത്'

ഹരിയെന്നെ നോക്കി. നിനക്കിതറിഞ്ഞിട്ട് എന്താവശ്യമുണ്ട് എന്ന ഭാവത്തിൽ. അതുഞാനോർത്തില്ല. എന്തായാലും അയാൾ കുറച്ച് കാര്യങ്ങൾ കൂടി പറഞ്ഞു. ഡേവിഡിന്റെ അപ്പച്ചനും അമ്മച്ചിയും കോട്ടയത്തുന്ന് മുക്കത്തേക്ക് കുടിയേറിയവരാണ്. പാവം കൃഷിക്കാരാണ്. കുറച്ച് റബ്ബർ, വാഴ, തെങ്ങ്, കവുങ്ങ്, പച്ചക്കറിയൊക്കെ തോട്ടങ്ങളുണ്ട്. എല്ലാം പറഞ്ഞത് കോട്ടയം സ്ലാങ്ങിലാണ്. കേൾക്കുന്നതിനിടക്ക് ബിയർ വരുന്നു. കുടിക്കുന്നു. കഴിക്കുന്നു. അങ്ങനെ എന്തിന് വന്നോ അതൊക്കെ നടന്നു.

ബാറിൽ ആൾക്കാർ പെരുകുന്നുണ്ട്. എല്ലാവരും ബീച്ച് കാണാനും കാണിക്കാനും ഇറങ്ങിയതാവും. ജലജയെക്കൊണ്ട് ഞാൻ. എന്നെക്കൊണ്ട് ഹരി. അവരെക്കൊണ്ട് ഡേവിഡ്. ഡേവിഡിനെക്കൊണ്ട് ബിയർ.

ഡേവിഡിന്റെ ഭാര്യ ഒരു കുപ്പി കുടിച്ച് തീർത്തു. എല്ലാം കേട്ട് പുഞ്ചിരിച്ച് ഇരുന്നു. അവരെ നോക്കിയിരിക്കുമ്പോൾ സൗകുമാര്യം എന്ന വാക്ക് ഓർമ വരുന്നുവെന്ന് ഞാൻ ഹരിയുടെ ചെവിയിൽ പറഞ്ഞു. മുപ്പതുകളുടെ അവസാനത്തിലോ നാല്പതുകളുടെ തുടക്കത്തിലോ ആയിരിക്കും ആ സ്ത്രീ. 'ശാലീന' എന്ന് ഹരി എന്റെ ചെവിയിൽ പറഞ്ഞു. അയാൾ വായ അടച്ചാൽ ആ സ്ത്രീയോട് എന്തെങ്കിലും ചോദിക്കാമായിരുന്നു എന്ന് ഹരി മെല്ലെ പറഞ്ഞു. കിട്ടിയ ഗ്യാപ്പിൽ അവൾ കേറി ചോദിച്ചു,

' പേരെന്താ'

' പ്രിയ'

' നല്ല പേര്'

അടുത്തതെന്തെങ്കിലും പറയുന്നതിനുമുൻപേ ഡേവിഡ് കേറി പറഞ്ഞു തുടങ്ങി.

'ഞങ്ങളെ കണ്ടാ ഭാര്യയും ഭർത്താവുമാണെന്ന് പറയില്ലേ. എന്നാ സാധാരണ നാട്ടിൻ പുറത്തെ കപ്പിൾസിനെപ്പോലെയല്ല. ഫ്രീയാണ്. ഇവൾക്ക് ഭയങ്കര പേടി ബാറിലെങ്ങാനും പരിചയമുള്ളവര് കാണുവോന്ന്. കുറ്റമൊന്നും അല്ലല്ലോ. ഒരു ചേയ്ഞ്ചല്ലേ ഇതൊക്കെ'

ഹരി മെല്ലെ കുടിച്ചു തുടങ്ങി. ഡേവിഡ് രണ്ട് കുപ്പി ബഡൈ്വസർ സ്ട്രോങ്ങ് കൂടി ഓർഡർ ചെയ്തു. ഇടക്കിടക്ക് കൈയിൽ കെട്ടിയ വാച്ചും ഫോണും മാറിമാറി നോക്കി.

' അല്ല, നിങ്ങൾ എന്ത് ചെയ്യുന്നു?'

ഞാനാണ് മറുപടി പറഞ്ഞു തുടങ്ങിയത്. പേരും സ്ഥലവുമൊക്കെ പറഞ്ഞു.

'അപ്പോ രണ്ട് പേരും കൂടി ചില്ലാവാൻ ഇറങ്ങിയതാണ്!'

' ആ... ചൂടല്ലേ' രണ്ടോ മൂന്നോ വാക്കിൽ ഹരി മറുപടി അവസാനിപ്പിച്ചു.

' ചേച്ചിയെ കണ്ടാൽ പഴയ സിനിമാനടി പാർവതിയെ പോലെയുണ്ട്'. എന്റെ വായിൽ നിന്ന് അറിയാതെ വീണുപോയതാണ്. പറയണമെന്ന് വിചാരിച്ചതല്ല. ചിലതൊക്കെ പറയുകയല്ല. വായിൽ നിന്ന് വീണു പോവുന്നതാണ്. ഇതുപോലെ.

ഡേവിഡ് പൊട്ടിച്ചിരിക്കാൻ തുടങ്ങി. പ്രിയയുടെ മുഖത്ത് നാണവും ചിരിയും മിന്നി.

' ഇനി എന്ത് വേണം ടീ... ഇവിടെ വന്നതിൽ നിനക്കല്ലെ അടിച്ചത്. മൂന്ന് പിള്ളാരുടെ അമ്മയെ കണ്ട് പാർവതി പോലും'

പ്രിയ ഒരു കുപ്പി ബിയർ തീർത്ത് രണ്ടാമത്തെയും മുക്കാൽ ഭാഗം കുടിച്ചിരുന്നു. മൂന്നുപേരും ഓരോ ബിയറും കൂടി ഓർഡർ ചെയ്തു. ഞാൻ കട്ട് ഫ്രൂട്ട്സ് വാങ്ങി ബിയറിൽ മുക്കി കഴിച്ചു തുടങ്ങിയിരുന്നു.

' അപ്പൊ ഞാനാരാ മണ്ണാറത്തൊടി ജയകൃഷ്ണനാണോ? സ്വന്തം ഭാര്യയെ കൊണ്ട് കണ്ടവൻമാര് വന്ന് നിരങ്ങണ ബാറിൽ ഫുൾ കോൺഫിഡൻസിൽ വന്നിരുന്ന് ചിൽഡ് ബിയർ കുടിക്കണ ഞാനാരാ !'

ആ ലോജിക് എനിക്കും ഹരിക്കും അപ്പോഴാണ് ഓടിയത്. ചുരിദാറിട്ട് കൈയിൽ പ്രസാദവും പിടിച്ച് നടന്നു വരുന്ന രാധ (പാർവതി). ' ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി വന്നുവല്ലോ ഇന്നലെ നീ വടക്കും നാഥന്റെ മുമ്പിൽ'. ഡേവിഡ് അങ്ങനെ പറഞ്ഞതുകൊണ്ടാണോ എന്നറിയില്ല. നല്ല ഛായ.

'ക്ലാരയുടെ കൂടെ കേറാനുള്ള കരളുറപ്പൊക്കെയേ ജയകൃഷ്ണനുള്ളൂ' ഹരിയാണ് ഇടയിൽ കയറി പറഞ്ഞത്.

ഞാനും ഹരിയും ചിരിക്കാൻ തുടങ്ങി. ചിരിയുടെ പാരമ്യത്തിൽ മൂത്രമൊഴിക്കാൻ മുട്ടി. അടുത്ത് വച്ചിരിക്കുന്ന ബൂസ്റ്റ് കുപ്പി തൊട്ടുനോക്കി. വച്ചിടത്ത് തന്നെയുണ്ട്. ജലജക്ക് മൂത്രമൊഴിക്കണമെന്നുണ്ടാവുമോ എന്ന് ആലോചിച്ചു.

' വാഷ്റൂമിൽ പോയിട്ട് വരാം' ഞാൻ എണീറ്റു.

' മോളേ ഇവളേം കൂടെ കൊണ്ടുപോ. അവൾടെ കിളി മൊത്തം പോയിട്ടിരിക്കാണ്' ഡേവിഡ് പ്രിയയോട് പൊയ്ക്കോളാൻ ആംഗ്യം കാണിച്ചു.

പ്രിയയും എന്റെ കൂടെ വന്നു. പുള്ളി പറഞ്ഞത് ശരിയായിരുന്നു. രണ്ട് കുപ്പി അകത്തായപ്പോൾ ചേച്ചിയുടെ ബോധം കുറച്ച് പോയിട്ടുണ്ട്. ബാത്റൂമിന്റെ ഡോർ തുറന്നു കൊടുത്തു. തിരിച്ചു വന്ന് മുഖം കഴുകി ഷാൾ നേരെയിട്ട് ഞാൻ മൂത്രമൊഴിച്ച് വരുന്നത് വരെ കാത്ത് നിന്നു. ഞങ്ങൾ ഒപ്പം തിരിച്ച് ബാറിനകത്തേക്ക് കയറി.

പ്രിയ തിരിച്ചെത്തിയപ്പോഴേക്കും ജയകൃഷ്ണൻ ഒരു ചിൽഡ് ബിയറുകൂടി ഓർഡർ ചെയ്തിരുന്നു. പ്രിയ പോകാൻ റെഡിയായി ഡേവിഡിനോട് ആംഗ്യം കാണിച്ചു. ഡേവിഡിന് പോവാൻ ഭാവമില്ലെന്ന് തോന്നി. പ്രിയ കുറെയൊക്കെ മടുത്ത മട്ടിലായിരുന്നു. ബിയർ തലക്ക് പിടിച്ചതാണോ എന്നറിയില്ല. ഹരി രണ്ടാമത്തെ കുപ്പിയും തീർത്ത് വാഷ്റൂമിലേക്ക് നടന്നു.

ഞാൻ ബാഗിൽ നിന്ന് വെള്ളമെടുത്ത് കുടിച്ചു. പ്രിയ കൈ താടിക്ക് വച്ച് എന്നെ നോക്കി.

' മോളെ കാണുമ്പോൾ എന്റെ അനിയത്തിയെ ഓർമവന്നു. ഇങ്ങനെയാ അവളും. നല്ല ഓമനത്വം ഉള്ള മുഖവാ'

ഞാൻ ചിരിച്ചു.

' ഏതോ കുടുംബത്തി പിറന്ന കൊച്ചാ .. വീട്ടുകാരറിയാണ്ട് ബാറിൽ കേറിയേക്കുവാ' ഡേവിഡ് ഉറക്കെ പറഞ്ഞ് ചിരിച്ചു. പ്രിയയും.

ഹരി തിരിച്ചുവരുന്നതുവരെ ഞങ്ങൾ എന്തൊക്കെയോ സംസാരിച്ചു. അവർ യാത്ര പറഞ്ഞിറങ്ങി. അയാൾക്ക് കുറച്ച് നേരം കൂടി അവിടെ ഇരിക്കണമെന്നുണ്ടായിരുന്നുവെന്ന് തോന്നി.

' നമ്മളിങ്ങനെ ഇരുന്നോണ്ട് എത്ര സ്മൂത്തായിട്ടാ പോയത്. ലെഫ്റ്റ് കോർണറിലിരിക്കുന്ന ജന്തൂനെ കണ്ടോ'

ഡേവിഡ് ജലജയെ കണ്ടുപിടിച്ചു എന്നാണ് ഞാനാദ്യം ധരിച്ചത്.

' ആ വെളുത്ത ഷർട്ടിട്ടവൻ'

' ഓ'

അപ്പറഞ്ഞത് എനിക്കിഷ്ടമായില്ല. ഞാനും ഹരിയും അയാളെ ശ്രദ്ധിച്ചിരുന്നില്ല.

' തിരിഞ്ഞ് നോക്കിനോക്കി അവന്റെ കഴുത്തൊടിഞ്ഞുകാണും. 'ഇപ്പൊ അവന്മാര് എന്നെ പ്രാകുന്നുണ്ടാകും. മൂന്ന് പെണ്ണുങ്ങളല്ലെ കുടിക്കാൻ കമ്പനിക്ക് ,' ഡേവിഡ് ചിരിച്ചു.

'കോളേജിൽ പഠിക്കുന്ന അനിയത്തിമാരാണെന്ന് വിചാരിച്ചോളും' ഹരിയാണ് പറഞ്ഞത്.

' ലുക്കിലല്ലല്ലോ നിങ്ങക്ക് ബുദ്ധിയല്ലേ മെയ്ൻ'

' അതെന്താ ഞാൻ മദാലസയല്ലേ' ഹരിയുടെ ചോദ്യം അയാൾക്ക് ഇഷ്ടമായിയെന്ന് തോന്നി. ഒച്ചത്തിൽ ചിരിച്ചു.

' ഹ ഹ ... അതെ no doubt . ഡിസയറബിൾ ലൈക്ക് ക്ലാര'

ഹരി ഒന്നും പറഞ്ഞില്ല. ഡേവിഡ് ചിരിച്ചു. യാത്ര പറഞ്ഞു. ഇനിയും കാണാമെന്നും ബീച്ചിലേക്കിറങ്ങിയാൽ കൂടെ കാറ്റ് കൊള്ളാമെന്നും പറഞ്ഞു. നടക്കുന്ന കണ്ടാ ഇവളെന്റെ ഭാര്യയാണെന്നാണോ കാമുകിയാണെന്നാണാവോ ആൾക്കാര് വിചാരിക്കുക എന്ന് ഇതും കൂടെ കൂട്ടി മൂന്ന് തവണ പറഞ്ഞു. അവർ പോയി. ഞാനും ഹരിയും ബിയറും ഫ്രീയായി. ഇടയിൽ ഒരു കടലും.

ഹരി മൂത്രമൊഴിക്കാൻ പോയ നേരത്ത് എന്നെ കണ്ടാൽ അവരുടെ രണ്ടാമത്തെ മകളെ പോലെയുണ്ടെന്ന് പ്രിയ പറഞ്ഞത് ഞാൻ ഹരിയോട് പറഞ്ഞു.

'എന്നിട്ട്? '

' എന്നിട്ടെന്താ? ഞാൻ ചിരിച്ചു.'

' കുടുംബത്തിൽ പിറന്ന പട്ടി'

ഹരി പറഞ്ഞത് കേട്ടപ്പോൾ എനിക്ക് അമ്മിണിയെ ഓർമ വന്നു. അച്ഛമ്മ മരിച്ചപ്പോൾ അമ്മിണിയെ നാട്ടുകാർ ചേർന്ന് അടിച്ച് കൊന്നു എന്നാണ് കേട്ടത്. പാവം. ഒരേ അസുഖമായിരുന്നില്ലേ രണ്ടാൾക്കും! അച്ഛമ്മയുടെ കൂടെ അമ്മിണിയെയും ഐവർമഠത്തിലേക്ക് കൊണ്ടുപോകണമെന്ന് ഹരി കുറെ നിർബന്ധിച്ചതാണ്. പക്ഷെ അമ്മിണിയെ തല്ലിക്കൊന്നു എന്ന് മാത്രമേ കേട്ടുള്ളൂ. തെണ്ടി നടക്കുന്ന പട്ടികൾക്ക് അസുഖം പിടിച്ചാൽ നാട്ടുകാർ തല്ലിക്കൊല്ലുമെന്ന് അമ്മയാണ് പറഞ്ഞത്. അപ്പോ തെണ്ടി നടക്കാത്തവരോ?

അച്ഛമ്മയും അമ്മിണിയും ബാക്കി എട്ടെണ്ണവും ഹരിയും പോയി. പിന്നെയും കുറെ നാൾ കഴിഞ്ഞാണ് അമ്മിണിയുടെ വായിൽ നിന്ന് വന്ന നുരഞ്ഞ പതപോലെയൊന്ന് കുളത്തിൽ കണ്ടത്. ആമ്പലിലയിലും പൂവിലും തണ്ടിലുമൊക്കെ മാല പോലെ. ഇടവപ്പാതിയിൽ ആമ്പൽക്കുളത്തിലെ വെള്ളത്തിന് മുകളിൽ പതപൊങ്ങി. തവള മുട്ടകളാണത്രേ. പിന്നെയും കുറേക്കാലം കഴിഞ്ഞ് അവരൊക്കെ വലുതായി ഒച്ച വയ്ക്കാൻ തുടങ്ങി. അതും കഴിഞ്ഞ് കുറെ നാൾ കഴിഞ്ഞിട്ടാണ് അവർ വലുതായി വീട്ടിലെത്തിയത്. അതുകൊണ്ട് ഹരി അവരെയൊന്നും കണ്ടിട്ടില്ല. നാലെണ്ണം വീട്ടിലാണ് താമസം. വീടിന്റെ നാല് ഭാഗത്തായി. എന്റെ മുറിയിലെ കട്ടിലിനടിയിലാണ് ജലജ.

അടുത്തു വച്ച കുപ്പി ഒന്ന് തുറന്നു നോക്കി. ജലജ ചെറുതായൊന്ന് കാലിളക്കി. ഒരു തുള്ളി വെള്ളം ഗ്ലാസിൽ നിന്നെടുത്ത് ഇറ്റിച്ചു കൊടുത്തു. പാവം ദാഹിക്കുന്നുണ്ടാവും.

'ജയകൃഷ്ണൻ എന്റെ നമ്പറ് ചോദിച്ചു. നീയും രാധയും മൂത്രമൊഴിക്കാൻ പോയപ്പോ'

ഹരി പറഞ്ഞു. എനിക്കാദ്യം രാധയെന്ന് പറഞ്ഞപ്പോൾ ഓടിയില്ല. ജയകൃഷ്ണന്റെ രാധ. അടക്കവും ഒതുക്കവുമുള്ള രാധ.

' ഓ ... എന്നിട്ട് നീ കൊടുത്തോ'

' മുഖത്ത് നോക്കി ചോദിച്ചതോണ്ട് കൊടുത്തു'

' മം'

' മെസേജ് അയക്കുമോന്ന് നോക്കാം'

' അയച്ചാൽ'

' പാവം രാധ'

' അയച്ചില്ലെങ്കിൽ'

' ക്ലാരയ്ക്ക് ഒരു കുന്തവുമില്ല'

അവസാനത്തിലേക്ക് മാറ്റി വച്ച ഓറഞ്ചിന്റെ അല്ലി പൊളിച്ച് ഗ്ലാസിന്റെ അടിയിൽ അവശേഷിച്ച ബിയറിൽ മുക്കി വായിലിട്ടു. ബില്ല് കൊടുത്ത് പുറത്തിറങ്ങി. അന്തരീക്ഷം തണുത്തിട്ടുണ്ട്. ബീച്ചിലേക്ക് നടന്നു. കുറച്ച് നടന്ന് മണലിൽ ഇരുന്നു. കടൽ പരന്ന് കിടക്കുന്നു. എനിക്ക് ഛർദ്ദിക്കാൻ തോന്നി. ഇടക്കെപ്പോഴോ ബൂസ്റ്റ് കുപ്പി മണലിൽ വച്ചു. അടപ്പ് തുറന്നു. കുറേ നേരം കഴിഞ്ഞപ്പോൾ ജലജ പുറത്തേക്ക് എത്തി നോക്കി. മുന്നിലെ കുഞ്ഞിക്കാലെടുത്ത് മണലിൽ തൊട്ടു. പിന്നെ അകത്ത് പോയിരുന്നു. ഇരുട്ടുന്നതിന് മുൻപ് ഇറങ്ങി. ഹരി റെയിൽവേസ്റ്റേഷൻ വരെ വന്നു. കെട്ടിപ്പിടിച്ചു.

' രാത്രി അറിയാം' ഹരി പറഞ്ഞു.

'എന്ത്' ഞാൻ ചോദിച്ചു.

'ഉദകപ്പോളയിലെ ജയകൃഷ്ണന്റെ ഛായയാണോ അതോ തൂവാനത്തുമ്പികളിലെയോ'

ഞങ്ങൾ രണ്ടാളും ചിരിച്ചു.

കോഴിക്കോട് നിന്ന് തിരുന്നാവായയിലേക്ക് ട്രെയിൻ - ഓട്ടോ യാത്രകൾ കഴിഞ്ഞ് വീട്ടിലെത്താൻ രാത്രിയായി. വീട്ടിലെത്തി കുപ്പി തുറന്നു. അനക്കമില്ല. തൊലി വല്ലാതെ വരണ്ടിരിക്കുന്നുണ്ട്. അത് പലപ്പോഴും അങ്ങനെയാണ്. ഹരി ഉറങ്ങിക്കാണും. അല്ലെങ്കിലും ഞങ്ങളുടെ സമയം പണ്ടുതൊട്ടേ രണ്ടാണ്. റേഡിയോ തിരിച്ച് ഞാൻ കണ്ണടച്ചു കിടന്നു. റേഡിയോയിൽ 8.20 ന്റെ പാട്ട്, 'എസ്. ജാനകി പാടിയ ഉൾക്കടൽ എന്ന സിനിമയിലെ ഗാനം'

ഇതുവരെ കാണാത്ത കരയിലേക്കോ

ഇനിയൊരു ജന്മത്തിൻ കടവിലേക്കോ

മധുരമായ് പാടി വിളിക്കുന്നു

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi