
hdj
ഫാമുലസ് (famulus) എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ഫാമിലിയ എന്ന പദം ഉത്ഭവിച്ചത്. ഫാമുലസിന് അടിമ, സേവകൻ എന്നൊക്കെയാണ് അർഥം. ഫാമുലസിൽ നിന്ന് ഇംഗ്ലീഷിലേക്ക് വന്ന ഫാമിലി (കുടുംബം) യിൽ, ഈ നവോത്ഥാനകാലത്തും അടിമ-ഉടമ സമ്പ്രദായത്തിന് വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്ന് സമകാലിക പെൺജീവിതങ്ങൾ തെളിയിക്കുന്നുണ്ട്. ഈ വിഷയം ശക്തമായ പ്രമേയമായി അവതരിപ്പിക്കുകയാണ് പ്രിയാ ജോസഫ് തൻ്റെ 'മാണീം ഇന്ദിരാഗാന്ധീം' എന്ന പുസ്തകത്തിലൂടെ. അമേരിക്കൻ പശ്ചാത്തലത്തിലാണ് ഇതിലെ മിക്ക കഥകളും അരങ്ങേറുന്നത്. ഭൂമിക വ്യത്യസ്തമാണെങ്കിലും പെൺ അനുഭവങ്ങൾക്ക്, അവൾ അനുഭവിക്കുന്ന ആത്മസംഘർഷങ്ങൾക്ക് ഭാഷാ ദേശവ്യത്യാസമില്ലെന്ന് ഈ കഥകൾ അനുവാചകനെ ബോധ്യപ്പെടുത്തുന്നു. കുടുംബം, മതം എന്നീ സാമൂഹിക സ്ഥാപനങ്ങൾ എത്രമാത്രം സ്ത്രീവിരുദ്ധമാണെന്ന് ഇതിലെ ഓരോ കഥയും ഓർമ്മിപ്പിക്കുന്നു .
കന്യാവ്രതത്തിൻ്റെ കാവൽക്കാരൻ
'ഫൂട്ട് ഫെറ്റിഷിസം' എന്ന ലൈംഗിക, മാനസിക പ്രശ്നമുള്ള ടോണിയുടേയും ഭാര്യ റേച്ചലിൻ്റെയും ജീവിതം അവതരിപ്പിക്കുന്ന ഈ കഥ മലയാള സാഹിത്യത്തിൽ ഇതു വരെ പരിചിതമല്ലാത്ത ഒരു വിഷയത്തെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു. കഥ തുടങ്ങുന്നത് തന്നെ പെഡിക്യൂർ ബേസിനിൽ പൈജാമ മുട്ടുവരെ കയറ്റി വച്ച് റേച്ചലിൻ്റെ കാൽക്കലിരുന്ന് ഒരു ശാസ്ത്രജ്ഞൻ്റെ അവധാനതയോടെ അവളുടെ കാൽ താലോലിക്കുന്ന ടോണിയെ വർണ്ണിച്ചു കൊണ്ടാണ്. കാൽ സംരക്ഷണത്തിനായി ഉപയോഗിക്കേണ്ട സൗന്ദര്യവർദ്ധക വസ്തുക്കളെക്കുറിച്ചുo പരിചരണരീതികളെക്കുറിച്ചും വ്യക്തമായ ധാരണയുള്ള ടോണിക്ക് പക്ഷേ, തൻ്റെ ഭാര്യയുടെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചോ ശരീരകാമനകളെക്കുറിച്ചോ യാതൊരു ബോധ്യവുമില്ല. പാദം നന്നായി ഉഴിഞ്ഞ് കരുതലും കനിവും പ്രദർശിപ്പിച്ച് ഒടുവിൽ അവളുടെ പാദങ്ങളിൽ കാമം ചിതറി അയാൾ ക്ഷീണിച്ചുറങ്ങുമ്പോൾ അവൾ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറങ്ങാതെ നേരം വെളുപ്പിക്കുന്നു. വിവാഹം കഴിഞ്ഞ് രണ്ടാം മാസം 'വിശേഷാന്വേഷണ ' കുതുകികളെ സമർഥമായി കൈകാര്യം ചെയ്യേണ്ടത് അവളുടെ മാത്രം ബാധ്യതയാണ്. തൻ്റെ വൈകല്യങ്ങളിൽ അഭിരമിക്കുന്ന ടോണി അവളെ ആശ്വസിപ്പിക്കുന്നതിൻ്റേയോ മനസ്സിലാക്കുന്നതിൻ്റേയോ യാതൊരു സൂചനയും കഥാകൃത്ത് നൽകുന്നില്ല. സ്വയം ആശ്വസിപ്പിക്കുന്നതിനായി ഇൻ്റർനെറ്റിൽ പരതി ഫൂട്ട് ഫെറ്റിഷിസ്റ്റ് ആയിട്ടുള്ള പ്രശസ്ത വ്യക്തികളെ അവൾ തന്നെ കണ്ടെത്തുന്നു. മാത്രമല്ല രഹസ്യം സൂക്ഷിക്കാനുള്ള അവരുടെ ഭാര്യമാരുടെ കഴിവിനെ മനസ്സാ നമസ്ക്കരിച്ച് സ്വന്തം അമ്മയോടോ ചേച്ചിയോടോ പോലും പറയാതെ അവളും ആ രഹസ്യം സൂക്ഷിക്കുന്നു. വിവാഹ ശേഷം ഒരു വർഷം കഴിയുമ്പോൾ ബോസ്റ്റണിൽ നിന്നും വാഷിങ്ടൺ ഡി.സിയിലേക്ക് ടോണിക്ക് സ്ഥലം മാറ്റം ലഭിക്കുന്നു. അവിടെ ഗൈനക്കോളജി വിഭാഗത്തിന് ഇൻഷ്വറൻസ് കവറേജില്ലെന്ന് പറഞ്ഞ് വീണ്ടും ഗർഭവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് തടിയൂരുന്നു. ഇതിനിടയിൽ തൻ്റെ ഉപരിപ്ലവമായ ജീവിതത്തെ മറയ്ക്കാനായി നാട്ടിലെ ബന്ധുക്കളോടൊക്കെ അവൾ പലതരം പൊങ്ങച്ച കഥകൾ വിളമ്പി ആശ്വാസം കണ്ടെത്തുന്നുണ്ട്. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിനാൽ കറങ്ങി നടക്കുകയും ഒടുവിൽ ബോറടിക്കുമ്പോൾ മാസ്റ്റേഴ്സിന് ചേരുകയും ജിയാന്നി എന്ന സുന്ദരൻ ഇറ്റാലിയൻ ജേണലിസ്റ്റിനെ പരിചയപ്പെടുകയും ചെയ്യുന്നു. അവർക്ക് പരസ്പരം താല്പര്യം തോന്നുന്നുവെങ്കിലും തൻ്റെ മുറിയിൽ വരാനുള്ള അയാളുടെ ക്ഷണം അവൾ നിരസിക്കുന്നുണ്ട്. ശാരീരികമായി ജിയാന്നിയോട് അവൾക്ക് ആകർഷണം തോന്നുന്നുവെങ്കിലും അന്യപുരുഷനുമായുള്ള ബന്ധത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ തന്നെ വാളും പരിചയുമായി കന്യാവ്രതത്തിൻ്റെ കാവൽക്കാരനായ യൗസേപ്പിതാവ് ചാടി വീഴുന്നു. മതത്തിൻ്റെ അമിതസ്വാധീനം എങ്ങനെ പെൺജീവിതത്തെ കൂടുതൽ കഠിനമാക്കുന്നു എന്ന് അവളുടെ ഈ ചിന്താരീതിയിൽ നിന്ന് മനസ്സിലാക്കാം.
സ്വന്തം ശരീരകാമനകളെ അടക്കാൻ, ജിയാന്നിയോടുള്ള ഇഷ്ടത്തെ മറക്കാൻ അവൾ യൂട്യൂബിൽ ധ്യാനപ്രസംഗങ്ങളും ഭക്തിഗാനങ്ങളും കേൾക്കുന്നു. ഒടുവിൽ അതു കൊണ്ടൊന്നും സ്വസ്ഥത ലഭിക്കാതെ തൻ്റെ അമ്മാമയുടെ അനിയത്തിയോട് വിവാഹിതകൾക്ക് കന്യാസ്ത്രീമഠത്തിൽ ചേരാൻ കഴിയുമോ എന്നന്വേഷിക്കുന്നു. "കാലിനെ വരിച്ച ഒരാളുടെ ഭാര്യയായിട്ടിരിക്കുന്നതിലും ഭേദം കാൽവരിയിലേക്ക് കുരിശുമായി നടന്ന ആളുടെ മണവാട്ടിയാകുന്നതല്ലേ." ഇത്തരത്തിൽ മൂർച്ചയുള്ള വാക്കുകളിലൂടെ നർമ്മമധുരമായി അവളുടെ നിസ്സഹായവസ്ഥ തുറന്നു കാട്ടുന്നു. നാലു വർഷമായിട്ടും കുഞ്ഞിക്കാൽ കാണാത്തതിൽ വിഷമിച്ച് തൻ്റെ മേൽനോട്ടത്തിൽ ഗൈനക്കോളിസ്റ്റിനെ കാണിക്കാനായി അമ്മ എത്തുന്നു."സെക്സ് ചെയ്യാറുണ്ടോ?" എന്ന ഡോക്ടറുടെ ചോദ്യത്തിന് "നിവർന്നിരുന്ന് തല ഉയർത്തി ശ്വാസം അകത്തേക്ക് വലിച്ച് കൺചിമ്മാതെ " അസാമാന്യ വികാര നിയന്ത്രണത്തോടെ അവൾ മറുപടി പറയുമ്പോൾ നർമ്മമധുരമായ അവതരണത്തിനിടയിലും അത് വായനക്കാരനിൽ വേദനയുണർത്തുന്നു.
സാധാരണ കഥകളിലേതു പോലുള്ള ഒരു കഥാന്ത്യമല്ല ഈ കഥയ്ക്കുള്ളത്. ഗൈനക്കോളജിസ്റ്റിനെ കണ്ട ശേഷം അവൾ വീണ്ടും കാൽസംരക്ഷണത്തിനായുള്ള എപ്സം സാൾട്ട് വാങ്ങാനായി പോകുന്നു. ശ്വാസംമുട്ടിക്കുന്ന ഈ ദാമ്പത്യത്തിൽ നിന്നും അവൾക്ക് മോചനമില്ലായെന്നും മതവും സമൂഹവും അവളിൽ സൃഷ്ടിച്ച പാപബോധം അവളെ അയാളോടൊപ്പം നിലനിർത്തുന്നു എന്നതും വ്യക്തമാണ്. ബാർബറാ ഫ്രെഡ്രിക്സൺൻ്റെ 'സെക്ഷ്വൽ ഒബ്ജക്റ്റിഫിക്കേഷൻ തിയറി'യിൽ പറഞ്ഞിരിക്കുന്നത് പോലെ ടോണി റേച്ചലിനെ ഒരു സെക്ഷ്വൽ ഒബ്ജെക്റ്റ് മാത്രമായാണ് കാണുന്നത്. ഈ കഥയുടെ പേര് തന്നെ വിരോധോക്തി നിറഞ്ഞതാണ്. അവളുടെ ആഗ്രഹത്തിൻ്റെ സംരക്ഷകരാകേണ്ടവർ (യൗസേപ്പിതാവും ഭർത്താവും) തന്നെയാണ് അവളുടെ ആഗ്രഹത്തിൻ്റെ നിഗ്രഹരായി നിലകൊളളുന്നത്. കൾച്ചർ തിയറിയനുസരിച്ച് സാംസ്കാരികവും മാനസികവുമായ ഒരു തരം അടിമത്തത്തിൻ്റെ ഇരയാണവൾ. അതു കൊണ്ടുതന്നെയാണ് ഭർത്താവിനെ സംബന്ധിച്ച രഹസ്യങ്ങൾ പുറത്ത് പറയാതിരിക്കുന്നതും തൻ്റെ ആഗ്രഹങ്ങൾ ഒന്നും സാക്ഷാത്ക്കരിക്കപ്പെടാത്ത ജീവിതത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കാത്തതും.
എൻ്റെ ആൻ ക്ലെയിൻ ജാക്കറ്റ്
വിഷലിപ്തമായ പുരുഷത്വം (toxic masculanity) മുഖ്യ പ്രമേയമായി വരുന്ന ഈ കഥയിൽ ഒരു ജാക്കറ്റിനെ പ്രതീകവൽകരിച്ചിരിക്കുന്നു. കഥയാരംഭിക്കുന്നത് തൻ്റെ നഷ്ടപ്പെട്ട ജാക്കറ്റ് അന്വേഷിച്ച് ത്രിഫ്റ്റ് ഷോപ്പുകളിൽ കയറിയിറങ്ങുന്ന ഭാനുവിനെ അവതരിപ്പിച്ചു കൊണ്ടാണ്. വില കുറഞ്ഞ ഒരു ജാക്കറ്റിന് വേണ്ടി അവളെന്തിനാണ് ഇങ്ങനെ അന്വേഷിക്കുന്നതെന്ന് വായനക്കാരന് തോന്നുമെങ്കിലും അതിൻ്റെ കാരണങ്ങൾ കഥാകാരി തുടർന്ന് അവതരിപ്പിക്കുന്നുണ്ട്. ഡിഗ്രിക്ക് പഠിച്ചു കൊണ്ടിരുന്നപ്പോൾ അച്ഛന് വന്ന ഹാർട്ടറ്റാക്ക് ഭാനുവിനെ വിവാഹപന്തലിൽ എത്തിച്ചു. അതോടെ അവളുടെ എം.ബി.എ മോഹം അസ്തമിച്ചു. ഭൗതികമായ എല്ലാ സൗകര്യങ്ങളും അവൾക്ക് നൽകുമ്പോഴും ഒരു ഉടമസ്ഥൻ്റെ മനോഭാവമാണ് ഭർത്താവായ ജോ എപ്പോഴും സൂക്ഷിച്ചിരുന്നത്. നിശ്ശബ്ദതയിലൂടെ, തുറിച്ചു നോട്ടങ്ങളിലുടെ (ഹിഡൻ ടോക്സിസിറ്റി) അവളുടെ ഇഷ്ടങ്ങൾ, തീരുമാനങ്ങൾ എല്ലാം തെറ്റാണെന്ന് സമർഥിക്കുകയും അവളെ എല്ലായ്പ്പോഴും നിയന്ത്രിക്കുകയും ചെയ്തിരുന്നു. "ലൈബ്രറിയിലെ ആ രണ്ടു മണിക്കൂറുകളിൽ ഞാൻ വെറും ഭാനു മാത്രമായിരുന്നു. ആരുടെയും ഭാര്യയായിരുന്നില്ല" ഒരു ഭാര്യ കാണിക്കേണ്ട അടിയറവിൻ്റെ ശരിയായ അളവ് കാണിക്കുന്നത് കൊണ്ടാണ് എനിക്കിത്രയെങ്കിലും ചെയ്യാൻ സാധിക്കുന്നത് " എന്നീ സൂക്ഷ്മമായ ചില സൂചകങ്ങളിലൂടെ അവൾ കടന്നുപോകുന്ന മാനസിക സമ്മർദ്ദത്തിൻ്റെ ആഴം വായനക്കാരനെ ബോധ്യപ്പെടുത്തുന്നു.
തൻ്റെ വിഷമങ്ങൾ അമ്മയോട് പറയാൻ ശ്രമിക്കുന്നുവെങ്കിലും പെൺമക്കളുടെ സങ്കടങ്ങളെ നിരസിക്കുന്ന പതിവ് രീതി അമ്മയും അവലംബിക്കുന്നു. അപ്പോഴാണ് അവളെ മനസ്സിലാക്കുന്നതു പോലെ, പാകത്തിന് തയ്ച്ച് വച്ചത് പോലെ കിറു കൃത്യമായ ഒരു ജാക്കറ്റ് അവൾക്ക് ലഭിക്കുന്നത്. അവളുടെ ജീവിതത്തിൽ ആ ജാക്കറ്റ് വലിയൊരു ആശ്വാസവും ആശ്രയവുമായി മാറുന്നു. മാത്രമല്ല ആ ജാക്കറ്റ് കിട്ടിയതോടെ വിവാഹത്തോടെ നഷ്ടപ്പെട്ടു പോയ ആത്മവിശ്വാസം അവൾ വീണ്ടെടുക്കുന്നു. പുതിയ "ജാക്കറ്റിൽ ഞാൻ കൂടുതൽ ദൂരം സഞ്ചരിക്കാൻ തുടങ്ങി" എന്ന വാചകങ്ങളിൽ ആ മാറ്റം വ്യക്തമാണ്. പുറമേ മാന്യനെന്ന് ഭാവിക്കുമ്പോഴും ജോ അവളെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുന്ന ധാരാളം അവസരങ്ങൾ ഉണ്ട്. ജീവിതത്തിൻ്റെ ആദ്യഘട്ടങ്ങളിൽ അവൾ ദുർബലയായി പോകുന്നുണ്ടെങ്കിലും ക്രമേണ കരുത്താർജ്ജിക്കുന്നു. ജാക്കറ്റും ധരിച്ചുള്ള യാത്രക്കിടയിൽ പുതിയ സൗഹൃദങ്ങളെ കണ്ടെത്തുകയും പതിയെപ്പതിയെ ഗ്രോസറി ഷോപ്പിങ്ങിലേക്കെന്ന് പറഞ്ഞ് ബുക്ക് ക്ലബിലേക്കും തൻ്റെ ഇഷ്ടങ്ങളിലേക്കും സഞ്ചരിക്കുകയും ചെയ്യുന്നു. സാറ , അമീറ എന്നീ സുഹൃത്തുക്കളുടെ സഹായത്തോടെ അവൾ എം.ബി.എ ക്ക് അഡ്മിഷനെടുക്കുന്നു. ആൻ ക്ലെയിൻ കമ്പനിക്ക് നഷ്ടപ്പെട്ടു പോയ ജാക്കറ്റിന് സമാനമായ ഒരു ജാക്കറ്റിനായി അവൾ കത്തെഴുതുന്നുവെങ്കിലും ആ രീതിയിലുള്ള ജാക്കറ്റിൻ്റെ നിർമ്മാണം നിർത്തലാക്കിയെന്ന മറുപടി ലഭിക്കുമ്പോൾ അവൾ പുതിയ ഒരു വ്യക്തിയായി മാറുന്നു. അതു കൊണ്ടാണ് ജോയ്ക്ക് ഒരു കുറിപ്പെഴുതി വച്ച് അവൾ ആത്മവിശ്വാസത്തോടെ തൻ്റെ ഇഷ്ടങ്ങളിലേക്ക് നടക്കുന്നത്.
മാണീം ഇന്ദിരാഗാന്ധീം
പുസ്തകത്തിൻ്റെ തലക്കെട്ടായ 'മാണീം ഇന്ദിരാഗാന്ധീം' എന്ന കഥ ഇന്ദിരാഗാന്ധി എന്ന കരുത്തയായ സ്ത്രീയുടെ സ്വാധീനം ഒരു കുടുംബത്തിൽ വരുത്തുന്ന അത്ഭുതകരമായ മാറ്റങ്ങളെക്കുറിച്ച് വിവരിക്കുന്നു. അച്ഛൻ ഉപേക്ഷിച്ച ശേഷം അമേരിക്കയിൽ നിന്നും ലൂസി എന്ന ഒമ്പത് വയസ്സുകാരി പെൺകുട്ടി നാട്ടിലെത്തുന്നു. അച്ഛൻ ഉണ്ടായിരുന്ന സമയത്ത് സന്തോഷകരമായ ജീവിതമായിരുന്നു അവൾ നയിച്ചിരുന്നത് . അച്ഛൻ ഉപേക്ഷിച്ച് പോയ ശേഷം അമ്മ എല്ലായ്പ്പോഴും ദുഃഖിതയായിരിക്കുന്നതും അവളുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരം കൊടുക്കാതെയുമാകുന്നത് കുട്ടിയുടെ മനസ്സിൽ കനത്ത ആഘാതം ( Child hood trauma) സൃഷ്ടിക്കുകയും അവൾ സ്കൂളിലൊരു പ്രശ്നക്കാരിയായി മാറുകയും ചെയ്യുന്നു. അങ്ങനെയാണ് അമ്മ അവളുമായി നാട്ടിലെത്തുന്നത്. മൗനിയായ അമ്മയും, അച്ഛൻ നഷ്ടപ്പെട്ടതിൻ്റെ അരക്ഷിതാവസ്ഥയുമായി എത്തിയ കുട്ടിയിൽ വീട്ടുജോലിക്കാരിയായ മാണിയുടെ സന്തോഷം നിറഞ്ഞ ഇടപെടൽ മാറ്റം വരുത്തുന്നു. കുട്ടിയുടെ മലയാള ഉച്ചാരണം ശരിയാകാത്തതിനാൽ ഉച്ചാരണശുദ്ധി വരുത്താനായി അപ്പാപ്പൻ മലയാളം പഠിപ്പിക്കുകയും പത്രത്തിലെ തലക്കെട്ടുകൾ വായിപ്പിക്കുകയും ചെയ്യുന്നു. ദീപിക പത്രത്തിൽ സ്ഥിരം ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ള വാർത്തകളും ചിത്രവും കാണുന്ന കുട്ടി മാണി ഇന്ദിരാ ഗാന്ധിയെപ്പോലെയാണെന്ന് പറയുന്നു. ഇത് കേട്ട ലൂസിയുടെ അമ്മ ആനി കുറേനാളുകൾക്ക് ശേഷം ഉറക്കെ ഉറക്കെ ചിരിക്കുന്നു. ഇന്ദിരാഗാന്ധിയുമായുള്ള സാമ്യം മാണിയിൽ സമൂലമായപരിവർത്തനത്തിന്കാരണമാകുന്നു. ഇന്ദിരാഗാന്ധിയെ അവരുടെ ഭർത്താവ് അടിക്കുമോയെന്ന് മാണി ലൂസിയോട് ചോദിക്കുന്നുണ്ട്. "ഇന്ദിരാ ഗാന്ധിയാണേൽ അടികൊണ്ട് നിക്കുവൊന്നൂല്ല. തിരിച്ച് നല്ലത് കൊടുക്കും" എന്ന് ലൂസി പറഞ്ഞത് കേട്ട് കുടിച്ച ശേഷം തന്നെ അടിക്കാൻ വന്ന ഭർത്താവിനെ മാണി പൊതിരെ തല്ലുന്നു. മാത്രമല്ല ഗർഭിണിയായിരുന്ന ആനി ആ ദുഷ്ടൻ്റെ കുഞ്ഞിനെ തനിക്ക് വേണ്ടായെന്ന് ഉറച്ച തീരുമാനമെടുത്ത് അബോർഷനായി ഡോക്ടറെ കാണാൻ പോകുന്നതോടെയാണ് കഥ അവസാനിക്കുന്നത്.
ഈ കഥകളിലെ പൊതുവായ സവിശേഷത നിസ്സഹായമായ അവസ്ഥകളിലൂടെ കടന്നു പോകുന്ന സ്ത്രീകളും അവരെ മനസ്സിലാക്കാതെ ഇൻഫ്ലേറ്റഡ് ഈഗോയിൽ വിഹരിക്കുന്ന പുരുഷൻമാരുമാണ്. പുരാഷാധിപത്യ പ്രവണതകൾ പല സന്ദർഭങ്ങളിലും അവരെ തകർത്ത് കളയുന്നുവെങ്കിലും അതിൽ നിന്ന് പുറത്ത് വരാൻ ഭാനുവിനും, മാണിക്കും, ആനിക്കും കഴിയുന്നുണ്ട്. എന്നാൽ റേച്ചലിനതിന് കഴിയാത്തതിന് കാരണം അമിതമായ മതബോധം തന്നെയാണ്. സാധാരണ കാല്പനിക കഥകളിലെ മുഖം നഷ്ടപ്പെട്ട സ്ത്രീകൾക്ക് പകരം കരുത്തരായ ഒരു കൂട്ടം പുതു പെൺകഥാപാത്രങ്ങളെ മലയാള ചെറുകഥാലോകത്തിന് സമ്മാനിച്ചുവെന്നതിൽ എഴുത്തുകാരിക്ക് അഭിമാനിക്കാം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Challenging Societal Norms: The Empowering Voices in Priya Joseph's 'Maneem Indira Gandhīm'
Published: 21 Oct 2025, 11:25 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented